'സർവ്വം മായ' പോസ്റ്റർ അറേഞ്ച്ഡ്
Reviews

സർവ്വം മനോഹരം, മായയും മന്ത്രവുമായി നിവിന്റെ മടങ്ങിവരവ്

ശരവണൻ രാമകൃഷ്ണൻ

നാടിന്റെ നിർമലതയും നാട്യങ്ങളില്ലാത്ത മനുഷ്യരുമാണ് സത്യൻ അന്തിക്കാട് സിനിമകളുടെ ആത്മാവ്. പുതിയ കാലത്ത് നാടും മനുഷ്യരും മാറിയതനുസരിച്ച് കഥപറച്ചിലിൽ മാറ്റം കൊണ്ടുവന്നതിലാണ് മകൻ അഖിൽ സത്യന്റെ വിജയം. ഇവിടെ ആത്മാവ് മാറുന്നില്ല. അന്തിക്കാട് യൂണിവേഴ്സിൽ നിന്നുള്ള ചിത്രം തന്നെയാണ് സർവ്വം മായ. സ്വസ്ഥമായിരുന്ന് ആസ്വദിക്കാവുന്ന, മനസ്സിനോട് അടുക്കുന്ന ചിത്രം.

ഹിറ്റായ ഒരു പഴകാല മലയാളസിനിമാഗാനത്തോടെയാണ് സിനിമയുടെ ഓപ്പണിങ് സീൻ. കണ്ടും കേട്ടും മലയാളിയുടേതായ ഗൃഹാതുര ഓർമകളിലേക്കുള്ള തിരിച്ചുപോക്കാണ് കഥയുടെ ലക്ഷ്യമെന്ന് അവിടെ വ്യക്തമാകുമെങ്കിലും ജെൻ സി എലമെന്റുകളെ ആവോളം ആവാഹിക്കുന്നുണ്ട് അഖിൽ സത്യൻ. ഒരു മ്യൂസിക്കൽ ട്രൂപ്പിൽ ഗിറ്റാറിസ്റ്റായ പ്രഭേന്ദുവാണ് കേന്ദ്ര കഥാപാത്രം. അച്ഛനുമായി അകൽച്ചയിലായ പ്രഭ ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ ഇല്ലത്തേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് നേരിടുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളുമാണ് സിനിമ. അവിശ്വാസിയായ പൂജാരിയായ പ്രഭയ്ക്കൊപ്പം ചേരുന്ന ഡിലുലു (Dilulu- കഥാപാത്രത്തെപ്പറ്റി സിനിമ കണ്ട് കൂടുതൽ അറിയുന്നതാണ് നല്ലത്) കഥയുടെ രസച്ചരടിനെ കൂടുതൽ ബലപ്പെടുത്തുന്നു.

'സർവ്വം മായ' പോസ്റ്റർ

സ്വാഭാവിക നർമത്തിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നിവിൻ പോളിയുടെ ഒന്നാന്തരം തിരിച്ചുവരവാണ് ചിത്രം. ചെറിയ ഭാവമാറ്റത്തിലൂടെ പോലും വലിയ ചിരിയുണ്ടാക്കാൻ കഴിയുന്ന നിവിൻ, പ്രഭയെന്ന കഥാപാത്രത്തെ ഒട്ടും ഏറ്റകുറച്ചിലില്ലാതെ, സുന്ദരമായി അവതരിപ്പിച്ചിട്ടുണ്ട്. സ്‌ക്രീനിൽ എപ്പോഴും കാണാൻ മലയാളിയ്ക്ക് ഇഷ്ടമുള്ള നിവിൻ - അജു കോമ്പോ ഇവിടെയും കയ്യടി നേടുന്നു. വലിയ പൊട്ടിച്ചിരി തരുന്ന ചിത്രമല്ല സർവം മായ. ചെറിയ ചിരിയിലൂടെയും പച്ചപ്പുള്ള നാട്ടുകാഴ്ചയിലൂടെയും കഥപറഞ്ഞ് ആഴത്തിലേക്ക് ഇറങ്ങുന്ന അനുഭവമാണ്. അഖിൽ സത്യന്റെ ലക്ഷ്യം കുടുംബ പ്രേക്ഷകരാണ്. കുടുംബ ബന്ധത്തിന്റെ വിലയും ഒഴുക്കുള്ള കഥയും ആക്ഷനും ഇമോഷനുമൊക്കെയായി തന്റെ ലക്ഷ്യം ഭംഗിയായി നിറവേറ്റിയിട്ടുണ്ട് അദ്ദേഹം.

'സർവ്വം മായ' പോസ്റ്റർ

കനമുള്ളൊരു കാറ്റുപോലെയും ഒപ്പമൊരു കൂട്ടായും കഥയിൽ ഉടനീളം നിറയുന്ന റിയ ഷിബുവിന്റെ ഡിലുലു പ്രേക്ഷകന്റെ ഫേവറൈറ്റ് ആവുന്നതും സിനിമയുടെ പ്ലസ് പോയിന്റാണ്. ഇമോഷണൽ രംഗങ്ങളിലെ കയ്യടക്കവും സംഭാഷണവും എടുത്തുപറയേണ്ടതാണ്. ബന്ധങ്ങളെപ്പറ്റിയും, ജീവിതത്തെപ്പറ്റിയുമൊക്കെ ലളിതസുന്ദരമായി പറഞ്ഞു വെക്കുന്നുണ്ട് അഖിൽ.

ഞാൻ പ്രകാശൻ, ഹൃദയപൂർവം, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ സിനിമികളിലെ കഥപറച്ചിൽ രീതിയും ടെംപ്ളേറ്റുമാണ് ഇവിടെയും. ജസ്റ്റിൻ പ്രഭാകരന്റെ സംഗീതവും സിനിമയുടെ മുതൽക്കൂട്ടാണ്. അന്തിക്കാട് യൂണിവേഴ്സിലെ മാറ്റിനിർത്താൻ പറ്റാത്ത ഫാക്ടറായി ജസ്റ്റിൻ മാറിയിട്ടുണ്ട്. ഒറ്റപ്പാലത്തിന്റെ ഭംഗി സ്‌ക്രീനിൽ നിറച്ചുവെച്ച ശരൺ വേലായുധൻ ഫ്രെയിം ഫ്രഷ്നെസ് നൽകുന്നു. ജനാർദ്ദനൻ, രഘുനാഥ് പാലേരി, മധു വാര്യർ, അൽഫോൻസ് പുത്രൻ, പ്രിയ വാര്യർ, അൽത്താഫ് സലിം തുടങ്ങിയവരും പ്രകടന മികവോടെ സിനിമയിലുണ്ട്. പ്രീതി മുകുന്ദൻ അവതരിപ്പിച്ച സാൻധ്യയുടെ കഥാപാത്രസൃഷ്ടി മാത്രമാണ് അല്പം പിന്നിലേക്ക് പോയത്.

'സർവ്വം മായ' പോസ്റ്റർ

പൂക്കിയും ഡെലുലുവും അരങ്ങുവാഴുന്ന ഇന്ന് ഒറ്റപ്പാലത്തെ മനയും കുറച്ച് മനുഷ്യരെയും കൂട്ടിച്ചേർത്ത് മനസ് നിറയ്ക്കുന്ന കഥ ഒരുക്കിയെന്നതിലാണ് അഖിലിന്റെ മികവ്. ഒരു സിനിമ കണ്ടുകഴിയുമ്പോൾ മനസ് നിറയുന്നതുപോലെ തോന്നുന്നെങ്കിൽ, പിന്നെയും അതിനെപ്പറ്റി ചിന്തിക്കുന്നുവെങ്കിൽ ചിത്രത്തിന്റെ ഇമോഷൻസ് നിങ്ങളുടേതും കൂടി ആയെന്നാണ് അർത്ഥം. സർവ്വവും ഭദ്രമാക്കി ലളിതവും സുന്ദരവുമായി സ്‌ക്രീനിൽ നിറയുന്ന ചിത്രം- സർവ്വം മായ.