സിനിമാ കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ അടൂർ ​ഗോപാലകൃഷ്ണൻ സംസാരിക്കുന്നു  സ്ക്രീൻ​ഗ്രാബ്
Premium

'സർക്കാർ ഷോർട്ട്ഫിലിം കോൺട്രാക്ട് മൊത്തവ്യാപാരികൾക്ക്,ചെറുപ്പക്കാർക്ക് അവ​ഗണന, ഉള്ളൊഴുക്കിനെ തഴഞ്ഞു, കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്. സി-എസ്.ടി ഫണ്ട് നിഷേധം'- അടൂരിന്റെ വിവാദപ്രസം​​ഗം പൂർണരൂപം

പപ്പപ്പ ഡസ്‌ക്‌

ഇങ്ങനെയൊരു കോൺക്ലേവ് നടക്കുന്നുവെന്ന് കേട്ടപ്പോ എനിക്ക് ഒരുപാട് ഭയാശങ്കകളുണ്ടായിരുന്നു. ഭയാശങ്കകൾ എന്താണെന്ന് വെച്ചാൽ,കുറേപ്പര് കൂടിയിരുന്ന് അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറച്ചിലും പരാതി പറയലുമൊക്കെയായിട്ട് ആകുമോ ഇതെന്ന്. മറിച്ചായി. സിനിമ...നമ്മുടെ മലയാളസിനിമയിൽ ഏർപ്പെട്ടിരിക്കുന്ന മിക്കവാറും എല്ലാ പ്രധാനപ്പെട്ട വ്യക്തികളും സംഘടനകളുമൊക്കെ ഇവിടെ ഹാജരാകുകയും വളരെ ഫലവത്തായ ചർച്ചകളൊക്കെ നടക്കുകയൊക്കെ ചെയ്തു. അതിൽ പല ആലോചനകളും നടന്നു. ഇത് വളരെ വിജയകരമായിട്ടുള്ളൊരു കോൺക്ലേവ് ആണ്.

ദിവസങ്ങൾക്കുമുമ്പ് നമ്മുടെ പ്രിയപ്പെട്ട ശ്രീ സാംസ്കാരികവകുപ്പുമന്ത്രിയുമായി ഞാൻ സംസാരിക്കുമ്പോ,അദ്ദേഹം പുറത്തുള്ള,മറ്റ് സംസ്ഥാനങ്ങളിലുള്ള ഈ സിനിമാനയങ്ങളുമായിട്ടൊക്കെ, നമ്മുടെ സിനിമാനയങ്ങളെയൊന്ന്.. അതിന്റെയൊരു താരതമ്യ പഠനം നടത്തണം,അതിൽ നിന്ന് നമുക്ക് ചിലത് പഠിക്കാനുണ്ടാകുമെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തോട് വളരെ വിനയാന്വിതനായി പറഞ്ഞു മറ്റുള്ളവരിൽ നിന്ന്....മറ്റുള്ളവർക്ക് നമ്മളിൽ നിന്ന് പഠിക്കാനേയുള്ളൂ. കാരണം,ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് സർക്കാർ ഉടമയിൽ സിനിമാതീയറ്ററുകളുണ്ടാകുന്നത്. ഒരു ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ തന്നെ സ്റ്റേറ്റിനുണ്ടാകുന്നത്. ആദ്യമായിട്ടാണ് ഒരു ചലച്ചിത്ര അക്കാദമി ഉണ്ടാകുന്നത്,രാജ്യത്ത്. ഇതിനെല്ലാം പുറമേ,ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.. നമ്മൾ സ്വന്തമായിട്ട് ഫെസ്റ്റിവൽ നടക്കുന്നത്... നടത്തുന്നത്.. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫെസ്റ്റിവൽ നമ്മുടെ ഫെസ്റ്റിവൽ ആണ്. പിന്നീട് നമ്മൾ ഫെസ്റ്റിവൽ തുടങ്ങിയതിനുശേഷമാണ് കൽക്കട്ടയിൽ പോലും ഫെസ്റ്റിവൽ ആരംഭിക്കുന്നത്.

പിന്നെ മുമ്പൊക്കെ ഒരു പതിവ്.. ഫിലിം ഫെസ്റ്റിവൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ.. പരിചയക്കാർക്കും സുഹൃത്തുക്കൾക്കും ഒക്കെ പാസ്സുകൾ വിതരണം ചെയ്യുക. എന്നിട്ട് അവരാണ് വന്നു കാണുന്നത്. പലപ്പോഴും അവര് പോലും വരത്തില്ല. അവരുടെ ഡ്രൈവർമാരും ഒക്കെ ആയിരിക്കും വന്നു കാണുന്നത്. ഒരിക്കൽ ശ്രീ തീയേറ്ററിൽ പടം കണ്ടു കൊണ്ടിരിക്കുമ്പോ പുറകിലൊള്ള അതിന്റെ കതക് പൊളിച്ചുഅകത്തു കയറാൻ വേണ്ടിയുള്ള ശ്രമം നടത്തുകയാണ് ആളുകള്. കാരണം ഒരു.... എന്തോ ഒരു സീൻ ഓഫ് സെക്സ് അതിലുണ്ട് എന്ന് ഒരു വാർത്ത അങ്ങോട്ട് പടർന്നു. അപ്പൊ പ്രധാനമായിട്ടും.. അവരെപ്പറ്റി ഞാൻ മോശം പറയുകയല്ല. ചാലയിലെ തൊഴിലാളികളുടെ ഒരു സംഘം തന്നെയായിരുന്നു. അതിനു മുകളിലത്തെ വാതിലിങ്ങനെ കൊത്തിയെടുക്കാൻ, ഇങ്ങനെ തള്ളി തുറക്കാൻ വേണ്ടി ശ്രമിക്കുകയായിരുന്നു, ഭീകരമായിട്ട്. അതുകഴിഞ്ഞ് കുറെ കഴിഞ്ഞ് ആരോ പോയി തുറന്നു കൊടുത്തു. അപ്പോ സിനിമ കാണാനിരിക്കുന്ന നമ്മുടെ മുകളിലേക്ക് ഇവരുടെയെല്ലാം കൂടി ശ്വാസോച്ഛ്വാസം, ആകാംക്ഷയില് കാണാൻ പോകുന്ന ആ ഒരു സീൻ ഓഫ് സെക്സ് എങ്ങനെയിരിക്കും അതിന്റെയൊരു.... അന്ന്.. അന്ന് ആ നിമിഷം തീരുമാനിച്ചതാണ്, എന്തായാലും നമ്മുടെ ഫിലിം ഫെസ്റ്റിവലിൽ ഇനി ഇങ്ങനെ ആളുകൾ തള്ളിക്കയറുന്നത്....ഇതുമായിട്ട് ബന്ധമില്ലാത്തവര്... സിനിമ...സിനിമ പ്രധാനമായിട്ടും സിനിമ ഒരു തൊഴിലാക്കിയിട്ടുള്ള ആളുകള്, സിനിമയെപ്പറ്റി എഴുതുന്നവര്, സിനിമാ നന്നായി ആസ്വദിക്കാൻ കഴിവുള്ള നിരൂപകര്.. അവരൊക്കെയാണ് ശരിക്കും ഫെസ്റ്റിവലിൽ പടം കാണേണ്ടത്. ഒരുപക്ഷേഭാവിയിൽ സിനിമ... സിനിമയെപ്പറ്റി പഠിക്കാൻ ആഗ്രഹിക്കുന്നവര്.. ഒരു.. ഇവരൊക്കെയാണ് ഇതിൽ വരേണ്ടത്. അല്ലാതെ വഴിയിൽ വിതരണം ചെയ്യാനുള്ളതല്ല നമ്മുടെ പടം കാണാനുള്ള ഈ അവകാശം. അങ്ങനെയാണ് ആദ്യമായിട്ട് കേരളത്തിൽ ഡെലിഗേറ്റ്സ്, ഫീസ് കൊടുത്ത് ഡെലിഗേറ്റ് പാസ്സ് വാങ്ങി അതിലൊരു അംഗമാകുക, ഈ ഫെസ്റ്റിവലിന്റെ ഒരു ഭാഗമാവുക എന്ന സങ്കല്പം ഇവിടെ ആരംഭിക്കുന്നത്. അത് ഇന്ന് ഇന്ത്യയിലുള്ള സകല ഫെസ്റ്റിവലുകളും നമ്മളെ ഇമിറ്റേറ്റ് ചെയ്ത്, ഇന്ത്യാ ഗവൺമെൻറ് നടത്തുന്ന ഗോവയിലെ ഫെസ്റ്റിവൽ ഉൾപ്പെടെ.

അടൂർ ​ഗോപാലകൃഷ്ണൻ

പക്ഷേ നമുക്ക് ഇപ്പോഴത്തെ പ്രധാന പ്രശ്നം ഫെസ്റ്റിവൽ നടക്കുമ്പോ പകുതി ആളുകൾ പുറത്തു നില്കുകയാണ്. കാരണം നമുക്ക് തിയേറ്ററുകളിൽ കൊള്ളാവുന്നലധികം ആളുകളെ നമ്മൾ ചേർത്തിരിക്കുന്നു. നമുക്ക് നിശ്ചയമായിട്ട് ഈ ഫെസ്റ്റിവലിൻ്റെ ഫീസ് ഉർത്താവുന്നതാണ്. ഒരു.. ഇപ്പോഴത്തെ കണക്കിലെ.. ഒരു... ഒരു കൊച്ചു കുടുംബം പോലും പോയി ഒരു നല്ല ഹോട്ടലിൽ ആഹാരം കഴിക്കുകയാണെങ്കില് ഈ നമ്മുടെ ഫെസ്റ്റിവൽ ഫീസിനേക്കാള് വളരെ കൂടുതലാണത്. അപ്പോ തീർച്ചയായിട്ടും ഫെസ്റ്റിവലിന് ഡെലിഗേറ്റ് ഷിപ്പ് കൊടുക്കുന്നതിനു വേണ്ടിയിട്ട് ഭേദപ്പെട്ട ഒരു.. ഒരു.. തുക തീരുമാനിക്കണം. അത് വളരെ പ്രധാനമാണ്. കാരണം നിർബന്ധമായിട്ടും ഈ പടങ്ങള് കാണണമെന്നുള്ളവർ വന്നാ മതി. അവർക്ക് ഇതിന്റെ. ഈ ഫെസ്റ്റിവലിൻ്റെ ചെലവിന്റെ ഒരംശം ഈ ഡെലിഗേറ്റ് ഫാസിൽ നിന്ന് തന്നെ കിട്ടണം. അത് മറ്റുള്ള സ്ഥലങ്ങളിലെല്ലാം, പൂനയിലും കൽക്കട്ടയിലും ഒക്കെ സാമാന്യം നല്ല ഫീസ് വാങ്ങിച്ചിട്ടാണ് ഇത് ചെയ്യുന്നത്. അത് വളരെ പ്രധാനമാണ്. എന്ന് മാത്രമല്ല കൃത്യമായി നിർബന്ധമുള്ളവര് ഒരു മാത്രം വന്ന് കണ്ടാൽ മതി എന്നുള്ളതാണ്.

പിന്നെ എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത് ചിത്രാഞ്ജലി സ്റ്റുഡിയോ.. പലരും പറഞ്ഞു കഴിഞ്ഞുകാണും.. എങ്കിലും ചിത്രാഞ്ജലി സ്റ്റുഡിയോ ഇന്ന് ദൗർഭാഗ്യവശാൽ ആരും അവിടെ പോയി ജോലി ചെയ്യാനുള്ള യാതൊരു സൗകര്യങ്ങളും ഇപ്പോ അവിടെ ഇല്ല. എല്ലാം... ഇന്ത്യയിൽ തന്നെ ഏറ്റവും അറിയപ്പെടുന്ന ഒരു റെക്കോർഡിങ് തീയേറ്റർ ആയിരുന്നു. നമ്മുടെ ദേവദാസും ഹരികുമാറുമൊക്കെ വർക്ക് ചെയ്തിരുന്ന.. ഉണ്ണിയും കൃഷ്ണനുണ്ണിയുമൊക്കെ വർക്ക് ചെയ്തിരുന്ന ഒരു സ്റ്റുഡിയോ ആണ്. അതിപ്പോ പൊളിച്ചിട്ടിട്ട് ആറേഴ് വർഷമായി. സങ്കടം തോന്നും അവിടെ കണ്ടുകഴിഞ്ഞാൽ.

പിന്നെ അവിടെ.. മ്മുടെ മറ്റ്. ഒരു...നമ്മള് ഒരു റെയിൽവേ സ്റ്റേഷനും വിമാനത്താവും ഒക്കെ ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കാറുള്ള നമ്മള് നമുക്ക് സ്വന്തമായിട്ട് അവിടെ നമുക്ക് ഒരു വനം ഉണ്ടായിരുന്നു. ആ വനം കംപ്ലീറ്റായിട്ട് നശിപ്പിച്ചു കളഞ്ഞു (സദസ്സിൽ നിന്ന് കയ്യടി) സങ്കടം തോന്നും, കരയാൻ തോന്നും.(കയ്യടി) ഇനി നമ്മൾ വിചാരിച്ചാല്, നമ്മുടെ ജീവിതകാലത്ത് എന്തായാലും ഒരു വനം അവിടെ ഉണ്ടാക്കാൻ സാധിക്കുകയില്ല. വനം മുളച്ചു വന്ന്, ശരിക്കും വനമാകണം എന്നുണ്ടെങ്കിൽ ഒരു 100-150 വർഷം വേണം. ഇനി അടുത്ത തലമുറയ്ക്ക് എങ്കിലും ബാക്കി ഒരുപക്ഷേ...ആ സ്ഥലം വെറുതെയിട്ട്...ഇപ്പോ അവിടെ കെട്ടിടം കെട്ടാൻ ആയിരിക്കും പ്ലാൻ. ദയവായിട്ട് എനിക്ക് ഇതിന്റെ ഉത്തരവാദിത്തപ്പെട്ടവരോട് പറയാനുള്ളത്, അവിടെ മുഴുവൻ കെട്ടിടങ്ങൾ കെട്ടി നിറയ്ക്കരുത്. അവിടെ..മുമ്പിലിരുന്ന ഒരു ഡയറക്ടറ്... ഡയറക്ടറായിട്ട് വന്ന ആൾ, മാനേജിംഗ് ഡയറക്ടറായിട്ട് വന്നൊരു ആള് അവിടെനിന്ന ഒരുഭാ​ഗത്തെ വൃക്ഷങ്ങൾ മുഴുവൻ മുറിപ്പിച്ചു. മറുഭാ​ഗത്തെ. അദ്ദേഹം ഹോർട്ടികൾച്ചറിന്റെ സ്പെഷ്യലിസ്റ്റ് ആയിരുന്നു. അവിടെയൊക്കെ ചെടി നട്ടു. അതൊക്കെ അദ്ദേഹം പോകുന്നതിനു മുമ്പു തന്നെ കരിഞ്ഞും പോയി. അങ്ങനെ ഓരോരുത്തരും ഓരോ ഭരണപരിഷ്കാരങ്ങൾ നടത്തുന്നത് അവിടുത്തെ സസ്യസുന്ദരമായിട്ടുള്ള സംഗതികളെയെല്ലാം തേച്ചുമാച്ചു കൊണ്ടാണ്.

സിനിമാ കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ അടൂർ ​ഗോപാലകൃഷ്ണൻ സംസാരിക്കുന്നു

പിന്നെ, എനിക്ക് അത്യാവശ്യമായിട്ട് പറയാനുള്ള ഒരു കാര്യം, ഞങ്ങള് ശ്രീ സുരേഷ് കുമാർ ഉൾപ്പെടെയുള്ള ഞങ്ങളുടെ ഒരു സംഘം.. ഗവൺമെന്റ് ഏർപ്പെടുത്തിയ ഒരു സംഘം.. ഞങ്ങൾ കേരളത്തിലേക്ക്... അല്ല ആദ്യത്തെ ഒരു സംഘടന ഉണ്ടായിരുന്നത്, കേരളത്തിലേക്ക് സിനിമ കൊണ്ടുവരുന്നതിനു വേണ്ടിയിട്ട്.. കാരണം എല്ലാവരും മദ്രാസിൽ പോയിട്ടായിരുന്നു അന്ന് സിനിമ നിർമിക്കുന്നത്. കേരളത്തിലേക്ക് സിനിമ, മലയാള സിനിമ കേരളത്തിലേക്ക് കൊണ്ടുവരണം എന്ന ഉദ്ദേശത്തില് ഒരു കമ്മിറ്റി ഉണ്ടാക്കി. മലയാറ്റൂർ രാമകൃഷ്ണൻ അധ്യക്ഷനായിട്ട്. ഞാനും അതിൽ അധ്യക്ഷനായിരുന്നു. വളരെ..അറുപതുകളുടെ അവസാനമാണ് എന്നാണ് എന്റെ ഓർമ. അപ്പോ ആ കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് ഇവിടെ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ ഉണ്ടാകുന്നത്. പിന്നീട് ഫിലിം കോർപ്പറേഷന്റെ കീഴിൽ ഇതുപോലെ വലിയ ചിത്രാഞ്ജലി എന്നുപറഞ്ഞ സ്റ്റുഡിയോ, അതുകൂടാതെ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ എല്ലാം അതിനെ തുടർന്നാണ് ഉണ്ടാവുന്നത്.

സന്ദർഭവശാൽ ഞാന് എൻഎഫ്ഡിസി, നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഉണ്ടാകാൻ ശുപാർശ ചെയ്ത കമ്മറ്റിയിലും ഞാന് ഒരു അംഗമായിരുന്നു അതില് മൃണാൾസെന്നും ശ്യാംബന​ഗലുമൊക്കെ അംഗങ്ങളായിരുന്നു. അപ്പോ യാദൃശ്ചികമായിട്ട്, ഈ വക ഒരു പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില് സുരേഷ് കുമാറും ഷാജിയും ഞാനുമൊക്കെ ഉൾപ്പെട്ട ഒരു ഒരു ഗ്രൂപ്പ്, സ്റ്റഡിഗ്രൂപ്പ് സിനിമാഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളെയും, എല്ലാ സംഘടനകളും, ആയിട്ട് കൃത്യമായിട്ട് ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരു റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു. അതിപ്പോ വർഷങ്ങളായി. അതിലെ ഒരു ശുപാർശ പോലും ഇന്നുവരെയും നടപ്പാക്കിയിട്ടില്ല. അപ്പോ ഈ കോൺക്ലേവ് ചെയ്തിട്ട് വീണ്ടും വേറൊരു റിപ്പോർട്ട് ഉണ്ടാക്കാൻ പോകുവാണോ എന്ന് ന്യായമായിട്ടും സംശയിച്ചു പോയി. അപ്പോ ഈ കോൺക്ലേവിന്റെ ശുപാർശകളെല്ലാം എഴുതി തയ്യാറാക്കുന്ന സമയത്ത് ഞങ്ങൾ തന്ന റിപ്പോർട്ട് ദയവായി വായിക്കണേ എന്ന് ഒരപേക്ഷയുണ്ട് (കയ്യടി)

അതില് രണ്ടുമൂന്നു പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന്.. 'നല്ല സിനിമ, നല്ല നാളെ' എന്ന എന്ന് പറയുമ്പോ നമ്മള് ഉദ്ദേശിക്കുന്നത് സാമൂഹിക പ്രസക്തിയുള്ള കലാത്മകതയുള്ള സിനിമയുടെ കാര്യമാണ് ആലോചിക്കുന്നത്. ഇപ്പോ ഒരു കച്ചവടച്ചരക്കായിട്ട് വില്കാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന സിനിമയെ,എന്നെപ്പോലുള്ളവർ‍ അക്കൂട്ടത്തിൽ പെടുത്തുകയില്ല. തീർച്ചയായിട്ടും ദോഷം പറയുകയല്ല. അതും വേണം. അതിനു പ്രത്യേകമായിട്ട് ഒരു ഉന്തലും തള്ളലും ഒന്ന് ആവശ്യമില്ല. ആവശ്യമുള്ളത് മലയാളത്തിലുണ്ടാകേണ്ട മൗലികമായ സൃഷ്ടികളാണ്, സിനിമയില്. അടുത്തകാലത്തായിട്ട് ഇപ്പോ നമ്മുടെ ഫിലിംഫെസ്റ്റിവലുകളുടെയും മറ്റും ഫലമായിട്ട് കുറേ ചെറുപ്പക്കാര് ഈ രം​ഗത്തേക്ക് വന്നിട്ടുണ്ട്. പക്ഷേ അവർക്ക് വേണ്ടത്ര പശ്ചാത്തല.. സാങ്കേതികപരിശീലനമോ, പശ്ചാത്തലമോ ഇല്ലാത്തവരാണ്. അവർക്ക് എങ്ങനെയോ ഒരു പടം തെറ്റി ഓടിയെന്നിരിക്കും, ചിലപ്പോ ഓടിയില്ലെന്നിരിക്കും. അപ്പോ കണ്ടമാനം പ്രൊഡ്യൂസേഴ്സ്.. തീർച്ചയായും നേരത്തെ ഞങ്ങള് റിപ്പോർട്ടില് പറഞ്ഞിട്ടുള്ള ഒരു ഒരു.. എന്താ പറയ്ക... ഒരു ഗവേണിംഗ് കൗൺസില് പോലെ ഒരു..ഒരു നമ്മള് സ്റ്റിയറിങ്(സദസ്സിലേക്ക് നോക്കി)ഓർമയുണ്ടോ...നമ്മള് അതിന്റെ പെരെന്താ പറഞ്ഞിരുന്നത്..?ഉണ്ടാക്കണമെന്ന്...ഏതാ... ഒരു കൗൺസിൽ...​ഗവൺമെന്റും ഇൻഡസ്ട്രിയും ചേർന്നൊരു കൗൺസിൽ ഉണ്ടാക്കണമെന്നുള്ളത്. അതിന്റെ പേര് ഞാൻ മറന്നുപോയി.

ആ കൗൺസില് ഇങ്ങനെയുള്ള പ്രശ്നങ്ങള്.. പല പ്രധാനപ്പെട്ട പ്രശ്നങ്ങള്.. കഴിഞ്ഞ വർഷം ഞാൻ കേട്ടത് കൃത്യമായിട്ട് എനിക്ക് അതിന്റെ നമ്പർ അറിഞ്ഞൂടാ. പക്ഷേ ഞാൻ കേട്ടത്, കഴിഞ്ഞവർഷം 350ൽ പരം സിനിമകൾ എടുത്തു എന്നാണ്. ഈ 350... ഒരു വർഷത്തിൽ 365 ദിവസമേ ഉള്ളൂ. അപ്പോ അതിന്റെ ജനനത്തോടു കൂടി തന്നെ മരിച്ചു പോവുകയാണ് പല സിനിമകളും. തീയറ്ററിലെത്താതെ പോകുകയാണ്.(സദസ്സിൽ നിന്ന് ആരോ കണക്ക് വിളിച്ചുപറയുന്നു) എന്താ.. എന്താ.. 230...അത്രേയുള്ളൂ അല്ലേ.. 230 എങ്കിൽപോലും രണ്ടു ദിവസം പോലും കിട്ടത്തില്ല ഒരു സിനിമയ്ക്ക്.(ചിരിക്കുന്നു) അങ്ങനെ ഒരു അവസ്ഥയാണ്. അപ്പോ ഇതിന്റ നിർമ്മാതാക്കള് ശരിക്കും പറഞ്ഞാ ഞങ്ങടെ ശുപാർശകളിലുണ്ട്.. ഈ നിർമാണത്തിനുവേണ്ടി വരുന്ന ആളുകൾക്ക് കൃത്യമായിട്ട്, അവര് എടുത്തുചാടാൻ പോകുന്ന അപകടത്തെപ്പറ്റി പറഞ്ഞ് മനസ്സിലാക്കണം. ഇത് വളരെ അപകടം നിറഞ്ഞ ഒരു മേഖലയാണ്, പണം...ഇട്ടപണം തിരിച്ചു കിട്ടുമോ എന്ന് സംശയമാണ്. നേരത്തെ ഇവിടെ പറഞ്ഞതു പോലെ, വൻ...എന്തോ..100 കോടി എന്നൊക്കെ കേട്ടിട്ടുണ്ട്...കേട്ട് പേടിച്ചിരിക്കുകയാണ് ആളുകള്..200 ക്ലബ്ബില് കേറീന്നൊക്കെ. പക്ഷേ അവർക്കൊക്കെ നഷ്ടമാണെന്ന് പറയുന്നു. ഈ ക്ലബ്ബിൽ കയറിയവര്.. എന്താണ്..പിന്നെ... ഡെയിലി വേജസിന് എൻഗേജ് ചെയ്തിരുന്ന.. അവർക്ക് എന്താ പേര് പറയുന്നേ..(സദസ്സിൽനിന്ന് ജൂനിയർ ആർട്ടിസ്റ്റ് എന്ന് വിളിച്ചുപറയുന്നു) എന്താ..ങ്ഹാ.ജൂനിയർ ആർട്ടിസ്റ്റ്... അവർക്ക് പൈസ കൊടുത്തിട്ടില്ല എന്ന് പറയുന്നു. പ്രതിഫലം കൊടുത്തിട്ടില്ല എന്ന് പറയുന്നു. ഇതൊന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് ശരിക്കും.

സിനിമാ കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ അടൂർ ​ഗോപാലകൃഷ്ണന്റെ പട്ടികജാതി-പട്ടികവർ​ഗ പരാമർശത്തിനെതിരേ ​ഗായിക പുഷ്പവതി സദസ്സിൽ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുന്നു

അപ്പോ ഈ ഒരുപാട് കോടി മുടക്കി എന്നുകേൾക്കുമ്പോ തന്നെ ഭയമാണ്, എന്നെപ്പോലുള്ളവർക്ക്. കാരണം ഈ കോടികൾ മുടക്കുന്നിടത്താണ് പല.. നമ്മളിപ്പോ ആരോപണങ്ങളൊക്കെ വരുന്ന സംഗതികളൊക്കെ നടക്കുന്ന സ്ഥലങ്ങളാണ്. കഷ്ടപ്പെട്ട് പടമെടുക്കുന്നവര്, അവർക്ക് ഇങ്ങനെ തോന്ന്യാസങ്ങക്കൊന്നും അവരുടെ മനസ്സും പോകില്ല (നീണ്ട കയ്യടി) അവർക്ക്... പ്രവർത്തനവും പോവുകയില്ല. അവർക്ക് ദണ്ണപ്പെട്ടാണ് പടങ്ങളെടുക്കുന്നത്. അവരുടെ കോൺസെൻട്രേഷൻ മുഴുവൻ ഈ സിനിമയിലാണ്. സിനിമ എങ്ങനെ നന്നാക്കാം, എങ്ങനെ ആളുകളുമായിട്ട് നല്ല മനസ്സുകളുമായിട്ട് എങ്ങനെ.. നമ്മള് ഇടപഴകാം എന്നൊക്കെയാണ് അവരുടെ ആലോചനകള്. അപ്പോ അങ്ങനെ ഒരു വർഗ്ഗത്തിനെ.. നമ്മള് എല്ലാ സിനിമക്കാരേം കൂടി ഒരു ഗ്രൂപ്പിൽ പെടുത്തരുത്. ദയവായി ഇങ്ങനെയുള്ള പരിപാടികള് ഉണ്ടാക്കുമ്പോ, ഇതിനുവേണ്ടിയുള്ള നിയമവ്യവസ്ഥകളൊക്കെ ഉണ്ടാക്കുമ്പോ, ഈ രണ്ടു വകുപ്പിനേം രണ്ടായിട്ട് തന്നെ കാണണം.

എന്റെ ജന്മകാലത്ത് ഞാൻ രണ്ടു കോടിയിലെത്തിയിട്ടില്ല, എന്റെ ഒരു പടത്തിന്. പക്ഷേ അതേസമയം ഗവൺമെൻറ് ഷെഡ്യൂൾ കാസ്റ്റ്സ്, ഷെഡ്യൂൾ ട്രൈബിന് കൊടുക്കുന്ന, ഒരു പടം എടുക്കാൻ കൊടുക്കുന്ന തുക ഒന്നരക്കോടി രൂപയാണ്. ഇത് ഞാൻ ഒരിക്കല് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അടുക്കല് ഞാൻ പറഞ്ഞു: ഇത് കറപ്ഷൻ ഉണ്ടാക്കാനുള്ള ഒരു വഴി ഉണ്ടാക്കുകയാണ് ഗവൺമെൻറ്. ബഹുമാനപ്പെട്ട സാമ്പത്തിക... ധനകാര്യ മന്ത്രിക്ക് അറിയാം. പക്ഷേ അത് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

അതുപോലെ തന്നെ ഈ.. ഇവരെ തിരഞ്ഞെടുക്കുമ്പോള്... വളരെ നിർബന്ധമായിട്ട്.. എനിക്കൊരു ശുപാർശ ചെയ്യാനുണ്ട്. ഷെഡ്യൂൾഡ് കാസ്റ്റിൽപെട്ട ആളുകള്... നല്ലൊരു.. അതിന്റെ പിന്നിലുള്ള മനസ്സ് വളരെ നല്ലതാണ്. അതിന്റെ ഉദ്ദേശം വളരെ നല്ലതാണ്. പക്ഷേ അവർക്ക് കുറഞ്ഞതൊരു മൂന്നു മാസത്തെ ഇന്റൻസീവ് ട്രെയിനിങ് കൊടുക്കണം. പരിശീലനം കൊടുക്കണം. സിനിമ എങ്ങനെ ഉണ്ടാക്കുന്നു എന്നുള്ളതിന്. അപ്പോ..ഒരാള് സിനിമയായിട്ട്..ഒരു താല്പര്യമായിട്ട് വരുന്നു. അപ്പോ അയാളെ വെറുതെ സിനിമ എടുത്തോ എന്ന് പറഞ്ഞുവിടുക...അപ്പോ ഒരു രീതിയിലുള്ള ഒരു പ്രോത്സാഹനവും അല്ല അത്. അതുകൊണ്ട് അവർക്കൊരു മൂന്ന് മാസത്തെ, നല്ല വിദ​ഗ​ഗ്ദ്ധന്മാരുടെ കീഴിലുള്ള പരിശീലനം കൊടുക്കണം. എന്നിട്ട് വേണം.. അവർക്ക് എങ്ങനെയാണ് ഒരു പടത്തിന് ബഡ്ജറ്റ് ഉണ്ടാക്കുന്നതുൾപ്പെടെയുള്ള സം​ഗതികള് മുഴുവൻ അവരെ മനസ്സിലാക്കിക്കണം.(സദസ്സിൽ നിന്ന് ആരോ എന്തോ വിളിച്ചുപറയുന്നതുകേൾക്കുന്നു) കാരണം ഫിലിം കോർപ്പറേഷനിൽ നിന്ന് പണം വാങ്ങി, പടമെടുത്തവർക്കെല്ലാം കംപ്ലയിന്റാണ്.

അവര് വിചാരിച്ചിരിക്കുന്നത് അവർക്കീ പണം ഒരുദിവസമെടുത്ത് തരും.. കൊടുത്തൂ..നമുക്കീ കൊണ്ടുപോയി പടമെടുക്കാം എന്നാണ്. അങ്ങനെയല്ല. അത് പറഞ്ഞ് മനസ്സിലാക്കണം അവരെ. ഇത് പബ്ലിക് ഫണ്ടാണ്. ജനങ്ങളുടെ കൈയീന്ന് കരംപിടിച്ച പണമാണീ ചെലവാക്കുന്നത്. മറ്റു പ്രധാനപ്പെട്ട ഒരുപാട് പ്രധാനപ്പെട്ട വിഷയങ്ങള് നമ്മുടെ ജീവിതത്തിലുണ്ട്. അതിനൊക്കെ വേണ്ടി ചെലവാക്കാനുണ്ട്(സദസ്സിൽ നിന്ന് എന്തോ ബ​ഹളം കേൾക്കുന്നു. അപ്പോൾ ശരിക്കും പറഞ്ഞായയ ഒരു പ്രത്യേക(പ്രസം​ഗം നിർത്തി വലതുവശത്തേക്ക് നോക്കുന്നു)ഒരു വലിയ....(ചിരിയോടെ)ആരാ..അവിടെ സംസാരിക്കുന്നേ..മൈക്ക് കൊടുത്തിട്ടുണ്ടോ..?(ബഹളം തുടരുന്നു)മൈക്ക് കൊടുത്തിട്ടുണ്ടോ...?എന്താ...(സാറ് സംസാരിക്ക് എന്ന് ആരോ വിളിച്ചുപറയുന്നു)അപ്പോ നമുക്ക് ഇതൊന്നും..ങ്ഹാാ...ഞാൻ പറഞ്ഞുവന്നത് പോയി.അപ്പോ..(സദസ്സിൽ നിന്ന് ആരോ ട്രെയിനിങ് കൊടുക്കണോന്ന് പറഞ്ഞു എന്ന് വിളിച്ചുപറയുന്നു) നിർബന്ധമായിട്ടും അവർക്ക് ട്രെയിനിങ് കൊടുക്കണം.

ഈ ഒന്നരക്കോടി കുറഞ്ഞത്..കുറച്ചിട്ട്..50 ലക്ഷം ആക്കി മൂന്ന് പേർക്ക് കൊടുക്കുക. ഇത് കൊമേഴ്സ്യൽ ഫിലിം എടുക്കാനുള്ള കാശല്ല(തറപ്പിച്ച് പറയുന്നു) കൃത്യമായിട്ട് സിനിമ, നല്ല സിനിമ എടുക്കാനുള്ള മുടക്കലേ ആകാവൂ.(നീണ്ട കയ്യടി) വളരെ നിർബന്ധമാണ്.(കയ്യടി) സൂപ്പർസ്റ്റാറിനെ വച്ച് പടം എടുക്കാനുള്ള പണമല്ല നമ്മള് ​ഗവൺമെൻറ് കൊടുക്കേണ്ടത്. ഒരിക്കലും ഗവൺമെന്റിന്റെ ചുമതയല്ലത്.

അതുപോലെ തന്നെയാണ് സ്ത്രീകൾക്കുള്ളത്. ഒരു സ്ത്രീയായിരുന്നതു കൊണ്ടുമാത്രം സിനിമയെടുപ്പിക്കാൻ പണം കൊടുക്കരുത്. ഇനി സ്ത്രീയായാലും അവർക്കും കൊടുക്കണം ഈ പരിശീലനം. വളരെ പ്രധാനമാണ്. സ്ത്രീസംവിധായകര് നമുക്ക് വേണം. നമുക്ക് ഒന്നുരണ്ടുപേരുണ്ട്. അവർ നല്ലമിടുക്കരാണ്. പക്ഷേ അതുപോലുള്ള പുതിയ ആളുകള് വരണമെന്നുണ്ടെങ്കില് അവർക്ക് ഇതിന്റെ എല്ലാ പ്രയാസങ്ങളും അറിഞ്ഞുവേണം പടമെടുക്കാൻ.

ഉള്ളൊഴുക്ക് പോസ്റ്റർ

ചെല വീട്ടിലില്ലേ..?ചെല കുട്ടികളെ നമ്മള് വളർത്തുവല്ലോ...യാതൊരു വിഷമങ്ങളും അറിയിക്കാതെ.. ഞങ്ങളുടെ..ഞങ്ങളുടെയൊക്കെപ്പോലെ..ഞങ്ങള് കഷ്ടപ്പെട്ട് ജീവിച്ച ആളുകളാ..പക്ഷ നമ്മടെ മക്കള്...അവര് പറയും..അയ്യോ നമ്മുടെ കുഞ്ഞുങ്ങളെ വെഷമം ഒന്നും അറിയിക്കരുത്. അത് വലിയ തെറ്റാണ്. വിഷമങ്ങളെല്ലാം അറിഞ്ഞ്, കഷ്ടപ്പെട്ട് വേണം, ഓരോരുത്തരും അവനവന്റെ ജീവിതം കരുപ്പിടിപ്പിക്കാനായിട്ട്. അത് എളുപ്പമൊന്നുമല്ല. എളുപ്പമാണെന്ന് നമ്മൾ തെറ്റിദ്ധരിപ്പിക്കരുത് അവരെ. സിനിമയിലും അതുതന്നെയാണ്. കഷ്ടപ്പാടിന്റെ കഥകളാണ്.

ഈയിടയ്ക്ക് കേരളത്തില് വളരെ നല്ല ഒന്നാന്തരമൊരു സിനിമയെടുത്തതാണ് ഉള്ളൊരുക്കം എന്നു പറഞ്ഞ സിനിമ. ഉള്ളൊഴുക്ക് എന്നുപറഞ്ഞ സിനിമ. അതിന് നമ്മുടെ കേരളാ​ഗവൺമെന്റോ ആരും ഒന്നും ഒരു അവാർഡും കൊടുത്തില്ല.(ചിരിക്കുന്നു)അതില് ഒരു നടിക്ക് മാത്രം സഹനടിയുടെ അവാർഡ് കൊടുത്തു. ആ പടം എടുത്ത ആള് പറയുന്നു, എട്ടുവർഷത്തെ.... അയാള് കൽക്കട്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതാണ്. ക്രിസ്റ്റോ എന്നുപറയും. ക്രിസ്റ്റോ എട്ടുവർഷത്തിനുശേഷമാണ് അയാള് പടമെടുക്കുന്നത്. അതിനുള്ള ശ്രമം നടത്തീട്ട് അവസാനം ചെയ്ത പടമാണ്. അപ്പോ ഒരു.. ഡൽഹീലെ ഒരു.. റീജിയണൽ പ്രൈസ് കിട്ടിയപ്പോ അയാളങ്ങ് വല്യ സന്തോഷത്തിലാ..കാരണം ഇവിടെ എല്ലാം തഴയപ്പെട്ട് അയാളെ. വളരെ നല്ലൊരു സിനിമയാണത്. അപ്പോ അങ്ങനെ വരരുത്. ഇനീ പടങ്ങൾ തിരഞ്ഞെടുക്കുമ്പോ പോലും, ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ഐഎഫ്എഫ്കെയ്ക്ക് പടങ്ങള് കാണിക്കാൻ തിരഞ്ഞെടുക്കുമ്പോ പോലും ഈ പടം കൃത്യമായിട്ട് തഴയപ്പെട്ടു എന്നുള്ളത് അദ്ഭുതമാണ്. ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

പിന്നെ അന്ന് ഞങ്ങൾ റെക്കമെന്റ് ചെയ്ത ഒരു ശുപാർശ...ഒരു ശുപാർശ ഞങ്ങള് കൊടുത്തിരുന്നത്...തീയറ്ററിൽ ഇ ടിക്കറ്റ് ഏർപ്പെടുത്തണമെന്നത്. അതും ഇന്നുവരെ ചെയ്തിട്ടില്ല. വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. കാരണം ഒരുപാട് കറപ്ഷൻ നടക്കുന്നുണ്ട് തീയറ്ററില്. പിന്നെ തീയറ്ററുകാര്...ഇപ്പോ ഒരു സിനിമ എടുക്കുന്ന ആള്.. എന്തെല്ലാം പ്രയാസങ്ങളാ നേരിടുന്നത്. നേരത്തെ ഒരുപാട് പേര് പറഞ്ഞു. മാത്രമല്ല ഇവരുടെയെല്ലാം ഫത്വകളുണ്ട്. ചെല തീയേറ്ററൊടമകള്..ങ്ഹാ..ഇന്നാര് അഭിനയിക്കുന്ന പടമാണോ എന്നാ ഞാൻ കാണിക്കത്തില്ല എന്നു പറയും. എന്നിട്ട് ഒരു സംഘടന ഉണ്ടാക്കുന്നു. റിലീസ് ചെയ്യാവുന്ന എ തീയറ്ററുകളെടെയെല്ലാം സംഘടനയൊണ്ടാക്കിയിട്ട് പറയുന്നു ഇയാള്ടെ പടം ഞങ്ങളിനി കാണിക്കത്തില്ല എന്ന്. ഹൂ ആർ ദേ? അവർ ആരാ ഇത് തീരുമാനിക്കാൻ? അപ്പോ.. ആരും ചോദിക്കാനില്ല എന്നുള്ളൊരു അവസ്ഥ നിലനില്കുന്നതു കൊണ്ടാണ്.

അതുകൊണ്ടാണ് നേരത്തെ പറഞ്ഞ ഒരു.. ഒരു സ്റ്റിയറിങ് കമ്മിറ്റിയോ... ഗവൺമെന്റും കൂടി ഉൾപ്പെട്ട ഒരു കമ്മറ്റിയുണ്ടാക്കേണ്ടതിന്റെ ആവശ്യം. അതിന്റെ പേര് ഞാൻ ഇപ്പോ കൃത്യായിട്ട് ഓർമിക്കുന്നില്ല.(സദസ്സിൽനിന്നാരോ ​റ​ഗുലേറ്ററി കൗൺസിൽ എന്ന് വിളിച്ചുപറയുന്നു)റ​ഗുലേറ്ററി കൗൺസിൽ..കറക്ട്.. താങ്ക്യൂ..റ​ഗുലേറ്ററി കൗൺസിൽ.. ഒരു റെഗുലേറ്ററി ബോഡി ഉണ്ടാക്കണം. അതിന് നിയമപരമായിട്ടുള്ള സാധുതയും വേണം. അത് ഫിലിം ഇൻ‍‍‍‍‍ഡസ്ട്രി... വെളിയിൽനിന്നുള്ള ആളുകളെകൊണ്ടുവന്നൊന്നും ചെയ്യണ്ട. ഫിലിം ഇൻ‍‍‍‍‍ഡസ്ട്രിയിലുള്ളവരും ഗവൺമെന്റിലെ പ്രധാനപ്പെട്ട.. ഒരു സെക്രട്ടറിയും..സെക്രട്ടറിയായിട്ട് ഗവൺമെൻറ് സെക്രട്ടറിപോലൊരു സെക്രട്ടറി ഉണ്ടാവണം. അങ്ങനെ... അല്ലെങ്കിൽ എംഡിയോ..

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

ഈ...പിന്നെ ഇവിടെ പറയണമെന്നോ എനിക്കറിഞ്ഞുകൂടാ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്... പക്ഷേ നമ്മുടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.. കോട്ടയത്തുള്ള(സദസ്സിൽ നിന്ന് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നുപറയുന്നു)കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് .. അത് ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് എത്തുന്ന ഒരു സ്ഥാപനമായിട്ട് മാറി... ഏതാണ്ട് 99% മാറി ആ ഒരു ടേക്ക് ഓഫ് ടേക്ക് സ്റ്റേജിലെത്തിയപ്പോഴാണ് അവിടെ വളരെ വൃത്തികെട്ട ഒരു സമരം നടത്തി... ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്ര​ഗത്ഭനായിട്ടുള്ള ഒരു വ്യക്തിയാണ് ശ്രീ. ശങ്കർ മോഹനൻ..അതിന്റെ ഡയറക്ടറായിരുന്നത്... അദ്ദേഹത്തിനെതിരായിട്ട്...എന്തിനാ സമരം? അവിടെ ഡിസിപ്ലിൻ ഏർപ്പെടുത്തീന്നൊള്ളതാണ്. ആർക്കും എതിരായിട്ട് ഒന്നും അദ്ദേഹം ചെയ്തില്ല. അവിടെ.. അവിടുത്തെ സിസ്റ്റം.. അന്ന് ഞങ്ങള്.. ഞാൻ അതിന്റെ ചെയർമാനും ശങ്കർ മോഹൻ അതിന്റെ ഡയറക്ടറുമായിരുന്നു....ചേർന്നപ്പഴ്... അപ്പഴത്തെ അവസ്ഥ മൂന്നുകൊല്ലത്തെ കോഴ്സിന് ചേർന്ന കുട്ടികളെല്ലാം ആറു വർഷമായിട്ടും അവിടെയുണ്ട്. അവർക്ക്.. മിക്ക വിഷയങ്ങളും പഠിപ്പിക്കാൻ അധ്യാപകരില്ല. സ്വന്തമായി ക്യാമറ ഇല്ല. ഒരു എക്യുപ്മെന്റും ഇല്ല.. എന്തിന് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ട് ഒരു പടം കാണിക്കാൻ ഉള്ള ഒരു പ്രിവ്യൂതിയേറ്റർ പോലും അവിടെയില്ല.

ആ അവസ്ഥയിൽ നിന്ന് ഞങ്ങൾ ഇതെല്ലാം ഉണ്ടാക്കി. എല്ലാം ഉണ്ടാക്കി,എല്ലാ എക്യുപ്മെന്റ് വരെയുണ്ടാക്കി. ബോംബെയിലെ ഏറ്റവും വിലപിടിച്ച ക്യാമറ..മൂന്നുപേര് ക്യാമറേം കൊണ്ട് ബോംബേന്ന്.. ഫ്ലൈറ്റില് വന്നിട്ട് ഇവിടുത്തെ അവരുടെ സ്റ്റുഡന്റ്സ് ഫിലിംസ് ചെയ്യുക. ഇതൊക്കെ കണ്ടപ്പോ.... ഭയങ്കര വേസ്റ്റാണ് ചെയ്യുന്നത്. പബ്ലിക് ഫണ്ട്സാണ് ചെലവാക്കുന്നത്. ഇതാരാ...അവിടെ ചുമതലപ്പെട്ടവർക്കാർക്കും സിനിമ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് പോലും അറിയാത്ത ആളുകളാണ് അതിന്റെ ചുമതലേല് വരുന്നയാളുകള്. അവരിരുന്നിട്ട് ഇതിനെയങ്ങനെ നശിപ്പിച്ചിട്ട് നാറാണക്കല്ലാക്കിയ സമയത്താണ് ഞങ്ങൾ ചാർജ് എടുക്കുന്നത്. അവിടെ എല്ലാം.... ഇതെല്ലാം പരിഹരിച്ച്.. കുട്ടികളുടെ അഡ്മിഷനു വേണ്ടിയിട്ട് പത്രത്തിൽ പരസ്യം ചെയ്തിട്ട് ഒരു പത്രത്തിനും കാശു പോലും കൊടുക്കാതെ അവരെല്ലാം ബാൻ ചെയ്തിട്ടിരിക്കുകയായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിനെ. പല പ്രധാനപ്പെട്ട പത്രത്തിന്റെ ഉടമകളെയൊക്കെ ഞാൻ വ്യക്തിപരമായിട്ട് വ്യക്തിപരമായിട്ട് ബന്ധപ്പെട്ടിട്ടാണ് അടുത്തതവണത്തെ പരസ്യം കൊടുക്കുന്നത്. ഗവൺമെന്റിന്റേതായിട്ടു പോലും ഒരു 40-60 ശതമാനം കൺസഷൻ തന്നു. പ്രത്യേകം ചോദിച്ചു വാങ്ങിച്ചു. സർക്കാരിന്റെ കാര്യാ, ഞാൻ പ്രത്യേകിച്ച് താല്പര്യമെടുക്കേണ്ട കാര്യമല്ല. പക്ഷേ, അവിടെ ഒന്നും നടന്നിട്ടില്ല...

എ.കെ.ബാലൻ

അവിടെ പഠിച്ചിരുന്ന കുട്ടികൾക്ക്..ഈ ആറുവർഷം വെറുതെ കിടന്ന കുട്ടികൾക്ക്.. ഷെഡ്യൂൾ കാസ്റ്റ്സ്,ഷെഡ്യൂൾ ട്രൈബിനും പിന്നോക്ക വിഭാ​ഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും ​ഗവൺമെന്റിന്റെ ഇ-​ഗ്രാന്റ്,എഡ്യുക്കേഷണൽ ​ഗ്രാന്റ് കൊടുത്തിട്ടേയില്ല. ശ്രീ.എ.കെ.ബാലൻ..അദ്ദേഹം അന്ന് മന്ത്രിയായിരുന്നു അന്ന് ഈ വകുപ്പിന്റെ... പേഴ്സണലായിട്ട് ഞാൻ പോയി അദ്ദേഹവുമായി സംസാരിച്ചു. പലതവണ സംസാരിച്ച് അദ്ദേഹത്തിന്റെ മേൽ വലിയ സമ്മർദ്ദം ചെലുത്തിയാണത് സാങ്ഷൻ ചെയ്ത് എടുക്കുന്നത്.

ഒരു ബാച്ച് അപ്പോഴത്തേക്കും പുറത്തുപോയി. ഞങ്ങള് ചെന്നതിന്റെ തൊട്ടുപുറകേ. ആറു വർഷോം കഴിഞ്ഞിട്ട് പുറത്തേയ്ക്കായി. അപ്പോ അവർക്ക് കൊടുക്കാൻ പ്രൊവിഷനില്ല എന്നു മന്ത്രി പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു,അല്ല അവര്..ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത് കഷ്ടതയിൽ കഴിയുന്ന കുട്ടികൾക്ക്, അവരുടെ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അവരെവിട്ന്നോ കടംവാങ്ങിച്ചൊക്കെയായിരിക്കണം ഒരുകൊല്ലത്തോളം കാലം അവിടെ പഠിച്ചത്. അവർക്കും കൊടുത്തേ പറ്റൂ എന്നും പറഞ്ഞു. അതും കൊടുത്തു. അദ്ദേഹത്തിന്റെ നന്മ,ശ്രീ എ.കെ.ബാലന്റെ നന്മ, അന്ന് ഞാൻ കണ്ടറിഞ്ഞതാണ്. അദ്ദേഹം അതിനും കൊടുത്തിട്ട് എന്നോട് പറഞ്ഞു, സാറുപറഞ്ഞതു കൊണ്ട് കൊടുക്കുകയാണ് എന്ന് പറഞ്ഞു. എനിക്ക് തന്ന എന്തോ ഒരു ഫേവർ പോലെ. അങ്ങനെയൊക്കെ ഉണ്ടാക്കിയ, ഒരു വലിയ.. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടായിട്ട് മാറുമായിരുന്ന ഒരു സ്ഥാപനത്തെ ഒന്നുമല്ലാതാക്കി. അവിടെയുള്ള എല്ലാ ഡിപ്പാർട്ട്മെൻറ്സിന്റേം ഹെഡ്സ് അവിടുന്ന് പിരിഞ്ഞുപോയി. ഇനി സ്ഥാപനം നന്നാവത്തില്ല എന്നു പറഞ്ഞിട്ട്. ഇപ്പോഴത്തെ അവിടുത്തെ അവസ്ഥ എന്താണ് എന്ന് നമുക്ക് അറിഞ്ഞുകൂടാ. ആർക്കുമറിഞ്ഞുകൂടാ. അപ്പോൾ ഫിലിം.. സിനിമയ്ക്ക് വേണ്ടി കേരളത്തിലുണ്ടായ ഭാവി ചലച്ചിത്രകാരന്മാരെ മെനഞ്ഞെടുക്കാൻ വേണ്ടി ഉണ്ടാക്കിയ സ്ഥാപനത്തിന്റെ അവസ്ഥയാണ്.

നേരത്തെ ഇവിടെ നല്ലൊരു പ്രൊപ്പോസൽ ഒരാൾ പറഞ്ഞതു കേട്ടു. വളരെ പ്രധാനമാണ്. ഈ കോൺക്ലേവിനെയും ഇതിൽ എടുക്കുന്ന തീരുമാനങ്ങളെയും സിനിമ-ടെലിവിഷൻ കോൺക്ലേവ് എന്ന് തിരുത്തിയെഴുതി ടെലിവിഷൻ കൂടി ഇതിന്റെ പരിധിയിൽ കൊണ്ടുവരണം. നമ്മളെടുക്കുന്ന തീരുമാനങ്ങളുടെ..(കയ്യടി)വളരെ പ്രധാനമാണ്.(കയ്യടി)

ടെലിവിഷൻ ഏറ്റവും നശിച്ച അവസ്ഥയിലാണ്. ഒരു കൊള്ളാവുന്ന പരിപാടിപോലും ടിവിയിലില്ല.(ചെറിയ കയ്യടി) ഞാൻ ഇത് പറയുമ്പോ ഓരോരുത്തരും ഓരോ ചാനലും എങ്ങനെയാണ് മറ്റുള്ള ചാനലിനെക്കാട്ടിൽ കൂടുതൽ മോശമാക്കുന്നത്. കാരണം എങ്ങനെയാണ് കൂടുതൽ ഓഡിയൻസ് കിട്ടുന്നതെന്നെന്നാണ്(കയ്യടി) അവരു തമ്മിൽ മത്സരമാണ്. മത്സരമാണ്... ഇത്രേം... ഞാൻ കഴിഞ്ഞ ദിവസവും ഇതിനെപ്പറ്റി സംസാരിക്കാൻ ഇടയായി...ഇത്രയും സാക്ഷരതയുള്ള നമ്മുടെ നാട്ടില്.. പുതുതായിട്ട് വരുന്ന പുസ്തകങ്ങളെപ്പറ്റി ചർച്ച നടത്തുക.. നല്ല അറിവുള്ള നല്ലൊരു നിരൂപകൻ ആ പുസ്തകത്തെ അവതരിപ്പിച്ച് അതിനെപ്പറ്റി നല്ല രീതിയിൽ സംസാരിച്ച് അവതരിപ്പിക്കുക.. എന്നിട്ട് അതിന്റെ മുകളിൽ ചർച്ച നടത്തുക.. എന്നുള്ളൊരു പരിപാടി പ്രധാനപ്പെട്ട രണ്ടു മൂന്ന് ചാനലുകൾ ആരംഭിച്ചതാണ്. എല്ലാ ചാനലുകളും അത് മതിയാക്കി. കാരണം അതിന് ഓഡിയൻസ് ഇല്ല എന്ന് പറഞ്ഞിട്ട്. അപ്പോ എന്തിനാ ഓഡിയൻസ് ഉള്ളത്? വൈകുന്നേരം ആകുമ്പോ മറ്റേ.. ഓരോ ഘോരകൃത്യങ്ങൾ ഉണ്ടല്ലോ..കൊല്ലുന്നതിന്റേം തല്ലുന്നതിന്റേമൊക്കെ.. അത് കാണിക്കാനാ.. അതാണ് ഏറ്റവും ആളുകൾക്ക് കാണേണ്ടത്. ഉറങ്ങുന്നതിനു ഇതു കണ്ടുകഴിഞ്ഞ് സുഖമായിട്ട് ഉറങ്ങാന്ന് വിചാരിക്കുന്നു. നമ്മളൊക്കെ ആണെങ്കിൽ ദു:സ്വപ്നം കാണും, ഇതൊക്കെ കണ്ടു കഴിഞ്ഞാൽ. നമുക്ക് മനുഷ്യത്വത്തിലുള്ള വിശ്വാസംതന്നെ നഷ്ടപ്പെട്ടുപോകും.

ഇപ്പോ..ഇവിടെ നമ്മള് പ്രധാനമായിട്ടും സംസാരിച്ചത് ഈ ഫീച്ചർഫിലിമിനെപ്പറ്റിയാണ്. കഥാചിത്രങ്ങളെപ്പറ്റിയാണ്. അതായത് കോമേഴ്സ്യലായിട്ട് ഓടുന്ന സിനിമകളെ പറ്റിയാണ്. പക്ഷേ നമ്മുടെ നാട്ടില്... നമുക്കൊരു ഷോട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉണ്ട്. കേരളത്തിൽ നടക്കുന്നത്. അവിടെ കാണിക്കാൻ... നമ്മുടെ കുട്ടികള്... ചെറുപ്പക്കാർ ഒരുപാട് പേര്...ഇപ്പോ പ്രത്യേകിച്ചിപ്പോ ഈ സാങ്കേതികമായിട്ടുള്ള മാറ്റങ്ങളുണ്ടായിട്ടുള്ള ഫലമായിട്ട്, ഇപ്പോ ഈ ഫിലിം മേക്കിങ് നമ്മുടെ ഒരു കൈക്കുള്ളിലൊതുങ്ങുന്ന രീതിയിലേക്ക് വന്നു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പലരും, ചെറിയ ചെറിയ സിനിമകളെടുത്താണ് ശരിക്കും പറഞ്ഞാൽ സ്വയം ട്രെയിൻ ചെയ്യുന്നത്. അപ്പോ അതിനുള്ള സൗകര്യം ഇപ്പോൾ നമ്മുടെയെല്ലാം മിക്കവാറുമുള്ള എല്ലാം ടെലിഫോണുകളിലുമുണ്ട്. മൂവി എടുക്കാനുള്ള പ്രൊവിഷൻ. അതിന് നല്ല ഫോർ കെ രജിസ്ട്രേഷൻ ഉണ്ട് അതിന്.. ശരിക്കും..അപ്പോ അവർക്ക് ഷോർട്ട് ഫിലിമെടുക്കാനായിട്ട്.. ​ഗവൺമെന്റിന്റെയൊരു...​ഗവൺമെന്റ് ധാരാളം ഷോർട്ട്ഫിലിമുകളെടുപ്പിക്കുന്നുണ്ട്. പല വകുപ്പുകളുമൊക്കെ എടുപ്പിക്കുന്നുണ്ട്. പക്ഷേ ചെറുപ്പക്കാർക്കൊന്നും തന്നെ.. അവരുടെ എല്ലാം വലിയൊരു പരാതിയാണ്.. അവർക്കാർക്കും തന്നെ ഇതെടുക്കാനുള്ള കോൺട്രാക്ട് കൊടുക്കാറില്ല. ഇതേതോ മൊത്തവ്യാപാരികൾക്ക് കൊടുക്കുകയാണ് പതിവ്.(കയ്യടി) അത് ഒന്നു പരിശോധിക്കണം. അത് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.കാരണം കുറെ പേർക്കുള്ള ഉപജീവനമാർഗമാണ്. അതുപോലെതന്നെ കുറെ പേർക്ക് ഈ മറ്റേ കഥാ ചിത്രത്തിന്റെ രംഗത്തേക്ക് വരാനുള്ള തയ്യാറെടുപ്പുമാണ്ഈ ഷോർട്ട് ഫിലിം മേക്കിങ്

വൈലോപ്പിള്ളി സംസ്കൃതി ഭവൻ

ഏറ്റവും പ്രധാനപ്പെട്ട.. നേരത്തെ പറഞ്ഞ തുടർച്ച തുടർച്ചയായിട്ട് പറയാനുള്ളത്. നമുക്ക് തിയേറ്റർ സമുച്ചയം ഉണ്ടാകണമെന്ന് പറഞ്ഞപ്പോ... ശരിക്കും പറഞ്ഞാൽ വേണ്ടത് ഒരു സാംസ്കാരിക കേന്ദ്രമാണ്. തിരുവനന്തപുരത്ത് അങ്ങനെ നല്ലൊരു സ്ഥലമില്ല നമുക്ക്. സിനിമാകാണിക്കാൻ മാത്രമല്ല,മറ്റെല്ലാ..ഇതുമായിട്ട് ബന്ധപ്പെട്ട മറ്റെല്ലാ കലാരൂപങ്ങളെയും അവതരിപ്പിക്കാനൊക്കെ ഉതകുന്ന ഒരു നല്ല സാംസ്കാരിക കേന്ദ്രം നമുക്കുണ്ടാവണം. അത് കൊല്ലത്തും മറ്റും കെട്ടിയതുപോലുള്ള കേന്ദ്രമല്ല. ശരിക്കും ഈ രംഗത്ത് പ്രവർത്തിക്കുന്ന ആളുകളുമായിട്ട്...അവരുമായി സംവദിച്ച് അവരുടെ അഭിപ്രായങ്ങളെല്ലാം എടുത്തിട്ട് വേണം അങ്ങനെ ഒരു കേന്ദ്രമുണ്ടാക്കാൻ. തീർച്ചയായിട്ടും ബഹുമാനപ്പെട്ട ധനവകുപ്പുമന്ത്രി അദ്ദേഹം ഇക്കാര്യങ്ങളിൽ താല്പര്യമുള്ളയാളാണെന്ന് എനിക്കറിയാം. അദ്ദേഹം പ്രത്യേകം താല്പര്യം എടുത്ത്.. ഈ സങ്കല്പത്തെയൊന്ന് കൃത്യമായിട്ട് എടുത്ത്...ഇതിൽ ഏർപ്പെട്ടിരിക്കുന്നവര്.. തീയറ്റർ ചെയ്യുന്നവര്.. ചിത്രകാരന്മാര്.. കവികള്.. സാഹിത്യകാരന്മാര്.. എന്നുവേണ്ട നമ്മുടെ പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കുന്നവര് കഥകളിയുടെ എക്സ്പെർട്ട്... ഇങ്ങനെ പല രീതിയിലുള്ള..നമുക്ക്... സംസ്കാര സമ്പന്നമായിട്ടുള്ള കലകള്...നിറയെ കലാരൂപങ്ങളുള്ള ഒരു നാടാണ് നമ്മുടേത്. അപ്പോ അതെല്ലാം അവതരിപ്പിക്കാനുമൊക്കെയായിട്ടുള്ള ഒരു.. ഒരു സാംസ്കാരിക കേന്ദ്രം നമുക്ക്. തിരുവനന്തപുരത്ത് തീർച്ചയായിട്ടും വേണം. അതില്ല.

ഒരെണ്ണം.. ആദ്യം സാംസ്കാരിക കേന്ദ്രം എന്ന പേരിലുണ്ടാക്കിയത്, സംസ്കൃതി കേന്ദ്രം...മറ്റേ... വൈലോപ്പിള്ളി സംസ്കൃതി കേന്ദ്രമാണ്. അപ്പോ ഉണ്ടാക്കിത്തീരുന്നതിനു മുമ്പ് തന്നെ അത് വലിയൊരു ഗവൺമെൻറ് ആപ്പീസ് വന്ന് അതിന്റെ പ്രധാനപ്പെട്ട സ്ഥലത്തെല്ലാം അങ്ങ് ഏറ്റെടുത്തു. പല ​ഗവൺമെന്റുകളും നോക്കി, അവരെ വേറൊരു സ്ഥലത്തേക്ക് മാറ്റാൻ. അവര് മാറത്തില്ല. അപ്പോ സംസ്കാരം അവിടെതന്നെ തീർന്നു. അതിനുപകരം ഒരു.. നേരെയൊരു 22 അടി നടന്നാല് സ്റ്റീപ്പായിട്ട് നടന്നാല് ഇറങ്ങാവുന്ന ഒരു ഹാളാണ് ആകെയുള്ളത്. ഏതുസമയവും എന്നെപ്പോലൊരു ആളുനടന്നാൽ അവിടെ വീഴും. കാലൊടിയും. ഇതൊക്കെ സംഭവിക്കാം. അതുകൊണ്ട് അവിടെ നല്ല രീതിയില് മഹാജനങ്ങള് വന്ന്.. ഇതുപോലെ..ഇതുപോലെ മനോഹരമായ ഹാള്.. ഇതൊക്കെയാണ് ശരിക്കുംപറഞ്ഞാ ഒരു സാംസ്കാരിക കേന്ദ്രത്തിൽ വേണ്ടത്. അങ്ങനെയുള്ള ഒരു സാംസ്കാരികകേന്ദ്രം നമുക്ക് ഉണ്ടാകും എന്നൊക്കെ പ്രതീക്ഷിക്കുകയാണ്. ഈ...വളരെ സഫലമായ ഈ കോൺക്ലേവിന്,ഇത് സംഘടിപ്പിച്ച ഇതിന് ചുമതലപ്പെട്ട ഓരോരുത്തരെയും അഭിനന്ദിച്ചുകൊണ്ട് ഞാനെന്റെ വാക്കുകൾ ചുരുക്കുന്നു. നമസ്കാരം