രം​ഗനാഥൻ,മഞ്ജുവാരിയർ  ഫോട്ടോ- അറേഞ്ച്ഡ്,ബിനീഷ്ചന്ദ്ര
Columns

ഈ മനുഷ്യനെ ഇനിയും വെയിലത്തുനിർത്തണോ, അയാളുടെ വിയർപ്പിലുള്ളത് കണ്ണീരിന്റെ ഉപ്പുകൂടിയാണ്...

രം​ഗനാഥന്റെ ജീവിതകഥ വായിച്ചുതീർന്നപ്പോൾ അയാളെ ഒരു കുട്ടിയായി കാണാനായിരുന്നു എനിക്ക് തോന്നിയത്-'പിന്നെയും പിന്നെയും' ഭാ​ഗം-7

മഞ്ജുവാരിയര്‍

ഇന്നുരാവിലെ മൂന്ന് ദിനപത്രങ്ങളുടെ കട്ടിങ് എനിക്കൊരാൾ അയച്ചുതന്നു. ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രക്കിടെ പലപ്പോഴും പത്രവായനയ്ക്ക് സമയം കിട്ടാറില്ല. പത്രങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് പലപ്പോഴും വാർത്തകൾ അറിയാറുള്ളത്. എന്നാലും വീട്ടിലുള്ളപ്പോൾ രാവിലെ പത്രം വായിച്ചേ ഒരു ദിവസം തുടങ്ങാറുള്ളൂ. ചുടുചായക്കൊപ്പം പത്രത്തെ മൊത്തുന്ന മലയാളിയുടെ ശീലം അച്ഛനിൽനിന്നാണ് കിട്ടിയത്. പക്ഷേ തുടർച്ചയായ ഷൂട്ടിങ് ദിനങ്ങളായിരുന്നതിനാൽ എന്റെ ശ്രദ്ധയിൽ പെടാതെ പോയ വാർത്തയായിരുന്നു മൊബൈൽ സന്ദേശമായി കൺമുന്നിലെത്തിയത്.

അതെല്ലാം ഒരാളെക്കുറിച്ചുള്ള വാർത്ത തന്നെയായിരുന്നു. വായിച്ചപ്പോൾ കണ്ണുനിറഞ്ഞു. ഞാൻ എന്തൊക്കയോ ചിന്തകളുടെ മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ടു. നിങ്ങളിൽ പലരും അത് ഇതിനകം വായിച്ചിട്ടുണ്ടാം. വായിക്കാത്തവർക്കായി അതിനെ ഒന്ന് ചുരുക്കിപ്പറയാം.

ഈരാറ്റുപേട്ട ​ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ പരിസരം വൃത്തിയാക്കുന്ന രം​ഗനാഥൻ

ഈരാറ്റുപേട്ട ​ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ പരിസരം വൃത്തിയാക്കുകയാണ് കുറേ തൊഴിലാളികൾ. അതിലൊരാൾ ഇടയ്ക്കിടെ ക്ലാസ് മുറിയിലേക്ക് നോക്കിനില്കുന്നു. പ്രധാനാധ്യാപിക ഷീജ സലിം ഇതുശ്രദ്ധിച്ചു. കുറേക്കഴിഞ്ഞപ്പോൾ അടുത്തുവിളിച്ചുകാര്യം തിരക്കി. അപ്പോൾ അയാൾ പറഞ്ഞു: 'ടീച്ചർ ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ...'ആ വാക്കുകൾ അധ്യാപികയെ അമ്പരപ്പിച്ചു. അയാളിൽ എന്തോ ഒരു അസാധാരണത്വം. ടീച്ചർ ചോദിച്ചു എന്താണ് പേര്?

അയാൾ പറഞ്ഞു: പേര് എം.രം​ഗനാഥൻ, 36 വയസ്സ്, വിലാസം- വി.കെ.സ്ട്രീറ്റ് കോംബെ വില്ലേജ്,ഉത്തമപാളയം,തേനി.' അടുത്തവാചകം പറഞ്ഞപ്പോൾ അയാൾ അഭിമാനിക്കുകയും അധ്യാപിക അദ്ഭുതപ്പെടുകയും ചെയ്തിരിക്കണം.

'വിദ്യാഭ്യാസയോ​ഗ്യത- എം.എ,എം.എഡ്.' അതായത് മാസ്റ്റർ ഓഫ് ആർട്സ് ആന്റ് മാസ്റ്റർ ഓഫ് എഡ്യുക്കേഷൻ!

നാട്ടിലേക്കാൾ കേരളത്തിൽ 500 രൂപ കൂടുതൽ കിട്ടും. അതുകൊണ്ട് ഇവിടെ കൂലിപ്പണിക്കെത്തിയതാണ്. ഭാര്യയും മകനുമടങ്ങുന്ന കുടുംബം പട്ടിണിയാകരുത്. അതുകഴിഞ്ഞ് മിച്ചംപിടിച്ചുകിട്ടുന്ന തുക കൂട്ടിക്കൂട്ടിവച്ച് തമിഴ്നാട് സർക്കാർ സർവീസിൽ ചേരുന്നതിനുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കണം...

രം​ഗനാഥൻ ഈരാറ്റുപേട്ട ​ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ കൂലിപ്പണിക്കിടെ

പിന്നീട് ആ അധ്യാപിക ചെയ്തതാണ് അനുകരണീയ മാതൃകയായി എനിക്ക് അനുഭവപ്പെട്ടത്. അവർ അയാളെ ക്ലാസ് മുറിയിലേക്ക് ക്ഷണിച്ചു. അവിടത്തെ കുട്ടികൾക്ക് മുന്നിൽ,അധ്വാനത്തിന്റെ അടയാളംപുരണ്ട കുപ്പായത്തിൽ നനഞ്ഞുനിന്നുകൊണ്ട് അയാൾ സ്വന്തം ജീവിതകഥ വിവരിച്ചു. ജീവിതത്തേക്കാൾ വലിയ അധ്യാപകൻ ആര്...!

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. രണ്ടുവർഷം കഴിഞ്ഞ് അച്ഛൻ മറ്റൊരാളെ വിവാഹം കഴിച്ചു. പിന്നെ അമ്മാവന്റെ കൂടെനിന്നായി പഠനം. ബിഎഡ് വരെ പഠിക്കാൻ അദ്ദേഹം സഹായിച്ചു. മധുര അമേരിക്കൻ കോളേജിൽ നിന്നാണ് ഡി​ഗ്രിയെടുത്തത്. മധുരൈ കാമരാജ് സർവ്വകലാശാലയിൽ നിന്ന് തമിഴിൽ ബിരുദാനന്തരബിരുദം. മാർത്താണ്ഡം സെന്റ് ജോസഫ് ടീച്ചർ എഡ്യുക്കേഷൻ കോളേജിൽ നിന്ന് ബിഎഡും തിരുച്ചിറപ്പിള്ളി ജീവൻ കോളേജ് ഓഫ് എഡ്യുക്കേഷനിൽ നിന്ന് എംഎഡും നേടി. നാട്ടിലെ ഒരു സ്കൂളിൽ ഒരുവർഷം താത്കാലിക അധ്യാപകനായി ജോലി ചെയ്തു. ശമ്പളം ആറായിരം രൂപ. അത് കൃത്യമായി കിട്ടാതെ വന്നതോടെ വേറെ വഴിയില്ലാതെയായി. നേരേ കേരളത്തിലേക്ക് പോന്നു.

നമ്മുടെ നാട്ടിലേക്ക് വരുന്ന ഏത് ഇതരസംസ്ഥാനക്കാരനെയും പോലെ രം​ഗനാഥനും ഒരുവർഷംമുമ്പ് ആദ്യമെത്തിയത് പെരുമ്പാവൂരിലാണ്. അവിടെ കറിപൗഡർ ഫാക്ടറിൽ ജോലിചെയ്തു. പിന്നെയാണ് ഈരാറ്റുപേട്ടയിലേക്ക് വന്നത്. ഒരുവർഷത്തിനിടെ മരപ്പണിയും കല്ലുപണിയും കൃഷിപ്പണിയുമെല്ലാം ചെയ്തു. നാട്ടിലാണെങ്കിൽ കൂലിപ്പണിക്ക് അഞ്ഞൂറോ അറൂനൂറോ രൂപയേ കിട്ടൂ. മാത്രവുമല്ല അവിടെ അതുചെയ്യാനൊരു മനപ്രയാസവുമുണ്ട്. ഇവിടെയാകുമ്പോൾ എന്തുജോലിയെടുത്താലും ആരും കാണില്ലല്ലോ...

രം​ഗനാഥനെക്കുറിച്ച് 'മാതൃഭൂമി'യിൽ വന്ന വാർത്ത

മൂന്നുപത്രങ്ങളിലായി ഒരേ മനുഷ്യൻ നായകനായ വാർത്തകൾ വായിച്ചുകഴിഞ്ഞപ്പോൾ ഞാൻ ആദ്യം ഓർത്തത് ആ ക്ലാസ് മുറിയിലേക്ക് നോക്കി നില്കുമ്പോൾ അയാളുടെ മനസ്സിലെന്തായിരിക്കും എന്നാണ്. എന്നോ കൊതിച്ച ഒരിടം,എന്നോ കണ്ട ഒരു സ്വപ്നം..വിദ്യാർഥികൾക്ക് മുന്നിൽ അധ്യാപകനായുള്ള ജീവിതം..ആ കുട്ടികൾക്ക് മുന്നിൽ നില്കുന്നത് താനാണെന്ന് അയാൾ സ്വയം സങ്കല്പിച്ചിട്ടുണ്ടാകണം. അവിടത്തെ ബോർഡിൽ തന്റെ അക്ഷരങ്ങളാണ് പതിഞ്ഞുകിടക്കുന്നതെന്ന് ആശ്വസിച്ചുകാണണം..പക്ഷേ,അതിനൊടുവിൽ അത് താനല്ലെന്നും ആ കുട്ടികളും അക്ഷരങ്ങളും തന്റേതല്ലെന്നും തിരിച്ചറിഞ്ഞും കാണണം...അപ്പോൾ രണ്ടുവയറുകളുടെ വിശപ്പ് അയാളെ തൊട്ടുവിളിച്ചുകാണും. തലച്ചുമടുമായി ആ വെയിലിലൂടെ വിയർത്തൊലിച്ച് അയാൾ മുന്നോട്ടു നടന്നുപോയിരിക്കണം...

ക്ലാസ് മുറികൾക്ക് ഇങ്ങനെ ചില ഇല്ലായ്മകളുടെയും സ്വപ്നങ്ങളുടെയും കഥയുണ്ടാകും പറയാൻ. അവിടം കുറേ കുട്ടികളുടെ അടക്കിപ്പിടിച്ച കരച്ചിലുകളുടേതുകൂടിയായിരുന്നു എന്നും. ഉപ്പുമാവിന്റെ മണം മൂക്കിലേക്ക് വലിച്ചുകയറ്റി,ബട്ടൺസുകൾ നഷ്ടമായ നിക്കർ വയറിലേക്ക് വലിച്ചുമുറുക്കി, ഉച്ചമണിയടിക്കുന്നതും കാത്തിരിക്കുന്ന ഒരു കുട്ടി...സ്വന്തം പാത്രത്തിലെ ശൂന്യത മറയ്ക്കാൻ മറ്റുള്ളവരിൽ നിന്ന് മാറിയിരുന്നുമാത്രം ചോറുപാത്രം തുറക്കുകയും ഒറ്റയ്ക്കിരുന്ന് തലേന്നത്തെ വെള്ളംപുരണ്ട ചോറുണ്ണുകയും ചെയ്തിരുന്ന ഒരു കുട്ടി...മറ്റുള്ളവർ പുത്തൻകുപ്പായങ്ങളുടെ മണവുമായി അടുത്തുവരുമ്പോൾ തലേന്ന് വൈകീട്ട് അലക്കിയിട്ടതിന്റെ നനവുമാറാത്ത യൂണിഫോമിൽ വിരലുകൾകൊണ്ട് മുറുകെപ്പിടിച്ചിരുന്ന ഒരു കുട്ടി...അങ്ങനെയൊരു കുട്ടി എല്ലാക്കാലവും എല്ലാ സ്കൂളുകളിലുമുണ്ടായിരുന്നു.

രം​ഗനാഥനെക്കുറിച്ച് 'മലയാളമനോരമ'യിൽ വന്ന വാർത്ത

ഒരു സുഹൃത്ത് പറഞ്ഞ കഥയാണ്. മകന്റെ ക്ലാസിലുണ്ടായ അനുഭവം. അധ്യാപകൻ ഓരോരുത്തരോടുമായി അച്ഛന്റെ ജോലിയെക്കുറിച്ച് ചോദിക്കുന്നു. എല്ലാവരും ഓരോ ഉത്തരം പറയുന്നു. തന്റെ ഊഴമെത്തിയപ്പോൾ ഒരുകുട്ടി ഒന്നും പറഞ്ഞില്ല. അവൻ ഏങ്ങിയേങ്ങിക്കരയുക മാത്രം ചെയ്തു. അവൻ പറഞ്ഞതിങ്ങനെയായിരുന്നു: 'എനിക്ക് അച്ഛനില്ല സാർ...അച്ഛൻ മരിച്ചുപോയി..'

ആ കുട്ടി കൂട്ടുകാർക്ക് മുന്നിൽ എത്രമാത്രം വേദനിച്ചുകാണും അതുപറയുമ്പോൾ. ഇതെഴുതുന്ന എനിക്ക് പോലും നോവുന്നു,കണ്ണിൽ നനവുനിറയുന്നു. 'സ്താനാർത്തി ശ്രീക്കുട്ടൻ' എന്ന സിനിമയുടെ സ്വാധീനത്തിൽ പല സ്കൂളുകളിലും പിൻബഞ്ചുകൾ ഒഴിവാക്കിത്തുടങ്ങിയെന്നു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു. കാരണം ആ പിൻബഞ്ചുകളിലുമുണ്ടായിരുന്നു ഒരു കുട്ടി...ഒന്നിനും കൊള്ളാത്തവൻ എന്നുപറഞ്ഞ് മാറ്റിയിരുത്തപ്പെട്ട ഒരാൾ..

എഴുതിവന്ന വിഷയത്തിൽനിന്ന് തെന്നിമാറിയാണെങ്കിലും ഇതുകൂടി പറയട്ടെ...പ്രിയപ്പെട്ട അധ്യാപകരെ...കുട്ടികൾക്ക് ക്ലാസ്മുറിയിൽ താരതമ്യത്തിനുള്ള അവസരങ്ങളൊരുക്കാതിരിക്കുക. അച്ഛന്റെ ജോലിയെക്കുറിച്ച് ചോദിക്കുമ്പോൾ അച്ഛനില്ലാത്ത ഒരാളോ,പ്രത്യേകിച്ച് പറയാൻ ജോലിയൊന്നുമില്ലാത്ത ഒരാളോ അക്കൂട്ടത്തിലുണ്ടാകുമെന്ന് ദയവായി ഓർമിക്കുക...

രം​ഗനാഥന്റെ ജീവിതകഥ വായിച്ചുതീർന്നപ്പോൾ അയാളെ ഒരു കുട്ടിയായി കാണാനായിരുന്നു എനിക്ക് തോന്നിയത്. ക്ലാസ് മുറിക്കുമുന്നിൽ എന്തൊക്കയോ ഇല്ലാതെ,ഏതോ ഒരു അപൂർണതയിൽ സ്വയം വേദനിച്ച് നിന്ന ഒരു കുട്ടി..

ഞാൻ ഇതേവാക്കുകൾ എനിക്ക് വാർത്തകളയച്ചു തന്നയാളോട് പറഞ്ഞു. പത്രവാർത്തകൾ ശേഖരിക്കുന്നതിൽ കമ്പമുള്ള ആ സുഹൃത്ത് അപ്പോൾ കുറേവർഷങ്ങൾക്ക് മുമ്പുള്ള മറ്റൊരു വാർത്തയുടെ കട്ടിങ് അയച്ചുതന്നു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'ഇല്ലായ്മകളുടെ ജീവിതവഴിയിൽ ഈ എൻജിനീയർ കല്ലുവെട്ടുന്നു...'ആ വാർത്തയുടെ ആദ്യ രണ്ടുഖണ്ഡികയിലുണ്ട് അയാളുടെ ജീവിതം മുഴുവൻ.

'കെ.മോഹനൻ എന്ന എൻജീനീയർക്ക് കല്ലുവെട്ടിന്റെ മെക്കാനിക്സ് അറിയില്ല. പക്ഷേ കല്ലുപോലും പിളരുന്ന ജീവിതയാഥാർഥ്യങ്ങൾക്കു മറുപടിയായി അരികുനോക്കി,മോഹനന്റെ മഴു മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയാണ്. പ്രകൃതിയിലെ ഈ എൻജിനീയറിങ്ങാണ് ജീവിതത്തിന്റെ സങ്കീർണതകളിൽ മോഹനന്റെ കച്ചിത്തുരുമ്പ്.

വർക്കലയ്ക്കടുത്ത് ഇലകമൺ പുതുവൽ തൊടിയിൽ വീട്ടിൽ കൊച്ചുചെറുക്കന്റെയും കുഞ്ഞമ്മയുടെയും മകൻ എൻജിനീയറിങ് ബിരുദം നേടിയിട്ട് ഒരു ദശകം പിന്നിട്ടിരിക്കുന്നു. അച്ഛന്റെ മരണം മൂലം എം.ടെക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച മോഹനന് പക്ഷേ,അന്നത്തിനു വകയുണ്ടാക്കാൻ ഇന്നും കല്ലുവെട്ടുമാത്രമേ ചെയ്യാനുള്ളൂ. ടെസ്റ്റുകളുടെയും ഇന്റർവ്യൂകളുടെയും ഭാ​ഗ്യരേഖ ഈ ശിരസ്സിൽ ഇതുവരെ തെളിഞ്ഞിട്ടില്ല. സംവരണത്തിന് അർഹതയുള്ള കുറവ സമുദായക്കാരനായിരുന്നിട്ടുപോലും നിർഭാ​ഗ്യം മോഹനന്റെ നെറുകയിൽ നിന്ന് മായുന്നില്ല.'

ഞാൻ ആലോചിച്ചു. മോഹനൻ എന്നുപറയുന്നയാൾ ഇപ്പോൾ എവിടെയായിരിക്കും? അദ്ദേഹത്തിന് എന്തെങ്കിലും ജോലികിട്ടിയിരിക്കുമോ? അതോ കല്ലുവെട്ടുമടകളിൽതന്നെ ക്ഷീണിച്ചു തളർന്നുപോയിരിക്കുമോ ആ ജീവിതം?

കുറിപ്പിൽ പരാമർശിക്കുന്ന മോഹനൻ എന്ന എൻജിനീയറിങ് ബിരുദധാരിയെക്കുറിച്ചുള്ള വാർത്ത

ഇങ്ങനെയുള്ള മനുഷ്യരും നമുക്കിടയിലുണ്ട്. നമ്മുടെ നാട്ടിൽതന്നെ എത്രയോപേർ. സ്വപ്നങ്ങളെ യാഥാർഥ്യങ്ങൾക്ക് മുന്നിൽ വിറ്റുകളഞ്ഞവർ. സ്വപ്നങ്ങൾ വിറ്റും,വിയർത്തുമുണ്ടാക്കിയ ചുക്കിച്ചുളിഞ്ഞ നോട്ടുകളിൽ കുടുംബത്തിന്റെ അന്നം കണ്ടെത്തിയിരുന്നവർ. അതുപയോ​ഗിച്ച് മക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ചവർ...ഒടുവിൽ സ്വയം ഒന്നുമാകാൻ സാധിക്കാതെ ഈ ഭൂമിയിൽ നിന്ന് മാഞ്ഞുപോയവർ...

രം​ഗനാഥനും മോഹനനും അതുപോലുള്ളവരാണ്. അവരെ പത്രങ്ങൾ കണ്ടെത്തി. കാണാമറയത്ത് എത്രയോ പേർ ഇങ്ങനെ ഇനിയുമുണ്ടാകും? പക്ഷേ കണ്ടെത്തപ്പെടുന്നവർക്കായിട്ട് നമുക്ക് എന്തെങ്കിലും ചെയ്തുകൂടേ? കാണപ്പെടാതെ പോകുന്നവരോടുള്ള പരിഹാരക്രിയയായിട്ടെങ്കിലും...

രം​ഗനാഥനെക്കുറിച്ച് 'ദേശാഭിമാനി'യിൽ വന്ന വാർത്ത

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, രം​ഗനാഥന്റെ വാർത്ത ശ്രദ്ധിച്ചുകാണുമോ എന്നറിയില്ല. ഇല്ലായെങ്കിൽ ആദരവോടെ അങ്ങയുടെ മുമ്പിലേക്ക് ഞാൻ ആ വിയർത്തൊലിച്ച മനുഷ്യനെ നീക്കിനിർത്തിക്കോട്ടെ. തമിഴിൽ ബിരുദാനന്തര ബിരുദമുള്ള,പാട്ടുപാടാനും പ്രസം​ഗിക്കാനുമറിയുന്ന,മനസ്സിൽ സിനിമയാക്കാനായി ഒരുപാട് കഥകൾ മെനഞ്ഞുവച്ചിട്ടുള്ള ഒരു പാവം ചെറുപ്പക്കാരൻ. അയാളെ ഇനിയും ആ നട്ടുച്ചവെയിലിൽ നിർത്താതിരിക്കാൻ എന്തെങ്കിലുമൊന്ന്...

സർക്കാർ സംവിധാനങ്ങളുടെ ചട്ടങ്ങൾ എനിക്ക് അറിയില്ല. എങ്കിലും കുടുംബം പോറ്റാനായി കൂലിപ്പണിയെടുക്കാൻ നമ്മുടെ നാട് തേടിവന്ന ഒരാൾക്ക് അതിലും മികച്ചതും, വിദ്യാഭ്യാസയോ​ഗ്യതയ്ക്ക് യോജിക്കുന്നതുമായ ഒരു ജോലി ഏർപ്പെടുത്തിക്കൊടുക്കാൻ സാധിച്ചാൽ അത് ലോകത്തിന് മുന്നിൽ കേരളം ഉയർത്തിപ്പിടിക്കുന്ന വലിയൊരു സന്ദേശമായിത്തീരുമെന്നാണ് തോന്നൽ. ഇത്തരം അഭ്യർഥനകൾക്കും വേദനകൾക്കും എന്നും അർഹമായ പരി​ഗണന നല്കാറുള്ള മുഖ്യമന്ത്രി ഈ ചെറിയ വാക്കുകൾ കേൾക്കുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.

രം​ഗനാഥൻ മരംമുറിക്കുന്ന,ഇലച്ചാർത്തുകളെ തലയിൽ ചുമക്കേണ്ട ഒരാളല്ല. അതിനായിരുന്നില്ല അയാൾ രാത്രികളിൽ വീട്ടിലെ ഇല്ലായ്മകളെ മറന്ന് ഉറക്കമിളച്ച് പഠിച്ചത്. അയാളുടെ വിയർപ്പിൽ ഇപ്പോഴുള്ളത് കണ്ണീരിന്റെ ഉപ്പുകൂടിയാണ്. അയാൾ സ്വയം ഒരു മരമായി മാറേണ്ടയാളാണ്. അയാളെ ചേർത്തുനിർത്താൻ നമ്മൾ മലയാളികൾക്ക് മാത്രമേ കഴിയൂ എന്നും ഞാൻ വിശ്വസിക്കുന്നു...

'നല്ലതു വറും' എന്നാണ് രം​ഗനാഥൻ ഈരാറ്റുപേട്ട ​ഗവ.​ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ്മുറിയിൽ ജീവിതം എന്ന വലിയ പാഠം പഠിപ്പിച്ചശേഷം ബോർഡിൽ കുറിച്ചത്. അയാൾക്ക് നല്ലതുമാത്രം വരട്ടെ...

(തുടരും)