ശ്രീനിവാസൻ സിനിമകൾക്കുവേണ്ടിയെഴുതിയ കഥകളേക്കാൾ കൂടുതൽ സിനിമാക്കാരെക്കുറിച്ച് മെനഞ്ഞിട്ടുണ്ട്. അതിൽ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ നായകന്മാരാണ്. ചിലപ്പോഴൊക്കെ തളത്തിൽദിനേശനെപ്പോലെ തന്നെത്തന്നെയും പ്രധാനകഥാപാത്രമാക്കി. എഴുതാതെ പോലെ ആയിരം തിരക്കഥകളാണ് മലയാളസിനിമകൾക്കുള്ള എന്റെ സംഭാവന എന്നു പറഞ്ഞയാൾ ഇങ്ങനെ അനേകായിരം കഥകളാണ് സഹപ്രവർത്തകരെക്കുറിച്ചും തന്നെക്കുറിച്ചും മലയാളത്തിന് സംഭാവന ചെയ്തത്.
മമ്മൂട്ടിയും മോഹൻലാലുമെല്ലാം ശ്രീനിക്കഥകളെ അതിന്റെ എല്ലാവിധ രസങ്ങളോടെയും ആസ്വദിച്ചു. തങ്ങളെക്കുറിച്ച് എന്തുകഥയും പറയാനുള്ള സ്വാതന്ത്ര്യം അവർ ശ്രീനിവാസന് അനുവദിച്ചുകൊടുത്തു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇങ്ങനെ പരിധിയില്ലാത്ത കഥപറച്ചിൽസ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയ മറ്റൊരാൾ മുകേഷാണ്. പക്ഷേ മുകേഷ് കഥകളേക്കാൾ ശ്രീനിയുടെ കഥകളെ വേറിട്ടുനിർത്തുന്നത് അതിലെ തനി'ശ്രീനിടച്ച്' തന്നെ.
സിനിമയിൽ ദാസനും വിജയനുമായിരുന്നെങ്കിലും ശ്രീനിവാസൻ മോഹൻലാലിനെക്കാൾക്കൂടുതൽ കഥകളുണ്ടാക്കിയത് മമ്മൂട്ടിയെക്കുറിച്ചാണ്. ആഴത്തിലുള്ള ആത്മബന്ധമാണ് അവരുടേത്. അതിന്റെ മൂശയിൽനിന്നാണ് ശ്രീനി മമ്മൂട്ടിക്കഥകൾ മെനഞ്ഞതും. 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന സിനിമയുടെ സെറ്റിൽവച്ചാണ് മമ്മൂട്ടിയും ശ്രീനിവാസനും പരിചയക്കാരാകുന്നത്. തന്റെ സ്വപ്നങ്ങൾ വാങ്ങാൻ ആരെങ്കിലുമുണ്ടാകുമോ എന്നന്വേഷിച്ച് ചെമ്പ് എന്ന നാട്ടിൻപുറത്തുനിന്ന് എത്തിയ ചെറുപ്പക്കാരനെ ശ്രീനിവാസനിലെ ദീർഘദർശി കണ്ടെത്തി. മമ്മൂട്ടി തന്നെ അതേപ്പറ്റി പലപ്പോഴും വാചാലനായിട്ടുണ്ട്.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീനിവാസന്റെ അധ്യാപകനായിരുന്ന പ്രഭാകരൻ മാസ്റ്ററും മറ്റുചിലരും ചേർന്നാണ് കെ.ജി.ജോർജിന്റെ 'മേള'യുടെ നിർമാണം ഏറ്റെടുത്തത്. അതിൽ ഒരു സർക്കസുകാരന്റെ വേഷമുണ്ടെന്നറിഞ്ഞ ശ്രീനി മമ്മൂട്ടിയുടെ പേര് നിർദേശിക്കുകയായിരുന്നു. ശ്രീനിവാസൻ മലയാളസിനിമയ്ക്ക് നല്കിയ സംഭാവനകളിൽ അങ്ങനെ മമ്മൂട്ടി എന്ന പേരും അടയാളപ്പെട്ടുകിടക്കുന്നു.
ഇത്രയും തീവ്രതയോടെയുള്ള സൗഹൃദംകൊണ്ടാകാം ക്ഷിപ്രകോപിയെന്ന് പേരുകേട്ട മമ്മൂട്ടി ശ്രീനിവാസന്റെ ഭാവനാസൃഷ്ടികളെ വിടർന്നചിരിയോടെ സ്വീകരിച്ചത്. രചന-ശ്രീനിവാസൻ,നായകൻ-മമ്മൂട്ടി എന്ന് ക്രെഡിറ്റ് കാർഡിലെഴുതാവുന്ന കഥകളിലെ ഒരെണ്ണം ഇങ്ങനെ:
ഒരുകാലത്ത് രജനീകാന്ത് സിനിമകളുടെ പേര് അവയിലെ അദ്ദേഹത്തിന്റെ നായകന്റെ പേര് തന്നെയായിരുന്നു. മുത്തു,അരുണാചലം,ബാഷ എന്നിങ്ങനെ അത് നീളുന്നു. രജനി തന്നെയാണ് അതിനായി നിർബന്ധം പിടിച്ചിരുന്നത്. ഇതുകണ്ടപ്പോൾ മമ്മൂട്ടിക്കും ഒരാഗ്രഹം. 'ഇനിമുതൽ കുറച്ചുനാളത്തേക്ക് എന്റെ സിനിമകൾക്ക് എന്റെ കഥാപാത്രത്തിന്റെ പേരിടാം'. സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണസമയമാണത്. ഇനിയും പേരായിട്ടില്ല. സംവിധായകൻ പേരിന്റെ പേറ്റുനോവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ ഒരു സസ്പെൻസ് പോലെ മമ്മൂട്ടി തന്റെ മനസ്സിലെ ആഗ്രഹം സത്യനോട് വെളിപ്പെടുത്തി.
ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് 'ഹരീന്ദ്രൻ' എന്നാണ്. മഴകാത്തുകഴിയുന്ന വേഴാമ്പലിനെപ്പോലെ പേരിനായി വിവശരായി ആകാശംനോക്കിനിന്ന സത്യന്റെയും സംഘത്തിന്റെയും മുന്നിലേക്ക് മമ്മൂട്ടിയുടെ നാവിൽ നിന്ന് അത് അടർന്നുവീണു- 'ഹരീന്ദ്രൻ എന്ന പൗരൻ!' സത്യൻ നുണ പറയാത്ത ആളായതുകൊണ്ട് മമ്മൂട്ടിയുടെ മുഖത്തേക്ക് അന്തിക്കാട്ടുകാരന്റെ ഗ്രാമീണ നിഷ്കളങ്കതയോടെ ഒന്ന് നോക്കി. മമ്മൂട്ടിക്ക് കാര്യം പിടി കിട്ടി. അഴകിയ രാവണനിൽ ശ്രീനി മമ്മൂട്ടിയുടെ ശങ്കർദാസിനുവേണ്ടി എഴുതിയ സംഭാഷണത്തിലെപ്പോലൊന്ന് അദ്ദേഹത്തിൽ നിന്ന് ആത്മഗതം പോലെ ഉയർന്നുകാണണം: 'ഇതുതന്നെ വേണമെന്നില്ല...ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ള മാറ്റങ്ങളെല്ലാം വരുത്താം..'
ശ്രീനിവാസന്റെ ഹൃദയം സത്യൻ അന്തിക്കാടിന്റെ നെഞ്ചിനുള്ളിലും സത്യന്റെ മനസ്സ് ശ്രീനിയുടെ തലയ്ക്കുള്ളിലുമാണ് ഇരിക്കുന്നതെന്ന് പറയാം. നർമബോധം എന്നാണ് ഒരമ്മയുടെ പേരെങ്കിൽ അതിന്റെ ഗർഭപാത്രത്തിൽ കെട്ടിപ്പിടിച്ചുകിടന്ന് ഒരേപോലെ ഭൂമിയിലേക്ക് വരികയും അതുപോലെ പരസ്പരം പുണർന്ന് ജീവിക്കുകയും ചെയ്ത ഇരട്ടകൾ. സത്യനിൽ നിന്ന് ശ്രീനി ഹരീന്ദ്രൻ എന്ന പൗരന്റെ കഥയറിഞ്ഞു. അതിൽ ഒന്നാന്തരം ക്ലൈമാക്സ് കണ്ടെത്തുകയും ചെയ്തു.
സത്യൻ അന്തിക്കാടിന്റെ ആ മമ്മൂട്ടിച്ചിത്രം 'ഒരാൾ മാത്രം' എന്ന പേരിൽ തീയറ്ററുകളിലെത്തി. കാലത്തിന്റെ വെള്ളിത്തിരയിൽ 'ഒരുവർഷത്തിന് ശേഷം' എന്ന് തെളിയുന്നു. ലാൽജോസ് എന്ന ചെറുപ്പക്കാരൻ സംവിധായകനായി മലയാളത്തിൽ അരങ്ങേറുകയാണ്. തിരക്കഥ ശ്രീനിവാസൻ. നായകൻ മമ്മൂട്ടി. ഏറ്റവും പുതിയപ്രതിഭകളെ കണ്ടെത്തി മലയാളസിനിമയ്ക്ക് നല്കുന്ന അദ്ദേഹത്തിന്റെ പര്യവേഷണത്തിന്റെ ഏറ്റവും പുതിയ പതിപ്പ്.
സിനിമയുടെ പേരിനായുള്ള ആലോചനയിൽ എല്ലാവരുടെയും തല തീച്ചൂളപോലെ. ഒടുവിൽ ശ്രീനി പറഞ്ഞു: 'ഇതിൽ നമുക്ക് പുതിയ ഒരു രീതി പരീക്ഷിക്കാം. നായകന്റെ കഥാപാത്രത്തിന്റെ പേര് സിനിമയ്ക്ക് ഇടാം...'ലാൽജോസും കൂടെയുള്ളവരും പരസ്പരം നോക്കി. കൊള്ളാവുന്ന ഐഡിയയാണ്. 'മമ്മൂട്ടി ഇൻ ആന്റ് ആസ് എന്നൊക്കെ ടൈറ്റിൽവന്നാൽ ഗംഭീരമാകും' -ആരോ പറഞ്ഞു.
ഒരു കോറസ്പോലെ എല്ലാവരുടെയും ചോദ്യം-'എന്താ കഥാപാത്രത്തിന്റെ പേര്?'
ഒരു നിമിഷത്തിന്റെ നിശബ്ദതയിൽ അവരുടെയെല്ലാം നെഞ്ചുകളെ പെരുമ്പറകളാക്കി മാറ്റിയതിന് ശേഷം ഗൗരവത്തോടെ ശ്രീനിവാസൻ പറഞ്ഞു:
'കുറ്റിയിൽ ചാണ്ടി....'
ഈ കഥ പറഞ്ഞുനിർത്തിയതിനുശേഷം ഒരു കാര്യത്തിൽ മാത്രം ഉത്തരം തരാതെ ശ്രീനി വഴുതിമാറുന്നു. അന്ന് മമ്മൂട്ടി ആ സദസ്സിലുണ്ടായിരുന്നോ..?
ഒരു ചെറിയ ചിരി മാത്രം മറുപടി.
ഇനി അഥവാ ഉണ്ടായിരുന്നെങ്കിലോ....?
ആ ചോദ്യത്തെ ശ്രീനിവാസൻ അപ്രസക്തമാക്കുന്നത് ഈരേഴ് പതിനാലുലകങ്ങളും ദർശിക്കാവുന്ന തരത്തിൽ വാപിളർന്നുള്ള പൊട്ടിച്ചിരിയിലൂടെയാണ്.
(തുടരും)