'ടൈറ്റാനിക്ക്' സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിന്നുള്ള ദൃശ്യം. ക്യാമറകളുറപ്പിക്കാനുപയോ​ഗിച്ച കൂറ്റൻ ക്രയിനുകളും കാണാം യൂട്യൂബ് വീഡിയോ സ്ക്രീൻ​ഗ്രാബ്
Premium

40ഏക്കർ കടൽത്തീരത്തെ ആറുകോടി ലിറ്റർ ടാങ്കിൽ പിറന്ന ടൈറ്റാനിക്ക്

ലോകസിനിമയിലെ അദ്ഭുതങ്ങളിലൊന്നായ ടൈറ്റാനിക്കിന്റെ നിർമാണവിശേഷങ്ങൾ തകർ‍ന്നുപോയ ആ കപ്പലിനോളം വലിപ്പമുള്ളൊരു കഥയാണ്

പപ്പപ്പ റിസര്‍ച്ച് ടീം

ലോകത്തിൽ ഇന്നോളമുണ്ടായതിൽവെച്ച് ഏറ്റവും വലിയ കപ്പൽച്ചേതത്തിന്റെ കഥയെ കാല്പനികതയുടെ കടൽനീലയ്ക്ക് മീതേ അവതരിപ്പിക്കുകയായിരുന്നു 'ടൈറ്റാനിക്ക്' എന്ന സിനിമ. അഭ്രത്തിൽ അത് തീർത്ത അദ്ഭുതത്തിന്റെ അലമാലകൾ ഇന്നും ബാക്കിയാണ്. സിനിമാപുരസ്കാരങ്ങളിൽ പരമോന്നതപദവിയിൽ നില്കുന്ന ഓസ്കറിൽ 'ടൈറ്റാനിക്ക്' ചരിത്രമെഴുതി. 'ബെൻഹറി'ന് ശേഷം ഏറ്റവുമധികം ഓസ്കർ നോമിനേഷനുകൾ നേടിയ ചിത്രം. ഒടുവിൽ ചുവപ്പുപരവതാനിക്ക് മീതേ 11 ഓസ്കറുകളെന്ന സുവർണനേട്ടം. അതിനൊപ്പം അമേരിക്കയിലും യൂറോപ്പിലും ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതി. 

 2.265 ബില്യൺ ഡോളറാണ്  'ടൈറ്റാനിക്ക്' ലോകമെങ്ങമുള്ള പ്രദർശശാലകളിൽ നിന്ന് വാരിയെടുത്തത്. ഇതിൽ 674.4 മില്യൺ ഡോളർ ആഭ്യന്തരമാർക്കറ്റിൽ നിന്നും 1.59 ബില്യൺ ഡോളർ അന്താരാഷ്ട്രമാർക്കറ്റിൽ നിന്നുമാണ്. ഒരുബില്യൺ,രണ്ട് ബില്യൺ ഡോളർ ​ഗ്രോസ് കടന്ന ആദ്യ ചിത്രവും  'ടൈറ്റാനിക്ക്' ആണ്. 

 പക്ഷേ അനേകംപേരുടെ വിയർപ്പിന്റെയും തീച്ചൂളകൾപോലെ പുകഞ്ഞ തലച്ചോറുകളുടെയും അന്നേവരെ ലോകം കാണാതിരുന്ന സാങ്കേതികവിദ്യകളിലെ വിസ്മയങ്ങളുടെയും ആകെത്തുകയാണിതെന്ന് പറയാം. അത്രത്തോളമുണ്ടായിരുന്നു അധ്വാനം. ഹോളിവുഡിലെ സ്വപ്നവ്യാപാരിയായ ജെയിംസ് കാമറോൺ എന്ന കപ്പിത്താന്റെ വിജയകഥ കൂടിയാണ്  'ടൈറ്റാനിക്ക്'. ചിത്രം പുറത്തിറങ്ങി 38വർഷം തികയുമ്പോൾ അതിന് പിന്നിലെ ഓർമത്തിരകളിലൂടെ... 

ടൈറ്റാനിക്ക് ചിത്രീകരണത്തിനിടെ സംവിധായകൻ ജെയിംസ് കാമറോൺ

 കടലിനടിയിലേക്ക് ഊളിയിട്ട കാമറോൺ

1912 ഏപ്രിൽ 14ന് രാത്രിയാണ് അറ്റ്ലാന്റിക് ആഴങ്ങളിലേക്ക് 1522 ജീവനുകളുമായി 'ടൈറ്റാനിക്ക്' ആണ്ടുപോയത്. ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പൽ എന്ന വിശേഷണത്തോടെ നീറ്റിലിറങ്ങി,ആദ്യയാത്രയിൽ തന്നെ മഞ്ഞുമലയിൽ തട്ടിത്തകർന്ന മോഹപാത്രം. വർഷങ്ങൾക്ക് ശേഷം 1985-ൽ ഡോ.റോബർട്ട് ബലാർഡിന്റെ നേതൃത്വത്തിലുള്ള സംഘം കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോൾ കാമറോൺ അതിലൊരു സിനിമ കണ്ടു. 12,378 അടി ആഴത്തിൽ,രണ്ടായി പിളർന്ന് ചെളിയിൽ പൂണ്ടുകിടക്കുകയാണ് 'ടൈറ്റാനിക്ക്. തകർച്ചയ്ക്ക് ശേഷം കഥയായും കവിതയായും സിനിമയായുമൊക്കെ ഈ കപ്പൽഭീമൻ പലകുറി കൺമുന്നിൽ വന്നുപോയിട്ടുണ്ടെങ്കിലും അതിനുള്ളിൽ ആരുംപറയാത്തൊരു കഥ അമൂല്യമായ ആഭരണം പോലെ ഒളിഞ്ഞുകിടപ്പുണ്ടാകുമെന്ന് കാമറോൺ വിശ്വസിച്ചു.

 അത് കണ്ടെത്തണമെങ്കിൽ താൻ തന്നെ ഊളിയിട്ടിറങ്ങണമെന്ന് കാമറോണിലെ സംവിധായകന് അറിയാമായിരുന്നു. അതിസാഹസികൻ കൂടിയായ ഈ ചലച്ചിത്രകാരൻ ഒരു ചിത്രമൊരുക്കുന്നതിന് മുമ്പായി നടത്തിയ ​ഗൃഹപാഠങ്ങളും അത്യധ്വാനവും സിനിമാസ്വപ്നങ്ങളുമായി നടക്കുന്ന അനേകർക്കുള്ള പാഠപുസ്തകമാണ്. ആദ്യം ചെയ്യേണ്ടത് കടലിനടിയിലെ കപ്പൽപോയി കാണുകയാണ്. സാധാരണക്കാർക്ക് അത് സാധിക്കില്ല. പക്ഷേ കാമറോൺ അസാധാരണനായതുകൊണ്ട് ഡീപ്പ് സീ ഡൈവിങ് പഠിച്ചു. അതിനുശേഷം 12 തവണ 12,000അടി താഴ്ചയിലേക്ക് പോയി കപ്പൽഭാ​ഗങ്ങൾ കണ്ടു. കടൽജലസമ്മർദത്തെ അതിജീവിക്കുന്ന പ്രത്യേകതരം ക്യാമറയുണ്ടാക്കി. റിമോട്ട്സെൻസിങ് പേടകത്തിൽ ഉറപ്പിച്ച ആ ക്യാമറയുമായി ഒറ്റയ്ക്ക് കടലിനടയിൽപോയി 'ടൈറ്റാനിക്കി'ന്റെ അവശിഷ്ടങ്ങൾ പകർത്തി. ഈദൃശ്യങ്ങളുമായി ട്വന്റിയത് സെഞ്ച്വറി ഫോക്സിനെ സമീപിക്കുമ്പോൾ നാലുമാസം കൊണ്ട് തീർക്കാവുന്ന പദ്ധതിയായിരുന്നു കാമറോണിന്റെ മനസ്സിൽ. 1952-ൽ 'ടൈറ്റാനിക്ക്' കഥ ബ്ലാക്ക് ആന്റ് വൈറ്റിൽ വെള്ളിത്തിരയിലെത്തിയിരുന്നു. നാല് ഓസ്കറുകൾ നേടിയ അതിന്റെ നിർമാണവും ഫോക്സ് ആയിരുന്നു. അതുകൊണ്ടാകാം ആദ്യം അവർ വഴങ്ങിയില്ല. പിന്നെ കാമറോണിനെ വിശ്വസിച്ച് കൈകൊടുത്തു.

 അതോടെ പ്രീ-പ്രൊഡക്ഷന്റെ ഭാ​ഗമായുള്ള ​ഗവേഷണം കൂടുതൽ വിശാലമായി. 'ടൈറ്റാനിക്കി'ന്റെ നിർമാതാക്കളായ ഹാർലെൻഡ് ആൻഡ് വോൾഫിൽനിന്ന് നിർമാണത്തിനുപയോ​ഗിച്ച സ്കെച്ചുകൾ കണ്ടെത്തി. തോമസ് ആൻഡ്രൂസ് എന്നയാളായിരുന്നു മാസ്റ്റർ ഷിപ്പ് ബിൽഡർ. അദ്ദേഹം എഴുതിവച്ച കുറിപ്പുകളിലെ ഒരു വാചകം ഇങ്ങനെയായിരുന്നു: 'മുപ്പതുലക്ഷം ഇരുമ്പാണികളും ഒരു കപ്പൽമുക്കാൻ വേണ്ടത്ര വിയർപ്പും ഒഴുക്കിയാണ് ഓരോ കപ്പലും നിർമിക്കുന്നത്.'

ടൈറ്റാനിക്ക് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിന്നുള്ള ദൃശ്യങ്ങൾ

കട്ടിലും മേശയും കസേരയും മുതൽ കർട്ടനും കാപ്പിക്കപ്പും ജാക്കറ്റും 

'ഗോൾഡ് ഫിം​ഗർ' മുതലുള്ള ജയിംസ് ബോണ്ട് സിനിമകളിലൂടെയും അറുപതുകളിൽ 'കാരി ഓൺ' സീരിസിലൂടെയും ശ്രദ്ധേയനായ  പീറ്റർ ലാമോണ്ടിനെയാണ് കാമറോൺ പ്രൊഡക്ഷൻ ഡിസൈനറായി ചുമതലപ്പെടുത്തിയത്. തോമസ് ആൻഡ്രൂസിന്റെ കുറിപ്പുകളിലൂടെയും നിർമാണക്കമ്പനിയുടെ സ്കെച്ചുകളിലൂടെയും പര്യവേഷണം നടത്തിയ പീറ്ററുടെ സഹായത്തിന് കാലങ്ങളായി ടൈറ്റാനിക്ക് രഹസ്യങ്ങൾ അന്വേഷിക്കുന്ന ​ഗവേഷകരും ടൈറ്റാനിക്കിന്റെ ചരിത്രം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1963-ൽ സ്ഥാപിതമായ ടൈറ്റാനിക്ക് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുമെത്തി. ടൈറ്റാനിക്ക് എങ്ങനെയാണ് നിർമിച്ചത് എന്ന അന്വേഷണം അതിനുവേണ്ടി നിർമാണപ്രവർത്തനങ്ങൾ നടത്തിയ ചില കമ്പനികളിലേക്കെത്തിച്ചു. ബി.എം.കെ.സ്റ്റൊഡാർഡ് എന്ന ബ്രിട്ടീഷ് കമ്പനിയാണ് കാർപ്പറ്റും ഫർണിച്ചീറുകളും ഒരുക്കിയിരുന്നത്. അവരുടെ പക്കൽ ടൈറ്റാനിക്കിനുവേണ്ടിയുള്ള ചില ഡിസൈനുകളുടെ ബ്ലൂപ്രിന്റുകളുണ്ടായിരുന്നു. 'ടൈറ്റാനിക്കി'ന്റെ സഹോദരകപ്പലായിരുന്ന ഒളിംപിക്കിനെക്കുറിച്ചുള്ള രേഖകളും പീറ്ററിന് തുണയായി.

 മെക്സിക്കോസിറ്റിയിലെ ഫോക്സ് സ്റ്റുഡിയോയിലും ലണ്ടനിലും ന്യൂയോർക്കിലുമെല്ലാമായി ഊണുംഉറക്കവുമുപേക്ഷിച്ചായിരുന്നു അദ്ദേഹത്തിന്റെ സെറ്റന്വേഷണയാത്രകൾ. കണ്ടതെല്ലാം കണ്ണിലൊപ്പിയെടുത്ത ആ മാന്ത്രികൻ ഒരുവർഷം കൊണ്ട് ടൈറ്റാനിക്കിലെ ഫർണീച്ചറുകളും കാർപ്പെറ്റും കർട്ടനുകളുമെല്ലാം പുനർജനിപ്പിച്ചു. പിന്നെയും വേണമായിരുന്നു അനേകം സാധനങ്ങൾ. 46,328 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ടായിരുന്ന ടൈറ്റാനിക്കിലെ കട്ടിലും മേശയും കസേരയും പാത്രങ്ങളും ​ഗ്ലാസുകളും മുതൽ ലൈഫ് ജാക്കറ്റുകൾ വരെ. ഒരിക്കൽ ടൈറ്റാനിക്കിനെ അലങ്കരിച്ചിരുന്ന ഇവയെല്ലാം പീറ്ററിന്റെയും സംഘത്തിന്റെയും വിരൽവിരുതിലൂടെ വീണ്ടും വിരിഞ്ഞു. അഞ്ചുവർഷത്തോളം വേണ്ടിവന്നു ​ഗവേഷണത്തിനും പ്രോപ്പർട്ടികൾ തയ്യാറാക്കലിനുമെല്ലാം.

1.ടൈറ്റാനിക്കിൻെ ചിത്രീകരണത്തിനായി ക്രയിനിലുറപ്പിച്ച ക്യാമറകളിലൊന്ന് 2.ടൈറ്റാനിക്കിലെ നായികാനായകന്മാരായ കേറ്റ് വിൻസ് ലെറ്റും ലിയാനാർഡോ ഡി കാപ്രിയോയും

ടൈറ്റാനിക് ആയി മാറിയ കെൽഡൈഷ്  മെക്സിക്കൻ കടപ്പുറത്തെ കപ്പൽസെറ്റ്

1995-ൽ ചിത്രീകരണം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം ബോധ്യപ്പെട്ടത്. കണക്കുകൂട്ടിയ കാശിനൊന്നും പടം തീരില്ല. കടലിൽ കായം കലക്കിയപോലെയേ ആകൂ ഇപ്പോഴത്തെ ബജറ്റ്. പ്രതിസന്ധിയുടെ ആദ്യ മഞ്ഞുമല അങ്ങനെ കാമറോണിന്റെ ടൈറ്റാനിക്കിന് മുന്നിൽ രൂപപ്പെട്ടു. ഒരുവേള ഷൂട്ടിങ് മുടങ്ങുമെന്ന അവസ്ഥയെത്തി. മുങ്ങിത്താഴുന്ന ഇത്തരം ഘട്ടങ്ങളിൽ ഹോളിവുഡ് പ്രൊഡക്ഷൻ ഹൗസുകൾ സ്വീകരിക്കുന്ന തന്ത്രം തന്നെ ഫോക്സും പയറ്റി. മറ്റൊരാളെ നിർമാണപങ്കാളിയാക്കുക. അങ്ങനെ യൂറോപ്പും അമേരിക്കയും ഒഴികെയുള്ള സ്ഥലങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിക്കൊണ്ട് പാരമൗണ്ട് പിക്ചേഴ്സ് ടൈറ്റാനിക്കിന്റെ ഡെക്കിലേക്കെത്തി.

 എങ്ങനെയായിരിക്കണം ചിത്രീകരണം എന്നതിന് മാസങ്ങളെടുത്ത് രൂപപ്പെടുത്തിയ മൂന്ന് ഘട്ടങ്ങളുടെ പ്ലാൻ ഉണ്ടായിരുന്നു കാമറോണിന്. അതിൽ ആദ്യത്തേത് ഒരു യഥാർഥ കപ്പലിനെ ടൈറ്റാനിക്കിന്റെ ഛായയിലേക്ക് മാറ്റിയെടുക്കുക എന്നതായിരുന്നു. റഷ്യൻ കപ്പലായ കെൽഡൈഷിനെയാണ് പീറ്റർ ലാമോണ്ട് ടൈറ്റാനിക്ക് ആക്കി മാറ്റിയത്. അത്യാഡംബരം വിളംബരം ചെയ്ത് ഉയർന്നുനിന്ന ടൈറ്റാനിക്കിലെ കൊടിമരവും പുകക്കുഴലുകളുമെല്ലാം ഇങ്ങനെ കെൽഡൈഷിൽ തയ്യാറായി. ഒറ്റനോട്ടത്തിൽ ടൈറ്റാനിക്ക് തന്നെ.

 ഡെക്ക് രം​ഗങ്ങൾ മാത്രമാണ് കാമറോൺ ഇതിൽ ചിത്രീകരിക്കാൻ ഉദ്ദേശിച്ചത്. ഉൾഭാ​ഗരം​ഗങ്ങൾക്കായി മറ്റൊരു പദ്ധതിയായിരുന്നു അദ്ദേഹം രൂപപ്പെടുത്തിയത്. ഒറിജിനാലിറ്റിയുടെ കാര്യത്തിൽ ഒട്ടുംവിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്ത ഒരു സംവിധായകന്റെ ആത്മസമർപ്പണം.

 മെക്സിക്കോയിലെ റോസാരിറ്റോ കടപ്പുറത്ത് ടൈറ്റാനിക്കിന്റെ കൂറ്റൻ സെറ്റുയർന്നു. (ഇവിടം പിന്നീട് ഫോക്സ് ബാജസ്റ്റുഡിയോ ആയി മാറി. ഇപ്പോൾ ബാജ സ്റ്റുഡിയോസ് എന്നാണ് ഇതിന്റെ പേര്). പ്രൊഡ്യൂസർ ജോൺലാൻഡാവുവിനായിരുന്നു മേൽനോട്ടം. സെറ്റൊരുക്കുന്നതിന് മുന്നോടിയായിട്ടുമുണ്ടായിരുന്നു ദിവസങ്ങൾ നീണ്ട വിഷ്വലൈസേഷനും ചെറുമാതൃകകൾ തയ്യാറാക്കിനോക്കിയുള്ള പഠനവും. പല ആം​ഗിളുകളിൽ നിന്ന് ഷൂട്ട് ചെയ്യേണ്ടിവരും എന്നതിനാൽ പലതരത്തിലായിരുന്നു സെറ്റ് വേണ്ടിയിരുന്നത്. 

മെക്സിക്കോയിലെ ബാജോയിൽ ടൈറ്റാനിക്ക് ചിത്രീകരണത്തിനായി ഒരുക്കിയ പടുകൂറ്റൻ സെറ്റിന്റെ ഒരുഭാ​ഗം

1996 മേയ് 30ന് ഇതിന്റെ നിർമാണം തുടങ്ങി. 40 ഏക്കർ കടൽത്തീരത്താണ് ടൈറ്റാനിക്കിന്റെ ഇന്റീരിയർ രം​ഗങ്ങൾക്കും യാത്രാദൃശ്യങ്ങൾക്കുമെല്ലാമായുള്ള സെറ്റ് തയ്യാറായത്. കടൽരം​ഗങ്ങൾ ചിത്രീകരിക്കാൻ തീരത്ത്  ​6,43,52000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് ആദ്യം പണിതു. ഇതിനുള്ളിൽ കപ്പൽരം​ഗങ്ങൾക്കായി 1,89,27058 ലിറ്റർ വെള്ളം നിറച്ച രണ്ടാമതൊരു ടാങ്ക്. ഇതിലാണ് കപ്പലിന്റെ വിവിധ ഭാ​ഗങ്ങളുടെ സെറ്റിട്ടത്. ടൈറ്റാനിക്കിന്റെ മാസ്റ്റർ ഷിപ്പ് ബിൽഡറായിരുന്ന തോമസ് ആൻഡ്രൂസ് എഴുതിയതുപോലെ 'ഒരുകപ്പൽമുക്കാൻ വേണ്ടത്ര വിയർപ്പ്' ഒഴുക്കേണ്ടിവന്നു ഇതിനും. ചിത്രകാരന്മാരുടെയും ആർക്കിടെക്ടുകളുടെയും എൻജീനീയർമാരുടെയും നൂറുദിവസം നീണ്ട കഠിനാധ്വാനം. ഡെക്ക് രം​ഗങ്ങൾ കെൽഡൈഷിൽ പൂർത്തിയാക്കി ക്ഷമയോടെ കാത്തിയിരിക്കുകയായിരുന്നു അപ്പോൾ കാമറോൺ.

 സെറ്റ്, ടാങ്കിൽ ഒഴുക്കിയതോടെ രണ്ടാംഘട്ട ചിത്രീകരണത്തിന് ആക്ഷൻ പറയാൻ നേരമായി. ജലനിരപ്പിൽ നിന്ന് 45 അടി ഉയരത്തിലായിരുന്നു കപ്പലിന്റെ ഡെക്ക്. പുകക്കുഴലുകൾക്ക് 54 അടി കൂടി ഉയരമുണ്ടായിരുന്നു. കടൽത്തീരത്ത് തന്നെയായിരുന്നു എന്നതിനാൽ കപ്പലിലേക്ക് ക്യാമറ വച്ചാൽ പശ്ചാത്തലത്തിൽ പിന്നിൽ അനന്തമായ ചക്രവാളച്ചോപ്പ്. ഏഴേക്കറിൽ, കടൽവെള്ളം തന്നെ നിറച്ചെടുത്ത ടാങ്കിൽ 775 അടി നീളത്തിൽ ടൈറ്റാനിക്ക് സെറ്റ് കാമറോണിന്റെ കാമറയ്ക്ക് ഒപ്പിയെടുക്കാനായി നീണ്ടുനിവർന്നുകിടന്നു. വലിപ്പത്തിൽ യഥാർഥടൈറ്റാനിക്കിനേക്കാൾ വെറും 10ശതമാനം കുറവ് മാത്രം. 882 അടിയായിരുന്നു മുങ്ങിപ്പോയ ടൈറ്റാനിക്കിന്റെ നീളം. 

 ഉള്ളിലെ ടാങ്കിൽ 30അടിയോളം താഴ്ചയിലായിരുന്നു ഹൈഡ്രോളിക് പ്ലാറ്റ്ഫോം. ഇതിലാണ് സിനിമയിൽ കണ്ട ഫസ്റ്റ് ക്ലാസ് ഡൈനിങ് സലൂണും മൂന്നുനിലയുടെ ഉയരമുള്ള സ്റ്റെയർകേസും പണിതത്. കപ്പലിന്റെ ഉൾഭാ​ഗത്തിന്റെ സെറ്റുകളും അടുത്തുതന്നെ ഒരുക്കി. റിസപ്ഷൻ,കഫേ,സ്മോക്കിങ് ഏരിയ,ജിംനേഷ്യം, ഡീലക്സ് ഉൾപ്പെടെ വിവിധ ക്ലാസ്സുകളിലെ മുറികൾ,എൻജിൻമുറി,​ല​ഗേജ് മുറി,അതിലെവസ്തുക്കൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു. കപ്പൽമുങ്ങുന്ന രം​ഗങ്ങൾക്ക് ഒറിജിനാലിറ്റി കിട്ടാൻ കാമറോൺ ചെയ്തത് ടാങ്കിൽ വെള്ളം വീഴ്ത്തി കടൽവെള്ളം കയറ്റുകയായിരുന്നു. ഇതിനിടെ ഉള്ളിൽകുടുങ്ങിയവരെ രക്ഷിച്ചത് ​ഹൊഡ്രോളിക് പ്ലാറ്റ്ഫോം ഉയർത്തിയാണ്. അങ്ങേയറ്റം അപകടം നിറഞ്ഞ ചിത്രീകരണം. ഇതൊക്കെ പകർത്താൻ അന്ന് കാമറോൺ ഉപയോ​ഗിച്ചത് 200 അടിവരെ ഉയരത്തിൽ നിന്ന് ദൃശ്യങ്ങൾ പകർത്താൻസാധിക്കുന്ന ഒരു അത്യാധുനിക ക്രെയിനാണ്. ഇന്ന് അതിന്റെ പേര് എല്ലാവർക്കും പരിചിതമാണുതാനും-അകേല ക്രയിൻ.

ടൈറ്റാനിക്ക് തകരുന്നതിന്റെ ചിത്രീകരണം

160 കമ്പ്യൂട്ടറുകളിൽ പിറന്ന 550 ദൃശ്യങ്ങൾ

പക്ഷേ ഇതിനെല്ലാം ശേഷമായിരുന്നു കമ്പ്യൂട്ടറിന് സിനിമയിൽ എന്തെല്ലാം സൃഷ്ടിക്കാമെന്ന് കാമറോൺ കാട്ടിത്തന്നത്. 'അപ്പോളോ-13'ലൂടെ ശ്രദ്ധേയനായ റോബർട്ട് ലെ​ഗാറ്റോയുടെ നേതൃത്വത്തിൽ തോമസ് ഫിഷർ,മാർക്ക് ലാസഫ്,മൈക്കൽ കാൻഫർ എന്നിവരടങ്ങുന്ന സ്പെഷൽ ഇഫക്ട്സ് സംഘം ഒരു ചെറിയ മുറിയിലിരുന്ന് ദുരന്തത്തിലേക്കുള്ള ടൈറ്റാനിക്ക് യാത്രയിലെ പലതും  കമ്പ്യൂട്ടറിൽ മെനഞ്ഞു. പറവകൾ,കടൽജീവികൾ,ഡോൾഫിനുകൾ തുടങ്ങിയവ കൂടാതെ കപ്പൽതകരുമ്പോഴുള്ള ആഘാതത്തിന്റെ പലവിധകാഴ്ചകളും ഇങ്ങനെ രൂപപ്പെട്ടതാണ്. 'ടൈറ്റാനിക്കി'ൽ കാണുന്ന ഏതാണ്ട് 550 ദൃശ്യങ്ങൾ പൂർണമായി കമ്പ്യൂട്ടറിലൊരുക്കിയവയാണ്.

 അതിവേ​ഗ ചിപ്പുകളടങ്ങിയ കമ്പ്യൂട്ടറുകളാണ് ഇതിനായുപയോ​ഗിച്ചത്. ഇന്നുകേട്ടാൽ ചെറുചിരി വരുമെങ്കിലും അന്ന് ആൽഫ പരമ്പരയിൽപെട്ട 64 ബിറ്റ് റിസ്ക് പ്രോസസറുകളായിരുന്നു ലെ​ഗാറ്റോയുടെയും സംഘത്തിന്റെയും കരുത്ത്. 160 കമ്പ്യൂട്ടറുകളാണ് ഇവർ ഉപയോ​ഗിച്ചത്. എല്ലാത്തിലും ഡിഇസി ആൽഫ 21164, 433 മെ​ഗാഹെർട്സ് ചിപ്പുകൾ. 105 എണ്ണം ലെനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും ശേഷിച്ചവ വിൻഡോസ് എൻ.ടിയിലും പ്രവർത്തിച്ചു. 100 മെ​ഗാബൈറ്റ് ലൈനിൽ ബന്ധിപ്പിച്ച ഇവയെല്ലാം ഒറ്റമോണിറ്ററിലേക്ക് കണക്ട് ചെയ്തു. ഇന്നിതൊക്കെ നിസാരമെന്ന് തോന്നാമെങ്കിലും അന്നത് അത്യാധുനികതയായിരുന്നു.

 ഇന്ന് യൂട്യൂബ് ചാനലുകൾപോലും ചെയ്യുന്ന ക്രോമ ചിത്രീകരണവും കാമറോൺ 'ടൈറ്റാനിക്ക്' സംവിധാനം ചെയ്യുന്ന കാലത്ത് അധികമാരും പരീക്ഷിച്ചിരുന്നില്ല. അഭിനേതാക്കളെ വെച്ച് തുറസ്സായ സ്റ്റേജിൽ ചിത്രീകരിച്ചവ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പശ്ചാത്തലദൃശ്യങ്ങളുമായി സംയോജിപ്പിച്ചപ്പോൾ ലോകത്തിനത് കൗതുകക്കാഴ്ചയായി. 'ഇതൊക്കെയെങ്ങനെ' എന്ന് പ്രേക്ഷകർ അതിശയിച്ചു. 12 ഹൈടെക് ക്യാമറകൾ കൊണ്ട് ഒപ്പിയ ദൃശ്യങ്ങളാണ് ഇതിനുപയോ​ഗിച്ചത്. ​ഗ്രാഫിക്സ് സോഫ്റ്റ് വെയറായ സിലിക്കൺ ​ഗ്രാഫിക്സ് വർക്ക്സ്റ്റേഷനിലായിരുന്നു അവസാനത്തെ കൂട്ടിച്ചേർക്കലുകൾ. 

 പുറത്തിറങ്ങിയപ്പോൾ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ചെലവേറിയ ചിത്രമായി 'ടൈറ്റാനിക്ക്'. ഏതാണ്ട് 800 കോടിയിലധികമായി സ്ക്രീനിലേക്കായി പണിതൊരുക്കിയ ഈ കപ്പൽക്കഥയ്ക്ക്. കാമറോൺ പ്രതിഫലം പോലും വേണ്ടെന്നുവച്ചാണ് ചിത്രം പൂർത്തിയാക്കിയത്. പക്ഷേ കാലം അദ്ദേഹത്തിനും അനേകരുടെ അധ്വാനത്തിനും കൂലി നല്കിയത് ലോകത്തെ ഏറ്റവും മഹത്തരമായ ചിത്രങ്ങളുടെ സാ​ഗരപ്പരപ്പിൽ 'ടൈറ്റാനിക്കി'നെ പ്രതിഷ്ഠിച്ചാണ്. പിന്നീട് എത്രയോ വലിയ സിനിമകളുണ്ടായെങ്കിലും അവയുടെയൊന്നും വെല്ലുവിളികളുടെ മഞ്ഞുമുനമ്പിൽ തകരാതെ 'ടൈറ്റാനിക്ക്' ഇന്നും പ്രേക്ഷക മനസ്സിലൂടെ ഒഴുകിനീങ്ങുന്നു. 

1.ടൈറ്റാനിക്ക് ചിത്രീകരണത്തിനിടെ സംവിധായകൻ ജെയിംസ് കാമറോൺ 2.ലിയോനാർ‍‍ഡോ ഡി കാപ്രിയയ്ക്ക് നിർദേശം നല്കുന്ന ജെയിംസ് കാമറോൺ
ഇതെന്റെ സ്വപ്നചിത്രമായിരുന്നു. പതിനഞ്ചുവർഷമായി ഞാൻ മനസ്സിൽകൊണ്ടുനടന്ന ആ​ഗ്രഹത്തിന്റെ പൂർത്തീകരണം. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കടലിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെടുക്കാനുള്ള അമേരിക്കൻ-ഫ്രഞ്ച് പര്യവേഷണസംഘങ്ങളുടെ ശ്രമങ്ങളാണ് സത്യത്തിൽ എന്നെ ആദ്യം ആകർഷിച്ചത്. അവരുമായി അടുത്തപ്പോൾ ഞാനറിയാതെ ടൈറ്റാനിക്കിന്റെ ചരിത്രത്തിലേക്ക് അടുത്തു. അങ്ങനെയാണ് ഞാൻ അതിലൊരു സിനിമയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ടൈറ്റാനിക്കിന്റെ ചരിത്രത്തിലേക്ക് ഊളിയിട്ടപ്പോൾ ഞാനറിഞ്ഞ കാര്യങ്ങൾ എന്നെ കൂടുതൽ പ്രചോദിപ്പിച്ചു. എവിടെയൊക്കയോ ചില നിശബ്ദതകൾ,ആരും അറിയാതെ പോയെ സ്വകാര്യനിമിഷങ്ങൾ,പ്രണയങ്ങൾ,നഷ്ടങ്ങൾ...അതാണ് യഥാർഥത്തിൽ ഈ സിനിമയുടെ പിറവിക്ക് പിന്നിൽ.
ജെയിംസ് കാമറോൺ