കല്യാണം കഴിഞ്ഞതോടെ ലാൽചേട്ടൻ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയായി മാറി. സുചിത്രേച്ചി എങ്ങനെയായിരുന്നോ അങ്ങനെയായി ലാൽചേട്ടനും ഞങ്ങൾക്കിടയിൽ. കല്യാണശേഷം മറ്റൊന്നുകൂടി സംഭവിച്ചു. ലാൽചേട്ടൻ സൂപ്പർസ്റ്റാർ പദവിയിലേക്ക് കുതിച്ചുയർന്നു. അന്ന് ഞങ്ങൾക്ക് മൂന്ന് തീയറ്ററാണുള്ളത്. ശ്രീകുമാർ,ശ്രീവിശാഖ്,ന്യൂ. ലാൽചേട്ടൻ സുചിത്രേച്ചിയുടെ ഭർത്താവായി വന്നതോടെ ഞങ്ങളുടെ തീയറ്ററുകളിലെ ആദ്യ ചോയ്സ് അദ്ദേഹത്തിന്റെ സിനിമകളായി. ഞങ്ങളുടെ കുടുംബാംഗത്തിന്റെ സിനിമ ഞങ്ങൾ പ്രദർശിപ്പിക്കുന്നു എന്ന സന്തോഷമായിരുന്നു അന്ന്.
ശ്രീകുമാറിൽ 'കിരീടം' കളിക്കുമ്പോൾ ശ്രീവിശാഖിൽ 'നാടുവാഴികൾ'. ഇങ്ങനെ ലാൽചേട്ടന്റെ സിനിമകളുടെ സ്വന്തം പ്രദർശനശാലകളായി മാറി ഞങ്ങളുടെ തീയറ്ററുകൾ. എല്ലാം വലിയ വിജയങ്ങൾ. അന്നൊക്കെ നൂറുദിവസമാണ് ഒരു സിനിമയുടെ ഏറ്റവും കുറഞ്ഞ പ്രദർശനകാലം. 'നിങ്ങൾ മോഹൻലാലിന്റെ സിനിമ മാത്രമല്ലേ കളിക്കൂ..'എന്നു പലരും ചോദിച്ചുതുടങ്ങി. പക്ഷേ ഞങ്ങൾക്കതൊന്നും പ്രശ്നമായിരുന്നില്ല. കാരണം ഞങ്ങളുടെ കുടുംബാംഗത്തിന്റെ സിനിമകൾക്കല്ലേ ഞങ്ങൾ സ്വാഭാവികമായും മുൻഗണന കൊടുക്കുക.
സ്വർഗചിത്രയായിരുന്നു അന്നത്തെ പല മോഹൻലാൽ സിനിമകളുടെയും നിർമാണം. 'മണിച്ചിത്രത്താഴും' 'വിയറ്റ്നാം കോളനി'യുമൊക്കെ അവരാണ് നിർമിച്ചത്. സ്വർഗചിത്രയുമായും ഞങ്ങൾക്ക് ഒരു സക്സസ് കോമ്പിനേഷനുണ്ടാക്കാൻ കഴിഞ്ഞു. മോഹൻലാൽ-സ്വർഗചിത്രമാണങ്കിൽ ശ്രീവിശാഖ് പൂരപ്പറമ്പാകും. 'മണിച്ചിത്രത്താഴ്' ഒരുവർഷത്തിലധികമാണ് ശ്രീകുമാറിൽ പ്രദർശിപ്പിച്ചത്.
സൂപ്പർതാരപദവിയുടെ തിളക്കത്തിൽ നില്കുമ്പോൾതന്നെ ലാൽചേട്ടൻ സിനിമാനിർമാണക്കമ്പനിയും തുടങ്ങി-പ്രണവം ഇന്റർനാഷണൽ. പ്രണവത്തിന്റെ എല്ലാ സിനിമകളും ശ്രീകുമാറിലോ ശ്രീവിശാഖിലോ ആണ് പ്രദർശിപ്പിച്ചത്. ലാൽചേട്ടന്റെ രാശിതീയറ്ററുകളായിരുന്നു അവ. റിലീസിന് മുമ്പ് ആദ്യം അച്ഛനുമായി കരാർ വയ്ക്കണമെന്നത് അതുകൊണ്ടുതന്നെ അദ്ദേഹത്തിനായിരുന്നു നിർബന്ധം. സുചിത്രേച്ചിയുടെ സഹോദരൻ സുരേഷ്അണ്ണ(സുരേഷ് ബാലാജി)യും മലയാളസിനിമാനിർമാണത്തിലേക്ക് വന്നതോടെ അദ്ദേഹത്തിന്റെ സിനിമകളും ഞങ്ങളായി റിലീസ്. ലാൽചേട്ടനും ഗുഡ്നൈറ്റ് മോഹൻസാറും ചേർന്ന് നിർമിച്ച 'കാലാപാനി'യാണ് ഡോൾബി സ്റ്റീരിയോയിൽ ശ്രീകുമാറിൽ റിലീസ് ചെയ്ത ആദ്യസിനിമ.
'ആറാം തമ്പുരാനൊ'ക്കെ ശ്രീകുമാറിൽ നിറഞ്ഞോടുന്ന സമയത്ത് ഞാൻ സ്കൂളിൽ പഠിക്കുകയാണ്. 150 ദിവസത്തിലധികമാണ് ആ സിനിമ പ്രദർശിപ്പിച്ചത്. ഏതാണ്ട് അക്കാലത്തുതന്നെയാണ് ലാൽചേട്ടനുമായി ബന്ധപ്പെട്ട എന്റെ വ്യക്തിപരമായ ഓർമകളുടെ തുടക്കവും. വെക്കേഷന് ബാലാജി മാമയുടെ വീട്ടിൽപ്പോയി നില്കുമ്പോൾ സിത്താരയ്ക്കും സൂരജിനുമൊപ്പം മറ്റുരണ്ടുപേർ കൂടി എന്റെ കൂട്ടുകാരായി. അപ്പുവും(പ്രണവ്)മായയും(വിസ്മയ). ഞങ്ങൾ നാലുപേരുടെയും കൂട്ട് രൂപപ്പെടുന്നത് അങ്ങനെയാണ്.
ബാലാജിമാമയുടെ വീടിന്റെ കോമ്പൗണ്ടിൽ തന്നെ എതിർവശത്തുള്ള വീട്ടിലാണ് ലാൽചേട്ടനും സുചിത്രേച്ചിയും താമസിക്കുന്നത്. പിന്നെ അവിടമായി എന്റെ വെക്കേഷൻ താവളം. 'ബട്ടർഫ്ളൈസി'ന്റെ കാലത്തെ മുടിനീട്ടിവളർത്തിയ ലാൽചേട്ടൻ അവ്യക്തമായൊരു ദൃശ്യമായി ഇന്നു മനസ്സിലുണ്ട്. പക്ഷേ അദ്ദേഹത്തോട് കൂടുതൽ അടുത്തിടപഴകിത്തുടങ്ങുന്നത് 1996 കാലത്താണ്.
അതുവരെ ലാൽചേട്ടനോട് അധികം സംസാരിച്ചിരുന്നില്ല. അച്ഛനെ അദ്ദേഹം 'മുരുകൻമാമ' എന്നാണ് വിളിക്കുക. ലാൽചേട്ടൻ ഫോൺവിളിക്കുമ്പോൾ ഞാൻ അച്ഛന്റെ അടുത്തുപോയി നില്കും. അച്ഛൻ ആ ശബ്ദം എനിക്ക് കേൾപ്പിച്ചുതരും. 'ഗാന്ധർവം' പോലെയുള്ള സിനിമകളൊക്കെ കണ്ട് കടുത്ത ലാൽചേട്ടൻഫാനായി കഴിഞ്ഞിരുന്നു അപ്പോഴേക്കും ഞാൻ. എന്റെ ആരാധന അദ്ദേഹത്തിനറിയുകയും ചെയ്യാം. ചെന്നൈയിൽ ചെന്നുനില്കുമ്പോൾ അപ്പുവിനോടെന്നപോലെയാണ് എന്നോട് ഇടപെട്ടിരുന്നത്. 'മോനേ...'എന്നേ വിളിക്കൂ. ഇന്നും അതേപോലെതന്നെ. ആ വിളിയിലൊരു വാത്സല്യമുണ്ട്. അതുകേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു സന്തോഷമാണ്. ഹൃദയം തണുക്കുംപോലെ.
കല്യാണത്തിനുശേഷവും തിരുവനന്തപുരത്ത് വരുമ്പോൾ സുചിത്രേച്ചി ഞങ്ങളുടെ വീട്ടിലെത്തും. ലാൽചേട്ടന് തിരുവനന്തപുരത്ത് ഷൂട്ടിങ്ങുള്ള സമയത്തായിരിക്കും അവർ ഒരുമിച്ച് അങ്ങോട്ടേക്ക് വരുന്നത്. രണ്ടുപേരും ലാൽചേട്ടന്റെ അമ്മയുടെ കൂടെ പൂജപ്പുരയിലെ വീട്ടിലായിരിക്കും താമസിക്കുക. ചില ദിവസങ്ങളിൽ രാവിലെ ലാൽചേട്ടൻ ഷൂട്ടിങ്ങിനുപോകും വഴി സുചിത്രേച്ചിയെ ഞങ്ങളുടെ വീട്ടിൽ ഡ്രോപ് ചെയ്തിട്ടുപോകും. വൈകിട്ട് കൂട്ടിക്കൊണ്ടുപോകാൻ വരും. കുറച്ചുനേരം ഞങ്ങൾക്കൊപ്പം ചെലവിടും. 1993-94 സമയത്ത് ഞങ്ങൾ പുതിയ വീടുവച്ചപ്പോൾ ഒരു വൈകുന്നേരം അപ്രതീക്ഷിത അതിഥിയായി വന്ന് ഞങ്ങളെയെല്ലാവരെയും ഞെട്ടിച്ചത് ഇന്നും ഓർക്കുന്നു.
ചെന്നൈയിൽ വെക്കേഷൻ സമയത്ത് ചെല്ലുമ്പോൾ ഷൂട്ടില്ലാത്ത സമയമാണെങ്കിൽ ലാൽചേട്ടൻ വീട്ടിൽക്കാണും. അത് പക്ഷേ അത്യപൂർവമാണ്. ഞാനും അപ്പുവുമൊക്കെ വീഡിയോ ഗെയിമുകളുടെ ആരാധകരാണ്. സെഗാ മെഗായൊക്കെയാണ് അന്നത്തെ ഇഷ്ടഇനം. ഞങ്ങളത് ആവേശത്തോടെ കളിക്കുമ്പോൾ ലാൽചേട്ടൻ അപ്പുറത്തുമാറി അത് കണ്ടിരിപ്പുണ്ടാകും. അതിനിടെ ചിലപ്പോൾ നിന്നനില്പിൽ അപ്പു സമ്മർസോൾട്ടടിക്കും. എങ്ങോട്ടെങ്കിലുമൊക്കെ ചാടി മറിയും. അതുകാണുമ്പോൾ ലാൽചേട്ടൻ 'മോനേ...'എന്നുമാത്രമേ വിളിക്കൂ. ഒരിക്കലും അദ്ദേഹം ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. സുചിത്രേച്ചിയാണ് 'അപ്പൂ...'എന്നൊക്കെ വിളിച്ച് കുറച്ചെങ്കിലും ശാസിക്കുക. 'കുട്ടികൾ അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ' ഇന്ന് ഇപ്പോൾ ലാൽചേട്ടൻ പലട്ടം പറഞ്ഞുകേട്ടിട്ടുണ്ട്. കുട്ടിക്കാലത്തേ അതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനമെന്ന് അതുകേൾക്കുമ്പോൾ പഴയസംഭവങ്ങളോർമിച്ച് എനിക്ക് തോന്നാറുണ്ട്.
ലാൽചേട്ടന് അപ്പുവിനോട് അഗാധമായ സ്നേഹമുണ്ട് ഉള്ളിൽ. അതുപലപ്പോഴും പുറത്തുകാണിക്കുന്നില്ല എന്നേയുള്ളൂ. അപ്പുവിന് തിരിച്ചും അച്ഛനെന്നാൽ അത്രയും പ്രിയപ്പെട്ട ഒരാളാണ്. അവർ തമ്മിലുള്ളത് നിശബ്ദവും എന്നാൽ ആഴത്തിലുള്ളതുമായ ഹൃദയബന്ധമാണ്. അതിന്റെ തരംഗങ്ങൾ അവർക്ക് മാത്രം മനസ്സിലാകുന്നതാണ്. സുചിത്രേച്ചിയ്ക്ക് അപ്പുവിനോടുള്ള സ്നേഹം നമുക്ക് പ്രത്യക്ഷത്തിൽ കൂടുതൽ പ്രകടമാണ്. പക്ഷേ ലാൽചേട്ടന്റേത് അത്ര പ്രകടമല്ലാത്ത, എന്നാൽ അതിതീവ്രമായ ഒന്നാണ്.
'ഹൃദയ'ത്തിന്റെ സമയത്തൊക്കെ ഇത് അടുത്തറിഞ്ഞിട്ടുണ്ട്. നമ്മൾ പാട്ടോ ട്രെയിലറോ ഒക്കെ അയച്ചുകൊടുത്താൽ അപ്പു അത് ലാൽചേട്ടന് അയക്കും. പക്ഷേ നമ്മളാരും അറിയില്ല. മേക്കപ്പിന്റെ സമയത്ത് ചിത്രങ്ങളെടുത്തും അയച്ചുകൊടുക്കും. ഫോട്ടോഷൂട്ട് സമയത്ത് അഭിപ്രായം ചോദിക്കും. അത് അവർ തമ്മിലുള്ള ഒരു രഹസ്യക്കൈമാറ്റമാണ്. 'ദൈവത്തിനുള്ള തുറന്ന കത്തുകൾ' എന്ന പേരിലുള്ള ലാൽചേട്ടന്റെ പുസ്തകം ഓർമവരുന്നു. ദൈവവും ലാൽചേട്ടനും തമ്മിലുള്ള കത്തിടപാടുപോലെയാണ് അപ്പുവും അദ്ദേഹവുമായുള്ള സ്നേഹബന്ധം. അവർക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭാഷയാണ് അതിന്റേത്.
ഞാൻ ചെന്നൈയിൽ വെക്കേഷന് ചെല്ലുമ്പോൾ മൂന്നോ നാലോ തവണമാത്രമാണ് ലാൽചേട്ടനെ കണ്ടിട്ടുള്ളത്. അദ്ദേഹം തുടരെത്തുടരെ സിനിമകൾ ചെയ്യുന്ന കാലമായിരുന്നു അത്. ഒരിക്കൽ വീട്ടിൽചെന്നപ്പോൾ ബോക്സിങ്ങിന്റെ പഞ്ചിങ് ബാഗ് കണ്ടത് ഓർമവരുന്നു. നേരിട്ടുകാണുമ്പോൾ ബാലാജി മാമയെപ്പോലെ ചോക്ലേറ്റുകളായിരുന്നു ലാൽചേട്ടന്റെയും സമ്മാനം. അപ്പു ഏഴാംക്ലാസ് കഴിഞ്ഞപ്പോൾ ബോർഡിങ്ങിലേക്ക് മാറി. അതോടെ ഞങ്ങൾ തമ്മിൽ കാണാതെയായി. അപ്പുവിന്റെ വെക്കേഷൻകാലത്തായിരിക്കില്ല എന്റെ അവധി. മായയും ഊട്ടിയിലേക്ക് പഠിക്കാൻപോയതോടെ പിന്നെ ചെന്നൈയിൽ ബാലാജി മാമയുടെ വീട്ടിൽചെന്നാൽ ഒരുതരം ശൂന്യതപോലെയായിരുന്നു. പക്ഷേ അപ്പോഴും പഴയതുപോലെ അവിടെ ബാക്കിയുണ്ടായിരുന്ന ഒന്നുണ്ട്. അത് ലാൽചേട്ടന്റെയും സുചിത്രേച്ചിയുടെയും സ്നേഹമാണ്.
ലാൽചേട്ടൻ 'ഇരുവറി'ന്റെ ഷൂട്ടിങ്ങിനായി മെരിലാന്റിൽ വന്നത് ഇന്നും ഓർമയുണ്ട്. അന്ന് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് ഐശ്വര്യറായിയാണ്. ഐശ്യര്യക്കൊപ്പമുള്ള ഫോട്ടോ അപൂർവനിധിയായാണ് അന്ന് എല്ലാവരും കരുതിയിരുന്നത്. ഒരു ദിവസം അച്ഛൻ ഷൂട്ടിങ് കാണാൻ എന്നെയും കൊണ്ടുപോയി. ഐശ്യര്യറായിക്കൊപ്പം ഫോട്ടോയും ഓട്ടോഗ്രാഫുമായിരുന്നു അച്ഛന്റെ വാഗ്ദാനം. പക്ഷേ അവിടെച്ചെന്ന് ലാൽചേട്ടനെ കണ്ടപ്പോൾ ഞാൻ ഐശ്വര്യറായിയെ മറന്നു. എനിക്ക് ലാൽചേട്ടന്റെ കൂടെയൊരു ഫോട്ടോയെടുത്താൽ മതിയെന്നായി. ഇന്നും ഒന്നോ രണ്ടോവർഷം കൂടുമ്പോൾ ലാൽചേട്ടനെ കാണുമ്പോൾ എനിക്ക് ഒരു ഫോട്ടോ എടുക്കണമെന്ന് തോന്നും. ഞാനത് അദ്ദേഹത്തോട് പറയും. ലാൽചേട്ടൻ ചിരിയോടെ എന്നെ ചേർത്തുനിർത്തി ഫോട്ടോയെടുക്കും. 'മോനേ...'എന്ന വിളി അപ്പോൾ കാതിൽ നിറയും.
(തുടരും)