സരോജ് കുമാർ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയാണ് മോഹൻലാലിനും ശ്രീനിവാസനുമിടയിലുള്ള സൗഹൃദത്തിൽ വിള്ളിൽ വീഴ്ത്തിയതെന്നത് പരസ്യമായ രഹസ്യമാണ്. ധ്യാൻ ശ്രീനിവാസൻ തന്നെ അതേക്കുറിച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്: 'തിരിച്ചറിവില്ലാത്തതുകൊണ്ടാണ് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒരു പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. പ്രത്യേകിച്ച് സരോജ്കുമാർ എന്ന സിനിമയ്ക്ക് ശേഷം അച്ഛനും മോഹൻലാലിനുമിടയിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണ സ്ഥിതിക്ക് അച്ഛൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായം.'
പക്ഷേ അടുപ്പം ശക്തമായിരുന്ന കാലത്ത് ആരെക്കുറിച്ചുമെന്നപോലെ ലാലിനെക്കുറിച്ചും ശ്രീനി കഥകളുണ്ടാക്കിയിരുന്നു. പക്ഷേ അക്കഥകളിലൊന്നും സരോജ്കുമാറിനെപ്പോലെയായിരുന്നില്ല ലാൽ. സെറ്റുകളിലെ നിർദോഷഫലിതത്തിനുമപ്പുറം വളർന്നുവളർന്ന് അവയൊരു ലാൽഛായ ആരോപിക്കപ്പെടുന്ന സിനിമയായി മാറാനുണ്ടായ കാരണം ഇന്നും അജ്ഞാതം. ഒരുപക്ഷേ ലാലിനും ശ്രീനിക്കും മിക്കവാറും സത്യൻ അന്തിക്കാടിനുമറിയാമായിരിക്കും അത്.
ലാൽക്കഥകളുടെ നിർമിതിയിൽ പലപ്പോഴും ശ്രീനിവാസനൊപ്പം ഇന്നസെന്റും ചേരും. ഇരട്ടിമധുരം എന്ന് പറയുംപോലെ ഇരട്ടിഫലിതമായിരിക്കും ഫലം. അത്തരത്തിലൊരു കഥ ഇങ്ങനെയാണ്.
ലാലിന്റെ പുരാവസ്തുകമ്പം പ്രശസ്തമാണല്ലോ. സരോജ് കുമാറിലേക്ക് ശ്രീനി എടുത്തുചേർത്ത ഒരു ചേരുവ ഇതായിരുന്നു. 25 വർഷം മുമ്പ് ലാൽ 15ലക്ഷം രൂപ മുടക്കി തടിയിൽ തീർത്ത ഒരാനയെ വാങ്ങി. അന്നത് സിനിമാസെറ്റുകളിലെ ചർച്ചയുമായി. പക്ഷേ ഈ സത്യകഥയെ ശ്രീനി ഇന്നസെന്റിനെക്കൂടി കഥാപാത്രമാക്കി സ്വതസിദ്ധമായ ശൈലിയിൽ പൊലിപ്പിച്ചു.
ലാൽ ആനയെവാങ്ങിയ ശേഷം പോകുന്ന ലൊക്കേഷനുകളിലെല്ലാം ഒരാൾ പിന്നാലെയുണ്ടാകും. അവിടവിടെ പരുങ്ങി നില്കും. ആരാണെന്നറിയില്ല. ആരോടും ഒന്നും സംസാരിക്കാറില്ല. ലാലിനെത്തന്നെ നോക്കിനില്കുന്നതുകാണാം. പക്ഷേ അടുത്തേക്ക് ചെല്ലുകയോ മിണ്ടുകയോ ഫോട്ടോയെടുത്തോട്ടെ എന്ന് ചോദിക്കുകയോ ചെയ്യുന്നില്ല. ലാൽ ലൊക്കേഷനിലുള്ള നേരത്തോളം ചുറ്റിത്തിരിയും. ലാൽ പോയാൽ പിന്നെ അയാളെയും കാണില്ല. ആരാണിയാൾ?
ഒടുവിൽ ഇന്നസെന്റ് അന്വേഷണഉദ്യോഗസ്ഥന്റെ വേഷം എടുത്തണിഞ്ഞു. അപരിചതനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടങ്ങി. കുറേനേരം തിരിച്ചുംമറിച്ചും ചോദിച്ചപ്പോഴാണ് ആ സത്യം വെളിപ്പെട്ടത്. വന്നയാൾ ലാൽ വാങ്ങിയ ആനയുടെ പാപ്പാനാണ്. ഞെട്ടിക്കുന്ന ഒരു വിവരം അയാൾ പങ്കുവയ്ക്കുകയും ചെയ്തു. ആന ഗർഭിണിയാണ്. അതിന് ഇടയായ സംഭവം നടന്നത് പഴയ ഉടമയുടെ കാലത്താണ്. അതുകൊണ്ട് ലാലിന്റെ ആനയ്ക്കുണ്ടാകുന്ന കുട്ടിയെ കിട്ടണമെന്നാണ് ഉടമയുടെ വാദം. അതിനായി പാപ്പാനെ പറഞ്ഞയച്ചിരിക്കുകയാണ്!
അപ്പോൾ ശ്രീനി രംഗപ്രവേശം ചെയ്തിട്ട് പാപ്പനോട് ഇങ്ങനെ പറഞ്ഞത്രേ: 'ലാലിന് ആനയെ വാങ്ങിയപ്പോൾ മറ്റൊന്നുകൂടി കിട്ടി. ആനയുടെ ജാതകം!. "പാപ്പാനെ പിന്നെ അവിടെയെങ്ങാനും കണ്ടോ എന്നറിയില്ല.
ഏതാണ്ട് ഇത്തരത്തിലാണ് എല്ലാ കഥകളുടെയും പരിണാമഗുപ്തി. ശ്രീനിയുമായി അതിന്റെ പേരിൽ ഗുസ്തി പിടിക്കാൻ പോയാൽ അടുത്ത കഥയുടെ പ്രഹരശേഷി കൂടും എന്നുള്ളത് നന്നായി അറിയാവുന്നതിനാൽ അതിലെ കഥാപാത്രങ്ങളെല്ലാം 'ഇര'യുടെ വേദന ഉള്ളിലൊതുക്കി ചിരിക്കും.
സുരേഷ് ഗോപി മന്ത്രിയാകുന്നതിന് മുമ്പ് പോലീസുകാരനായി സ്ക്രീനുകളെ തീപിടിപ്പിച്ചിരുന്ന കാലം. പക്ഷേ കാക്കിക്കുള്ളിൽ അന്നേയുണ്ടായിരുന്നു മണ്ണിനെയും മനുഷ്യനെയും മരങ്ങളെയും സ്നേഹിക്കുന്ന മനസ്സ്. നാളെ രാഷ്ട്രീയക്കാരനായേക്കാം എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അഭിമുഖങ്ങളിലെ ചില അഭിപ്രായപ്രകടനങ്ങൾ. പതിവുസിനിമാക്കാരിൽ നിന്നും സുരേഷ് ഗോപിയെ വ്യത്യസ്തനാക്കിയിരുന്നതും ഇത്തരം സിനിമേതര ഡയലോഗുകൾ തന്നെ. ഇന്ന് ടി.വി ചാനലുകളുടെ മൈക്കുകൾക്ക് മുന്നിൽ പറയുന്നതുപോലുള്ള പലതും സുരേഷ് ഗോപി അക്കാലത്ത് പത്രങ്ങളുടെയും സിനിമാവാരികകളുടെയും ലേഖകരോട് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 'ബൈറ്റ്' എന്ന വാക്ക് പ്രചാരത്തിലില്ലാതിരുന്ന കാലമായതുകൊണ്ട് സുരേഷിന്റെ വാക്കുകൾ തിരിഞ്ഞുകടിച്ചില്ലെന്നുമാത്രം. പക്ഷേ ശ്രീനിവാസൻ അതിനെയും എടുത്ത് തമാശയാക്കി.
അന്നൊക്കെ സുരേഷ് ഗോപി അഭിമുഖങ്ങളിൽ വാചാലനായിരുന്ന വിഷയങ്ങളിലൊന്ന് പ്രകൃതി സ്നേഹമാണ്. വനങ്ങൾ നശിക്കുന്ന വർത്തമാനകാലത്ത് എവിടെയെങ്കിലുമൊക്കെ കുറേ സ്ഥലം വാങ്ങി നിറയെ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മരങ്ങൾ നടുന്ന കാര്യം എല്ലാവരും പറയാറുണ്ടെങ്കിലും സുരേഷിന്റെ മോഹത്തിൽ തഴച്ചുവളർന്നുനിന്നത് മറ്റൊരു പ്രത്യേകതയാണ്. വച്ചുപിടിപ്പിക്കുന്ന മരങ്ങൾക്കെല്ലാം നെൽസൺ മണ്ടേല,എബ്രഹാം ലിങ്കൺ,ലാൽ ബഹദൂർ ശാസ്ത്രി എന്നൊക്കെയായിരിക്കും പേരുകൾ.
'മണ്ടേലക്ക് മണ്ഡരിബാധയുണ്ടായോ,ശാസ്ത്രിക്ക് ചാണകമിട്ടോ,ലിങ്കൺ കായ്ച്ചോ എന്നൊക്കെ ചോദിക്കാൻ ഹാ...എന്തുരസമായിരിക്കും' എന്നായിരുന്നു ഇതേക്കുറിച്ച് കേട്ടപ്പോൾ ശ്രീനിയുടെ കമന്റ്. സുരേഷിന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞവരോടെല്ലാം തന്റെ ആഗ്രഹം പങ്കുവയ്ക്കുക കൂടി ചെയ്തു,ശ്രീനി.
'ബാങ്കിൽ നിറയെ കാശുണ്ടാകുന്ന കാലത്ത് ഞാനും കുറച്ചുസ്ഥലം മേടിക്കും. എന്നിട്ട് അവിടെ നിറയെ മരങ്ങൾ വച്ചുപിടിപ്പിക്കും. എല്ലാത്തിന്റേയും പേര് ഒന്നുതന്നെയായിരിക്കും-സുരേഷ് ഗോപി!' നിയമപ്രകാരമുള്ള മുന്നറിയിപ്പായി ഒരുവാചകം ശ്രീനി നിർബന്ധമായും ചേർക്കുന്നു. 'ഇത് സുരേഷ് ഗോപിയോടുള്ള ബഹുമാനം കൊണ്ടാണ്. അദ്ദേഹത്തിന്റെ അഭിനയവുമായി ഇതിന് യാതൊരു ബന്ധവുമില്ല...'
ജയറാമിനെക്കുറിച്ചുള്ളവയിൽ ഏറ്റവും പോപ്പുലറായ ഒരെണ്ണം സാരോപദേശകഥയാണ്. ജയറാം അന്ന് മദ്രാസിലാണ് താമസം. സിനിമയിൽ പേരെടുത്തുകഴിഞ്ഞ സമയം. ദിവസവും വീട്ടിൽ കഥ പറയാൻ കുറഞ്ഞത് അഞ്ച് സംവിധായകരും തിരക്കഥാകൃത്തുക്കളുമെത്തും. എല്ലാകഥകളും ഒരേതരത്തിലുള്ളവ. തനിക്ക് ഒട്ടും യോജിക്കാത്തതാണെന്ന് ആദ്യവരി കേൾക്കുമ്പോഴേ ജയറാമിന് മനസ്സിലാകും. പക്ഷേ എന്തുചെയ്യാൻ? ആദ്യത്തെകൂട്ടരെ ഒരുവിധം പറഞ്ഞയച്ചുകഴിയുമ്പോൾ ദാ,ഗേറ്റിന് പുറത്തുനില്കുന്ന അടുത്ത ടീം.
ജയറാം ഈ സങ്കടം ശ്രീനിവാസനോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒരു സെൻഗുരു ഉപദേശിക്കുന്നതുപോലെ ശ്രീനി ജയറാമിന് പോംവഴി പറഞ്ഞുകൊടുത്തു. 'കഥ പറയാൻ വരുന്നവരോട് ആദ്യം സ്വന്തം ജീവിതകഥ പറയുക. അതിനുശേഷം ഇങ്ങനെ ഉപസംഹരിക്കുക. ഒരുപാട് പാടുപെട്ടാണ് പെരുമ്പാവൂരിൽ നിന്ന് ഇവിടെ മദ്രാസിൽ എത്തിയത്. ദയവായി എന്നെ പെരുമ്പാവൂരേക്ക് മടക്കി അയയ്ക്കരുത്.....'
(തുടരും)