''അന്തോണീ, വെളിച്ചപ്പാടേ, എടാ, നിന്റെ വാള്‍ എവിടെ?''
ഭരത് ജേതാവ് പി.ജെ. ആന്റണിയുടെ വീട്ടിലേക്ക് തടിച്ച്, പൊക്കം കുറഞ്ഞ് മുണ്ട് മടക്കിക്കുത്തിയ ഒരാള്‍ കൊടുങ്കാറ്റ് പോലെ കുതിച്ചെത്തി. തുടര്‍ന്ന് ആഹ്ലാദം, അട്ടഹാസം. സിനിമയിലെ ഒരു രംഗം പോലെ അത് മിന്നി. ആന്റണി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ആഗതനെ ഗാഢമായി വാരിപ്പുണര്‍ന്നു. ഇരുവരുടെയും സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. മുറിയില്‍ 'പെരുമഴ'യുടെ പ്രതീതി.
അരനൂറ്റാണ്ട് മുമ്പ്,1974ല്‍ നടന്ന സംഭവമാണ്. 'നിര്‍മാല്യ'ത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ മികച്ച നടനുള്ള ഭരത് അവാര്‍ഡ് നേടിയ പി.ജെ. ആന്റണിയും, ആത്മസുഹൃത്തും പത്രപ്രവര്‍ത്തകനുമായ നൈനാനും സ്വയം മറന്ന് ആഹ്ലാദിക്കുന്നത് കാണാമായിരുന്നു. ആന്റണിയുടെ കവിളില്‍ മുഖമമര്‍ത്തി നൈനാന്‍ ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. ''അന്തോണീ നിന്റെ വാള്‍ എവിടെ? കാല്‍ചിലമ്പിന്റെ ശബ്ദമില്ലല്ലോ?''
ആന്റണി അപ്പോള്‍ അലറി:
''എടാ, ഇത്രയും ദിവസം നീ എവിടെയായിരുന്നു? നീ ഒഴിച്ച് മറ്റ് എല്ലാ സുഹൃത്തുക്കളും എത്തി. നീ വെറും തെണ്ടി''
അലര്‍ച്ച കേട്ട് ആന്റണിയുടെ ഭാര്യ എത്തി. ''നൈനാന്‍ ചേട്ടാ, എവിടെയായിരുന്നു?'' അവരും ആഹ്ലാദം പങ്കിട്ടു.
ആന്റണിക്ക് ഭരത് അവാര്‍ഡ് കിട്ടി മൂന്നാം ദിവസമായിരുന്നു നൈനാന്‍ എത്തിയത്. രണ്ട് ദിവസമായി ആള്‍ ഒഴിയാത്ത വീടായിരുന്നു ആന്റണിയുടേത്. മലയാള സിനിമയ്ക്ക് ദേശീയ തലത്തില്‍ ആദ്യമായി കിട്ടിയ ഭരത് അവാര്‍ഡ്. അതിന് മുമ്പ് രാമുകാര്യാട്ടിന്റെ നീലക്കുയിലാണ് 1954ല്‍ വെള്ളി മെഡൽ നേടിയത്. അദ്ദേഹത്തിന്റെ തന്നെ 'ചെമ്മീന്' ആദ്യമായി സ്വര്‍ണ്ണമെഡലും 1965ല്‍ കിട്ടിയിരുന്നു.
ആന്റണിയുടെ വീട്ടിലേക്ക് അഭിനന്ദനത്തിന്റെ പ്രവാഹമായിരുന്നു. മൂന്നാം ദിവസമെങ്കിലും നൈനാനെ കണ്ടപ്പോള്‍ ആന്റണി ആശ്വസിച്ചു. നൈനാന്‍ പറഞ്ഞു: ''കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഓട്ടത്തിലായിരുന്നു. അതു കൊണ്ടാണ് എത്താന്‍ കഴിയാതിരുന്നത് ഇന്ന് രാവിലെയാണ് വീട്ടില്‍ തിരിച്ചെത്തിയത്''. 'കേരള ടൈംസ് ' പത്രത്തിന്റെ കൊച്ചി ലേഖകനായ നൈനാനും ആന്റണിയും തമ്മിലുള്ള ബന്ധത്തിന് മൂന്ന് ദശകങ്ങളുടെ പഴക്കമുണ്ട്. പത്രപ്രവര്‍ത്തകനാകുന്നതിന് മുമ്പ് തന്നെ ആന്റണിയുടെ നാടകങ്ങളുടെ ആസ്വാദകനായിരുന്നു നൈനാന്‍. നൈനാനെപ്പോലെ വലിയൊരു സുഹൃദ്ബന്ധത്തിന്റെ വലയം ആന്റണിക്കുണ്ടായിരുന്നു. രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും കലാകാരന്മാരും അദ്ധ്യാപകരും നാടകാസ്വാദകരായ ഡോക്ടര്‍മാരും എൻജിനീയർമാരും വിദ്യാര്‍ത്ഥികളും നാട്ടുകാരുമുണ്ട്.
ഇടപ്പള്ളിയിലായിരുന്നു ആന്റണി താമസിച്ചിരുന്നത്. മാമംഗലം അഞ്ചുമന ക്ഷേത്രത്തില്‍ നിന്ന് അല്പം അകലെ ഒരു കുഗ്രാമം പോലൊരു സ്ഥലം. നാട്ടുവഴിയും നടപ്പാതയും മാത്രം. ഇന്ന് ആ പ്രദേശം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ല. ഇടപ്പള്ളിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള വിശാലമായ ബൈപ്പാസാണ് ലാന്‍ഡ്മാര്‍ക്ക്. വലിയ കെട്ടിടങ്ങള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, ഭീമാ ജ്വല്ലറി, അടുത്ത് തന്നെ നടന്‍ ദിലീപിന്റെ 'ദേപുട്ട്' റസ്റ്റോറന്റ്. കൂടാതെ മറ്റ് നിരവധി ഹോട്ടലുകള്‍. ബര്‍ഗറും ഐസ്‌ക്രീമും പലതരം.
ആന്റണിക്ക് ഭരത് അവാര്‍ഡ് കിട്ടിയ സമയത്ത് ഞാന്‍ മഹാരാജാസ് കോളേജില്‍ നിന്ന് എം.എ. ജയിച്ചിറങ്ങിയിരുന്നു. ന്യൂവേവ് ചലച്ചിത്രങ്ങള്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശിയ കാലം. 'നിര്‍മാല്യം' കാണാന്‍ ജനത്തിരക്കായിരുന്നു എം.ടി. വാസുദേവന്‍നായരുടെ കഥയും നോവലുകളും യുവാക്കളെ കോരിത്തരിപ്പിച്ച കാലം- പ്രത്യേകിച്ച് കോളേജ് വിദ്യാര്‍ത്ഥികളെ. 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ അലയടികള്‍ ഉയരുന്ന കാലം. ഒപ്പം ന്യൂവേവ് ചിത്രങ്ങളും. അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവര'ത്തിന് കിട്ടിയ ദേശീയ അംഗീകാരവും.
ഞാനും സുഹൃത്തുക്കളും പി.ജെ. ആന്റണിയെ നേരില്‍ കണ്ട് അനുമോദിക്കാന്‍ എത്തിയ ദിവസമായിരുന്നു. കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'കുങ്കുമം' വാരികയില്‍ ഞാന്‍ ചെറിയ ഫീച്ചറുകള്‍ അന്ന് എഴുതിയിരുന്നു. കൂടാതെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള 'ചിത്രകാര്‍ത്തിക'യിലും 'ജനശക്തി'യിലും, ടൈംസ് ഓഫ് ഇന്ത്യയുടെ 'യൂത്ത് ടൈംസി'ലെ ക്യാമ്പസ് പേജുകളിലും ഞാന്‍ എഴുതിയിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആന്റണിയുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് നൈനാന്‍ കുതിച്ചെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ചിരുന്നാണ് സംസാരിച്ചത്. ഇടയ്ക്ക് അവര്‍ നാടക ഡയലോഗുകള്‍ ഉരുവിട്ടു.
അതിനിടയില്‍ ആന്റണി എഴുന്നേറ്റ് 'ഗ്രീന്‍ റൂമിലേക്ക്' പോയി. തൊട്ടടുത്തുള്ള മുറിയെ നൈനാന്‍ വിളിച്ചിരുന്നത് ഗ്രീൻ റൂം എന്നായിരുന്നു. അവിടെ ചാരായം ഉണ്ടാകും. സിരകള്‍ ചൂടാക്കാന്‍ ആന്റണി ഇടയ്ക്കിടയ്ക്ക് ചാരായത്തിന്റെ കവചം വേണം. മിനുറ്റുകള്‍ക്കുള്ളില്‍ സിരകള്‍ ചൂടാക്കി അദ്ദേഹം തിരിച്ച് 'അരങ്ങി'ലെത്തും.
വന്ന് ഇരുന്നപ്പോള്‍ നൈനാന്‍ മണം പിടിക്കുന്നതുപോലെ ചിരിച്ചു. അപ്പോള്‍ ആന്റണി പൊട്ടിച്ചിരിച്ചുകൊണ്ട് പ്രതികരിച്ചു: ''എടാ നൈനാനേ, നീ ഗുര്‍ണോയാണോ?''
ഞങ്ങള്‍ എല്ലാം പൊട്ടിച്ചിരിച്ചു. ഗുര്‍ണോ കേരള പോലീസിന്റെ പേരു കേട്ട വിദേശനായ ആയിരുന്നു. കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തെത്തിയാല്‍ മണം പിടിച്ച് നായ നീങ്ങുന്നതെല്ലാം അന്ന് പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. (ടെലിവിഷനും യൂട്യൂബും മറ്റും പിറക്കാത്ത കാലം)
''നിനക്ക് അല്‍പം അടിക്കണോടാ'' നൈനാനോട് ആന്റണി ചോദിച്ചു. ''സന്ധ്യ മയങ്ങട്ടെ'' എന്നായിരുന്നു നൈനാന്റെ മറുപടി. ആത്മമിത്രങ്ങളുടെ ഡയലോഗുകള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു. മാത്രമല്ല ആന്റണിയുടെ വൈവിധ്യമാര്‍ന്ന മുഖഭാവങ്ങളും. തുറന്ന മനസ്സോടെ അതീവ ഹൃദ്യമായ രീതിയിലായിരുന്നു ആന്റണിയുടെ സംസാരം. ഞങ്ങളെ അത് ആകര്‍ഷിക്കുകയും ചെയ്തു.
ആകാംക്ഷയോടെ ഞങ്ങള്‍ ആന്റണിയോട് ചോദിച്ചു: 'എം.ടി. വാസുദേവന്‍ നായരുമായി ബന്ധപ്പെടുന്നത് എങ്ങനെയാണ്?'
''എം.ടി.യുടെ ഒരു സഹോദരന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. കോഴിക്കോട് എന്റെ നാടകം അവതരിപ്പിച്ച ഒരു ദിവസം അദ്ദേഹവുമായി പരിചയപ്പെട്ടു. അങ്ങനെയാണ് എം.ടി.യുമായി സൗഹൃദം തുടങ്ങിയത്. ഒരിക്കല്‍ എം.ടി.യുടെ കൂടല്ലൂര്‍ ഗ്രാമത്തില്‍ ഞാന്‍ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു. രണ്ട് ദിവസം അവിടെ ചുറ്റിത്തിരിഞ്ഞു. ഭാരതപ്പുഴയും തീരവും കലമണ്ണ് പാകിയ നടപ്പാതകളും കണ്ണാന്തളിപൂക്കളും ആമ്പല്‍ക്കുളങ്ങളും നെല്‍വയലുകളും ഞാന്‍ താല്‍പ്പര്യത്തോടെ നോക്കി. ആ ഗ്രാമത്തിന്റെ തുടിപ്പുകളാണ് എം.ടി.യുടെ കഥകളില്‍ പ്രതിഫലിച്ചത്. ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച 'മുറപ്പെണ്ണ്' എന്ന ചിത്രം എം.ടി.യുടെ കഥയാണ്. അതിന്റെ ഷൂട്ടിങ് നടന്നപ്പോള്‍ ഒരു ദിവസം ഞാനും എന്റെ തിയേറ്റര്‍ ഗ്രൂപ്പിലെ നടന്മാരും ലൊക്കേഷനില്‍ എത്തിയിരുന്നു."
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മറ്റ് ചില പത്രലേഖകര്‍ കൂടി ആന്റണിയെ കാണാന്‍ വന്നു. അതില്‍ ഒരാള്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ കോളം എഴുതിയിരുന്ന രാംജിയായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ രണ്ട് ബിസിനസ്സുകാര്‍ വന്നു. അവര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളായിരുന്നു. ആന്റണിക്ക് ഒരു സ്വീകരണം നല്‍കുന്ന കാര്യം പറയാനാണ് അവര്‍ എത്തിയത്.
ആന്റണി വീണ്ടും ഗ്രീൻ റൂമിലേക്ക് പോയി. തിരിച്ചുവന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: ''ലയണ്‍സ് ക്ലബ്? അയ്യോ മൃഗങ്ങളുടെ സംഘടനയില്‍ ഞാന്‍ എങ്ങിനെ വരും? സിംഹങ്ങളും സിംഹികളും ഗര്‍ജിക്കില്ലേ?''
ഞങ്ങള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. ''ശരി, നോക്കാം പിന്നീട് പറയാം''-ലയണ്‍സ്‌കാരോട് ആന്റണി പറഞ്ഞു. അപ്പോഴേക്കും ജസ്റ്റിസ് പി. സുബ്രഹ്‌മണ്യന്‍പോറ്റിയും അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പും എത്തി. കെ.പി.എ.സി.യുടെ സ്ഥാപകാംഗമാണ് ജനാര്‍ദ്ദനക്കുറുപ്പ്. ഹൈക്കോടതിയില്‍ പ്രമുഖ അഭിഭാഷകനും.
അങ്ങനെ ഞങ്ങളുടെ സംഭാഷണം ഇടയ്ക്ക് വച്ച് മുറിഞ്ഞു. അവരെല്ലാം പോയ്ക്കഴിഞ്ഞ ശേഷം ഞങ്ങള്‍ സംഭാഷണം തുടര്‍ന്നു.
അപ്പോള്‍ നൈനാന്‍ എഴുന്നേറ്റു. യാത്ര പറഞ്ഞു. ആന്റണി അദ്ദേഹത്തിന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു: ''എടാ, ചെറുതെങ്കിലും അടിച്ചിട്ടു പോ, നിന്റെ ഹെര്‍കുലീസ് ബ്രാന്‍ഡ് അകത്തുണ്ട്. നിന്നെപ്പോലെ വി.ഐ.പി.കള്‍ വന്നാല്‍ എങ്ങനെ പട്ടകൊടുക്കും.?" നൈനാന്‍ ചിരിച്ചു. ''എടാ, പട്ടാഭിഷേകത്തിനും ഹെര്‍കുലീസിനും ഞാന്‍ ഇപ്പോഴില്ല. സന്ധ്യ മയങ്ങട്ടെ." നൈനാന്‍ പുറത്തേക്ക് ധൃതിയില്‍ പോയി. സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഉറക്കെ പറഞ്ഞു: ''ആന്റണീ ഞാന്‍ നാളെ രാത്രിയെത്താം, കുക്കുടം ഫ്രൈ കൊണ്ടുവരും.'' ആന്റണി പുറത്തിറങ്ങി പറഞ്ഞു: ''എടാ, പട്ടുപോലുള്ള കുക്കുടം ഫ്രൈ വേണം. പ്രസ് ക്ലബിന്റെ അടുത്തുള്ള ഹാജിയാരുടെ ഹോട്ടലില്‍ കിട്ടും.'' ആളുകള്‍ കൂടുതല്‍ വരാന്‍ തുടങ്ങി. ആരവം ഉയര്‍ന്നു. ആരാധകരെയെല്ലാം ആന്റണി കൈ കൂപ്പി വണങ്ങി. സ്വീകരണമുറി ചെറുതായിരുന്നു. തിക്കും തിരക്കുമായി. അപ്പോള്‍ അതാ ഒരു കറുത്ത താടിക്കാരനും മറ്റൊരു ചുരുളന്‍ മുടിക്കാരനും വരുന്നു. ആന്റണി എഴുന്നേറ്റ് അവരെ സ്വീകരിച്ചു. ആര്‍ട്ടിസ്റ്റ് എം.വി. ദേവനും മഹാരാജാസ് ലക്ചററും ചെറുകഥാകൃത്തുമായ ടി.ആറുമായിരുന്നു. ആന്റണിക്ക് നല്‍കാന്‍ മധുരവുമായിട്ടാണ് ദേവന്‍ വന്നത്. അവരെല്ലാം മധുരം നുകര്‍ന്നു. കുറച്ച് ലഡു ആന്റണി തന്നെ കാണാന്‍ എത്തിയ കുട്ടികള്‍ക്ക് നല്‍കി. അരമണിക്കൂറോളം ആരവമായിരുന്നു. കാരണം പരിസരത്തുള്ളവരായിരുന്നു കൂടുതലും. ചിലരൊക്കെ 'നിര്‍മാല്യം' കണ്ടിട്ടുള്ളവരായിരുന്നു. വാള്‍ കൊണ്ട് നെറ്റിയില്‍ വെട്ടി മുറിവേല്‍പ്പിച്ച വെളിച്ചപ്പാട് വീഴുന്ന രംഗം ചിലര്‍ വര്‍ണിച്ചു.
സംഭാഷണം മുറിഞ്ഞു പോയ നിരാശയിലായിരുന്നു ഞങ്ങള്‍. ഇടയ്ക്ക് ആന്റണി പറയുന്നത് കേള്‍ക്കാമായിരുന്നു:
''ഒരു കലാകാരന് സമൂഹത്തില്‍ വലിയ സ്ഥാനമുണ്ട്. ഞാന്‍ ഈയിടെ കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് തിരിച്ച സമയത്ത് അപകടമുണ്ടായി. സൈക്കിളില്‍ പോയ ഒരാളെ ടാക്‌സി കാര്‍ ഇടിച്ചു വീഴ്ത്തി. ഭാഗ്യവശാല്‍ പരിക്ക് ചെറുതായിരുന്നു. ആളുകള്‍ കൂടി. ഞാന്‍ കൈകൂപ്പി പുറത്തിറങ്ങി. പലരും തന്നെ തിരിച്ചറിഞ്ഞു. ഞാന്‍ ക്ഷമ ചോദിച്ചു. ഞാന്‍ സംശയിച്ച് നിന്നപ്പോള്‍ ആളുകള്‍ പറഞ്ഞു, അത് സാരമില്ല ഞങ്ങള്‍ പരിഹരിക്കാം. അവര്‍ എന്നെ കാറില്‍ കയറ്റി. ഒരാള്‍ ആശ്വസിപ്പിച്ചു.''
ഇടയ്ക്ക് ആന്റണി പറഞ്ഞു: "എന്റെ അടുത്ത നാടകം ഗ്രീക്ക് പ്രമേയമാണ്." അതായിരുന്നു 'സോക്രട്ടീസ്'.
രണ്ടാഴ്ചയ്ക്ക് ശേഷം ഞങ്ങള്‍ ആന്റണിയെ വീണ്ടും സന്ദര്‍ശിച്ചു. പക്ഷെ അന്നു കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. വന്‍ തിരക്കായിരുന്നു. നിരവധി സിനിമാക്കാരും നാടക നടന്മാരും ആന്റണിയെ കാണാന്‍ എത്തിയിരുന്നു. 'ചിത്രകാര്‍ത്തിക'യ്ക്ക് വേണ്ടി നല്ലൊരു അഭിമുഖം വേണമെന്ന് ചീഫ് എഡിറ്റര്‍ വൈക്കം ചന്ദ്രശേഖരന്‍നായര്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അതിന് കഴിയാതെ പോയി. വീണ്ടും ഒരിക്കല്‍ ചെന്നപ്പോള്‍ ആന്റണി സ്ഥലത്തില്ലായിരുന്നു.
ഗ്രീക്ക് സംസ്‌കാരത്തെക്കുറിച്ച് എച്ച്.ഡി.എഫ് കിറ്റോ എഴുതിയ വിഖ്യാത പുസ്തകം ഞാന്‍ അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. നല്ലൊരു ഗ്രന്ഥം കിട്ടിയാല്‍ കൊള്ളാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.
1979ല്‍ ആന്റണി അന്തരിച്ചു. പാലാരിവട്ടം ജംഗ്ഷന് സമീപം പി.ജെ. ആന്റണി റോഡുണ്ട്, അതിലൂടെ ഞാന്‍ പലപ്പോഴും നടക്കും.
(തുടരും)