കഴിഞ്ഞ ദിവസം 'മൂൺവാക്ക്' എന്ന സിനിമ കണ്ടു. അതിലൊരു രംഗമുണ്ട്. കൂട്ടുകാരായ കുറേ കൗമാരപ്രായക്കാർ. അവരെല്ലാം സംഘത്തിലെ ഒരാളുടെ വീട്ടിൽ ഒത്തുചേരുന്നു. അതിലൊരാൾ എന്തോ കൊണ്ടുവരാൻ പോയിരിക്കുകയാണ്. അതുമായി വരുന്നതിലാണ് സീൻ തുടങ്ങുന്നത്. 'കിട്ടിയോ' എന്നാണ് കൂട്ടുകാരുടെ ചോദ്യം.
അവൻ കൊണ്ടുവന്നത് ഒരു വീഡിയോ കാസറ്റാണ്. മൈക്കിൾ ജാക്സന്റെ നൃത്തപ്രകടനത്തിന്റേത്. കാസറ്റുമായി വന്നവൻ തന്നെ വി.സി.ആർ എന്ന ഉപകരണത്തിനരികെ ചമ്രം പടിഞ്ഞിരിക്കുന്നു. മറ്റുള്ളവരെല്ലാം നിലത്ത് അവനൊപ്പം. 'ഒരു നല്ല തുണി കിട്ടുമോ' എന്നായി കാസറ്റുമായി വന്നവൻ. അതെടുക്കാൻ കൂട്ടത്തിലെ ഏറ്റവും കൊച്ചുകുട്ടി അകത്തേക്ക് പോയപ്പോൾ 'സ്പിരിറ്റുണ്ടോ' എന്നായി അടുത്ത ചോദ്യം.
ഈ സീൻ എന്നെ പള്ളിക്കത്തോട്ടിലെ 'ആൽഫ' എന്ന വീഡിയോ കാസറ്റ് കടയിലേക്ക് എടുത്തെറിഞ്ഞു. തൊണ്ണൂറുകളിൽ കൗമാരം പിന്നിട്ടവരുടെ ഏറ്റവും വലിയ നൊസ്റ്റാൾജിയയാണ് വി.സി.ആറും വീഡിയോ കാസറ്റും ഇവ രണ്ടും വാടകയ്ക്ക് കൊടുത്തിരുന്ന കടകളും. 'മൂൺവാക്കി'ലെ നൃത്തപ്രേമികളായ പിള്ളാരെപ്പോലെ ഞങ്ങളും സംഘത്തിലെ ഏതെങ്കിലുമൊരാളുടെ വീട്ടിൽ ഒത്തുചേർന്നിരുന്നു. അതിലൊരാൾ തുണിയും സ്പിരിറ്റും കൊണ്ട് വി.സി.ആർ വൃത്തിയാക്കിയിരുന്നു. അതിസൂക്ഷ്മമായി കാസറ്റ് അതിലേക്ക് വച്ചൊന്ന് തള്ളിയിരുന്നു. അപ്പോഴാ കാസറ്റ് ആമ തലവലിക്കും പോലെ അകത്തേക്ക് പോയിരുന്നു. അപ്പോൾ ഞങ്ങൾ മുന്നിൽ മമ്മൂക്ക തെളിഞ്ഞുവന്നിരുന്നു...
ബാബുക്കുട്ടനായിരുന്നു ഞങ്ങളുടെ നേതാവ്. ചിലപ്പോഴൊക്കെ ഇങ്ങനെ കൂട്ടുകാരുടെ വീട്ടിലോ അല്ലെങ്കിൽ 'ആൽഫ'യിലോ സംഘംചേർന്ന് ഞങ്ങൾ മമ്മൂക്കയുടെ 'സംഘം' പോലെയുള്ള സിനിമകൾ കണ്ടു. പിന്നെ അതിനെപ്പറ്റി കുറേനേരം ചർച്ച. തർക്കം. അടുത്ത സിനിമ ഏതെന്ന ആലോചന...
ബാബുക്കുട്ടൻ ശരിക്കും എന്നെ മമ്മൂക്ക എന്ന വിശുദ്ധദേവാലയത്തിൽ ജ്ഞാനസ്നാനം ചെയ്യിക്കുകയായിരുന്നു. മമ്മൂക്കയെക്കുറിച്ചുള്ള അറിവുകളുടെ തുടക്കം ബാബുക്കുട്ടന്റെ കടയിൽനിന്നാണ്. ഞായറാഴ്ചകളിലോ കടയിൽ സാധനം പോകാൻ പോകുന്ന വഴിക്കോ ബാബുക്കുട്ടന്റെ കടയിൽ കയറും. ബാബുക്കുട്ടന് ബുക്സ് സ്റ്റാളാണ്. അതുകൊണ്ട് എല്ലാ സിനിമാവാരികകളും അവിടെയുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം അവ മമ്മൂക്കയെക്കുറിച്ചുള്ള പുതിയ വാർത്തകളുടെയും പഴയ ചരിത്രങ്ങളുടെയും അക്ഷയഖനിയായിരുന്നു.
ഞങ്ങൾ പരിചയപ്പെട്ട് ആദ്യ പത്തുവർഷങ്ങളിൽ ഏതാണ്ട് തൊണ്ണൂറുശതമാനം സമയവും സംസാരിച്ചത് മമ്മൂക്കയെക്കുറിച്ച് മാത്രമായിരുന്നു. വിരുദ്ധചേരിയിലാകുന്നത് രാഷ്ട്രീയം പറയുമ്പോൾ മാത്രം. കോൺഗ്രസ്സുകാരായിരുന്നുവെങ്കിലും ഞങ്ങൾ രണ്ട് ഗ്രൂപ്പുകാരായിരുന്നു. ബാബുക്കുട്ടൻ കെ.കരുണാകരന്റെ ഐ ഗ്രൂപ്പിലാണ്. എനിക്കിഷ്ടം എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയുമുള്ള എ ഗ്രൂപ്പും. അതിന്റെ പേരിൽ ഞങ്ങൾ പലപ്പോഴും തർക്കിച്ചിട്ടുണ്ട്,വഴക്കിട്ടിട്ടുണ്ട്. അപ്പോഴൊക്കെ മധ്യസ്ഥനെപ്പോലെ മമ്മൂക്ക അരൂപിയായി ഞങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടും. വീണ്ടും ഞങ്ങൾ രണ്ടുപേരും ഒരേസ്വരത്തിൽ മമ്മൂക്കയെക്കുറിച്ച് സംസാരിച്ചുതുടങ്ങും.
അറിവു മാത്രമല്ല അടിതടവുകളും ബാബുക്കുട്ടനിൽ നിന്നാണ് പഠിച്ചത്. ഒരു മമ്മൂക്ക ആരാധകനെന്ന നിലയിൽ എങ്ങനെയാണ് മറ്റുനടന്മാരുടെ ആരാധകരെ തർക്കിച്ച് തോല്പിക്കുകയെന്നതിന്റെ പാഠശാലകൂടിയായി ബാബുക്കുട്ടന്റെ കട. 'ആ രാത്രി'യുടെയും 'ന്യൂഡൽഹി'യുടെയും കളക്ഷൻ,മമ്മൂക്ക അഭിനയിച്ച പഴയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ,അതിറങ്ങിയ തീയറ്ററുകൾ,ജൂബിലി പ്രൊഡക്ഷൻസും മമ്മൂക്കയും ചേർന്ന് സൃഷ്ടിച്ച അദ്ഭുതങ്ങൾ ഇതിനെക്കുറിച്ചൊക്കെ ബാബുക്കുട്ടനാണ് പറഞ്ഞുതന്നത്. ആ സിനിമകളൊരെണ്ണം പോലും ഞാൻ കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ട് എനിക്ക് ബാബുക്കുട്ടൻ 'എൻസൈക്ലോപീഡിയ ഓഫ് മമ്മൂക്ക' ആയി മാറി.
മമ്മൂക്കയോടുള്ള ആരാധനമൂത്ത് അദ്ദേഹം അഭിനയിച്ച സിനിമകൾ മാത്രം വിതരണം ചെയ്യുന്ന കമ്പനികളുടെ കൂടെ ഫിലിംറെപ്രസന്റേറ്റീവ് ആയിപ്പോയ കഥയും ബാബുക്കുട്ടന് പറയാനുണ്ടായിരുന്നു. സംഗീതമില്ലാതെയും നായികയില്ലാതെയും അഭിനയിക്കുന്ന മമ്മൂട്ടി,നാലുഭാഷകളിൽ അഭിനയിച്ച മമ്മൂട്ടി,പൗരുഷപ്രതീകമായ മമ്മൂട്ടി ഇങ്ങനെ പല വിശേഷണങ്ങളും ഞാൻ ബാബുക്കുട്ടനിൽ നിന്നാണ് കേട്ടത്. പിന്നെ,ഈ വിവരങ്ങൾ ആധികാരികമായി നിരത്തി ലാലേട്ടൻ ആരാധകരായ കൂട്ടുകാരെ തർക്കിച്ചുതോല്പിക്കുമ്പോൾ ആ സിനിമകളൊന്നുംതന്നെ ഞാൻ കണ്ടിട്ടില്ലായിരുന്നുവെന്നതായിരുന്നു സത്യം.
അപ്പോഴേക്കും ഹൈസ്കൂൾ കഴിഞ്ഞ് കോളേജിലേക്കെത്തിയിരുന്നു. സമരമുള്ള ദിവസങ്ങളിൽ ക്ലാസ് നേരത്തെ വിടും. നേരെ ബാബുക്കുട്ടന്റെ കടയിലേക്ക് പോകും. അവിടെ മമ്മൂക്കയെക്കുറിച്ചുള്ള വിവരങ്ങൾ നിറഞ്ഞ ഒരു ലൈബ്രറിപോലെ പഴയ എല്ലാ സിനിമാവാരികകളുമുണ്ട്. മമ്മൂക്കയുടെ ചിത്രം ആദ്യമായി അച്ചടിച്ചുവന്ന 'നാന' മുതൽ 'വെള്ളിനക്ഷത്ര'വും, 'ചിത്രഭൂമി'യുമെല്ലാം. ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കുംപോലെ അതിൽ നിന്ന് നാലോ അഞ്ചോ എണ്ണം എടുത്ത് വീട്ടിലേക്ക് പോരും. പിന്നെ അതെല്ലാം കുത്തിയിരുന്ന് വായിക്കും. ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോൾ 'മമ്മൂട്ടി' എന്ന പേര് അച്ചടിച്ചുവന്ന മലയാളത്തിലെ ഏതാണ്ട് എല്ലാ സിനിമാവാരികകളും ഞാൻ വായിച്ചുകഴിഞ്ഞു. അതോടെ പുസ്തകം വായിക്കുന്നവർ എഴുതിത്തുടങ്ങും പോലെ കുറേശ്ശെ എഴുതാനും തുടങ്ങി. പക്ഷേ കഥയും കവിതയുമൊന്നുമല്ല. സിനിമാവാരികളിലേക്കുള്ള കത്തുകൾ. അവിടെയും ബാബുക്കുട്ടനായിരുന്നു കൂട്ട്.
അന്നത്തെ സിനിമാവാരികകളിൽ 'ഫാൻമെയിലുകൾ' പ്രധാന ഇനമായിരുന്നു. ഞങ്ങൾ അതിലേക്ക് കത്തുകളെഴുതിത്തുടങ്ങി. സിദ്ദിഖ്ലാൽ കൂട്ടുകെട്ട് തുടരെ ഹിറ്റ്സിനിമകളൊരുക്കുന്ന കാലമാണത്. ഏതാണ്ട് അതുപോലൊരു പേരാണ് കത്തുകളെഴുതാൻ ഞങ്ങൾ സ്വീകരിച്ചത്-ജിൻസ്-ബാബുക്കുട്ടൻ!(ഒന്നാംക്ലാസുവരെ എന്റെ വിളിപ്പേരും രേഖകളിലെപേരും ജിൻസ് എന്നായിരുന്നു. പിന്നെ രേഖകളിലത് റോബർട്ട് ആയി. അപ്പോഴും വിളിപ്പേര് ജിൻസ് എന്ന് തുടർന്നു). സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഞങ്ങളെഴുതും,ചിലപ്പോൾ ചോദ്യങ്ങൾ ചോദിക്കും. ഇതിനൊക്കെ താരങ്ങൾതന്നെ ചിലപ്പോൾ മറുപടി പറയും. 'രാഷ്ട്രദീപിക' പത്രത്തിലുമുണ്ടായിരുന്നു ഇത്തരമൊരു പംക്തി. സിദ്ദിഖ്ലാലുമാർ തിരക്കഥയെഴുതിയിരുന്നപോലെ ഞങ്ങളൊരുമിച്ചിരുന്നായിരുന്നു ചോദ്യങ്ങളും കത്തുകളുമുണ്ടാക്കിയിരുന്നത്. ഇവ തുടരെ അച്ചടിച്ചുവരാൻ തുടങ്ങിയതോടെ ലോകമെങ്ങമുള്ള മമ്മൂക്ക ആരാധകരിലേക്ക് 'ജിൻസ്-ബാബുക്കുട്ടൻ' എന്ന പേരെത്തി. പിന്നീട്, ഫാൻസുകാരിൽ ആരോടെങ്കിലും 'ജിൻസ്' എന്ന പേരു പറയുമ്പോൾ 'ങ്ഹാ..ജിൻസ്-ബാബുക്കുട്ടനിലെ ജിൻസ്' അല്ലേ എന്ന് ചോദിക്കുന്ന രീതിയിലേക്ക് അത് വളർന്നു.
കാരണം, എല്ലാ വാരികകളുടെയും എല്ലാ ലക്കങ്ങളിലും ഞങ്ങളുടെ ഒരു കത്തുണ്ടാകും. അത് 'ഞങ്ങൾക്ക് മമ്മൂക്കയെ ഇഷ്ടമാണ്' എന്നമട്ടിൽ സാധാരണരീതിയിലുള്ള ആരാധകപ്രകടനങ്ങളായിരുന്നില്ല. ശക്തമായ നിലപാടും സിനിമാവിശകലനവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ കത്തുകൾ. അതുകൊണ്ടുതന്നെ അവ തുടരെ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനൊപ്പം തൂലികാസുഹൃത്തുക്കളുടെ ഒരു പടതന്നെയുണ്ടായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഏതാണ്ട് അമ്പതോളം തൂലികാസുഹൃത്തുക്കൾ ഇങ്ങനെ എനിക്ക് കിട്ടി.( പുതിയ തലമുറയിലാരെങ്കിൽ ഇതുവായിക്കുന്നുണ്ടെങ്കിൽ അവർക്കായി പറയട്ടെ, അന്ന് കത്തുകളിലൂടെയായിരുന്നു സൗഹൃദം വളർന്നിരുന്നത്. പരസ്പരം കത്തെഴുതുന്നവരായിരുന്നു തൂലികാസുഹൃത്തുക്കൾ)
വെറുതെ കടയിൽ കൂടിയിരുന്ന മമ്മൂക്കയെക്കുറിച്ച് ചർച്ച ചെയ്തിട്ടും, കത്തെഴുതിയിട്ടും പ്രയോജനമില്ല എന്ന് ആദ്യം പറയുന്നത് ബാബുക്കുട്ടനാണ്. നമ്മുക്ക് പുറത്തേക്കിറങ്ങി എന്തെങ്കിലും ചെയ്യണം. പിന്നെ അതേക്കുറിച്ചായി ആലോചന. തിരുവനന്തപുരത്തുള്ള ഭാസ്കർ,അനിൽകുമാർ ശ്രീശൈലം,ശ്രീവല്ലഭൻ തുടങ്ങിയവരെക്കുറിച്ചും അവരെഴുതുന്ന കത്തുകളെക്കുറിച്ചും ബാബുക്കുട്ടൻ വിശദീകരിച്ചു. 'അവർക്കൊരു സംഘടനയുണ്ട്. നമുക്ക് അവരെ ബന്ധപ്പെടണം.'
അങ്ങനെ ഞങ്ങൾ ഭാസ്കറിന്റെ നേതൃത്വത്തിലുള്ള മമ്മൂക്ക ഫാൻസ് അസോസിയേഷനെ ബന്ധപ്പെട്ടു. അവർക്ക് ഞങ്ങളെ അറിയാമായിരുന്നു. 'ജിൻസ്ബാബുക്കട്ടനല്ലേ..വരൂ..വരൂ...'എന്ന മട്ടിൽ നിറഞ്ഞ സ്വാഗതം. അങ്ങനെ അവരുടെ അസോസിയേഷനിൽ ഞങ്ങളും ഭാഗമായി. അവർവച്ച ആദ്യ നിർദേശം 'നിങ്ങൾ വെറുതെ ഫാൻസുകാർ എന്ന് പറഞ്ഞുനടന്നിട്ട് കാര്യമില്ല. മമ്മൂക്കയ്ക്ക് അതല്ല ഇഷ്ടം' എന്നാണ്. 'തന്നെ ഇഷ്ടപ്പെടുന്നവർ ആ ഇഷ്ടം സമൂഹത്തിനുവേണ്ടിയുള്ള എന്തെങ്കിലും നന്മ ചെയ്യാൻ ഉപയോഗപ്പെടുത്തണം. ഇതാണ് മമ്മൂക്കയുടെ ആശയം. അങ്ങനെ എന്തെങ്കിലും ചെയ്തെങ്കിലേ അദ്ദേഹം കാണാൻപോലും കൂട്ടാക്കൂ'-അവർ പറഞ്ഞു.
പേരിൽമാത്രം സിദ്ദിഖ്ലാലുമാരെപ്പോലെയായിരുന്നവരല്ല ഞങ്ങൾ. അവർ എഴുതിവച്ച ഒരു ഡയലോഗ് പോലെയായിരുന്നു ഭാസ്കറും സംഘവും പറഞ്ഞ കാര്യത്തിൽ ഞങ്ങൾ. 'ഏതാണ്ട് അരമണിക്കൂർ മുമ്പുതന്നെ പുറപ്പെട്ടു,വേണേൽ ഒരുമണിക്കൂർ മുമ്പാക്കാം' എന്ന നിലയിലാണ് സാമൂഹികസേവനത്തിൽ ഞങ്ങളുടെ പ്രവർത്തനപാരമ്പര്യം. ഫാൻസ് അസോസിയേഷനിൽ അംഗങ്ങളാകും മുമ്പുതന്നെ പള്ളിക്കത്തോട്ടിലും പരിസരങ്ങളിലും ഒരുപാട് കാരുണ്യദൗത്യങ്ങളിൽ ഞാനും ബാബുക്കുട്ടനും മമ്മൂക്ക ആരാധകരായ മറ്റു കൂട്ടുകാരും പങ്കെടുത്തുപോരുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഒരു ടേസ്റ്റ് സാമൂഹ്യപ്രവർത്തനരംഗത്തായിരുന്നുവെന്ന് പറയാം.
ഭിന്നശേഷിക്കാരെയും മാനസികവെല്ലുവിളി നേരിടുന്നവരെയും പാർപ്പിക്കുന്നതിനായി പള്ളിക്കത്തോട്ടിലുണ്ടായിരുന്ന 'ലൂർദ് ഭവന്റെ' നിർമാണപ്രവർത്തനങ്ങളുടെ മുൻനിരയിൽ ഞങ്ങൾ മമ്മൂക്ക ആരാധകരാണുണ്ടായിരുന്നത്. ഏതാണ്ട് നാനൂറ് മീറ്ററോളും കരിങ്കല്ലും മണ്ണും ചുമന്ന കുട്ടികളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു അന്ന്. അതിലൊരാൾ ഇന്നൊരു സംവിധായകനാണ്-റെജിസ് ആന്റണി. പക്ഷേ ഏറ്റവും കൂടുതൽ കരിങ്കല്ലും മണ്ണും ചുമന്ന കുട്ടിയുടെ പേര് ഡോൺ മാക്സ് എന്നായിരുന്നു. അതെ, ഇന്ന് ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള എഡിറ്റർ!
(തുടരും)