1.കുട്ടിക്കാലത്ത് മഞ്ജുവാരിയരെയും ജ്യേഷ്ഠന്‍ മധുവാരിയരെയും ഒക്കത്തെടുത്ത് അച്ഛന്‍ മാധവവാരിയര്‍(ഫയൽചിത്രം) 2.മഞ്ജുവാരിയര്‍  ഫോട്ടോ-ബിനീഷ് ചന്ദ്ര
Columns

ഇത് അച്ഛന്റെ സമ്മാനമല്ല, അവസാനിക്കാത്ത സ്നേ​ഹം

ഓര്‍മകളുടെ പടികടന്നെത്തുന്ന വാക്കുകളുടെ കാലൊച്ച-മഞ്ജുവാരിയർ ആദ്യമായി എഴുതുന്ന വെബ്കോളം തുടങ്ങുന്നു. 'പിന്നെയും,പിന്നെയും'

മഞ്ജുവാരിയര്‍

  തിരുവുള്ളക്കാവ് ശ്രീ ധർമശാസ്താക്ഷേത്രത്തിലേക്ക് എന്റെ ദേശമായ പുള്ളിൽ നിന്ന് ഏതാണ്ട് പത്തുകിലോമീറ്ററേയുള്ളൂ. വിളിപ്പുറത്തുള്ള ദേവൻ എന്നുവേണമെങ്കിൽ പറയാം. വിദ്യാകാരകനായ ശാസ്താവാണ് തിരുവുള്ളക്കാവിലേത്. അത്യപൂർവമായ പ്രതിഷ്ഠ. അതുകൊണ്ട് വിദ്യാരംഭത്തിന് ഏറെ പ്രശസ്തവുമാണ് ഈ ക്ഷേത്രം. വർഷത്തിൽ 363 ദിവസവും ഇവിടെ എഴുത്തിനിരുത്തുണ്ട്. ശാസ്താവ് ​​ഗ്രാമബലിക്കായി എഴുന്നള്ളുന്ന മീനമാസത്തിലെ അത്തം നാളിലും പൂജവയ്പിനുശേഷമുള്ള മഹാനവമിക്കും മാത്രമാണ് വിദ്യാരംഭമില്ലാത്തത്. ക്ഷേത്രമതിലകത്തും പുറത്തെ ചുവരുകളിലുമെല്ലാം പുണ്യംതേടി ആരൊക്കയോ കോറിയിട്ട അക്ഷരങ്ങൾ ഇന്നും മായാതെ കാണാം. കുട്ടിക്കാലത്ത് പതിവായി പോയിരുന്ന ക്ഷേത്രവുമായിരുന്നു തിരുവുള്ളക്കാവ്. അതിന്റെ ഐതിഹ്യങ്ങൾ അമ്മയാണ് ചൊല്ലിത്തന്നിരുന്നത്.

 തിരുവുള്ളക്കാവിലെ വിജയദശമി ദിനത്തിൽ കേരളത്തിന്റെ എല്ലാഭാ​ഗത്തുനിന്നും ഹരിശ്രീ കുറിക്കാൻ കുട്ടികളെത്തും. അവരെ എഴുത്തിനിരുത്താൻ ​ഗുരുക്കന്മാരുടെ വലിയ നിരയുമുണ്ടാകും. അവരിലൊരാൾ എന്റെ അച്ഛനായിരുന്നു. 

 ആദ്യമായാണ് ഒരു ഓൺലൈൻമാധ്യമത്തിന് വേണ്ടി പംക്തിയെഴുതുന്നത്. ആദ്യകുറിപ്പിൽ എന്തെഴുതണമെന്ന് കുറേ ആലോചിച്ചു. പതിവുപോലെ ഓർമകൾ അച്ഛനിൽചെന്നുനിന്നു. അച്ഛനായിരുന്നു എന്നെ എഴുത്തിനിരുത്തിയത്. അതിനുശേഷം തിരുവുള്ളക്കാവിൽ എത്രയോ കുഞ്ഞുനാവുകളിൽ അച്ഛൻ ഹരിശ്രീയെഴുതി. അച്ഛനതൊരു പവിത്രമായ കർമമായിരുന്നു. അതിനുവേണ്ടി വ്രതമെടുത്തു. ദേവനെ ഭജിച്ചു. തിരക്കിനും കുഞ്ഞുങ്ങളുടെ നിലവിളികൾക്കുമിടയിൽ ചിരിയോടെ അരിയിൽ വിരൽപിടിച്ചെഴുതിച്ചു. അച്ഛൻ ആദ്യക്ഷരം കുറിച്ച കുട്ടികൾ ലോകത്തിന്റെ ഏതൊക്കയോ ഇടങ്ങളിൽ വിദ്യാസമ്പന്നരായുണ്ടാകണം. അവരുടെയൊന്നും ജീവിതാക്ഷരങ്ങൾ പിഴച്ചുകാണില്ലെന്നുറപ്പാണ്. കാരണം അച്ഛൻ അത്രയും ഹൃദയവിശുദ്ധിയോടെയായിരുന്നു ആ അനുഷ്ഠാനം നിർവഹിച്ചത്.

 ഇവിടെ,ഇന്റർനെറ്റ് വാർത്താലോകത്തിന്റെ വിശാലമായ നീലാകാശത്ത് ഹരിശ്രീകുറിക്കുമ്പോൾ അച്ഛനല്ലാതെ ആര് എന്റെ വിരൽപിടിക്കാൻ! തിരുവുള്ളക്കാവിനെ സാക്ഷിയാക്കി അച്ഛന്റെ കൈപിടിച്ച് ഞാൻ എഴുതിത്തുടങ്ങട്ടെ..

ഇത് ഓർമകളുടെ വീണ്ടെടുപ്പ് മാത്രമാണ്. അല്ലെങ്കിൽ ചുറ്റിനും നോക്കുമ്പോൾ എന്റെ കണ്ണിൽ പതിയുന്ന ദൃശ്യങ്ങളുടെ പകർത്തിവയ്ക്കൽ. ഒരുവേള  ഞാൻ എന്നോ കടന്നുപോയ ചിലപാതകളിലേക്കുള്ള തിരിഞ്ഞുനടത്തം. വിശ്രമിച്ച ചിലവഴിയമ്പലങ്ങൾ.. എനിക്കായി ആരോ കരുതിവച്ചിരുന്ന സ്നേഹത്തിന്റെ പൊതിച്ചോറുകൾ,ഇന്നും മനസ്സിൽ ബാക്കിയാകുന്ന അതിന്റെ സ്വാദ്...ഓർക്കാനായി ഒരു തൂവൽമാത്രം തന്നുപോയ ചില സൗഹൃദപ്പക്ഷികൾ..അങ്ങനെയങ്ങനെ ചിലത് എല്ലാ ആഴ്ചയും നിങ്ങളോട് പങ്കിടാനാണ് ആ​ഗ്രഹിക്കുന്നത്. വിവാദങ്ങൾക്ക് ഇവിടെ ഇടമുണ്ടാകില്ലെന്ന് ആദ്യം തന്നെ പറയട്ടെ.

 ആരെയും വാക്കുകൊണ്ട് വേദനിപ്പിക്കരുതെന്ന് ആദ്യം പറഞ്ഞുതന്നതും അച്ഛനായിരുന്നു. ജീവിതത്തിന്റെ ഒന്നാംപാഠപുസ്തകത്തിലെ വിലപ്പെട്ട ഒരധ്യായം. 

 വർഷങ്ങൾക്ക് മുമ്പ് 'അപ്പ' എന്ന സിനിമയുടെ റിലീസിന് മുമ്പായി അച്ഛനെക്കുറിച്ച് ഒരു വീഡിയോ തരാമോയെന്ന് അതിന്റെ സംവിധായകനായ സമുദ്രക്കനി സാർ ചോദിച്ചു. അന്ന് മൊബൈൽഫോണിന്റെ ക്യാമറയ്ക്ക് മുന്നിലിരുന്ന് അച്ഛനെയോർത്തപ്പോൾ എനിക്ക് ഉള്ളിൽ കരച്ചിൽ വന്നു. എത്രനിയന്ത്രിച്ചിട്ടും അച്ഛന്റെ അസുഖത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ അതിന്റെ നീരുറവകൾ അണപൊട്ടി പുറത്തേക്കെത്തി. അച്ഛൻ എന്നെ ഒരിക്കലും കരയിച്ചിട്ടില്ലായിരുന്നു. പക്ഷേ അന്നാദ്യമായി അച്ഛൻ എന്നെ കരയിച്ചു.

 എന്റെ കുട്ടിക്കാലത്തിന്റെ വലിയൊരു പങ്ക് നാ​ഗർകോവിലിലായിരുന്നു. അച്ഛന് അവിടെയൊരു ചിട്ടിക്കമ്പനിയിലാണ് ജോലി. ഞങ്ങളുടെ അയൽപ്രദേശമാണ് ആരൽവായ്മൊഴി. സഹ്യപർവതം കാവൽനില്കുന്ന,കാറ്റ് എപ്പോഴും ചൂളമടിക്കുന്ന നാഞ്ചിനാടൻ ​ഗ്രാമം. ആരൽവായ്മൊഴിപോലെയായിരുന്നു അച്ഛനും. പറയാൻ അത്രവരുമാനമൊന്നുമില്ല. ‌‌പക്ഷേ അച്ഛൻ സഹ്യപർവതം പോലെ ഞങ്ങളുടെ ചെറിയ കുടുംബത്തിന് കാവലാളായി. നിർത്താതെ വീശുന്ന കാറ്റുപോലെ ഞങ്ങളെ തണുപ്പിച്ചു. വൈകുന്നേരം വഴിക്കണ്ണുമായി ചേട്ടനൊപ്പം ​കുഞ്ഞുവാടകവീടിന്റെ ​ഗേറ്റിനുമുകളിൽ അച്ഛന്റെ സ്കൂട്ടർശബ്ദത്തിന് കാതോർത്തിരിക്കും,ഞാൻ. ഒടുവിൽ കുടുകുടുകുടു എന്നുകേള്‍ക്കുമ്പോള്‍ മനസ് തുള്ളിച്ചാടും...അച്ഛന്‍ വരുന്നു...

 ചേട്ടൻ കഴക്കൂട്ടം സൈനിക് സ്കൂളിലേക്ക് പഠിക്കാൻ ചേർന്നതോടെ ആഴ്ചയിലൊരിക്കൽ ബസിൽ ഞങ്ങൾ നാ​ഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും.  സന്തോഷത്തോടെയാണ് വരുന്നതെങ്കിലും തിരിച്ചുപോക്ക് കരഞ്ഞുകൊണ്ടാണ്. ചേട്ടൻ കൂടെയില്ലാത്തതിന്റെ സങ്കടം. എന്റെ കരച്ചിൽ മാറ്റാൻ അച്ഛൻ 'കടലിനക്കരെ പോണോരേ' എന്ന പാട്ടുപാടും. അല്ലെങ്കിൽ വേറെയേതെങ്കിലും തമിഴ് പാട്ട്. അച്ഛനപ്പോള്‍ എന്റെ കണ്ണുതുടച്ചുതരുന്നൊരു തൂവാലയായി മാറും...പാട്ടുപാടുന്നൊരു തൂവാല...

 ഞങ്ങള്‍ ചിരിക്കാന്‍ വേണ്ടി അച്ഛന്‍ ഒരുപാട് കരച്ചിലുകള്‍ ഉള്ളിലൊതുക്കിയിരുന്നുവെന്ന് അന്നൊന്നും മനസ്സിലായിരുന്നില്ല. തുച്ഛമായ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ചും സ്വയം പലതും വേണ്ടെന്നുവച്ചും അച്ഛന്‍ ഞങ്ങളെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു. മക്കളുടെ ഇഷ്ടഭക്ഷണത്തിന് വേണ്ടി അച്ഛന്‍ വിശന്നു. ഞങ്ങള്‍ക്ക് സിനിമാകാണുന്നതിന് വേണ്ടി, ബസ് യാത്രയ്ക്ക് കമ്പനി അനുവദിച്ച പണം പോക്കറ്റിലിട്ട് അച്ഛന്‍ നടന്നുനടന്നുപോയി...എനിക്ക്  ചിലങ്കവേണമെന്ന് പറഞ്ഞപ്പോൾ സ്വന്തം വിയർപ്പുമണികൾ കൊരുത്തെടുത്ത് സമ്മാനിച്ചു. 

അച്ഛന്‍ മാധവവാരിയര്‍,അമ്മ ഗിരിജ, ജ്യേഷ്ഠന്‍ മധുവാരിയര്‍ എന്നിവര്‍ക്കൊപ്പം മഞ്ജുവാരിയര്‍

മുതിര്‍ന്നപ്പോള്‍ താമസം  കേരളത്തിലായെങ്കിലും അച്ഛന്‍ ആരല്‍വായ്മൊഴിയിലെ സഹ്യപര്‍വതം തന്നെയായിരുന്നു. ഞങ്ങള്‍ക്കുള്ള വേദനകളെല്ലാം അച്ഛനില്‍ തട്ടി ഇല്ലാതായി. അല്ലെങ്കില്‍ അച്ഛന്‍ അത് സ്വയം ഏറ്റുവാങ്ങി. ജീവിതത്തെ ധൈര്യത്തോടെ നേരിടേണ്ടതെങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് അച്ഛനാണ്. തെറ്റു പറ്റിയപ്പോള്‍ അച്ഛന്‍ കുറ്റം പറഞ്ഞില്ല. എനിക്ക് വേദനിച്ചാലോ എന്ന് കരുതിക്കാണണം. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമായിരുന്നു ജീവിതത്തില്‍ എന്റെ ഏറ്റവും വലിയ പിന്‍ബലം.

 അച്ഛൻ കൂടെയില്ലാതെയായിട്ട് ഈജൂണ്‍ പത്തിന്‌ ഏഴുവർഷം തികഞ്ഞു. പക്ഷേ ഇല്ലാതെയായി എന്ന് വാക്ക് ഞാൻ തിരുത്തുന്നു. അച്ഛനിപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്. വലിയ കൊക്കകൾക്ക് നടുവിലൂടെ ബൈക്കോടിച്ചുപോയ നേരം അച്ഛൻ എനിക്ക് മലയായി കാവൽനിന്നു. ഏതോ കാട്ടുവഴിയിലൂടെയുള്ള രാത്രിയാത്രയിൽ കണ്ണടച്ചസമയം അച്ഛൻ കാറ്റുപോലെ വന്ന് തഴുകിയുറക്കി. വെയിലിൽ വിയർത്തപ്പോഴും മഴയിൽ നനഞ്ഞപ്പോഴും കുടയായി വിടർന്നു. എനിക്ക് നൊന്തപ്പോൾ തൂവാലയായി. അച്ഛൻ എവിടെപ്പോകാൻ!

 അച്ഛൻ ഒരിടത്തേക്കും പോയിട്ടില്ല എന്നത് കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഞാൻ വീണ്ടും അറിഞ്ഞു. പത്രപ്രവർത്തകനായ ഒരു സുഹൃത്ത് ഒരു സന്ധ്യയിൽ വിളിച്ചു: 'അച്ഛൻ ഒരു സമ്മാനം ഒരിടത്ത് വച്ചിട്ടുണ്ട്. അത് വാങ്ങണം. സൂക്ഷിക്കാനേല്പിച്ചവർ പറഞ്ഞതാണ്.'

 എനിക്ക് ആദ്യമൊന്നും എന്താണെന്ന് മനസ്സിലായില്ല. വിശദീകരിച്ചപ്പോൾ അച്ഛൻ അരികിലെവിടെയോ നിന്ന് ചിരിക്കുന്നതുപോലെ തോന്നി. വർഷങ്ങൾക്ക് മുമ്പ് വടകരയിലെ എൽ.ഐ.സി.ഏജന്റായ സുഹൃത്തിൽ നിന്ന് അച്ഛൻ എന്റെ പേരിൽ ഒരു പോളിസി എടുത്തിരുന്നു. അത് മെച്വർ ആയിട്ടുണ്ട്. താരതമ്യേന വലിയൊരു സംഖ്യയാണ്. അച്ഛനും,ആ സുഹൃത്തും ജീവിച്ചിരിപ്പില്ലാത്തതിനാൽ എന്നെ എങ്ങനെ ബന്ധപ്പെടുമെന്ന് ആലോചിച്ച് കുറേക്കാലമായി കുഴങ്ങുകയായിരുന്നു എൽ.ഐ.സി ഓഫീസിലുള്ളവർ. അച്ഛൻ നല്കിയിരുന്നത് പോളിസി ചേരുമ്പോഴുണ്ടായിരുന്ന കാലത്തെ ഒരു ലാൻഡ്ഫോൺ നമ്പരാണ്. വീട്ടിലെ മുതിർന്നവർക്കൊപ്പം ഒരുകാലം മരിച്ചുപോയത് ലാന്‍ഡ് ഫോണുകൾ കൂടിയാണല്ലോ...

മഞ്ജുവാരിയരുടെ കുടുംബം. രണ്ട് പഴയചിത്രങ്ങള്‍

അങ്ങനെയാണ് എൽ.ഐ.സി.ഓഫീസിൽ നിന്ന് കോഴിക്കോട്ടെ പത്രമോഫീസിലേക്ക് സഹായന്വേഷണം ചെന്നത്. അത് പിറ്റേദിവസം സന്ധ്യയിലെ ഫോൺകോളായി എന്നിലേക്കെത്തുകയായിരുന്നു.

 ഫോൺകട്ട് ചെയ്തശേഷം കുറച്ചുനേരത്തേക്ക് എനിക്ക് മറ്റൊന്നും ചിന്തിക്കാനായില്ല. അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു. അതിനായി ഓരോ തവണയും സ്വരുക്കൂട്ടിയ തുകയ്ക്ക് ഒരുപക്ഷേ അച്ഛൻ ഇടാൻകൊതിച്ച ഒരു ഉടുപ്പിന്റെയോ രുചിക്കാനാ​ഗ്രഹിച്ച ഏതോ വിഭവത്തിന്റെയോ കാണാ​നാ​ഗ്രഹിച്ച സിനിമയുടെയോ വിലയുണ്ടായിരുന്നിരിക്കണം. വിയർപ്പുമണികൾ കൊണ്ട് ചിലങ്കയുണ്ടാക്കിയതുപോലൊരു അച്ഛൻഅദ്ഭുതം. മകളുടെ നാളേക്ക് ഇന്നലെ ഒരച്ഛൻ കണ്ട സ്വപ്നം. അച്ഛൻ പിന്നെയും എന്നെ കരയിക്കുന്നു.

 മറ്റൊന്നുകൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ചുരുക്കട്ടെ. അത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോ​ഗസ്ഥരുടെ അർപ്പണബോധത്തെക്കുറിച്ചാണ്. എന്റെ പേരിലുള്ള പോളിസി മെച്വർ ആയ വിവരം അറിയിക്കാൻ അവർ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. അത്രത്തോളം പ്രയാസപ്പെട്ടു എൽ.ഐ.സിയിലുള്ളവർ. വടകരയിലെ ഉദ്യോ​ഗസ്ഥർക്ക് വേണമെങ്കിൽ എന്റെ പോളിസിയെ കമ്പ്യൂട്ടറിലെ ചെറിയ ചതുരക്കട്ട കൊണ്ട് കൊന്നുകളയാമായിരുന്നു. ആളെ കണ്ടെത്താനാകുന്നില്ലെന്ന വിവരം നല്കി എന്നേക്കുമായി അന്വേഷണം അവസാനിപ്പിക്കാനാകുമായിരുന്നു. ഒരുസിനിമാതാരത്തിന് ഈ പണമൊന്നും ആവശ്യം വരില്ലായിരിക്കും എന്നുകരുതി നിസ്സാരമായി എഴുതിത്തള്ളുകയും ചെയ്യാമായിരുന്നു. പക്ഷേ അവരുടെ സത്യസന്ധത അതിന് തയ്യാറായില്ല. അതുകൊണ്ട് അച്ഛന്റെ ആ സമ്മാനം,അല്ല..സ്നേഹം എനിക്ക് നഷ്ടപ്പെട്ടില്ല. എന്നെപ്പോലൊരാളായതുകൊണ്ടാകാം എന്നുപറഞ്ഞ് ആ ശ്രമങ്ങളെ ദയവായി നിസ്സാരവത്കരിക്കരുത്. ആരുടെ പോളിസിയായാലും അതിലെല്ലാം പ്രിയപ്പെട്ട ഒരാളുടെ സ്നേഹം പുരണ്ടിട്ടുണ്ട് എന്ന് ഉദ്യോ​ഗസ്ഥരും ലക്ഷക്കണക്കായ ഏജന്റുമാരും  തിരിച്ചറിയുന്നതുകൊണ്ടാണ് എൽ.ഐ.സി രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി തുടരുന്നതെന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നു. മനസ്സുകളെ മൺകുടുക്കയിലെന്നോണം സൂക്ഷിക്കുന്നു ആ കരുതൽ.

 ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ അവസാനവാചകങ്ങളിലൊന്ന് എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. 'സായാഹ്നയാത്രകളുടെ അച്ഛാ...'എന്ന വിളി എന്നെ ഏതോ ഒരു കൈവിരലിൻതുമ്പിനരികെകൊണ്ടുചെന്നുനിർത്തും എപ്പോഴും. ജീവിതത്തിന്റെ ഒരു സന്ധ്യയിൽ എന്നിലേക്കെത്തിയ സ്നേഹത്തുട്ടുകൾക്കരികെനിന്നുകൊണ്ട് ഞാനും വിളിക്കുന്നു...

 ജീവിതയാത്രകളിലെ അച്ഛാാാ.....

(തുടരും)