ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിമാരായ ജിൻസൺ ‍ചാൾസ്, സ്റ്റീവ് എഡിങ്ടൺ, സുഹൃത്ത് റോബർട്ട് കുര്യാക്കോസ് എന്നിവർക്കൊപ്പം ​വൈശാഖ് ​ഗ്ലെന്റി ഫെസ്റ്റിവൽ വേദിയിൽ  ഫോട്ടോ-അറേഞ്ച്ഡ്
Premium

മമ്മൂക്കയുടെ ആരാധകനായ മന്ത്രിക്കൊപ്പം ഒരു വടക്കൻഭൂമി​ഗാഥ

ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിൽ വ്യത്യാസം ഇല്ലാത്ത സംസ്കാരമാണ് ഓസ്ട്രേലിയയിൽ കണ്ടത്. നമ്മുടെ നാട്ടിലും അധികാരകേന്ദ്രങ്ങൾ ഇങ്ങനെയായിയിരുന്നെങ്കിൽ-സൺഡേ ടോക്കീസിൽ ഒരു ഹിറ്റ്മേക്കറുടെ നിരീക്ഷണം

വൈശാഖ്

ഓസ്ട്രേലിയ ഞാൻ എന്നും കൗതുകത്തോടെ നോക്കിയിരുന്ന രാജ്യമാണ്. ഒരു ഭൂഖണ്ഡം മുഴുവൻ ഒരു രാഷ്ട്രം. അഥവാ രണ്ടും ഒന്നുതന്നെ. സമുദ്രത്തിലേക്ക് ഊളിയിടുന്ന സ്കൂബാ ഡൈവിങ്ങുകാരനെപ്പോലെയാണ് ​ഗ്ലോബിൽ ഓസ്ട്രേലിയയെ നോക്കുമ്പോൾ തോന്നിയിരുന്നത്. പണ്ട് കണ്ടുവിസ്മയിച്ച നാട്ടിൽ പിന്നെ പലവട്ടം പോകാൻ അവസരമുണ്ടായി. അപ്പോഴൊന്നും വടക്കൻപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനായില്ല. അവിടത്തെക്കുറിച്ച് ഏറെ കേട്ടിരുന്നു. പക്ഷേ ആദ്യമായി പോകാൻ അവസരമുണ്ടായത് അടുത്തിടെയാണ്.

ഓസ്ട്രേലിയയുടെ വടക്കുള്ള സംസ്ഥാനമാണ് നോർത്തേൺ ടെറിട്ടറി. മനോഹരമായ ഒരു യാത്രയായിരുന്നു അങ്ങോട്ടേക്കുള്ളത്. എനിക്കൊപ്പം സുഹൃത്ത് റോബർട്ടുണ്ടായിരുന്നു. ആ ദിവസം എക്കാലവും മനസ്സിൽ തങ്ങിനില്കുന്നതാണ്. ഒരുപാട് പുതിയ അനുഭവങ്ങൾ സമ്മാനിച്ചു, ആ വടക്കൻഭൂമിക.

ചെന്നിറങ്ങിയപ്പോൾ ആ​ദ്യം മനസ്സിൽതോന്നിയത് ഇത് നമ്മുടെ നാടുപോലെ തന്നെയിരിക്കുന്നല്ലോ എന്നാണ്. എസ്.കെ.പൊറ്റെക്കാട്ട് ബാലിയിൽ ചെന്നപ്പോൾ എഴുതിയതുപലതും ആവർത്തിക്കാൻ തോന്നി. നമ്മുടെ കേരളത്തിന്റെ തനിപ്പകർപ്പായ ഒരിടം. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും അതുപോലെ കാലാവസ്ഥയിലെ സാദൃശ്യം കൊണ്ടും ആ ദേശം എന്നെ കേരളത്തിലേക്കെത്തിച്ചു. മണ്ണുപോലും അതേപോലെ. മരങ്ങളും സസ്യലതാദികളും നമ്മുടെ നാട്ടിൽ കാണുന്നതുതന്നെ. ഓസ്ട്രേലിയയിലെ മറ്റുസ്ഥലങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ കേരളത്തോട് ഇത്രയും സാമ്യം മറ്റൊരിടത്തും കാണാനായിട്ടില്ല.

സത്യത്തിൽ നോർത്തേൺ ടെറിട്ടറിയിലേക്ക് പോകണമെന്ന ആ​ഗ്രഹം കലശലായത് കഴിഞ്ഞവർഷമാണ്. നെറ്റ്ഫ്ലിക്സിൽ 'ടെറിട്ടറി' എന്ന വെബ്സീരീസ് കണ്ടിരുന്നപ്പോൾ അതിലെ ചിലസ്ഥലങ്ങൾ കണ്ട് വല്ലാതെ അതിശയിച്ചു. ഇതെവിടെയാണ് എന്ന് പലരോടും ചോദിച്ചു. അങ്ങനെയാണ് അത് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ആണെന്നറിഞ്ഞത്.

വൈശാഖും ജിൻസൺ ചാൾസും നോർത്തേൺ ടെറിട്ടറി പാർലമെന്റിനുള്ളിൽ

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജനായ ആദ്യമന്ത്രിയും മലയാളിയുമായ ജിൻസൺ ചാൾസിന്റെ ക്ഷണമനുസരിച്ചാണ് നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനിലെത്തിയത്. ചെന്നിറങ്ങിയപ്പോൾ കാണുന്നത് വളരെ വിശാലമായിക്കിടക്കുന്ന മനോഹരമായ ഭൂപ്രകൃതിയാണ്. അവിടെ ബഹുമാനപ്പെട്ട മന്ത്രി തന്നെ ഞങ്ങളെ സ്വീകരിച്ചു. സ്പോർട്സിന്റെയും സിനിമയുടെയും ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹം. ജിൻസൺ എന്ന പേര് എനിക്കും വളരെ പ്രിയപ്പെട്ടതായിരുന്നു. കാരണം മമ്മൂക്കയുടെ കടുത്ത ആരാധകനാണ് ജിൻസൺ. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി സഹകരിച്ച് മമ്മൂക്ക 'കാഴ്ച' എന്ന സൗജന്യനേത്രചികിത്സാപദ്ധതിക്ക് രൂപംകൊടുത്തപ്പോൾ വിദ്യാർത്ഥി വോളന്റിയേഴ്സിനെ നയിച്ചിരുന്നത് അന്നവിടുത്തെ നഴ്‌സിങ് വിദ്യാർത്ഥിയായിരുന്ന ജിൻസൺ ആയിരുന്നു. പിന്നീട് മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ചപ്പോൾ അതിന്റെയും മുൻനിരപ്രവർത്തകനായി. ഓസ്ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും മന്ത്രിയായപ്പോഴും മമ്മൂക്കയോടുള്ള ഇഷ്ടം ജിൻസൺ വിട്ടില്ല. എന്നും ആരാധകർക്കുവേണ്ടിയുള്ള മമ്മൂക്കസിനിമകളെടുക്കാൻ ആ​ഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ ജിൻസൺ എന്ന ആരാധകൻ എനിക്ക് അടുത്തൊരാളെപ്പോലെയായി.

ഡാർവിനിൽ ​ഗ്രീക്ക് ഫെസ്റ്റിവൽ നടക്കുന്നുണ്ടായിരുന്നു.​ ഗ്ലെന്റി ഫെസ്റ്റിവൽ എന്നാണ് പേര്. അതിലേക്കാണ് ആദ്യം പോയത്. ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നിന്റെ തിരുശേഷിപ്പുകൾ അവിടെ ഭക്ഷണമായും നൃത്തമായും പാട്ടായുമെല്ലാം നിറയുന്നുണ്ടായിരുന്നു. അതിമനോഹരമായ ഒരു കാർണിവൽ. കേട്ടുകേൾവിമാത്രമായിരുന്ന ​ഗ്രീക്ക് സംസ്കാരത്തിന്റെ സ്പന്ദനങ്ങൾ തൊട്ടടുത്ത് നിന്ന് ആസ്വദിക്കാനായത് അവിസ്മരണീയ അനുഭവമായി. ഒരു സംവിധായകനെന്ന നിലയിൽ എന്നെ ആകർഷിച്ചത് കലാരൂപങ്ങളാണ്. നൃത്തങ്ങളുടെ നിറപ്പൊലിമ മനോഹരങ്ങളായ സിനിമാ​ഗാനരം​ഗങ്ങളെ ഓർമിപ്പിച്ചു. ഒരു ക്യാമറയുണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയ നിമിഷം.

പിന്നീട് ആ കലാകാരന്മാരുമായും ഫെസ്റ്റിവൽ സംഘാടകരായ സർക്കാർ പ്രതിനിധികളുമായെല്ലാം സംസാരിക്കാൻ സാധിച്ചു. നോർത്തേൺ ടെറിട്ടറിയുടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ളവരുമായും ആരോ​ഗ്യമന്ത്രി സ്റ്റീവ് എഡിങ്ടണുമായുമെല്ലാമുള്ള സംഭാഷണം അറിയാത്ത ലോകങ്ങളിലേക്കുള്ള വാതിലായി മാറി. എല്ലാത്തിനേക്കാൾ വലിയ ഭാ​ഗ്യം ഫെസ്റ്റിവലിനെത്തിയ ഒരുപാട് മലയാളികളെ കാണാനായതാണ്. നാട്ടിലെ ഉത്സവത്തിനോ പെരുന്നാളിനോ വരുന്നതുപോലെയായിരുന്നു അവരുടെ ആവേശം. ലോകത്തെവിടെയായിരുന്നാലും എന്നും ഫെസ്റ്റിവലുകളെ ഹൃദയത്തിലേറ്റുന്ന മലയാളി സമൂഹത്തിന് ​ഗ്രീക്ക് ഫെസ്റ്റിവലും മറ്റൊരു ആഘോഷമായി.അവരോടൊത്തുള്ള ഭം​ഗിയുള്ള ഒരുപാട് മുഹൂർത്തങ്ങളും ഓർമകളും മനസ്സിലിപ്പോഴും തങ്ങിനില്കുന്നു.

നോർത്തേൺ ടെറിട്ടറി പാർലമെന്റിനുള്ളിൽ വൈശാഖ്

പക്ഷേ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ഓർമ സമ്മാനിച്ചത് അവിടത്തെ പാർലമെന്റാണ്. മനോഹരമായ ഒരു നിർമിതിയാണത്. നമ്മുടെ നാട്ടിലെ പാർലമെന്റിന്റെ സ്വഭാവത്തിൽ നിന്ന് തീർത്തും വേറിട്ടത്. ഇവിടെ നമുക്ക് പാർലമെന്റിൽ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ജനാധിപത്യത്തിന്റെ പരമാധികാരകേന്ദ്രം എപ്പോഴും ജനങ്ങൾക്ക് അന്യമാണ്. അവിടെ സന്ദർശകർക്കുപോലും നിയന്ത്രണങ്ങളുണ്ട്. അച്ചടക്കത്തിന്റെ നിശബ്ദതനിറഞ്ഞ ഒരു ലൈബ്രറിയുടെ ഛായയാണതിന്. പക്ഷേ നോർത്തേൺ ടെറിട്ടറിയിൽ ഞാൻ കണ്ട പാർലമെന്റ് ഒരു തുറന്നപുസ്തകം പോലെയായിരുന്നു. ആർക്കും എടുത്ത് നിവർത്തിവച്ച് എവിടെനിന്നും വായനതുടങ്ങാവുന്ന ഒരു പുസ്തകം.

അവിടെ സന്ദർശകർക്ക് യാതൊരു നിയന്ത്രണവുമില്ല. എല്ലാ സ്വാതന്ത്ര്യത്തോടും കൂടി പാർലമെന്റ് മുഴുവൻ കണ്ടുനടക്കാം. എവിടെയും കയറിച്ചെല്ലാം. അസംബ്ലി ഹാൾ,സ്പീക്കറുടെ ചെയർ,മന്ത്രിമാരുടെ ഓഫീസുകൾ,ഇരിപ്പടങ്ങൾ എല്ലായിടത്തും ഒരു പാർക്കിലെന്നോണം ചുറ്റിത്തിരിയാം. മന്ത്രിമാരുടെ ഓഫീസുകളിലേക്ക് പ്രവേശിക്കാൻ നൂറുപേരെ കാണുകയും വണങ്ങുകയും ചെയ്യേണ്ട ആവശ്യമില്ല. മന്ത്രിമാരുടെ ഓഫീസ് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാനുള്ള അവസരമുണ്ടിവിടെ.

എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ അസൂയയുണ്ടാക്കുന്ന ഒന്നായിരുന്നു. കാരണം ഭരിക്കുന്നവരും അവരെ അധികാരത്തിലേറ്റിയ ജനങ്ങളും തമ്മിലുള്ള അന്തരം തീരെയില്ലാതെ,പൊതുജനങ്ങളുടെ സ്വത്താണിത് എന്നുതോന്നിപ്പിക്കുന്ന ഒരു സമ്പ്രദായം കാണുമ്പോൾ നമ്മൾ നാടിനെക്കുറിച്ചോർക്കും. നമ്മുടെ നാടും അങ്ങനെയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുമ്പോഴുണ്ടാകുന്ന അസൂയയാണത്.

ഏത് സാധാരണക്കാരനും ഏതുസമയത്തും കടന്നുചെല്ലാവുന്നതാകണം അധികാരകേന്ദ്രങ്ങൾ. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിൽ വ്യത്യാസം ഇല്ലാത്ത ഒരു സംസ്കാരമാണ് ഓസ്ട്രേലിയയിൽ കാണാനായത്. അത് അനുകരണീയമായ മാതൃകയായിത്തോന്നി. നമ്മുടെ നാട്ടിലും ഇത്തരമൊരു തുറന്ന പുസ്തകമായി അധികാരകേന്ദ്രങ്ങൾ മാറിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുകയും ചെയ്തു.

ഇങ്ങനെ ഒരുപാട് പുതിയ കാഴ്ചപ്പാടുകളും അറിവുകളും ചിന്തകളും സമ്മാനിച്ച ഒരു യാത്രയായിരുന്നു നോർത്തേൺ ടെറിട്ടറിയിലൂടെയുള്ളത്. അത് എക്കാലത്തേക്കുമുള്ള ഒരു ഓർമയുമാണ്. ഹൃദയത്തിലേക്ക് തന്നെ ചേക്കേറിയ കുറേ നല്ലനേരങ്ങൾ.