അനുമോൾ ഫോട്ടോ-അറേഞ്ച്ഡ്
Premium

ഹണിമൂണിന് ബ്രഹ്മരക്ഷസ് കണ്ട അച്ഛനുമമ്മേം

നാട്ടിൻപുറത്തെ കുട്ടിക്കാലം മുതൽ അച്ഛന്റെയും അമ്മയുടെയും തീക്ഷ്ണമായ ജീവിതമുഹൂർത്തങ്ങൾ വരെ നിറയുന്ന ഈ കുറിപ്പ് ഒരു വള്ളുവനാടൻ പെൺകുട്ടിയുടെ തുറന്നെഴുത്താണ്

അനുമോൾ

കൊറച്ചുനാൾ മുമ്പ് ശിവ എന്ന സുഹൃത്ത് ഒരു ഫോട്ടോ തന്നു. അതിലേക്ക് നോക്കിയപ്പോ സത്യംപറഞ്ഞാൽ എനിക്ക് കരച്ചിൽ വന്നു. അതിലൊള്ളത് അച്ഛനാ...പിന്നെ ഞങ്ങടെ ജീപ്പും. അച്ഛനേം ജീപ്പിനേം ഇങ്ങനെ ഒരുമിച്ച് ഒരു ഫ്രെയിമിൽ കാണുന്നത് ആദ്യായിട്ടാ. എഐ ഉപയോ​ഗിച്ച് ഉണ്ടാക്കിയതായിരുന്നു അത്.

ഞാന്‍ എപ്പഴും പറയാറുള്ള കാര്യാണ്. അച്ഛനാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും നിര്‍ഭാഗ്യവും,ന്ന്. അച്ഛന്റെ നഷ്ടത്തെ ഒന്നുകൊണ്ടും പകരം വയ്ക്കാന്‍ പറ്റണില്യ,ഇത്രകാലായിട്ടും. നാലാംക്ലാസിലെ അവധിക്കാലത്തായിരുന്നു അച്ഛന്റെ മരണം. എനിക്ക് ഏതാണ്ട് പത്തുവയസ്സേയൊള്ളൂ. അതുകൊണ്ട് അച്ഛനെക്കുറിച്ചുള്ള ഓർമയൊന്നും വ്യക്തമായിട്ട് ഉള്ളിലില്യ. ആ പ്രായത്തിൽ കണ്ടതും കേട്ടതുമെല്ലാം സ്ലേറ്റിലെഴുതിവച്ച അക്ഷരമാല പോലെയല്ലേ...കൊറേക്കഴിയുമ്പോ മാഞ്ഞുപോകും.

അച്ഛനെക്കുറിച്ചുള്ള ഓര്‍മകളേക്കാള്‍ അധികം കഥകളാണ് എനിക്ക് പറയാനുള്ളത്. അച്ഛന്‍ പോയ ശേഷം പലരുപറഞ്ഞു കേട്ട കഥകള്‍. പത്തുവര്‍ഷം മാത്രം എന്നോടൊപ്പമുണ്ടായിരുന്ന ഒരാളെ അതിലൂടെ പൂരിപ്പിച്ചുണ്ടാക്കുവാണ് ഞാന്‍ ചെയ്തത്. ബാലരമയില്‍ കുത്തുകള്‍ യോജിപ്പിച്ച് ഒരു ചിത്രം സൃഷ്ടിക്കില്ലേ..അതുപോലെ അനേകമനേകം കഥകളുടെ കുത്തുകള്‍ യോജിപ്പിച്ച് യോജിപ്പിച്ച് ഞാന്‍ വരച്ചെടുത്തുണ്ടാക്കിയ അച്ഛന്‍.

അനുമോളുടെ ബാല്യകാല ചിത്രം. നില്കുന്ന കുട്ടിയാണ് അനുമോൾ. അച്ഛൻ മനോഹരൻ,അമ്മ ശശികല,അനുജത്തി അഞ്ജു എന്നിവരാണ് മറ്റുള്ളവർ

മൂന്നാം ക്ലാസ്സില്‍ പഠിപ്പുനിര്‍ത്തിയ ഒരു കുട്ടി. അച്ഛനെപ്പറ്റി ഞാന്‍ കേട്ടിട്ടുള്ള കഥകളുടെ തുടക്കം അവിടുന്നാണ്. എല്ലാ മാഷുമാര്‍ക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു അച്ഛന്‍. പക്ഷേ അവര്‌ടെ സ്‌നേഹത്തില്‍ മാത്രമായിരുന്നു അച്ഛന്‍ സമ്പന്നന്‍. വീട്ടില്‍ നിവൃത്തിയൊന്നുമില്ല.

ഉച്ചനേരത്ത് മണിയടിക്കുമ്പോള്‍ അച്ഛന്‍ നാട്ടിലുള്ള പത്മാവതി ടീച്ചറുടെ വീട്ടിലേക്കോടും. ടീച്ചര്‍ടെ മകന്‍ സൂര്യനാരായണന്‍ അച്ഛന്റെ സ്‌കൂളില്‍ തന്നെയാ പഠിച്ചിരുന്നത്. ആ കുട്ടിക്കുള്ള ചോറ്റുപാത്രം സ്‌കൂളിലെത്തിക്കേണ്ട ജോലി അച്ഛന്‍ ഏറ്റെടുത്തിരിക്കുകയാണ്. സൂര്യന്‍ കത്തിനിക്കണ ഉച്ചനേരത്ത് ടീച്ചറുടെ വീട്ടില്‍ചെന്ന് ചോറ്റുപാത്രം വാങ്ങി തിരിച്ചോടി സ്‌കൂളിലെത്തി സൂര്യന്‍ന്ന് തന്നെ പേരുള്ള കൂട്ടുകാരന് കൊടുക്കും.

ഉണ്ടുകഴിഞ്ഞ് സൂര്യനാരായണന്‍ അവസാനത്തെ രണ്ടോ മൂന്നോ ഉരുള അച്ഛന് കൊടുക്കും. ആ പങ്കാണ് അച്ഛന്റെ വിശപ്പ് മാറ്റിയിരുന്നത്.

(സൂര്യനാരായണന്‍ ഇന്നിപ്പോ ഡോക്ടറാണ്. ഉണ്ണിക്കുട്ടേട്ടന്‍ എന്നാ അദ്ദേഹത്തെ ഞാനൊക്കെ വിളിക്ക്കാ.)

പഠിപ്പ് നിര്‍ത്തിയശേഷം കുറച്ചുകൂടി വളര്‍ന്നപ്പോള്‍ അച്ഛന്‍ ചായക്കടയില്‍ ജോലിക്ക് നിന്നു. അതുകഴിഞ്ഞപ്പോ ക്വട്ടേഷന്‍പോലെ അന്നുണ്ടായിരുന്ന ചട്ടമ്പിപ്പണി ഏറ്റെടുക്കുകയും ചാരായം വാറ്റാന്‍ തുടങ്ങുകയുമൊക്കെ ചെയ്‌തെന്ന് നടുവട്ടത്തെ പഴമക്കാര്‍ പറയുന്നു. വീട് പോറ്റാന്‍ വേണ്ടിയാണ് അച്ഛനിപ്പറഞ്ഞതൊക്കെ ചെയ്തത്. അതുകൊണ്ട് കണ്ണില്‍ച്ചോരയില്ലാത്തവന്‍ന്നോ ദുഷ്ടന്‍ന്നോ ഉള്ള പേരുദോഷം ഒരിക്കലും അച്ഛനുണ്ടായില്ല. പകരം മനുഷ്യസ്‌നേഹിയുടെ പരിവേഷമാണ് നാട്ടുകാര്‍ കല്പിച്ചുകൊടുത്തത്.

കൊറച്ചുകാലം കഴിഞ്ഞപ്പോ അച്ഛന്‍ നടുവട്ടത്തെ അബ്കാരി മുതലാളിയായി മാറി. അന്നൊക്കെ കള്ളും ചാരായവുമാണ് നാട്ടിന്‍പുറത്തിന്റെ ലഹരികള്‍. ഇതു രണ്ടും അച്ഛന്‍ കച്ചവടം ചെയ്തു. റേഞ്ച് അടിസ്ഥാനത്തില്‍ നടക്കുന്ന ഷാപ്പുലേലങ്ങളില്‍ വാശിയോടെ പങ്കെടുത്തു. ജീവിതം തന്നെ അച്ഛനൊരു ലഹരിയായി.

അച്ഛനൊപ്പം മറ്റൊരു കുട്ടിക്കാലചിത്രം. ചുവന്ന ഉടുപ്പിട്ട കുട്ടിയാണ് അനുമോൾ. വലത്തേയറ്റം കസേരയിലിരിക്കുന്നത് അനുജത്തി. മധ്യത്തിൽ അമ്മയുടെ മൂത്തസഹോദരൻ

അച്ഛന്‍ 28-ാം വയസ്സിലാണ് അമ്മയെ കല്യാണം കഴിക്കണത്. അമ്മയ്ക്കപ്പോള്‍ പ്രായം 17 ആകുന്നതേയുള്ളൂ. അതുതന്നെ മറ്റൊരു കഥയാണ്. അച്ഛന്‍ ആദ്യം പെണ്ണുചോദിച്ച് ചെന്നപ്പോള്‍ അമ്മയുടെ വീട്ടുകാര്‍ കൊടുത്തില്ല. കുറച്ചുവര്‍ഷം കഴിഞ്ഞ് അച്ഛന്‍ ഒരു പെണ്ണുകാണലിനുവേണ്ടിയുള്ള യാത്രയില്‍ അമ്മയെ യാദൃച്ഛികമായി കണ്ടുമുട്ടി.

 അത് ഒരു പാടവരമ്പത്ത് വച്ചായിരുന്നു. പാടത്തുനിന്ന് റോഡ് മുറിച്ച് കടക്കാനൊരുങ്ങുകയായിരുന്നു അമ്മ. അപ്പഴാണ് അച്ഛന്റെ ജീപ്പ് അടുത്തുവന്ന് നിര്‍ത്തിയത്. അമ്മയുടെ വീട്ടുകാരൊക്കെ കൃഷിക്കാരാണ്. ഒരു കീറഷര്‍ട്ടൊക്കെയിട്ട് കുട്ടനിറയെ വെള്ളരിയുമായി വരുന്ന അമ്മയോട് അച്ഛന്‍ പെണ്ണുകാണാന്‍ പോകുന്ന വീട്ടിലേക്കുള്ള വഴി ചോദിച്ചു. കാണാന്‍ പോകുന്നയാള്‍ തന്നെയാണ് കണിവെള്ളരി ചുമന്ന് മുന്നില്‍ നില്കുന്നത് എന്ന് മനസ്സിലായപ്പോ അച്ഛന്‍ പിന്നെയൊന്നും ആലോചിച്ചില്ല. അമ്മേടെ വീട്ടിലെത്തി ഔദ്യോഗികമായി പെണ്ണുകണ്ട് കല്യാണം ഉറപ്പിച്ചു. അമ്മയെ ആദ്യമായി കാണാന്‍ ചെന്നപ്പോഴുള്ള ജീപ്പ് അച്ഛന്റെ സ്വന്തമായിരുന്നു. മഹീന്ദ്രയുടെ 1982 മോഡല്‍. നമ്പര്‍ 8587. കല്യാണം കഴിഞ്ഞ് അടുത്തവര്‍ഷം മറ്റൊന്നുകൂടി വാങ്ങി. 6345 ആയിരുന്നു അതിന്റെ നമ്പര്‍. അച്ഛന്റെ ജീപ്പുകളും ഞാനുമായുള്ള ബന്ധം വഴിയേ പറയാം. കല്യാണം കഴിഞ്ഞതല്ലേയുള്ളൂ! ഞാന്‍ ജനിക്കട്ടെ..എന്നിട്ടാകാം..!

 കല്യാണം കഴിഞ്ഞ് ആറുമാസം തികയും മുമ്പേ അങ്ങനെ അമ്മയും അച്ഛനും മറ്റൊരിടത്തേക്ക് താമസം മാറി. തറവാട്ടില്‍ നിന്ന് ഏതാണ്ട് ഒരുകിലോമീറ്ററില്‍ താഴെ ദൂരം മാത്രമുള്ള ഒരിടത്തേക്ക്. ഈ സംഭവം ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് ചിരിവരുന്ന മറ്റൊരു കാര്യംണ്ട്. കല്യാണം കഴിഞ്ഞ് അച്ഛനും അമ്മയും ആദ്യം കണ്ടത് ഒരു നാടകമാണ്-ബ്രഹ്മരക്ഷസ്. അച്ഛന്‍വീടിനടുത്തുള്ള വിളയൂര്‍ എന്ന സ്ഥലത്ത്. അതായിരുന്നു അവര്‌ടെ ഹണിമൂണ്‍. ഹൊറര്‍ നാടകം കണ്ട് ഹണിമൂണ്‍ ആഘോഷിച്ച ഭാര്യേം ഭര്‍ത്താവിനേം ഞാന്‍ പിന്നീടിന്നുവരെ കണ്ടിട്ടില്ല. ഇന്നും അവര്‍ ആ നാടകം കാണാന്‍ തീരുമാനിച്ചതിന്റെ കാരണം എനിക്ക് മനസ്സിലായിട്ടുമില്ല.

 അന്ന് നടുവട്ടം ജങ്ഷനില്‍ അച്ഛനൊരു കള്ള് ഷാപ്പ് നടത്തണുണ്ടായിരുന്നു. അവിടെയാണ് അമ്മയുമായി അച്ഛന്‍ താമസം തുടങ്ങിയത്. ഷാപ്പിന്റെ പിറകുവശത്ത് ഒരു ഹാളും അടുക്കളയും. മേലെ രണ്ടുമുറികള്‍. ഒരു ചെറിയ വീട്. കിടക്കാന്‍ കട്ടിലൊന്നുമില്ല. ആദ്യമൊക്കെ പത്തായത്തിന്റെ മുകളിലായിരുന്നു രണ്ടുപേരുടെയും ഉറക്കം.

 ഞാനാലോചിച്ചുനോക്കിയിട്ടുണ്ട്,എന്തൊരു ജീവിതമായിരുന്നിരിക്കാം ആ ദിവസങ്ങളില്‍ അമ്മയുടേതെന്ന്. അമ്മ അതുവരെ അനുഭവിച്ചിരുന്ന മണങ്ങള്‍ പുന്നെല്ലിന്റെയും പറങ്കിമാങ്ങാച്ചുനയുടേയും ചേറിന്റെയുമൊക്കെയായിരുന്നു. അച്ഛനൊപ്പം പാര്‍പ്പുതുടങ്ങിയപ്പോള്‍ അതിന് പകരം വന്നത് കള്ളിന്റെ പുളിമണം,ചാരായത്തിന്റെ സ്പിരിറ്റ്മണം,ബീഡിയുടെ പുകമണം,അച്ചാറുകളുടെ എരിവുമണം...പക്ഷേ അമ്മ അതിനോടൊക്കെ എളുപ്പത്തില്‍ പൊരുത്തപ്പെട്ടു. 

(തുടരും)