കൊച്ചിയിലുള്ള ചില ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ തിരക്കുകുറഞ്ഞ വഴികളിലൂടെ ഒറ്റയ്ക്ക് ഡ്രൈവിനിറങ്ങാറുണ്ട്. അത്തരം ചില റോഡുകളിലൂടെ കാറോടിക്കാൻ ഇഷ്ടമാണ്. ചെറിയൊരു മഴകൂടിയുണ്ടെങ്കിൽ ആ സന്ധ്യായാത്ര വല്ലാതെ ഉള്ളം തണുപ്പിക്കും.
അങ്ങനെയുള്ള യാത്രകളിൽ പതിവായി കാണുന്ന കാഴ്ചയുണ്ട്. തിരക്കില്ലാത്ത വഴിയരികുകളിൽപ്പോലും വെളിച്ചം വിളമ്പിനില്കുന്ന ഭക്ഷണശാലകൾ. എല്ലാത്തിലും അത്യാവശ്യം ആളുമുണ്ടാകും. ചിലപ്പോഴൊക്കെ അവരിലൊരാളാകാറുണ്ട് ഞാനും. ഭക്ഷണം എപ്പോഴാണെങ്കിലും ആസ്വദിച്ച് കഴിക്കുകയെന്നതാണ് ശീലം. പക്ഷേ കഴിക്കേണ്ട ഭക്ഷണമേത് എന്നതിന് സ്വയം ചില അളവുകോലുകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് മാത്രം.
ഭക്ഷണപ്രേമിയാണോ എന്ന് ചോദിച്ചാൽ ആണെന്നു തന്നെ പറയാം. കുട്ടിക്കാലത്ത് കിട്ടിയ വിഭവങ്ങൾക്ക് സ്വാദു പകർന്നിരുന്നത് അമ്മ അതിൽ ചേർക്കുന്ന സ്നേഹമാണ്. അതിനപ്പുറമുള്ള വിശിഷ്ടവിഭവങ്ങൾക്ക് കൊതിക്കാവുന്ന ഒരു ബാല്യമായിരുന്നില്ല എന്റേത്. അതുകൊണ്ടുതന്നെ പിന്നീട് പഞ്ചനക്ഷത്രവിഭവങ്ങൾ മുന്നിൽ നിരന്ന കാലം വന്നിട്ടും അതിനോടൊന്നും അമിതമായ താത്പര്യം തോന്നിയതുമില്ല. ഭക്ഷണം ഇഷ്ടപ്പെടുന്നയാളാണെങ്കിലും അതിൽ ആത്മനിയന്ത്രണം വേണമെന്നാണ് എന്റെ പക്ഷം. നമ്മൾ ആഹാരത്തെയാണ് കഴിക്കേണ്ടത്. അത് ഓരോ അണുവിലും ആസ്വദിച്ചുതന്നെ കഴിക്കണം. പക്ഷേ ആഹാരം നമ്മെ വിഴുങ്ങാൻ അനുവദിക്കരുത്.
നാല്പതുകൾ പിന്നിട്ട ഏതൊരാളെയും പോലെ ആരോഗ്യത്തെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ആലോചിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോഴതിനെ ഏറ്റവും പ്രധാനമായി കാണുന്നു. ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചത് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ മാനേജിങ് ഡയറക്ടറായിരുന്ന ഡോ.പി.ആർ.കൃഷ്ണകുമാറിനെപ്പോലുള്ളവരാണ്. കുറേക്കാലം മുമ്പ് ഇതുപോലൊരു കർക്കടത്തിൽ അവിടെ കുറച്ചുനാൾ ചികിത്സ നടത്തിയിരുന്നു. അന്നാണ് ഭക്ഷണക്രമീകരണത്തിന്റെ പ്രധാന്യം ബോധ്യപ്പെട്ടത്. ആയുർവേദം പറയുന്നതനുസരിച്ച് പ്ലേറ്റിലുള്ളത് മാത്രമല്ല ആഹാരം. നമ്മൾ വായിലൂടെ കഴിക്കുന്നതെന്തും,വെള്ളവും ഖരപദാർഥങ്ങളുമെല്ലാം ആഹാരമാണ്. എന്തിന് ഭക്ഷണം കഴിക്കുമ്പോൾ നമ്മിലുണ്ടാകുന്ന വികാരങ്ങളെപ്പോലും ആയുർവേദം ആഹാരമായി കണക്കാക്കുന്നു.
കാൻസർ ബോധവത്കരണശ്രമങ്ങളുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ പോയിട്ടുണ്ട്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചെന്നപ്പോൾ അവിടത്തെ ഡോക്ടർമാർ വിശദമായി സംസാരിച്ചതും ഭക്ഷണവും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുതന്നെ. പല അർബുദങ്ങളും പാരമ്പര്യത്തേക്കാളേറെ ജീവിതശൈലികൊണ്ടുവരുന്നതാണ് എന്നാണവർ പറഞ്ഞത്. അതിനുള്ള കണക്കുകളും നിരത്തി.
എന്റെയൊക്കെ കുട്ടിക്കാലത്ത് പ്രായമായവർ എന്നുവിളിച്ചിരുന്നത് ഏതാണ്ട് അമ്പത്-അറുപതുവയസ്സുള്ളവരെയാണ്. അന്ന് ആയുർദൈർഘ്യവും കുറവായിരുന്നു. ചികിത്സാസംവിധാനങ്ങൾ ഇത്രത്തോളം പുരോഗമിച്ചിട്ടില്ല. രോഗനിർണയം പോലും പലപ്പോഴും വൈകിയാണ് സാധിച്ചിരുന്നതും. ചില രോഗങ്ങൾ കണ്ടുപിടിക്കാൻ പോലുമായിരുന്നില്ല അന്ന്. പക്ഷേ ഇന്നത്തെ തലമുറ 'ഓൾഡ്' എന്നു വിളിക്കുന്നത് എൺപതും തൊണ്ണൂറും വയസ്സുള്ളവരെയാണ്. അതിനുകാരണം ആ പ്രായമുള്ള ധാരാളം പേർ അവരുടെ ചുറ്റിനുമുണ്ട് എന്നതുതന്നെ. അമ്പതുവയസ്സും അറുപതുവയസ്സും പിന്നിട്ടവരേക്കാൾ പ്രായമുള്ള ഒരു തലമുറ മുന്നിലുള്ളപ്പോൾ അവരാണല്ലോ ഏറ്റവും പ്രായമേറിയവർ. അതിന് സഹായിച്ചത് വൈദ്യശാസ്ത്രത്തിന്റെ വളർച്ച തന്നെ.
വരും കാലം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേ(എഐ)താണ്. രോഗനിർണയത്തിലും ചികിത്സയിലും എഐ സഹായമുണ്ടാകുന്നതോടെ ആയുർദൈർഘ്യം ഇനിയും കൂടിയേക്കാം. മരണത്തിന് മുന്നിൽ എഐ മനുഷ്യന് കവചമായേക്കാം. നൂറും നൂറ്റപ്പത്തും വയസ്സുള്ളവർ നാളെകളിലെ നിത്യകാഴ്ചയായേക്കാം.
ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യാനും ആരോഗ്യസംരക്ഷണത്തിന്റെ സന്ദേശം കഴിയുന്നിടത്തോളം പ്രചരിപ്പിക്കാനും സുഹൃത്തുക്കളുടേതായൊരു കൂട്ടായ്മയുണ്ട്. അതിലേക്ക് പ്രായമായവർ പോലും ചേരുന്നുവെന്നത് സന്തോഷം നല്കുന്നു. ഞങ്ങളുടെ വർത്തമാനങ്ങളിൽ ആരോഗ്യം തന്നെ ആദ്യത്തെയും അവസാനത്തെയും വിഷയം. അതിലൊരാൾ കഴിഞ്ഞ ദിവസം ഒരു ലിങ്ക് അയച്ചുതന്നു. 'ദ് ഹാർവാർഡ് ഗസറ്റി'ന്റേതാണ്. അതിൽ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പോൾ എഫ്.ഗ്ലെൻ സെന്റർ ഫോർ ബയോളജി ഓഫ് ഏജിങ് റിസർച്ച് ഡയറക്ടറും ജനറ്റിക്സ് പ്രൊഫസറുമായ ഡേവിഡ് സിംഗ്ലെയറുമായുള്ള ഒരു അഭിമുഖമാണുണ്ടായിരുന്നത്. ഹാർവാർഡ് ഗസറ്റിന്റെ പ്രതിനിധികൾ അദ്ദേഹത്തോടു ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു: '150വർഷം വരെ ജീവിക്കാൻ പോകുന്ന വ്യക്തി ഇതിനകം ജനിച്ചുകാണുമെന്നാണല്ലോ താങ്കൾ പറഞ്ഞത്. ഇത്രയും പ്രായം വരെ ജീവിച്ചിരിക്കാൻ സാധിക്കുന്നവർ ഇനിയും ജനിക്കുമോ?'
അതിന് അദ്ദേഹം മറുപടി പറഞ്ഞ് തുടങ്ങുന്നത് മോളിക്യൂളുകളിലുണ്ടാക്കുന്ന വ്യതിയാനങ്ങൾക്ക് ഡിഎൻഎയിൽ സൃഷ്ടിക്കാൻ കഴിയുന്ന അദ്ഭുതങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ്. ഞാനപ്പോൾ ഓർത്തത് അലൻ പാർക്കർ സംവിധാനം ചെയ്ത 'ഫെയിം' എന്ന സിനിമയെക്കുറിച്ചാണ്. ഐറീൻ കാര അഭിനയിച്ച അതിലെ തീം സോങ്ങിലെ ഒരു വരിയിൽ നമുക്ക് കേൾക്കാം, അത്യാഗ്രഹമെന്ന് വിളിക്കാവുന്ന ഒരുമോഹത്തിന്റെ സംഘഗാനം: 'ഞാൻ എന്നേക്കുമായി ജീവിക്കാൻ പോകുന്നു'(I'm gonna live forever). മറ്റൊരർഥത്തിലാണ് അത് പറയുന്നതെങ്കിലും അതിന്റെ വാച്യാർഥമെടുത്താൽ ഡേവിഡ് സിംഗ്ലെയർ പറഞ്ഞ കാലം അധികം ദൂരെയല്ലെന്ന് വ്യാഖ്യാനിക്കാം.
പക്ഷേ ആയുസ്സ് നീട്ടിക്കിട്ടിയിട്ട് കാര്യമുണ്ടോ? അത് ഒന്നിനുമാകാതെ കിടക്കയിലാണെങ്കിലോ? അവിടെയാണ് ആരോഗ്യം ആയുസ്സിന് മേൽ അധീശത്വം സ്ഥാപിക്കുന്നത്. പലപ്പോഴും കേൾക്കാറുള്ള ചോദ്യമാണ് 'പ്രായം തോന്നിക്കുന്നില്ലല്ലോ എങ്ങനെയാണിത് സാധിക്കുന്നത്' എന്ന്. സത്യത്തിൽ പ്രായമായിട്ടില്ല എന്നുകേൾക്കുന്നതിനേക്കാൾ എനിക്കിഷ്ടം ആരോഗ്യത്തോടെയിരിക്കുന്നല്ലോ എന്ന് കേൾക്കാനാണ്. എന്റെ അഭിപ്രായത്തിൽ ആരോഗ്യമുള്ളയാളാണ് ഏറ്റവും സൗന്ദര്യമുള്ളയാൾ. ആരോഗ്യമെന്നാൽ സൗന്ദര്യമെന്നും അർഥം കല്പിക്കാനാണ് എനിക്കിഷ്ടം.
ഇതോട് അനുബന്ധമായി പറയാവുന്ന മറ്റൊന്നുണ്ട്. സിനിമാതാരങ്ങൾ അവരുടെ രൂപസൗന്ദര്യം നിലനിർത്തുന്നത് ചെലവേറിയ സൗന്ദര്യസംരക്ഷണമാർഗങ്ങളിലൂടെയാണ് എന്നാണ് പൊതുവേയുള്ള ധാരണ. ഹോളിവുഡ് മുതൽ മലയാളസിനിമയിൽ വരെയുള്ളവരെ നമ്മൾ അതിൽ ഉൾപ്പെടുത്തുന്നു. പക്ഷേ ആരോഗ്യം നിലനിർത്താൻ അങ്ങനെയൊരു മാർഗം ഇതേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. 'മേക്കപ്പിനും ഒരു പരിധിയില്ലേ' എന്ന ചോദ്യം തന്നെ ഇവിടെ പ്രസക്തം. ആ പട്ടികയിൽ പറയുന്നവരെല്ലാം അവരെല്ലാം സ്വന്തം ജീവിതശൈലിയുടെ ക്രമപ്പെടുത്തലിലൂടെയാണ് ശരീരത്തെ സംരക്ഷിക്കുന്നത്.
നേരത്തെ പറഞ്ഞ ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചുവരാം. നമ്മുടെ ഭക്ഷണക്രമം പലപ്പോഴും നമ്മളാൽ നിർണയിക്കപ്പെട്ടതല്ല. നിങ്ങൾ എത്ര മധുരമിട്ട ചായകുടിക്കണം,എത്ര എരിവുള്ള ഭക്ഷണം കഴിക്കണമെന്നെല്ലാം കുട്ടിക്കാലം തൊട്ടേ വീട്ടിലെ മറ്റുള്ളവർ തീരുമാനിച്ചുപോന്നു. നമ്മൾ അത് പിന്തുടർന്നു. കൃത്യമായൊരു ഭക്ഷണക്രമം എവിടെയും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. എന്റെയൊരു സുഹൃത്തുണ്ട്. മധുരമിടാത്ത കട്ടൻചായയാണിഷ്ടം. പക്ഷേ വീട്ടിൽ ചെന്നാൽ അമ്മ നിർബന്ധിക്കും,'എങ്ങനെയാ മധുരമിടാതെ ഇതുകുടിക്കുന്നത്...ലേശം പഞ്ചസാരയിടാം.'
ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് സ്കൂളുകളിൽ തന്നെ പഠിപ്പിച്ചുതുടങ്ങേണ്ടിയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം. സിലബസിൽ ഭക്ഷണശൈലികൾക്കും രീതികൾക്കും പാഠ്യവിഷയമായിതന്നെ ഇടം നല്കേണ്ടിയിരിക്കുന്നു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയോട് ഇക്കാര്യം അഭ്യർഥിക്കാനും ഈ അക്ഷരങ്ങൾ ഉപയോഗപ്പെടുത്തട്ടെ. എന്ത്, എത്ര അളവിൽ, എങ്ങനെ, എപ്പോൾ കഴിക്കണം എന്ന് അറിഞ്ഞുവളരട്ടെ നമ്മുടെ കുട്ടികൾ. അതിനനുസരിച്ച് അവർ അവരുടെ ഭക്ഷണരീതി ക്രമപ്പെടുത്തട്ടെ. അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയുണ്ടാകട്ടെ.
നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതിനെ പലരും ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: 'ജീവിതം കുറച്ചുകാലമല്ലേയുള്ളൂ. അപ്പോൾ പിന്നെ ഇതൊക്കെയല്ലേ ആഘോഷം?'അങ്ങനെ ചില സുഹൃത്തുക്കൾ പറഞ്ഞുകേൾക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട്, 'ജീവിതം ഇത്രകാലമേയുള്ളൂവെന്ന് നിങ്ങളെങ്ങനെയറിഞ്ഞു? ജനനത്തീയതി നിങ്ങൾക്കറിയാം. പക്ഷേ മരണത്തീയതി അറിയുമോ? അതറിയാതെയുള്ള ആഘോഷം പിന്നെയെന്തിന്? തൊണ്ണൂറുവയസ്സുവരെ ജീവിക്കേണ്ടിയിരുന്നയാളാകാം നിങ്ങൾ. പക്ഷേ ജീവിതം ഇത്രയേയുള്ളൂവെന്ന് സ്വയം നിശ്ചയിച്ച് നിയന്ത്രണമില്ലാതെ ജീവിച്ചാൽ നിങ്ങൾ തന്നെ അതിന് അമ്പതിലേക്കോ അറുപതിലേക്കോ കൊണ്ടുവരികയാണ്. നിങ്ങൾക്കറിയാത്ത ആ തീയതി നിങ്ങൾതന്നെ സ്വയമറിയാതെ കുറിക്കുന്നുവെന്നർഥം.'
പ്രായമായവരിൽ കാണുന്നത് ഈ ചിന്തയുടെ മറ്റൊരു വകഭേദമാണ്. 'ഓാാ..ഇനി എത്രകാലം...അതുകൊണ്ട് ഇങ്ങനെയൊക്കെ അങ്ങ് പോകട്ടെ.' അതും മേൽപ്പറഞ്ഞതിനോട് കൂട്ടിവായിക്കുക. എത്രകാലമെന്ന് നിങ്ങളല്ല നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രായമായെന്ന് കരുതി തെറ്റായ ജീവിതശൈലി പിന്തുടരാതിരിക്കുക. ആരോഗ്യമാണ് ആയുസ്സ് നിശ്ചയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ആഹാരക്രമീരണവും വ്യായാമവുമെല്ലാം ശീലമാക്കുക. ഇത് ഒരു ഉപദേശമല്ല. മകളുടെ പ്രായമുള്ള ഒരാൾ സ്നേഹപൂർവം പറയുന്നതാണെന്ന് മാത്രം കരുതുക.
വരുംകാലം സാങ്കേതികവിദ്യയും അതിനെ ആയുധമാക്കിയുള്ള ചികിത്സയും നമ്മുടെ ആയുർദൈർഘ്യം കൂട്ടും. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള സ്വയംചിട്ടപ്പെടുത്തലാണ് വേണ്ടത്. കൂടുതൽകാലം ജീവിച്ചിരിക്കുകയെന്നതാണ് മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ടാണല്ലോ രോഗങ്ങളെ നമ്മൾ ഏറ്റവും കൂടുതൽ പേടിക്കുന്നതും. ആയുർദൈർഘ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആഹാരക്രമീകരണമാണ്. അതിൽ തുടങ്ങി വ്യായാമത്തിലൂടെയും ധ്യാനത്തിലൂടെയുമെല്ലാം വളരുന്നതാണ് കൃത്യമായ ജീവിതചര്യ എന്നാണ് ഞാൻ പഠിച്ച പാഠം. ഈ സന്ദേശം മറ്റുള്ളവരിലേക്ക് പകരണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയാണ് ഇത്രയും കുറിച്ചത്. നമുക്കൊരുമിച്ച് ആരോഗ്യമുള്ള ഒരു ലോകം സൃഷ്ടിക്കാം. ഓർക്കുക,നിങ്ങളുടെ ആയുസ്സിന്റെ പരിധി നിങ്ങൾക്കറിയില്ല. അറിയാത്ത ഒരുകാര്യം ദയവായി സ്വയം തിരുത്താൻ ശ്രമിക്കാതിരിക്കുക...
(തുടരും)