എം.എസ്.സുബ്ബുലക്ഷ്മി,രശ്മിക മന്ദാന ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Premium

ദേവദാസി കുടുംബത്തിൽ നിന്ന് ദേവ​ഗായികയിലേക്ക്...;രശ്മിക സുബ്ബുലക്ഷ്മിയാകുമ്പോൾ

പപ്പപ്പ റിസര്‍ച്ച് ടീം

ഇന്ത്യൻ സിനിമയിലെ ബയോപിക്കുകളുടെ നിരയിലേക്ക് ഒരു സിനിമ കൂടി എത്തുകയാണ്. ഇതിഹാസ ഗായിക എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതമാണ് സിനിമയാകുന്നത്. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ചൂടുപിടിച്ചു. റോക്ക്ലൈൻ വെങ്കിടേഷ്, അല്ലു അരവിന്ദ്, ബണ്ണി വാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ബയോപിക്കുകൾ എങ്ങനെയായിരിക്കണം എന്നതിന് ‘മഹാനടി’ ഒരു മാനദണ്ഡം സൃഷ്ടിച്ച ചിത്രമാണ്. കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള നാടകീയതയും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തിന്റെ പ്രകടനവുമാണ് ഒരു ബയോപിക്കിന്റെ വിജയത്തിൽ നിർണായകമാകുന്നത്.

ശാന്തവും സൗമ്യവുമായ വ്യക്തിത്വമുള്ള എം.എസ്. സുബ്ബുലക്ഷ്മിയുടെ കഥാപാത്രമായി രശ്മിക എങ്ങനെ മാറും എന്നറിയാൻ സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്. അതേസമയം, എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതത്തിൽ ഒരു ബയോപിക്കിന് ആവശ്യമായ നിരവധി നാടകീയ മുഹൂർത്തങ്ങളുണ്ട്.

എം.എസ്.സുബ്ബുലക്ഷ്മി

തമിഴ്നാട്ടിലെ ഒരു യാഥാസ്ഥിതിക ദേവദാസി കുടുംബത്തിലാണ് എം.എസ്. സുബ്ബുലക്ഷ്മി ജനിച്ചത്. അക്കാലത്ത് ദേവദാസി സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം ഏറെ ദുരിതപൂർണമായിരുന്നു. അതിനുപുറമെ, കർണാടക സംഗീതരംഗം മേൽജാതിക്കാരായ പുരുഷന്മാരുടെ ശക്തമായ ആധിപത്യത്തിലായിരുന്നു. കുടുംബവും സമൂഹവും തീർത്ത വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞാണ് അവർ വീടുവിട്ടിറങ്ങിയത്.

എം.എസ്.സുബ്ബുലക്ഷ്മിയും ടി.സദാശിവവും വിവാഹനാളിൽ

1940-ൽ സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായ ത്യാ​ഗരാജ സദാശിവത്തെ(കൽക്കി സദാശിവം) അവർ വിവാഹം കഴിച്ചു. ഈ ബന്ധമാണ് സുബ്ബുലക്ഷ്മിക്ക് ആഗോളതലത്തിൽ വലിയ അംഗീകാരം നേടിക്കൊടുക്കുന്നതിൽ നിർണായകമായത്. എന്നാൽ സദാശിവത്തിന് അവരുടെ കരിയറിലും സാമ്പത്തിക കാര്യങ്ങളിലും പൊതുസമൂഹത്തിലെ പ്രതിച്ഛായയിലും വലിയ നിയന്ത്രണമുണ്ടായിരുന്നുവെന്നതും ഈ ബന്ധത്തിന്റെ സങ്കീർണമായ മറ്റൊരു വശമാണ്.

എം.എസ്.സുബ്ബുലക്ഷ്മിയും ടി.സദാശിവവും

തന്റെ കരിയറിലുടനീളം ക്ഷേത്രങ്ങൾക്കും ആശുപത്രികൾക്കും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി കോടിക്കണക്കിന് രൂപ സമാഹരിച്ചെങ്കിലും, സ്വന്തം ആവശ്യങ്ങൾക്കായി അവർ കാര്യമായി ഒന്നും മാറ്റിവച്ചിരുന്നില്ല. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടതിനെ തുടർന്ന് ഇരുവർക്കും തങ്ങളുടെ വിശാലമായ എസ്റ്റേറ്റ് വിൽക്കേണ്ടിവന്നു. തുടർന്ന് ചെന്നൈയിലെ കോട്ടൂർപുരത്തെ ഒരു സാധാരണ വാടകവീട്ടിലേക്ക് താമസം മാറ്റി. റോയൽറ്റിയിൽനിന്നുള്ള വരുമാനവും ലളിതമായ ജീവിതവുമായിരുന്നു പിന്നീട് അവരെ മുന്നോട്ടുകൊണ്ടുപോയത്.

എം.എസ് സുബ്ബുലക്ഷ്മി(ഇടത്) 'സേവാസദനം' എന്ന സിനിമയിൽ

ഏകദേശം ആറ് പതിറ്റാണ്ട് നീണ്ട ദാമ്പത്യജീവിതത്തിനൊടുവിൽ 1997ൽ ടി. സദാശിവം അന്തരിച്ചപ്പോൾ സുബ്ബുലക്ഷ്മി തകർന്നുപോയി. തുടർന്ന് അവർ പൊതുജീവിതത്തിൽനിന്ന് പൂർണമായും പിന്മാറി. പിന്നീട് ഒരു സംഗീതക്കച്ചേരിയിലും അവർ പാടിയില്ല. ലോകത്തെ വിസ്മയിപ്പിച്ച ആ ശബ്ദം പിന്നീട് പൂർണമായും നിശ്ശബ്ദമായി.

എം.എസ്.സുബ്ബുലക്ഷ്മി

ജീവിതത്തിന്റെ അവസാന വർഷങ്ങൾ പ്രാർഥനയിലും ധ്യാനത്തിലുമായിരുന്നു അവർ ചെലവഴിച്ചത്. 2004 ഡിസംബറിൽ ബ്രോങ്കോ-ന്യൂമോണിയയും ഹൃദയസംബന്ധമായ സങ്കീർണതകളും അനുഭവപ്പെട്ടതിനെ തുടർന്ന് 88-ാം വയസ്സിൽ അവർ സമാധാനപരമായി അന്തരിച്ചു. പക്ഷേ വെങ്കിടേശ്വരസുപ്രഭാതത്തിലൂടെ ദേവതകളെയും ലോകത്തെയും ഇന്നും പാടിയുണർത്തിക്കൊണ്ടിരിക്കുന്ന ആ ദേവ​ഗായിക. മരണമില്ലാത്ത സം​ഗീതം.

എം.എസ്.സുബ്ബുലക്ഷ്മിയുടെ സ്മരണാർഥം 2005-ൽ പുറത്തിറക്കിയ സ്റ്റാമ്പ്

ലോകത്തെ വിസ്മയിപ്പിച്ച ഗായികയുടെ അവസാന യാത്ര, ഒരു ഗ്ലാമർ താരമായല്ല, മറിച്ച് ലളിതവും ആത്മീയവുമായ ജീവിതം നയിച്ച ഏകാന്തയായ വ്യക്തിത്വമായിട്ടായിരുന്നു. ഈ നാടകീയതയെല്ലാം സിനിമയിലുണ്ടാകുമോ, സുബ്ബുലക്ഷ്മിയെ ഫലപ്രദമായി രശ്മികയ്ക്ക് അവതരിപ്പിക്കാൻ സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ സിനിമാപ്രേക്ഷകർക്കും സം​ഗീതാസ്വാദർക്കുമിടയിലുള്ളത്. സുബ്ബുലക്ഷ്മിയുടെ ജീവിതത്തിൽ നിർണായകസ്വാധീനം ചെലുത്തിയ ടി.സദാശിവത്ത ആരായിരിക്കും അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംക്ഷയും അവർക്കിടയിലുണ്ട്.