ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് സംസ്ഥാനത്തിലുൾപ്പെട്ട ഗോൾഡ് കോസ്റ്റ് എന്ന തീരദേശ നഗരത്തിലിരുന്നാണ് ഞാൻ ഇത് കുറിച്ചുതുടങ്ങുന്നത്. ഇവിടെയിപ്പോൾ രാത്രി പതിനൊന്നര കഴിഞ്ഞു. നാട്ടിലിപ്പോൾ ഏഴുമണിയായിക്കാണും. സത്യം പറഞ്ഞാൽ ഇപ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നുണ്ട്. കണ്ണുകൾ എന്തിനോ വേണ്ടി നിറയാൻ തുടങ്ങുന്നുണ്ട്. ഏതൊക്കയോ വികാരങ്ങളുടെ നൗകയുമായി തിരമാലകൾ അരികിലെവിടെയോ ആടിയുലയുന്നതുപോലെ തോന്നുന്നു.
ഈ നിമിഷം ഞാൻ അധീരനായില്ലെങ്കിലേ അദ്ഭുതമുള്ളൂ. കാരണം ഞാൻ എഴുതിത്തുടങ്ങുന്നത് മമ്മൂട്ടിയെന്ന മഹാസാഗരത്തെക്കുറിച്ചാണ്. എണ്ണിയാലൊടുങ്ങാത്ത തിരമാലകളെ ഉള്ളിലൊളിപ്പിച്ച കരകാണാക്കടലിനെപ്പറ്റി. എനിക്കൊരിക്കലും അത് താണ്ടാനാകില്ലെന്നറിയാം. എങ്കിലും ചിപ്പികളും മുത്തുകളും പെറുക്കിയെടുക്കുന്ന കുട്ടിയുടെ കൗതുകത്തോടെ ചിലത് കുത്തിക്കുറിക്കുന്നുവെന്ന് മാത്രം. ഇതൊരിക്കലും മമ്മൂട്ടിയെന്ന മനുഷ്യനെക്കുറിച്ചുള്ള പഠനമല്ല. കടൽ കണ്ട...അല്ല കണ്ടുകൊണ്ടേയിരിക്കുന്ന കുട്ടി മനസ്സിന്റെ പുസ്തകത്താളിൽ എഴുതിയിടുന്ന വിവരണം മാത്രം.
ഇങ്ങനെയൊന്ന് തുടങ്ങുമ്പോൾ എനിക്ക് സാറിനെ വിളിക്കാതിരിക്കാനാകില്ല. എല്ലാവർക്കും മമ്മൂട്ടി മമ്മൂക്കയാണ്. പക്ഷേ ഞാൻ 'മമ്മൂട്ടി സാർ' എന്നേ വിളിച്ചിട്ടുള്ളൂ. ഫോണിൽ പേര് സേവ് ചെയ്തിരിക്കുന്നതുപോലും അങ്ങനെയാണ്. എന്തുകൊണ്ടെന്ന് ചോദിച്ചാൽ ഉത്തരമില്ല. ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അധ്യാപകൻ അദ്ദേഹമായതുകൊണ്ടായിരിക്കാം.
369 എന്ന പ്രിയനമ്പരിൽ അവസാനിക്കുന്ന സാറിന്റെ നമ്പരിലേക്ക് ഏതാണ്ട് അരമണിക്കൂർ മുമ്പാണ് വിളിച്ചത്. അദ്ദേഹം ചെന്നൈയിൽ സ്വസ്ഥനായിരിക്കുന്നു. കാതിലൊരു കടൽ മുഴങ്ങിത്തുടങ്ങുന്നത് കാതങ്ങൾക്കിപ്പുറത്തിരുന്ന് എപ്പോഴത്തെയും പോലെ ഞാനറിഞ്ഞു. ഞങ്ങൾ ഏതാണ്ട് അരമണിക്കൂറോളം സംസാരിച്ചു. അതുകഴിഞ്ഞ് ഫോൺവച്ചപ്പോൾ മുന്നിലെ എഴുത്തുകടലാസ് ശൂന്യമായതുപോലെ. ഞാൻ എന്തെഴുതാനാണ്? അല്പം മുമ്പ് ജീവിതത്തിലനുഭവിച്ച നിമിഷങ്ങൾ സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാനാകുന്നില്ല. കാരണം ഞാൻ സംസാരിച്ചത് മമ്മൂട്ടിയോടായിരുന്നല്ലോ...നഴ്സറിക്കാലത്ത് കേട്ട ആ പേരുകാരൻ തന്നെയല്ലേ ഇത്! ദൈവമേ...ഈ അതിശയത്തിന് എന്താണ് പേര്?
ഞാൻ ജനിച്ചത് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് എന്ന പ്രദേശത്താണ്. അപ്പന് പാലായിൽ ഒരു കടയുണ്ട്. അതിനടുത്തുള്ള ബുക്ക് സ്റ്റാളിൽ എല്ലാ പ്രസിദ്ധീകരണങ്ങളും വില്പനയ്ക്ക് തൂക്കിയിട്ടുണ്ടാകും. 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്നതും അല്ലാത്തതുമായ വാരികകൾ കേരളത്തിലെ വീടുകൾ കീഴടക്കിയ കാലമായിരുന്നു അത്. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് ഓരോ വാരികയും പുറത്തിറങ്ങുന്നത്. അപ്പൻ കടയടച്ച് വരുമ്പോൾ കൈയിൽ അന്ന് രാവിലെ ഇറങ്ങിയ വാരികയുണ്ടാകും. പിറ്റേന്ന് വെയിൽ ഒന്ന് മങ്ങി ഏതാണ്ട് മൂന്നുമണിയാകുമ്പോഴാണ് ആ അദ്ഭുതം സംഭവിക്കുക. പൂവിലേക്ക് ചിത്രശലഭങ്ങൾ പറന്നുവരുന്നതുപോലെ അയൽപക്കത്തുനിന്ന് അമ്മച്ചിയുടെ കൂട്ടുകാരികൾ ഓരോരുത്തരായി വരും. അവർ വീട്ടുമുറ്റത്ത് കൂടിയിരിക്കും. ഒരാൾ നോവൽ വായന തുടങ്ങുമ്പോൾ മറ്റുള്ളവർ ആകാംക്ഷയോടെ കാതുകൂർപ്പിച്ചിരിക്കും. ഞങ്ങളുടെ വീടൊരു ലൈബ്രറിപോലെയായിരുന്നു അവർക്ക്. കഥയെല്ലാം വായിച്ചുകഴിഞ്ഞശേഷമാണ് അമ്മച്ചിയും കൂട്ടുകാരികളും ലോകവർത്തമാനങ്ങൾ പറയുക.
എന്റെ കുട്ടിക്കാല ഓർമയിൽ അല്പമെങ്കിലും തെളിമയോടെയുള്ള ഏകദൃശ്യം ഈ വൈകുന്നേരസദസ്സാണ്. ഞാനന്ന് നഴ്സറിക്കുട്ടിയാണ്. ആ കൂട്ടായ്മയിലാണ് ഞാൻ മൂന്നുപേരുകൾ ആദ്യമായി കേട്ടത്. ആദ്യത്തെയാൾ കപിൽദേവ്,രണ്ടാമൻ യേശുദാസ്,മൂന്നാമതായിരുന്നു പേരിൽ മൂന്ന് 'മ' യുള്ള ആ മനുഷ്യൻ-മമ്മൂട്ടി.
ഇവരുടെ എന്തൊക്കെ വിശേഷങ്ങളാണ് അമ്മച്ചിയും കൂട്ടുകാരികളും പറഞ്ഞിരുന്നതെന്നൊന്നും ഓർമയില്ല. പക്ഷേ 'എ ഫോർ ആപ്പിൾ, ബി ഫോർ ബോൾ സി ഫോർ ക്യാറ്റ്' എന്ന് കേട്ടുകേട്ടുമനസ്സിലുറയ്ക്കും പോലെ, ആ പ്രായത്തിൽ ആ മൂന്നുപേരുകൾ പലപ്രാവശ്യം ആവർത്തിച്ചാവർത്തിച്ച് കേട്ട് എന്റെ മനസ്സിൽ പതിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ആളുകൾ ഇവരാണെന്നായിരുന്നു എന്റെ വിശ്വാസം.
റേഡിയോ തുറന്നാൽ യേശുദാസിന്റെ ശബ്ദം കേൾക്കാം. അതുകൊണ്ട് ഞാൻ കരുതിയത് യേശുദാസ് റേഡിയോക്കുള്ളിലിരിക്കുന്ന ഒരാളാണെന്നാണ്. കപിൽദേവിന്റെ കളി ടി.വിയിൽ കാണാമെന്നും അറിയാം. പക്ഷേ വീട്ടിലോ അയൽപക്കത്തോ ടി.വിയില്ല. പക്ഷേ വീട്ടിൽ വരുത്തുന്ന രണ്ടുപത്രങ്ങളിലും മിക്കവാറും ദിവസങ്ങളിലും കപിൽദേവിന്റ പടമുണ്ടാകും. അതുകൊണ്ട് ആളെക്കുറിച്ച് ഏകദേശരൂപമുണ്ട്. പക്ഷേ മൂന്നാമനുള്ളത് സിനിമയിലാണ്. സിനിമകാണാൻ യാതൊരു മാർഗവുമില്ല. ഞങ്ങളുടെ വീട്ടിൽനിന്ന് ആരും സിനിമയ്ക്ക് പോകുന്നപതിവില്ല. അതെന്തോ വിലക്കപ്പെട്ട കനിയായിരുന്നു ഞങ്ങൾക്ക്. പക്ഷേ അമ്മച്ചിയുടെ കൂട്ടുകാരികളുടെ വർത്തമാനത്തിൽ ഏറ്റവും കൂടുതൽ കേട്ടതുകൊണ്ടാകാം മഹാന്മാരുടെ മൂവർസംഘത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മമ്മൂട്ടിയെന്ന പേരാണ്. സ്വഭാവികമായും അതിനോടൊരു ഇഷ്ടം മനസ്സിൽ രൂപപ്പെട്ടു.
അങ്ങനെയിരിക്കെ ഒരുദിവസം ഞങ്ങളുടെ കുടുംബത്തിൽപെട്ട ആരുടെയോ വിവാഹവാർഷികദിവസമെത്തി. വീട്ടിൽനിന്ന് സിനിമയ്ക്ക് പോകാറില്ലായിരുന്നുവെങ്കിലും അതിഷ്ടമുള്ളവരെ അപ്പൻ നിരാശപ്പെടുത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാറില്ലായിരുന്നു. അതുകൊണ്ട് വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതിമാർക്ക് അപ്പന്റെ വക സമ്മാനം ഒരു സിനിമയായിരുന്നു. എല്ലാവർക്കും കാണേണ്ടത് മമ്മൂട്ടിയുടെ സിനിമമാത്രം. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി പാലാ യൂണിവേഴ്സൽ തീയറ്ററിലേക്ക് പോയി. സിനിമയുടെ പേര്-'മൂന്നുമാസങ്ങൾക്ക് മുമ്പ്'. നായകൻ-മമ്മൂട്ടി.
എനിക്ക് മമ്മൂട്ടിയെന്ന താരത്തെ ആദ്യമായി സ്ക്രീനിൽ കണ്ടനിമിഷം മഞ്ഞപ്പുപടർന്ന ഒരു കുട്ടിക്കാലഓർമമാത്രമാണ്. ആ സിനിമയുടെ കഥയോ മമ്മൂട്ടിസാറിന്റെ കഥാപാത്രമോ ഒന്നും ഇപ്പോൾ മനസ്സിലില്ല. ഈ വരികൾ എഴുതുംമുമ്പ് വെറുതെ ഒന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു. 'മൂന്നുമാസങ്ങൾക്ക് മുമ്പ്' എന്ന സിനിമയിലെ സാർ അവതരിപ്പിച്ച നായകവേഷത്തിന്റെ പേര് കണ്ടപ്പോൾ കൈത്തണ്ടയിലൂടൊരു തണുപ്പുകയറുകയും രോമാഞ്ചം എന്ന അവസ്ഥ അനുഭവിക്കുകയും ചെയ്തു,ഞാൻ. അതിന് കാരണമായ കഥ നടന്നത് മൂന്നുമാസങ്ങൾക്ക് മുമ്പല്ല,മൂന്നുവർഷം മുമ്പാണ്. കുട്ടിക്കാലത്തുനിന്നുള്ള ഒരു ജംപ് കട്ട്.
2022-ൽ ഓസ്ട്രേലിയയിൽ അവധിയാഘോഷത്തിനെത്തിയ മമ്മൂട്ടി സാറിനൊപ്പം സുൾഫത്ത് മാഡവുമുണ്ടായിരുന്നു. സാറിന്റെ യാത്രയ്ക്ക് സൗകര്യങ്ങളൊരുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ ആഹ്ലാദംനിറഞ്ഞ കാര്യമായിരുന്നു. ഒരു ആരാധകന് ആത്മനിർവൃതികിട്ടുന്ന ദൗത്യം. ഡ്രൈവിങ് ഹരമായ അദ്ദേഹത്തിന് നിർബന്ധം ഓസ്ട്രേലിയ കാറോടിച്ച് കാണണമെന്നായിരുന്നു. അങ്ങനെ എന്നെയും സഹയാത്രികനാക്കി അദ്ദേഹം ഓസ്ട്രേലിയൻ പാതകളിലൂടെ കാറോടിച്ചുതുടങ്ങി. സാറിനും മാഡത്തിനും എനിക്കും പുറമേ മറ്റൊരാൾ കൂടി യാത്രയ്ക്കുണ്ടായിരുന്നു. മമ്മൂട്ടി സാറിന്റെ ആത്മമിത്രം. പലപ്പോഴായി സാർ പറഞ്ഞുപറഞ്ഞ് എനിക്ക് പരിചിതമായ പേര്. സിംഗപ്പൂരിലുള്ള അദ്ദേഹവുമായി ഫോണിൽ പലപ്രാവശ്യം സംസാരിച്ചിട്ടുമുണ്ടായിരുന്നു. 'മൂന്നുമാസങ്ങൾക്ക് മുമ്പ്' എന്ന സിനിമയിലെ മമ്മൂട്ടിസാറിന്റെ കഥാപാത്രത്തിനും മൂന്നുവർഷം മുമ്പ് കാറിൽ അദ്ദേഹത്തിനും എനിക്കുമരികേ പിന്നോട്ടോടുന്ന പുൽമേടുകളും വൻമരങ്ങളും നോക്കിയിരുന്നയാൾക്കും ഒരേപേരായിരുന്നു-രാജശേഖരൻ!
ദൈവമേ...ഈ അതിശയത്തിന് എന്താണ് പേര്?
(തുടരും)