ബാഹുബലിയിലൂടെ ഇന്ത്യന്‍ വാണിജ്യസിനിമയുടെ സൂപ്പര്‍ഹീറോയായി മാറിയ പ്രഭാസ്, 'സലാര്‍', 'കല്‍ക്കി 2898 എഡി' എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലെത്തിരിക്കുകയാണ് 'ദ് രാജാ സാബി'ലൂടെ. എന്നാല്‍ മാരുതി സംവിധാനം ചെയ്ത രാജാ സാബ് ഒരു രാജകീയ അനുഭവത്തിന് പകരം നിരാശയുടെ നിഴലാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. ഹൊററും ഫാന്റസിയും കോമഡിയും കൂട്ടിക്കലര്‍ത്താനുള്ള ശ്രമം വലിയ പരാജയമായി മാറുന്ന ദയനീയ കാഴ്ചയാണ് തിയേറ്ററിൽ.
ഒരു പഴയ കാട്ടിലെ കൊട്ടാരവും അവിടെ കുടുങ്ങിക്കിടക്കുന്ന ദുര്‍മന്ത്രവാദിയും (സഞ്ജയ് ദത്ത്) അയാളെ നേരിടാന്‍ എത്തുന്ന നായകനും - ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആശയപരമായ തലത്തില്‍ ചില സാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും, തിരക്കഥയിലെ പാളിച്ചകള്‍ ചിത്രത്തെ ഒരു സര്‍ക്കസ് പോലെയാക്കി. യുക്തിക്ക് നിരക്കാത്ത സംഭവവികാസങ്ങളും അനാവശ്യമായ ദൈര്‍ഘ്യവുമാണ് ചിത്രത്തിന്റെ പ്രധാന വില്ലന്മാര്‍.
ചിത്രത്തിന്റെ ഭാരം മുഴുവന്‍ സ്വന്തം തോളിലേറ്റാന്‍ പ്രഭാസ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. മാസ് ആക്ഷന്‍ നായകനായും പ്രണയാതുരനായ യുവാവായും അദ്ദേഹം പകര്‍ന്നാടുന്നുണ്ടെങ്കിലും ദുര്‍ബലമായ തിരക്കഥ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ നിഷ്പ്രഭമാക്കുന്നു. നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ എന്നിങ്ങനെ മൂന്ന് നായികമാര്‍ ചിത്രത്തിലുണ്ടെങ്കിലും അവര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല എന്നത് ഖേദകരമാണ്.
ചിത്രത്തിന്റെ രണ്ടാം പകുതി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ പല രംഗങ്ങളും ബോധപൂര്‍വമല്ലാതെതന്നെ പരിഹാസ്യമായി മാറി. ബൊമന്‍ ഇറാനി അവതരിപ്പിക്കുന്ന പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററുടെ കഥാപാത്രം വരുന്നതോടെ ചിത്രം കൂടുതല്‍ അവ്യക്തതയിലേക്ക് നീങ്ങുന്നു. സെല്‍ഫ് ഹിപ്‌നോസിസ് പോലുള്ള വിചിത്രമായ വഴികളിലൂടെയാണ് നായകന്‍ വില്ലനെ നേരിടുന്നത്.
ചുരുക്കത്തില്‍, നല്ല കൊച്ചു മകന്‍, സ്‌നേഹനിധിയായ മുത്തശ്ശി (സെറീന വഹാബ്), പ്രേതബാധയുള്ള കൊട്ടാരം, പിന്നെ കുറെ നായികമാര്‍ - ഇതെല്ലാം കൂടി ചേര്‍ത്തുവച്ച അവിയലാണ് രാജാ സാബ്. സിനിമയുടെ ദൈര്‍ഘ്യം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നു. പ്രഭാസിന്റെ കടുത്ത ആരാധകനാണെങ്കില്‍ ചിത്രം കണ്ടോളൂ. അതല്ല, നല്ലൊരു സിനിമാനുഭവമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ രാജാ സാബ് നിങ്ങളെ തീര്‍ച്ചയായും നിരാശയിലേക്കു നയിക്കും.