​'ഗ്രേറ്റ് ഫാദറി'ന്റെ ലൊക്കേഷനിൽ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിനിടെ അദ്ദേഹത്തിനൊപ്പം റോബർട്ട് കുര്യാക്കോസ്  ഫോട്ടോ-അറേഞ്ച്ഡ്
Columns

ജി.കെയുടെയും ചന്തുവിന്റെയും മേലേടത്ത് രാഘവൻനായരുടെയും കൈത്തലം..ഞാനിതാ അതിൽ തൊട്ടിരിക്കുന്നു...

'അങ്ങനെ ഞങ്ങൾ ലൊക്കേഷനിലെത്തി. ദൂരെ അതാ മമ്മൂക്ക'-മധുരം മമ്മൂട്ടി ഭാ​ഗം-8

റോബര്‍ട്ട് കുര്യാക്കോസ്‌

മമ്മൂക്കയെ നേരിട്ടുകാണുക,ഒരുമിച്ചൊരു ഫോട്ടെയെടുക്കുക എന്നതാണ് ഏതൊരു ആരാധകന്റെയും ആത്യന്തിക ആ​ഗ്രഹം. അത് സാധ്യമാക്കാൻ പ്രമോദ് എന്ന പ്രിയപ്പെട്ട കൂട്ടുകാരനെ കാലം അനുവദിച്ചില്ല. പക്ഷേ ഏതൊരു മമ്മൂക്ക ആരാധകനിലും ഒരു പ്രമോദ് ജീവിക്കുന്നു. അതുകൊണ്ടുതന്നെ അവൻ മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം ഞാൻ ഇന്ന് ആയിരക്കണക്കിന് പേരിലൂടെ പ്രമോദിനെ വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരിക്കുന്നു.

പള്ളിക്കത്തോട്ടിൽ ഫാൻസ് പ്രവർത്തനങ്ങളുമായി മുമ്പോട്ടുപോകുന്ന കാലത്ത് എന്റെയുള്ളിലും മമ്മൂക്കയെ നേരിട്ടു കാണണമെന്ന ആ​ഗ്രഹം കലശലായിരുന്നു. അതിനുള്ള വഴികൾ അന്വേഷിക്കുകയായിരുന്നു അന്നത്തെ പ്രധാന ജോലികളിലൊന്ന്. പക്ഷേ അത് അത്ര പെട്ടെന്ന് സാധ്യമാകുകയുമില്ലായിരുന്നു. എന്നിരിക്കിലും എവിടെയെങ്കിലുമൊരു വാതിൽ തുറക്കുന്നതും കാത്ത് അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു.

മമ്മൂക്കയെ അകലെനിന്നുപോലും കണ്ടിട്ടില്ലായിരുന്നു അതുവരെ. അത് എന്നിലെ ആരാധകന് സമ്മാനിച്ച നിരാശ ചെറുതല്ല. എങ്കിലും, തിരശ്ശീലയിൽ മാത്രം കണ്ടിട്ടുള്ള ആ മനുഷ്യനരികിലേക്ക് എന്നെങ്കിലുമൊരിക്കൽ എത്താനാകുമെന്ന് ഉറച്ചുവിശ്വസിച്ചു മുന്നോട്ടുപോയി. അങ്ങനെയിരിക്കെയാണ് ഭാസ്കർ ഒരു വിവരം അറിയിക്കുന്നത്. ഓരോ ജില്ലയിലെയും ഫാൻസ് ഭാരവാഹികളിൽ രണ്ടുപേർക്കെങ്കിലും മമ്മൂക്കയെ കാണാൻ അനുവാദം കിട്ടിയിരിക്കുന്നു! കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമയം തന്നിട്ടുമുണ്ട്.

അത് ഉള്ളിലുണ്ടാക്കിയ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു. അങ്ങനെ ഞാനും ബാബുക്കുട്ടനും 'ഏഴുപുന്ന തരകൻ' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് യാത്രയായി. എല്ലാവരും ഒരിടത്ത് സം​ഗമിക്കും. പിന്നെ ഒരുമിച്ച് ലൊക്കേഷനിലേക്ക് പോകും. ഇതായിരുന്നു പദ്ധതി. കളമശ്ശേരിയിലോ മറ്റോ ആണ് ഞങ്ങൾ ബസിറങ്ങിയത്. ഏലൂരിന്റെ പ്രാന്തപ്രദേശത്ത് എവിടെയോ ആണ് ഷൂട്ടിങ്. അവിടേക്ക് പോകാൻ ടാക്സിയാണ് ആശ്രയം. അങ്ങനെ എല്ലാവരും 20 രൂപ വീതം വിഹിതമായിട്ട് ടാക്സി വിളിച്ചു.

ആ യാത്രയിൽ മനസ്സിലൂടെ മമ്മൂക്കയുടെ ഓരോ കഥാപാത്രവും വെള്ളിത്തിരയിലെന്നപോലെ വന്നുപോയിക്കൊണ്ടേയിരുന്നു. വില്ലന്മാരെ ഇടിച്ചിടുന്ന,വേ​ഗത്തിൽ കാറോടിക്കുന്ന,പ്രണയിക്കുന്ന മമ്മൂക്ക...മമ്മൂക്കയുടെ ആക്ഷൻ പടങ്ങളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നതിനാൽ ലൊക്കേഷനിലേക്കുള്ള കാർയാത്രക്കിടെ മനസ്സിലെത്തിയ എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലധികവും മമ്മൂക്കയുടെ വീരനായകന്മാരായിരുന്നു.

അങ്ങനെ ഞങ്ങൾ ലൊക്കേഷനിലെത്തി. ദൂരെ അതാ മമ്മൂക്ക. എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. അദ്ദേഹം വില്ലന്മാരെ ഇടിച്ചിടുകയാണ്. തൊട്ടുമുമ്പ് ഞാൻ മനസ്സിൽ കണ്ട കഥാപാത്രങ്ങളിൽ ഏതോ ഒന്നിനെപ്പോലെ. അല്ലെങ്കിൽ പള്ളിക്കത്തോട്ടിലെയും കോട്ടയത്തെയും തീയറ്ററുകളിലെ വെളുത്തതുണിയിൽ നിന്ന് നേരെ മുന്നിലേക്കിറങ്ങിവന്നപോലെ...

കുറിപ്പിൽ പറയുന്ന 'ഏഴുപുന്ന തരകനി'ലെ രം​ഗത്തിൽ മമ്മൂട്ടി,ജ​ഗദീഷ്,സാദിഖ്,ബൈജു എഴുപുന്ന എന്നിവർ

ജ​ഗദീഷും മമ്മൂക്കയും ചേർന്നുള്ള ഫൈറ്റ് സീനാണ് അവിടെ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ബൈക്കോടിച്ചുവരുന്ന മമ്മൂക്കയും ജ​ഗദീഷും. ടാറ്റാ സുമോ പോലുള്ള വാഹനത്തിലെത്തിയ സാദിഖും ബൈജു എഴുപുന്നയും അവരെ തടയുന്നു. പിന്നെ ഡയലോ​ഗുകൾ, സംഘട്ടനം. തീയറ്ററിൽ കേൾക്കുന്ന 'ഡിഷ്യൂം..ഡിഷ്യൂം' എന്ന ശബ്ദമൊഴികെ ബാക്കിയുള്ളതെല്ലാം കൺമുന്നിൽ കാണുകയാണ്. എന്റെ മുന്നിലതാ സ്ക്രീനിലല്ലാതെ മമ്മൂട്ടി നായകനായ ഒരു സിനിമ..

വില്ലന്മാരെ തോല്പിച്ചതിനുശേഷം പാലത്തിൽ ഇരിക്കുകയാണ് മമ്മൂക്ക. ഞങ്ങൾ ദൂരെ അദ്ദേഹത്തെത്തന്നെ നോക്കിനില്കുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ മറ്റൊരു അവിശ്വസനീയ ദൃശ്യം. മമ്മൂക്ക ഞങ്ങളെ ചൂണ്ടി എന്തോ പറയുന്നു. ആജ്ഞയ്ക്ക് കാതോർത്തെന്നപോലെ ചുറ്റും രണ്ടുപേർ. അവരും ഞങ്ങളെ നോക്കുന്നുണ്ട്. മമ്മൂക്ക എന്തായിരിക്കും പറഞ്ഞത് എന്ന് ഞങ്ങൾ പരസ്പരം ചർച്ച ചെയ്തുകൊണ്ടുനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ കുറച്ചുപേർ ചായയും ബോണ്ടയും വടയുമായി ഞങ്ങൾ നില്കുന്ന ഭാ​ഗത്തേക്ക് വന്നു. ആദ്യമായാണ് ഒരു ലൊക്കേഷനിൽ പോകുന്നത്. എന്താണ് അവിടത്തെ രീതികൾ എന്നൊന്നും അറിയില്ല. ഞാൻ വിചാരിച്ചത് അത് സെറ്റിൽ ചായക്കച്ചവടം നടത്തുന്നവരായിരിക്കും എന്നാണ്!

വാങ്ങാനൊന്ന് മടിച്ചുനില്കെ അവർ പറഞ്ഞു: 'നിങ്ങൾക്കെല്ലാം ചായയും പലഹാരങ്ങളും കൊടുക്കണമെന്ന് മമ്മൂക്ക പറഞ്ഞേല്പിച്ചിട്ടുണ്ട്.' അപ്പോഴാണ് വന്നവർ ആ സെറ്റിലുള്ളവർ തന്നെയാണെന്നും അവരെയാണ് പ്രൊഡക്ഷന്റെ ആൾക്കാർ എന്ന് പറയുന്നതെന്നുമെല്ലാം ഞാൻ മനസ്സിലാക്കിയത്. ഞങ്ങൾ ഞെട്ടിപ്പോയി. ആദ്യമായി കാണാൻ വന്ന ഞങ്ങളെ വീട്ടിലേക്കെന്നപോലെ ചായയും പലഹാരങ്ങളും നല്കി മമ്മൂക്ക സ്വീകരിക്കുന്നു. ഒരു ആരാധകമനസു നിറയാൻ ഇതിനപ്പുറം മറ്റെന്തുവേണം!

'പരോൾ' സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിയും റോബർട്ട് കുര്യാക്കോസും

മമ്മൂക്കയുടെ സ്നേഹത്തിന്റെ കൂടി സ്വാദുണ്ടായിരുന്ന വടയും ബോണ്ടയുമെല്ലാം കഴിച്ച്, കുറച്ചുകഴിഞ്ഞപ്പോൾ കണ്മുന്നിലേക്ക് അദ്ഭുതം നടന്നുവന്നു. മമ്മൂക്ക ഞങ്ങൾക്കരികിലേക്ക്...ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ടിക്കറ്റ് കൊടുക്കാനായി തീയറ്റർ​ഗേറ്റ് തുറക്കുമ്പോഴെന്നപോലെ ഞങ്ങളെല്ലാം മമ്മൂക്കയുടെ നേർക്ക് ഓടിച്ചെന്നു. ഒറ്റമാത്രയിൽ മമ്മൂക്ക ഒരു കൈയകലത്തിൽ. ജീവിതത്തിൽ അന്നോളം കണ്ട ഏറ്റവും വലിയ സ്വപ്നം സത്യമായിരിക്കുന്നു.

'ചായയൊക്കെ കുടിച്ചോ' എന്നായിരുന്നു മമ്മൂക്ക ആദ്യം അന്വേഷിച്ചത്. പിന്നെ ഓരോരുത്തരോടായി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. എവിടെനിന്നുവരുന്നു,എന്തുചെയ്യുന്നു എന്നെല്ലാമുള്ള ചോ​ദ്യങ്ങൾ. പിന്നെയായിരുന്നു ഇന്നും മറക്കാനാകാത്ത ആ നിമിഷം. മമ്മൂക്ക ഞങ്ങൾക്ക് എല്ലാവരുടെയും നേരെ കൈനീട്ടി. ഓരോരുത്തരായി മമ്മൂക്കയെ തൊട്ടു. അവരിലൊരാളായി ഞാനും. പതുപതുത്ത കൈത്തലത്തോട് ചേർന്നു എന്റെ വിറയാർന്ന വിരലുകളും....ന്യൂഡൽഹിയുടെ തെരുവിൽ വാക്കിങ് സ്റ്റിക്കിൽ അമർത്തിപ്പിടിച്ച,കടത്തനാടൻ കളരികളിൽ വാൾ വീശിയ,ആരും കാണാതെ പലവട്ടം കണ്ണുകൾ അമർത്തിത്തുടർച്ച കൈത്തലം...ജി.കെയുടെയും ചന്തുവിന്റെയും മേലേടത്ത് രാഘവൻനായരുടെയും അതേ കൈത്തലം..ഞാനിതാ അതിൽ തൊട്ടിരിക്കുന്നു...ഞാൻ മമ്മൂക്കയെ തൊട്ടിരിക്കുന്നു...അതിലേക്കുള്ള നക്ഷത്രദൂരമത്രയും ഇല്ലാതായിരിക്കുന്നു..

'സ്പർശനം' എന്ന വാക്കിന്റെ മൃദുലത മുഴുവൻ അനുഭവിച്ചറിയുകയായിരുന്നു ആ നിമിഷം ഞാൻ. ഒരു സ്പർശനത്തിന് ഒരാളെ എത്രയും ആഴത്തിൽ സ്വാധീനിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷം.

ഇന്നും 'ഏഴുപുന്ന തരകനി'ലെ സീനുകൾ എവിടെയെങ്കിലുമൊക്കെ കാണുമ്പോൾ ഞാൻ ആ പകൽ ഓർമിക്കാറുണ്ട്. ഞാൻ കണ്ട മമ്മൂക്കനായകരിൽ ഏറ്റവും സുന്ദരനും പൗരുഷമുള്ളയാളും ആ സിനിമയിലെ സണ്ണി തരകൻ ആണെന്ന് തോന്നാറുണ്ട്. ചിലപ്പോൾ അദ്ദേഹത്തെ ആദ്യമായി നേരിട്ടുകണ്ടത് ആ സിനിമയുടെ സെറ്റിൽവച്ചായതുകൊണ്ടാകാം. അല്ലെങ്കിൽ ഞാൻ ആദ്യമായി തൊട്ട നായകൻ സണ്ണിതരകൻ ആയതുകൊണ്ടുമാകാം. ഇതെഴുതുമ്പോഴും വർഷങ്ങൾക്കപ്പുറത്തെ ഒരു സ്പർശനത്തിന്റെ പതുപതുപ്പ് എന്റെ വിരലുകളിൽ നിറയുന്നു...

(തുടരും)