സാമൂഹികസേവന പ്രവർത്തനങ്ങളിലൂടെ നാട്ടിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും,സമാനഹൃദയരായ കുറേ കൂട്ടുകാരെ കിട്ടിയെങ്കിലും മമ്മൂക്ക ആരാധകനെന്ന നിലയിലുള്ള കൗമാരക്കാലം പൂവിരിച്ച പാതയായിരുന്നില്ല. കളിയാക്കലുകളുടെയും ചീത്തവിളികളുടെയും മുൾക്കിരീടവും കല്ലേറും കിട്ടിയിരുന്നു പലപ്പോഴും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബാബുക്കുട്ടൻ ശക്തി തെളിയിക്കുന്നതിന് മുമ്പുള്ള കാലമാണത്. അന്ന് ഫാൻസ് പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സ്വീകാര്യത നാട്ടിൽ നിന്ന് ലഭിച്ചിരുന്നില്ല. ഒരു സിനിമാനടനെ ആരാധിച്ചുനടക്കുന്നവർ എന്ന പുച്ഛമായിരുന്നു പലർക്കും. അതുകൊണ്ടുതന്നെ മിത്രങ്ങളേക്കാൾ ശത്രുക്കളായിരുന്നു നാട്ടിൽ കൂടുതൽ.
എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിനകത്തും പുറത്തും നിറയെ വിമർശകർ. അടുപ്പമുള്ളവരിലേറെയും അത്തരക്കാർ തന്നെയായിരുന്നു. അവരിൽ ഭൂരിഭാഗവും പേരും ചോദിച്ചിരുന്നത് ഒരേ ചോദ്യമായിരുന്നു: 'നിനക്ക് വേറേ പണിയൊന്നുമില്ലേ..?' തൊട്ട് അയൽപക്കത്തുള്ള ഒരാൾ എന്നോട് ഒരു ദിവസം ചോദിച്ചത് ഇങ്ങനെയാണ്: 'ദൈവത്തെയല്ലേ നമ്മൾ ആരാധിക്കേണ്ടത്...മമ്മൂട്ടിയെ അല്ലല്ലോ...?" അദ്ദേഹം നാട്ടുകാർക്ക് അത്രയും ബഹുമാന്യനായ ഒരു വ്യക്തിയാണ്. വേറെ ആരാണെങ്കിലും അപ്പോൾ തന്നെ ആ വാക്കുകൾ കേട്ട് പിന്തിരിയും. അത്രയും സ്വാധീനശക്തിയുള്ളയാളായിരുന്നു അദ്ദേഹം. പക്ഷേ ഞാൻ ആ ചോദ്യം കാര്യമാക്കിയില്ല. എന്റെ മനസ്സിലെ ആശയവും കാഴ്ചപ്പാടും എന്താണെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് ആരു പറഞ്ഞാലും തിരുത്തുകയുമില്ലായിരുന്നു.
അതുകൊണ്ട് ഭയക്കാതെ ഫാൻസ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുക തന്നെ ചെയ്തു. പക്ഷേ കാത്തിരുന്നത് അതിലും വലിയ പ്രശ്നങ്ങളായിരുന്നു. കോളേജ് കാലത്തിന് മുമ്പുണ്ടായ ചില സംഭവങ്ങൾ എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചവയാണ്. അതേപ്പറ്റി നേരത്തെ പറയാതെ മാറ്റിവച്ചുവെന്ന് മാത്രം.
പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം എന്നെ സെമിനാരിയിൽ അയയ്ക്കണമെന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. അൾത്താരബാലനായിരുന്നതുകൊണ്ട് പള്ളീലച്ചനാകണമെന്ന് എനിക്കും ചെറുതായി ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫാൻസ് പ്രവർത്തനങ്ങളുമായി നടക്കുമ്പോഴും നാളെ ഏതെങ്കിലുമൊരു ദേവാലയത്തിൽ ശുശ്രൂഷയർപ്പിക്കേണ്ടയാളാണ് ഞാൻ എന്ന ബോധ്യത്തോടെയായിരുന്നു മുന്നോട്ടുപോക്ക്.
പത്താംക്ലാസ് കഴിയുമ്പോൾ നേരെ സെമിനാരിയിലേക്ക്. അതാണ് പൊതുവായ രീതി. പക്ഷേ ഓർത്തഡോക്സ് സഭാ സമ്പ്രദായമനുസരിച്ച് സെമിനാരിയിലേക്ക് പോകും മുമ്പ് ഓറിയന്റേഷൻ പ്രോഗ്രാം എന്ന നിലയിൽ മെത്രാപ്പോലീത്തയുടെ ആസ്ഥാനത്ത് ശുശ്രൂഷകരായി നില്കണം. അൾത്താരബാലന്മാർ ചെയ്യുംപോലെ പ്രാർഥനയിലും ആരാധനയിലുമൊക്കെ പങ്കുകൊണ്ട് അതിന്റെ ഭാഗമായി നില്കണം. അവരിൽ നിന്ന് കഴിവു തെളിയിക്കുന്നവരെയും കുഴപ്പക്കാരല്ലെന്ന് തോന്നിക്കുന്നവരെയുമാണ് സെമിനാരിയിലേക്ക് വിടുക.
അങ്ങനെ എന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു. ശുശ്രൂഷകരായി പോകേണ്ടവരുടെ പട്ടികയിൽ ഞാനും എന്റെ അഞ്ചു സുഹൃത്തുക്കളുമുണ്ടായിരുന്നു. മെത്രാപ്പോലീത്തയുടെ ആസ്ഥാനത്തേക്ക് വിടുന്നതിന് മുന്നോടിയായി നാട്ടിലെ പള്ളിയിൽ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിന് രണ്ടുമൂന്നുദിവസങ്ങളെടുക്കും. അതിൽ പ്രധാനപ്പെട്ട ദിവസം എല്ലാവരും നിർബന്ധമായും പള്ളിയിലുണ്ടാകണം. പക്ഷേ അന്നായിരുന്നു മമ്മൂക്കയുടെ 'ഇന്ദ്രപ്രസ്ഥം' എന്ന സിനിമയുടെ റിലീസ്.
ഞാൻ തീരുമാനിച്ചു,'ഇന്ദ്രപ്രസ്ഥം' റിലീസ് ദിവസം തന്നെ കണ്ടേ പറ്റൂ. ഒരുപക്ഷേ ഇതായിരിക്കാം അവസാനമായി റിലീസ് ദിവസം കാണുന്ന മമ്മൂക്കപ്പടം. അതുകൊണ്ട് ഇന്നുതന്നെ കാണണം. ഇനിയൊരിക്കലും ഇങ്ങനെയൊരു കാഴ്ച ഒരുപക്ഷേ ഉണ്ടാകില്ലെങ്കിലോ..അങ്ങനെ ഞാൻ 'ഇന്ദ്രപ്രസ്ഥം' കാണാനായി പള്ളിക്കത്തോട്ടിൽ നിന്ന് കോട്ടയത്തേക്ക് ബസുകയറി. അഭിലാഷ് തീയറ്ററിലാണ് ആ സിനിമ കളിക്കുന്നത്. ചെല്ലുമ്പോൾ വൻ ജനക്കൂട്ടം. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ലാത്തിവീശേണ്ടിവന്നു. അവസാനം ലാത്തിയടിയും കൊണ്ട് സിനിമയും കണ്ട് തിരിച്ച് പള്ളിക്കത്തോട്ടിലെത്തുമ്പോൾ കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞിരുന്നു.
എന്റെ കൂടെ നിന്നിരുന്ന ഏറ്റവും നല്ല സുഹൃത്തുക്കളായ 'ചതിയന്മാർ' ഞാൻ സിനിമയ്ക്ക് പോയവിവരം അപ്പോഴേക്കും പള്ളിയിലും വീട്ടിലും അറിയിച്ചിരുന്നു. പിറ്റേദിവസം ഞാൻ പള്ളിയിലേക്ക് ചെല്ലുമ്പോൾ അവിടത്തെ വികാരി കോപത്താൽ തിളച്ചുനില്കുകയാണ്. അദ്ദേഹം പൊട്ടിത്തെറിച്ചുകൊണ്ട് എന്നോട് പറഞ്ഞു: 'താൻ ഒന്ന് തീരുമാനിക്ക്...മമ്മൂട്ടി വേണോ,യേശുക്രിസ്തു വേണോ എന്ന്...'
അദ്ദേഹത്തിന്റെ ആ ചോദ്യം തെറ്റായിരുന്നുവെന്നാണ് അന്നും ഇന്നും എന്റെ വിശ്വാസം. അങ്ങനെ ചോദിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പള്ളിയിൽ അപ്പോൾ ഒരു ശവമടക്ക് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. അതിൽ പങ്കെടുത്തവരെല്ലാം പള്ളിയിലുണ്ടായിരുന്നു. ഞാനും അതിൽ പങ്കുകൊണ്ടാണ് വികാരിയുടെ മുന്നിലെത്തിയത്. ആ സമയത്ത് എല്ലാവരുടെയും മുന്നിൽവച്ചാണ് അദ്ദേഹം എന്നോട് പറഞ്ഞത്: 'താൻ ഒന്ന് തീരുമാനിക്ക്...മമ്മൂട്ടി വേണോ,യേശുക്രിസ്തു വേണോ എന്ന്...' ആ നിമിഷം ശവമടക്കപ്പെട്ടത് എന്റെ ആത്മാഭിമാനമാണ്.
അച്ചൻ അധികാരത്തിന്റെ സ്വാധീനത്താൽ പറഞ്ഞതാകാം. അല്ലെങ്കിൽ ഇടവകയിലെ ഒരാൾ പള്ളീലച്ചനാകാൻ പറ്റാത്തതിലുള്ള സങ്കടം കൊണ്ട് പറഞ്ഞതുമാകാം. എന്തായാലും അത് വലിയ സംഭവമായി. നാട്ടിലും വീട്ടിലും ചൂടുള്ള ചർച്ചകൾക്കും വഴിവച്ചു. ആ സമയം ഞങ്ങളുടെ പള്ളിയിൽ മറ്റൊരു അച്ചൻ സഹവികാരിയായി എത്തിയിട്ടുണ്ടായിരുന്നു. എന്റെ മാതാപിതാക്കളും അപ്പച്ചനും(അപ്പന്റെ പിതാവ്) അദ്ദേഹത്തോടാണ് വിഷമം പങ്കിട്ടത്. 'ഇവൻ വഴിതെറ്റിപ്പോയി...ഞങ്ങളെന്തു ചെയ്യും...ഇതായിരുന്നു വീട്ടുകാരുടെ വിലാപം.'
സഹവികാരിയായ അച്ചൻ വീട്ടിലേക്ക് വരാമെന്ന് സമ്മതിച്ചു. അന്ന് ഇടവകയിലെ അംഗങ്ങളുടെ വീടുകളിൽ പ്രാർഥനായോഗങ്ങളുണ്ട്. ആ ആഴ്ചയിലെ യോഗം ഞങ്ങളുടെ വീട്ടിലായിരുന്നു. പ്രാർഥനയ്ക്ക് വരുമ്പോൾ ഞാനുമായി സംസാരിച്ചുകൊള്ളാമെന്ന് അച്ചൻ പറഞ്ഞു. എന്റെ മരണമണി മുഴങ്ങി എന്ന് ഞാനപ്പോൾ കരുതി. ആത്മാഭിമാനം കുഴിച്ചുമൂടപ്പെട്ടവന്റെ മനസ്സും ശരീരവും ഇതാ കല്ലറയിലേക്ക് ഇറക്കാൻ പോകുന്നു.
അച്ചൻ വന്നു. പ്രാർഥനായോഗം കഴിഞ്ഞു. വീട്ടിലെല്ലാവരും നിശബ്ദരാണ്. അപ്പച്ചൻ പറഞ്ഞു: 'ഞങ്ങളുടെയെല്ലാം വലിയൊരു ആഗ്രഹമായിരുന്നു ഇവൻ പള്ളീലച്ചനാകണം എന്നത്. പക്ഷേ അവനായില്ല. എന്നുമാത്രമല്ല പോക്ക് സിനിമയുടെ പിന്നാലെയാണ്...'വീട്ടുകാരുടെ മുഴുവൻ സങ്കടമാണ് ആ സംസാരത്തിൽ നിഴലിച്ചത്.
പുതുതായി സഹവികാരിയായി വന്ന അച്ചൻ അന്ന് ചെറുപ്പക്കാരനാണ്. അദ്ദേഹം വീട്ടുകാരോട് പറഞ്ഞു: 'ഞാനിവനോട് മാത്രമായി ഒന്ന് സംസാരിക്കട്ടെ.' അച്ചൻ എന്നോട് ചുരുക്കം കാര്യങ്ങളേ ചോദിച്ചുള്ളൂ. അതിനുശേഷം അദ്ദേഹം വീണ്ടും വീട്ടുകാർക്ക് മുമ്പാകെയെത്തി പറഞ്ഞു: 'നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റാണ്. ഇവൻ ദൈവത്തെ ഉപേക്ഷിച്ചുപോയി എന്നുതോന്നിയിട്ടുണ്ടോ? ഏതായാലും എനിക്ക് തോന്നുന്നില്ല. ഇവൻ പള്ളിയിലെ കാര്യങ്ങളിൽ സജീവമായിട്ട് പങ്കെടുക്കുന്നയാളാണ്. പിന്നെ ദൈവത്തെ ആരാധിക്കണമെങ്കിൽ പള്ളീലച്ചനാകണമെന്ന് ഒരു വേദപുസ്തകത്തിലും പറഞ്ഞിട്ടില്ല. അവന്റെ ഭാവി മറ്റെന്തിലോ ആണ്. അത് അവൻ നിശ്ചയിച്ചിട്ടുണ്ട്. അതിന് നിങ്ങൾ പിന്തുണ കൊടുത്ത് കൂടെ നില്കുകയാണ് വേണ്ടത്. പിന്നെ ഇവൻ കാരണം ലോകത്ത് ആർക്കെങ്കിലും എന്തെങ്കിലും നന്മ കിട്ടുന്നുണ്ടെങ്കിൽ,ഇവൻ അതിന് ഒരു ഉപകരണമാകുന്നുണ്ടെങ്കിൽ അതാണ് ദൈവിക ശുശ്രൂഷ. അത് പള്ളീലച്ചനാകാതെയും ചെയ്യാം. ഇവന്റെ പരിപാടി എന്താണെന്നൊന്നും എനിക്കറിയില്ല. പക്ഷേ അത് നിശ്ചയിക്കാൻ അവനും കൂടി ഒരു സ്വാതന്ത്ര്യമുണ്ട് എന്ന് നിങ്ങൾ ഓർമിക്കണം...'
അതിനുശേഷം പിന്നീട് സെമിനാരി എന്ന വാക്ക് പിന്നീട് വീട്ടിൽ ആരും മിണ്ടിയിട്ടില്ല. വീട്ടുകാർക്ക് അച്ചൻ നല്കിയ മറുപടി എന്റെ ജീവിതത്തെയാണ് മാറ്റിമറിച്ചത്. അത്രത്തോളം കരുത്തും ഉൾക്കനവും ഉൾക്കാഴ്ചയുമുണ്ടായിരുന്നു അതിൽ. എനിക്ക് ആ അച്ചനോട് ബഹുമാനവും ഇഷ്ടവും തോന്നി.
വർഷങ്ങൾക്ക്ശേഷം...
ജീവകാരുണ്യമേഖല കർമരംഗമായി ഞാൻ തിരഞ്ഞെടുത്തു. മമ്മൂക്കയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണലിന്റെ പ്രവർത്തനങ്ങളായി എന്റെ വഴി. ഞാൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ജോലിചെയ്യുന്ന കാലത്ത് കെയർ ആന്റ് ഷെയറിന്റെ പ്രവർത്തനങ്ങൾ കോ ഓർഡിനേറ്റ് ചെയ്യാൻ ഒരു വൈദികനെ കൊണ്ടുവരാൻ മമ്മൂക്ക തീരുമാനിച്ചു. നിസ്വാർഥനായി പ്രവർത്തിക്കുന്ന ഒരു വൈദികനാണ് അമരത്തെങ്കിൽ സംഘടനയ്ക്ക് കൂടുതൽ അച്ചടക്കവും കെട്ടുറപ്പുമുണ്ടാകുമെന്നതായിരുന്നു മമ്മൂക്കയുടെ കാഴ്ചപ്പാട്. അത് തീർത്തും ശരിയുമായിരുന്നു. പറ്റിയ ഒരാളെ കണ്ടെത്താനുള്ള ചുമതല മമ്മൂക്ക എന്നെയാണ് ഏല്പിച്ചത്. എന്റെ മനസ്സിൽ വന്ന ഒരേയൊരു മുഖം വർഷങ്ങൾക്ക് മുമ്പ് ഒരു സന്ധ്യയിൽ എന്റെ ആത്മാഭിമാനത്തെയും ജീവിതത്തെയും കുഴിയിൽ നിന്ന് ഉയിർപ്പിച്ച ആ വൈദികന്റേതായിരുന്നു.
അദ്ദേഹത്തിന്റെ പേരാണ് ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ. ആദ്യം 'കെയർ ആന്റ് ഷെയർ അച്ചൻ' എന്നുവിളിക്കപ്പെട്ട ഇന്ന് അദ്ദേഹം 'മമ്മൂട്ടിയച്ചൻ' എന്നറിയപ്പെടുന്നു. കെയർ ആന്റ് ഷെയർ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ.
വൈദികശുശ്രൂഷകനായില്ലെങ്കിലും പില്കാലത്ത് മമ്മൂക്ക പതിനായിരക്കണക്കിനാളുകൾക്ക് പുതുജീവിതം നല്കിയപ്പോൾ അതിന്റെ ഉപകരണമാകാൻ സാധിച്ചുവെന്നത് വലിയൊരു ദൈവാനുഗ്രഹമായി ഞാൻ കാണുന്നു. 'നീ നിന്റേതായ വഴിയേ മറ്റുള്ളവർക്ക് നന്മ ചെയ്യുക' എന്ന് എന്നോട് പറഞ്ഞത് ദൈവംതമ്പുരാൻ തന്നെയാണ് എന്നാണെന്റെ വിശ്വാസം. അവിടുന്ന് നിശ്ചയിച്ചതാണ് എന്റെ ജീവിതം. അതിനുള്ള സന്ദേശവാഹകനായാണ് ആ സന്ധ്യയിൽ, പ്രാർഥനായോഗത്തിലേക്ക് തോമസ് കുര്യൻ അച്ചനെ അയച്ചത്.
കാലങ്ങൾക്കുശേഷം മമ്മൂക്കയുടെ ജീവാകാരുണ്യപ്രവർത്തനങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ തിരുമേനി ആശീർവാദവുമായെത്തിയപ്പോൾ അതിനരികിലുണ്ടാകാനുള്ള ദൈവഭാഗ്യവും എനിക്കുണ്ടായി. ഇന്ന് കെയർ ആന്റ് ഷെയർ ഇൻർനാഷണലിന്റെ ഏറ്റവും വലിയ അഭ്യുദയാകാംക്ഷികളിലൊരാളും അനുഗ്രഹദായകനും പരിശുദ്ധ ബാവാതിരുമേനിയാണ്. സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന സമിതിയിൽ ഡയറക്ടർ ഓഫ് സോഷ്യൽ പ്രോജെക്ട്സ് ഓഫ് കാതോലിക്കോസ് ആയി കഴിഞ്ഞവർഷം ബാവതിരുമേനി എന്നെ നിയമിച്ചപ്പോൾ അത് പണ്ട് പലരും എന്നോട് ചോദിച്ച ആ ചോദ്യത്തിനുള്ള ഉത്തരമായി മാറുകയായിരുന്നുവെന്ന് ഞാൻ കരുതുന്നു.