'ഒരു നിമിഷമെങ്കിലും അമ്മയെ ജീവനോടെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍. അമ്മയുടെ നിഷ്‌കളങ്കമായ ആ ചിരിയിൽ അലിഞ്ഞ് ചേര്‍ന്ന് കവിളിൽ ഉമ്മവെച്ച് അമ്മയുടെ മടിയില്‍ തലചായ്ക്കാമായിരുന്നു. അമ്മ എനിക്ക് അപ്പോൾ താരാട്ട് പാടിത്തരും. 'ഓമനത്തിങ്കള്‍ക്കിടാവോ..' അപ്പോള്‍ അമ്മയുടെ മുഖം കോമളത്താമരപ്പൂപോലെ...എനിക്ക് അത് മതിയാകുമായിരുന്നു...
ഓർമകളുടെ ഓരത്താണ് പ്രൊഫ. ബാബുതളിയത്ത്. അമ്മയെന്ന നഷ്ടസ്വപ്നത്തിനരികെ. ഒരു സിനിമയേക്കാൾ ഹൃദയം തൊടുന്ന രംഗങ്ങളുണ്ട് ഈ മകന്റെ ജീവിതത്തിൽ. കണ്ണീരും കളഞ്ഞുപോയ ബാല്യവും വെള്ളിത്തിരയിൽ മാത്രം കണ്ട അമ്മയുമെല്ലാം നിറയുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കാലം. ആദ്യമായി അമ്മയെ കണ്ടതുപോലും തിരശ്ശീലയിൽ. അതിനപ്പുറം എന്ത് ഉള്ളുപിളർക്കുന്ന വൈകാരികതയാണ് ഒരു മകന്റെ ജീവിതത്തിൽ സംഭവിക്കുക?
മലയാളസിനിമയിൽ ഒരുകാലം പാടിപ്പറന്ന മിസ്.കുമാരിയെന്ന നായികയാണ് ബാബുതളിയത്തിന്റെ അമ്മ. സിനിമയിൽ നിന്നും ജീവിതത്തിൽ നിന്നും പാതിവഴിക്ക് പറന്നുപോയ പൂങ്കുയിൽ. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ. സത്യനും നസീറും നിറഞ്ഞുനിന്ന കാലത്ത് സ്വന്തം ഇടം അടയാളപ്പെടുത്തിയ അഭിനേത്രി. 1969ല്‍ ജൂണില്‍ 37-ാം വയസ്സില്‍ മിസ് കുമാരി കഥാവശേഷയായപ്പോള്‍ മകന്‍ ബാബു തളിയത്തിന് മൂന്ന് വയസ്സ് തികഞ്ഞിട്ടില്ല. അതിനാല്‍ ബാബുവിന് അമ്മയെ ജീവനോടെ കണ്ട ഓർമയില്ല.
വെളുത്തതുണിയിൽ ആദ്യമായി കണ്ട അമ്മ
വീട്ടിലെ ആല്‍ബങ്ങളിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലാണ് അമ്മയുടെ മുഖം ആദ്യമായി കണ്ടത്. അതിന്റെ ഒരു നേരിയ ഓര്‍മ മാത്രമേ ബാബുവിനുള്ളൂ. 'അമ്മയുടെ തെളിഞ്ഞ മുഖവും ശാലീനതയും ആദ്യം കണ്ടത് ഏഴു വയസ്സുള്ളപ്പോഴാണ്. അതെന്റെ ഹൃദയത്തിലാണ് തൊട്ടത്..' ബാബു തളിയത്ത് ഓര്‍മിക്കുന്നു. അമ്മയെ ആദ്യമായി കണ്ടത് മിനി എന്നുപേരുള്ള തിയേറ്ററില്‍. 'നീലക്കുയില്‍' ആയിരുന്നു ചിത്രം.
അമ്മയുടെ ശബ്ദം ബാബു അന്ന് ആദ്യമായി കേട്ടു. ആത്മസാഫല്യത്തിന്റെ നിമിഷം. അമ്മയുടെ പുഞ്ചിരിയും നോട്ടവും സംഭാഷണങ്ങളും ആഴത്തില്‍ സ്പര്‍ശിച്ചു. ആയിരം വീണക്കമ്പികള്‍ മീട്ടുന്ന സ്വരമാധുരിയുടെ അന്തരീക്ഷം. ആഹ്ലാദത്തിമര്‍പ്പില്‍ തിയേറ്ററില്‍ ഇരുന്ന് തുള്ളിച്ചാടിയ നിമിഷം. 'മാനെന്നും വിളിക്കില്ല' എന്ന പാട്ടിന്റെ ഈണങ്ങള്‍ക്കൊപ്പം അമ്മയുടെ വ്യത്യസ്ത മുഖഭാവങ്ങള്‍ മിന്നി. ഒടുവില്‍ നായികയായ അമ്മയുടെ മൃതദേഹം ചിത്രത്തിലെ റെയില്‍പ്പാളത്തില്‍ കണ്ടപ്പോള്‍ മകന്‍ വാവിട്ട് കരഞ്ഞു. അടുത്തിരുന്ന മുത്തച്ഛന്റെ മടിയിലേക്ക് ഭയന്ന് വീണു. വീണ്ടും പൊട്ടിക്കരഞ്ഞു. മുത്തച്ഛന്റെ സാന്ത്വനസ്പര്‍ശത്തിലും പേരക്കുട്ടി വിറങ്ങലിച്ചു കിടന്നു.
വീട്ടില്‍ വന്നിട്ടും ഭയം മാറിയില്ല. ഇന്നും ബാബുവിന് ഓർമയുണ്ട് അത്. കഴിഞ്ഞ കാലം ഓര്‍മിക്കുമ്പോള്‍, ഇപ്പോഴും ബാബു തളിയത്ത് വികാരാധീനനാകും. കവിള്‍ത്തടങ്ങളിലൂടെ അടര്‍ന്നു വീഴുമായിരുന്നു കണ്ണീര്‍ത്തുള്ളികള്‍ നിയന്ത്രിച്ചുകൊണ്ട് ബാബു പറഞ്ഞു:
'നമ്മുടെ നാട്ടുകാരോട് ഞാന്‍ എന്നും കടപ്പെട്ടവനാണ്. മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എന്റെ അമ്മയോട് വാക്കുകള്‍ക്കതീതമായ ആത്മബന്ധമാണുള്ളത്. 'നീലക്കുയില്‍' കാണാത്ത യുവ തലമുറക്കാര്‍ക്ക് പോലും അമ്മയെക്കുറിച്ച് അറിയാം. അവർ ഹൃദയത്തോട് ചേര്‍ത്ത് സംസാരിക്കുന്നു.'
മിസ് കുമാരിയുടെ രണ്ട് 'മക്കൾ' മുഖാമുഖം
2025 ആഗസ്റ്റ് 18 ബാബുവിന്റെ ജീവിതത്തില്‍ മാത്രമല്ല മലയാള ചലച്ചിത്ര ലോകത്തും അപൂർവമായ ഒരു ഒത്തുചേരലിന്റെ ദിനമായിരുന്നു. പൂനെയിലെ നാഷണല്‍ ഫിലിം ആര്‍ക്കെവ്‌സ് മുന്‍കൈ എടുത്ത് നൂതന സാങ്കേതിക വിദ്യയിലൂടെ പുന:സൃഷ്ടിച്ച 'നീലക്കുയിലി'ന്റെ ഡിജിറ്റല്‍ പ്രിന്റിന്റെ ആദ്യ പ്രദർശനം കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്നു. കൊച്ചി ഫിലിം സൊസൈറ്റിയും ഫിലിം ആര്‍ക്കെവ്‌സും സഹകരിച്ച് നടത്തിയ പ്രദര്‍ശനം. ആ പ്രദര്‍ശനം കാണാന്‍ ബാബുതളിയത്ത് എത്തി.
ഏഴുവയസ്സിൽ അമ്മയെ ആദ്യമായി നേരിട്ടുകണ്ട മകന് ഇപ്പോൾ പ്രായം 53നോട് അടുക്കുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ ബാബു 'നീലക്കുയിൽ' കണ്ടിരിക്കെ കാലം പിറകോട്ടോടി. വെള്ളിത്തിരയിൽ ചെറുപ്പക്കാരിയായ മിസ് കുമാരി. മുന്നിലെ കാഴ്ചക്കാരിൽ തലനരച്ച മകൻ. 'അമ്മ മുന്നില്‍ നില്‍ക്കുന്നത് പോലെ'-ഈ വാചകത്തിലുണ്ടായിരുന്നു ബാബുവിന്റെ ഉൾത്തുടിപ്പുകൾ മുഴുവൻ.
അന്ന് മറ്റൊരു വിസ്മയത്തിനും വേദി സാക്ഷിയായി. 'നീലക്കുയിലി'ൽ മിസ് കുമാരിയുടെ മകനായി അഭിനയിച്ച നാല് വയസ്സുകാരനും ചിത്രം കാണാന്‍ എത്തിയിരുന്നു. വിപിന്‍മോഹന്‍ എന്ന ആ ബാലതാരത്തിന് ഇന്ന് വയസ്സ് 75. ബാബുതളിയത്തും വിപിന്‍ മോഹനും ജീവിതത്തില്‍ ആദ്യമായി മുഖാമുഖം കണ്ട നിമിഷം. മിസ് കുമാരിയുടെ രണ്ടുമക്കൾ അടുത്തടുത്തിരുന്ന് 'അമ്മ'യെ കണ്ടു. സ്ക്രീനിലെ മകനും ജീവിതത്തിലെ മകനും. സദസിനും അത് വൈകാരിക അനുഭവമായിരുന്നു.
അമ്മയെ തേടി ഒരു യാത്ര
എറണാകുളത്ത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു മിസ് കുമാരിയും ഭര്‍ത്താവ് ഹോര്‍മിസ് തളിയത്തും മൂന്ന് മക്കളും താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷം മിസ്‌കുമാരി അഭിനയിച്ചിട്ടില്ല. ഭര്‍ത്താവ് എഫ്.എ.സി.ടി.യില്‍ എഞ്ചിനീയറായിരുന്നു. മിസ്‌കുമാരിയുടെ മരണത്തിന് ശേഷം ബാബുവിനെയും രണ്ട് മൂത്ത സഹോദരന്മാരെയും മിസ് കുമാരിയുടെ പിതാവ് കെ.സി.തോമസ് ഭരണങ്ങാനത്തേക്ക് കൊണ്ടുപോയി. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട അല്‍ഫോണ്‍സാമ്മയുടെ നാടായ ഭരണങ്ങാനത്ത് മൂന്ന് കുട്ടികളും വളര്‍ന്നു, പഠിച്ചു.
ഭരണങ്ങാനത്തെ തറവാടിന്റെ പരിസരത്തായിരുന്നു മിനി തിയേറ്റര്‍. കെ.സി.തോമസ് മുന്‍കൈ എടുത്തു നിര്‍മ്മിച്ചതാണ്. തിയേറ്ററില്‍ 'നീലക്കുയില്‍' കണ്ടതിനുശേഷം ബാബുവിന്റെ പിന്നീടുള്ള വർഷങ്ങൾ അമ്മയുടെ ഓർമകൾക്ക് പിന്നാലെയുള്ള അന്വേഷണത്തിന്റേതായിരുന്നു. കുടുംബക്കാരില്‍ നിന്ന് അമ്മയെ കുറിച്ച് ചോദിച്ചറിഞ്ഞു.
'അമ്മയ്ക്ക് അമ്മയുടെ പിതാവിൽ നിന്ന് കിട്ടിയതാണ് കലാവാസന. നാടകത്തിൽ തത്പരനായിരുന്നു അദ്ദേഹം. ആദ്യകാലങ്ങളില്‍ അമ്മയും നാടകത്തില്‍ അഭിനയിച്ചിരുന്നു. മെല്ലെ സിനിമയില്‍ പ്രവേശിച്ചു. അമ്മയുടെ പിതാവ് വേണ്ടത്ര പ്രോത്സാഹനങ്ങള്‍ നല്‍കി. 'നീലക്കുയിലോ'ടെ അമ്മ പ്രശസ്തയായി. 1965ല്‍ വിവാഹിതയായപ്പോള്‍ അഭിനയം നിര്‍ത്തി. എറണാകുളത്തുള്ള വീട്ടില്‍ കുടുംബജീവിതം'-ബാബുവിന്റെ വാക്കുകൾ.
'അമ്മ എങ്ങനെ മരിച്ചു?അതൊരു ദുരൂഹമരണമായിരുന്നോ?'
ബാബു തളിയത്തുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ഈ ലേഖകന്‍ ചോദിച്ചു.
അദ്ദേഹത്തിന്റെ മനസ്സ് വേദനിക്കുന്നതായി തോന്നി. ഞാന്‍ പറഞ്ഞു: 'മനസ്സിനെ വേദനിപ്പിക്കുന്ന സംഭവമായതിനാല്‍ വിട്ടേക്കൂ.' ബാബു തളിയത്തിന്റെ ചുടുനിശ്വാസം എനിക്ക് അറിയാന്‍ കഴിഞ്ഞു.
'അഭിനയ ജീവിതത്തില്‍ അമ്മ നിരവധി ക്ലേശങ്ങള്‍ സഹിച്ചിട്ടുണ്ട്. അതൊക്കെ കഴിഞ്ഞ കഥ.' അദ്ദേഹം പറഞ്ഞു. 'വെള്ളിനക്ഷത്രമായിരുന്നു അമ്മയുടെ ആദ്യ ചിത്രം. പക്ഷെ അതില്‍ ചെറിയൊരു റോള്‍ മാത്രമായിരുന്നു. പിന്നീട് 'നല്ല തങ്കയിലും' അഭിനയിച്ചു. 'നീലക്കുയിലാ'ണ് അമ്മയുടെ സാന്നിദ്ധ്യം ചലച്ചിത്രവേദിയില്‍ ഉറപ്പിച്ചത്.' ബാബു തളിയത്ത് പറഞ്ഞു.
സംഭാഷണത്തിനിടയില്‍ ഞാന്‍ ചോദിച്ചു"
'അമ്മയുടെ പേര് ത്രേസ്യാമ്മ എന്നാണല്ലോ? എങ്ങനെയാണ് സിനിമയില്‍ എത്തിയപ്പോള്‍ മിസ്‌കുമാരി എന്ന പേര് കിട്ടിയത്?'
അക്കാലത്തെ പ്രശസ്ത നിർമാതാവ് കുഞ്ചാക്കോയോടൊപ്പം ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ച കെ.വി.കോശിയാണ് ആ പേര് നല്‍കിയത്. അങ്ങനെ മിസ്‌കുമാരി എന്ന പേരിന് ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ ലഭിച്ചു. ത്രേസ്യാമ്മ എന്ന പേര് ജനങ്ങളും നാട്ടുകാരും മറന്നു. നീലക്കുയിലിന് ശേഷം നിരവധി ചിത്രങ്ങളില്‍ അമ്മ അഭിനയിച്ചു. അവകാശി, പാടാത്ത പൈങ്കിളി, പൂത്താലി, സ്‌നാപക യോഹന്നാന്‍ എന്നിവ. ഏറെയും വേദനിക്കുന്ന സ്ത്രീകഥാപാത്രങ്ങൾ. ക്രമേണ 'ദുഃഖപുത്രി'യായി അമ്മ മാറി. കുഞ്ചാക്കോയുമായി ഇടയ്ക്ക് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായി അറിയാം. അതോടെ അമ്മ പിന്നീട് കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയുടെ ചിത്രങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ പി.സുബ്രഹ്മണ്യത്തിന്റെ മെരിലാന്‍ഡ് സ്റ്റുഡിയോയിലേക്ക് മാറി. പിന്നെ അവരുടെ ചിത്രങ്ങളിലാണ് അഭിനയിച്ചത്. വിവാഹത്തിന് ശേഷം എറണാകുളത്തേക്ക് മാറി- ബാബു തളിയത്ത് പറഞ്ഞു.
'കുഞ്ചാക്കോയുമായി അഭിപ്രായ വ്യത്യാസത്തിന് കാരണമെന്താണ്?'
ബാബു: അത് എനിക്കറിയില്ല. അമ്മയുടെ മരണത്തിന് ശേഷം എന്റെ പിതാവ് ഹോര്‍മിസ് തളിയത്ത് രണ്ടാം വിവാഹം നടത്തി എന്നറിയാം. വിശദാംശങ്ങള്‍ അറിയില്ല.'
'മിസ് കുമാരിയുടെ മകൻ' എന്ന മേൽവിലാസം
ഡിഗ്രി ജയിച്ച ശേഷം ബാബു തളിയത്ത് തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ ചേര്‍ന്നു. മെക്കാനിക്കല്‍ എൻജിനീയറിങ് ആണ് പഠിച്ചത്. 'ഈ ഘട്ടത്തില്‍ എനിക്ക് സാഹിത്യത്തിലും സിനിമയിലും അതിയായ താത്പര്യം തോന്നി. മാത്രമല്ല തിരുവനന്തപുരത്ത് അമ്മയ്ക്ക് വലിയൊരു ആരാധക വൃന്ദം ഉണ്ട് എന്ന കണ്ടെത്തൽ സിനിമയിലേക്ക് കൂടുതൽ അടുപ്പിച്ചു. 'മിസ് കുമാരിയുടെ മകന്‍ എന്ന നിലയില്‍ അത് വലിയൊരു അംഗീകാരത്തിന് വഴിയൊരുക്കി. 1985ല്‍ കോളേജ് മാഗസിന്റെ എഡിറ്ററായി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചതും അമ്മയുടെ ഗ്ലാമറിലായിരുന്നു.'-ബാബു തളിയത്ത് പറയുന്നു.
പ്രൊഫ.എം.കൃഷ്ണന്‍നായരുടെ സാഹിത്യ വാരഫലം 'മലയാള നാട്ടില്‍' പ്രസിദ്ധീകരിച്ചിരുന്നത് ആവേശപൂര്‍വം വായിക്കുമായിരുന്നു. ഓരോ ലക്കവും ആകാംക്ഷയോടെ കാത്തിരുന്നു. സാഹിത്യാസ്വാദനത്തില്‍ അത് വഴിത്തിരിവായി. പ്രശസ്ത വിദേശ എഴുത്തുകാരെക്കുറിച്ച് അറിയാന്‍ കഴിഞ്ഞു. അവരുടെ രചനകള്‍ തേടിപ്പിടിച്ച് വായിച്ചു. കൂടാതെ ജര്‍മന്‍ ഫിലോസഫര്‍മാരായ കീര്‍ക്ക് എഗാര്‍ഡ്, നീഷേ തുടങ്ങിയവരെക്കുറിച്ച് വായിച്ചു. ജര്‍മ്മന്‍ ഭാഷയും ഫിലോസഫിയും പഠിക്കാന്‍ അത് വഴിയൊരുക്കി.
ഒരുകാലത്ത് അമ്മ അടക്കിവാണ സിനിമാലോകത്തോടുള്ള ഇഷ്ടം ബാബു തളിയത്തിനെ എത്തിച്ചത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം ആസ്വാദന കോഴ്‌സിലേക്കാണ്. പഠനകാലത്ത് നിരവധി ഇന്ത്യന്‍ - വിദേശ ചിത്രങ്ങള്‍ കാണാനും മനസ്സിലാക്കാനും കഴിഞ്ഞത് വലിയൊരു നേട്ടമായി ബാബു തളിയത്ത് വിശേഷിപ്പിക്കുന്നു. തിരക്കഥയെക്കുറിച്ച് ക്ലാസെടുത്ത പ്രൊഫ. സതീഷ് ബഹദൂറിന്റെ ലക്ചറുകള്‍ അവിസ്മരണീയമായിരുന്നുവെന്ന് ബാബു പറയുന്നു. 'നീലക്കുയിലി'ന്റെ ഡിജിറ്റല്‍ പ്രിന്റിലേക്ക് എത്താൻ വഴിയൊരുക്കിയത് ആര്‍ക്കെവ്‌സ് ക്യൂറേറ്റര്‍ ആയിരുന്ന പി.കെ. നായരാണ്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. ഇന്ന് ഫിലിം ആര്‍ക്കെവ്‌സിന് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. പി.കെ.നായർ തുടങ്ങിയ ദൗത്യത്തിന്റെ സാക്ഷാത്കാരമാണ് ഇപ്പോഴത്തെ ഡിജിറ്റല്‍ പ്രിന്റുകള്‍. പൊടിഞ്ഞു പോകുമായിരുന്ന പഴയ പ്രിന്റുകള്‍ക്ക് പുതുജീവന്‍ ലഭിക്കാന്‍ വഴിയൊരുക്കിയ അദ്ദേഹത്തെ സാഷ്ടാംഗം നമിക്കുന്നു.'- ബാബു തളിയത്ത് പറഞ്ഞു.
അമ്മ വീട് തേടി..
ജർമൻ ഭാഷയിൽ പ്രാവീണ്യം നേടിയ ബാബു തളിയത്ത് പിന്നീട് ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ജര്‍മ്മന്‍ സ്റ്റഡീസ് വിഭാഗത്തില്‍ പ്രൊഫസറായി നിയമനം നേടി. വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും അതിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായപ്പോഴും അമ്മയുടെ ആത്മാവ് തേടിയുള്ള യാത്രയായിരുന്നു, ബാബു തളിയത്ത്. അത് ഇപ്പോഴും തുടരുന്നു. അമ്മയെക്കുറിച്ച് അറിയാത്ത അധ്യായങ്ങള്‍ ഇനിയും ഉണ്ടാകും. അത് കണ്ടെത്തണം.
അമ്മയുടെ ജീവിതത്തെക്കുറിച്ച് മകന്‍ എഴുതിയ പുസ്തകമാണ് 'അമ്മ വീട്.' പുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം വായനക്കാരെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു. 'അമ്മയെ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത ഓര്‍മ്മകള്‍ എനിക്കില്ല. അമ്മയുടെ മരണശേഷം അമ്മവീടായ ഭരണങ്ങാനത്തെ കൊല്ലംപറമ്പില്‍ തറവാട്ടില്‍ എത്തുമ്പോഴാണ് വ്യക്തമായ ഓര്‍മ്മകള്‍ തുടങ്ങുന്നത്. അമ്മയെ അടുത്തറിഞ്ഞവരിലൂടെ ഞാന്‍ അമ്മയെ തേടുന്നത്.'
(അടുത്ത ലക്കത്തില്‍ 'അമ്മ വീടും ഒരു മകനും')