സെറ്റുകളിൽ വച്ചുള്ള കൂടിക്കാഴ്ചകളിലൂടെ പതുക്കെ മമ്മൂക്കയുമായുള്ള ബന്ധം വളരുകയായിരുന്നു. പള്ളിക്കത്തോട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മമ്മൂക്കയുടെ ഫാൻസ് അസോസിയേഷൻ നേതാവായി ബാബുക്കുട്ടൻ ശക്തിയറിയിച്ചതോടെയാണ് അദ്ദേഹം കൂടുതൽ ഞങ്ങളെ ശ്രദ്ധിച്ചുതുടങ്ങിയത്. സീറ്റ് നിഷേധിക്കപ്പെട്ട ബാബുക്കുട്ടൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതും അതിനുലഭിച്ച ജനപിന്തുണയും കണ്ട് കോൺഗ്രസിന് പുനർവിചിന്തനം നടത്തേണ്ടിവന്നു. അങ്ങനെയാണ് ബാബുക്കുട്ടൻ കോൺഗ്രസ് സ്ഥാനാർഥിയായതും ആ ഒറ്റ ഓളത്തിൽ ആദ്യമായി പഞ്ചായത്ത് ഭരണം കോൺഗ്രസിന് കിട്ടിയതും. ഇത് പത്രങ്ങളിൽ വലിയ വാർത്തയായി. മനോരമ ആഴ്ചപ്പതിപ്പ് പത്രാധിപർ പി.ഒ.മോഹൻ അതിന്റെ വിശദാംശങ്ങൾ മമ്മൂക്കയെ ധരിപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം ഞങ്ങളെ കാണാൻ താത്പര്യം പ്രകടിപ്പിച്ചതും 'വല്യേട്ട'ന്റെ സെറ്റിലേക്ക് ജീപ്പുവിളിച്ച് ഞങ്ങൾ പോയതും.
ഇതിനകം ഡിഗ്രിപഠനം പൂർത്തിയായിരുന്നു. അടുത്തത് ഒരു ജോലിക്കുവേണ്ടിയുള്ള അന്വേഷണമാണ്. ആ പ്രായത്തിലുള്ള ഏതൊരു യുവാവിനെയും പോലെ ഞാനും തൊഴിലൊഴിവ് പരസ്യങ്ങൾക്ക് പിന്നാലെയായി. അങ്ങനെയാണ് ഒരു ദിവസം മലയാള മനോരമ പത്രത്തിൽ സർക്കുലേഷൻ ഇൻസ്പെക്ടർ തസ്തികയിലേക്ക് ആളെവിളിച്ചുകൊണ്ടുള്ള അറിയിപ്പ് കണ്ടത്. അപേക്ഷ അയച്ച ശേഷം ആദ്യം ചെയ്തത്, മമ്മൂക്കയെ കാണാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.
ശുപാർശകൾ ജോലി എളുപ്പത്തിൽ കിട്ടാൻ ഇടയാക്കും എന്നതാണല്ലോ പൊതുവായ കാഴ്ചപ്പാട്. അതുകൊണ്ട് മമ്മൂക്ക ഒന്ന് വിളിച്ചുപറഞ്ഞാൽ ആ ജോലി കിട്ടും. ഇതായിരുന്നു കണക്കുകൂട്ടൽ. അങ്ങനെ ഞാനും ബാബുക്കുട്ടനും കൂടി കാക്കനാട് 'രാക്ഷസരാജാവി'ന്റെ സെറ്റിലേക്ക് ചെന്നു. അദ്ദേഹം ഷോട്ടിലായിരുന്നു. അതുകഴിഞ്ഞപ്പോൾ ഞങ്ങളെ കണ്ടു. അടുത്തേക്ക് വിളിച്ചു,വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. സാമൂഹികസേവന പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു കൂടുതലും സംസാരം. അതിനിടയിലൂടെ ഞാൻ ജോലിക്കാര്യം അവതരിപ്പിച്ചു.
'പഠനം തീർന്നാലുടൻ ജോലി നേടണം. വെറുതെനിന്ന് സമയം കളയരുത്. അതുകൊണ്ട് നല്ലകാര്യമാണ്. കഴിവുണ്ടെങ്കിൽ ആ ജോലികിട്ടും. സ്വന്തം കഴിവുകൊണ്ടാണ് ജോലി നേടേണ്ടതും. എന്നാലും ഞാൻ പറഞ്ഞതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കിൽ പറയാം...'ഇതായിരുന്നു മമ്മൂക്ക പറഞ്ഞതിന്റെ രത്നച്ചുരുക്കം.
അന്ന് മമ്മൂക്ക ഷൂട്ടിന്റെ ഭാഗമായി ഹോട്ടൽ അബാദ് പ്ലാസയിൽ താമസിക്കുന്നുണ്ട്. അവിടത്തെ നമ്പർ തന്നു. കുറച്ചുദിവസം കഴിഞ്ഞ് ഒന്ന് വിളിക്കാനും അപ്പോൾ അപ്ഡേറ്റ് എന്താണെന്ന് പറയാമെന്നും പറഞ്ഞു. ജോലി കിട്ടിയില്ലെങ്കിലും വേണ്ടിയില്ല,മമ്മൂക്കയുമായി ഇടയ്ക്കിടയ്ക്ക് സംസാരിക്കാൻ ഫോൺനമ്പർ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് തിരികെപ്പോന്നത്.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആ നമ്പരിലേക്ക് വിളിച്ചു. അങ്ങനെ പിന്നീടുള്ള ദിവസങ്ങളിലായി മൂന്നുനാലു പ്രാവശ്യം. രണ്ടുതവണ മമ്മൂക്കയുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ മമ്മൂക്ക അപ്പോൾ പറഞ്ഞത് മറ്റൊരു കാര്യമാണ്. അതാകട്ടെ എന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയി മാറുകയും ചെയ്തു.
'ഞാൻ മനോരമയിലെ ഉത്തരവാദിത്തപ്പെട്ട ഒരാളുമായി സംസാരിച്ചു. ഇന്റർവ്യൂവിലെ പെർഫോമൻസ് നോക്കിയാണ് സെലക്ഷൻ എങ്കിലും പരമാവധി സഹായിക്കാൻ ശ്രമിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ജോലിയിൽ പ്രമോഷനൊക്കെ സാധ്യത കുറവാണ്..'ഇങ്ങനെയായിരുന്നു മമ്മൂക്ക എന്നോട് പറഞ്ഞുതുടങ്ങിയത്. അതിനുശേഷം അദ്ദേഹം നല്കിയ ഉപദേശത്തിലാണ് എന്റെ ജീവിതം നിർണയിക്കപ്പെട്ടത്.
പ്രായം കുറവാണ്. അതുകൊണ്ട് ഇനിയും പഠിക്കാനും ജോലി കിട്ടാനും സമയമുണ്ട്. തന്റെ താത്പര്യം സോഷ്യൽവർക്കിലാണ് എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് എംഎസ്ഡബ്ല്യു പോലെയുള്ള കോഴ്സുകളേതെങ്കിലും എടുത്ത് പഠിക്കുക. അതിന് വിദേശത്തൊക്കെ സാധ്യതകളുമുണ്ട്. കളമശ്ശേരിയിൽ ക്രിസ്ത്യൻസഭയുടെ സ്ഥാപനമുണ്ട്. അവിടെ ചേർന്ന് പഠിക്കുന്നതാകും നല്ലതെന്ന് തോന്നുന്നു.
അത് എനിക്ക് ഒരു വല്യേട്ടൻ തന്നെ സ്നേഹോപദേശമായിരുന്നു. അതുതന്നെയായിരുന്നു ആ സമയത്ത് എനിക്ക് ഏറ്റവും ഉചിതമായതും. എന്റെ താത്പര്യം എന്തിലാണ് എന്ന് തിരിച്ചറിഞ്ഞ് അതിലേക്ക് എന്നെ വഴിതിരിച്ചുവിടുകയായിരുന്നു മമ്മൂക്ക ചെയ്തത്. ഞാനാകട്ടെ എംഎസ്ഡബ്ല്യു കോഴ്സിനെക്കുറിച്ച് അപ്പോഴാണ് അറിയുന്നതുതന്നെ. എങ്കിലും മമ്മൂക്ക പറഞ്ഞ വഴിയേ പോകാൻ തീരുമാനിച്ചു.
പക്ഷേ അപ്പോഴേക്കും എംഎസ്ഡബ്ല്യു കോഴ്സിന്റെ പ്രവേശനം കഴിഞ്ഞിരുന്നു. കാക്കനാട്ടെ പ്രസ് അക്കാദമി(ഇപ്പോൾ മീഡിയ അക്കാദമി)യെക്കുറിച്ച് ഒരു സുഹൃത്തിൽ നിന്ന് അറിയാനിടയായത് ആ സമയത്താണ്. എനിക്ക് മറ്റാരോടും ചോദിക്കാനുണ്ടായിരുന്നില്ല. മമ്മൂക്കയോട് വിവരം പറഞ്ഞു. അപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത് എന്റെ മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്താണ്. അല്ലെങ്കിൽ അത്രയും ബഹുമാനപ്പെട്ട ഒരാൾ. അദ്ദേഹം എനിക്കുവേണ്ടി നല്ലതുമാത്രമേ നിർദേശിക്കൂ എന്ന് നന്നായി അറിയാമായിരുന്നു. അധികം കാണുകയും സംസാരിക്കുകയും ഒന്നും ചെയ്തിരുന്നില്ലെങ്കിലും അങ്ങനെയൊരു വ്യക്തിപരമായ ആത്മബന്ധം എനിക്ക് മമ്മൂക്കയോട് തോന്നിത്തുടങ്ങിയിരുന്നു.
കോഴ്സുകളെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും അതിൽ ഉചിതമെന്ന് തോന്നിയവ ഉണ്ടെങ്കിൽ സ്വീകരിക്കണമെന്നുമായിരുന്നു മമ്മൂക്കയുടെ നിർദേശം. ഒടുവിൽ പ്രസ് അക്കാദമിയിലെ പബ്ലിക് റിലേഷൻസ് ആന്റ് ജേണലിസം കോഴ്സിലേക്കെത്തി എന്റെ തുടർപഠനം.
ജീവിതയാത്രയിൽ നാല്കവലയിൽ എത്തപ്പെട്ട ഒരു ചെറുപ്പക്കാരൻ. അയാൾക്ക് മുന്നിലൊരു പച്ചസിഗ്നൽ തെളിഞ്ഞു. പക്ഷേ അതിലേ പോകാൻ നിശ്ചയിച്ചുനില്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരാൾ പറയുകയാണ്,അതിനേക്കാൾ നിനക്ക് യോജിച്ച വഴി മറ്റൊന്നാണ് അതിലേക്ക് തിരിയൂ എന്ന്. അങ്ങനെ വഴിതിരിഞ്ഞുസഞ്ചരിച്ചു. അത് കൃത്യമായ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഡിഗ്രിപഠനത്തിനുശേഷമുള്ള എന്റെ ജീവിതകഥയെ ഇങ്ങനെ ചുരുക്കിപ്പറയാം.
പബ്ലിക് റിലേഷൻസ് പഠനമാണ് എന്നെ പില്കാലജീവിതത്തിനായി പരുവപ്പെടുത്തിയതും,തൊഴിലുകൾ നേടിത്തന്നതും. മമ്മൂക്ക ഒരുപക്ഷേ ഈ സംഭവങ്ങളൊന്നും ഓർക്കുന്നുണ്ടാകില്ല. പക്ഷേ എനിക്കത് ഒരിക്കലും മറക്കാനാകില്ലല്ലോ. ഇന്ന് ഞാൻ ഏത് തൊഴിലിലൂടെയാണോ എന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത് അതിനുകാരണക്കാരൻ മമ്മൂക്കയാണ്. പത്രത്തിന്റെ പ്രചാരവർധനയ്ക്കായി വെയിലിലൂടെ നടക്കേണ്ടിയിരുന്ന ഞാൻ ഇന്ന് മറ്റുള്ളവർക്ക് തുണയാകാൻ പരിശ്രമിച്ച് എന്തെങ്കിലും ഒരു തണലിൽ നില്കുന്നുണ്ടെങ്കിൽ അതിന് കടപ്പാടും ആ മനുഷ്യനോടുതന്നെ...
(തുടരും)