'ഒരു ജാതിജാതകം' പോസ്റ്ററിൽ നിന്ന് ഫോട്ടോ-ഒരു ജാതിജാതകം ടീം
Padam Feed

മാമ്പ്രത്ത് ജയേഷിന്റെ ജാതകം പരിശോധിക്കുമ്പോൾ കാണാനാകുന്നത്

സുജമോൾ ജോസ്

'ഒരു ജാതിജാതകം' എന്ന സിനിമകണ്ടപ്പോൾ കലാമൂല്യത്തിനും മറ്റു ഘടകങ്ങൾക്കുമപ്പുറം കാലികപ്രസക്തിയുള്ള ഒരു കാര്യത്തിലേക്കാണ് ശ്രദ്ധ തിരിഞ്ഞത്. ഒരു നുണ പലവട്ടം പറഞ്ഞാൽ സത്യമായി മാറുമെന്ന് പഴമക്കാർ പറയാറുണ്ട്. ഒരുതരം സൈക്കോളജിക്കൽ ഇംപാക്ടാണ് ഇതിനു പിന്നിലുള്ളത്. മാമ്പ്രത്ത് ജയേഷിന്റെ കഥയിലും അതുതന്നെയാണ് കാണാൻ കഴിയുക. യാദൃച്ഛികമായി ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളുടെ വെളിച്ചത്തിൽ ജയേഷിനെ 'മഴവില്ല്' എന്നൊര കാറ്റഗറിയിലേക്ക് മാറ്റുന്നു. നാളിതുവരെ കൂടെ ജീവിച്ച മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാവരും എത്ര പെട്ടെന്നാണ് ആ ഒരു കണ്ണുകൊണ്ട് ജയേഷിനെ കാണാൻ തുടങ്ങിയത്. ഒടുവിൽ ജയേഷിന് സ്വയം താൻ അത്തരത്തിൽ ഒരാളാണോ എന്ന് ചിന്തിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു.

എന്തിനും ഏതിനും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന പുതിയ തലമുറയെ പ്രതിനിധീകരിച്ച് ജയേഷ് ഗൂഗിളിൽ സെർച്ച് ചെയ്യുകയും അതിൽ നിന്ന് ലഭിക്കുന്ന മറുപടി അനുസരിച്ച് താൻ ഒരു 'ഗേ'ആണോ എന്ന് സ്വയം സംശയിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ ചിലരുടെ ബ്രെയിൻ വാഷ് വഴി കൗമാരക്കാരായ ചില കുട്ടികളെങ്കിലും തങ്ങളുടെ ജെൻഡർ ഏതാണെന്ന് തിരിച്ചറിയാത്ത കൺഫ്യൂഷനിലേക്ക് പോവുകയും അപൂർവമായി ചിലരെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയരാവുകയും ചെയ്തിട്ടുള്ള ചില കേസുകൾ വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കാണുന്നുണ്ട്. കൗമാര പ്രായത്തിന്റെ ചാപല്യങ്ങൾ എന്ന് പറഞ്ഞ് ഇതിനെ വേണമെങ്കിൽ തള്ളിക്കളയാം. എന്നാൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള ജയേഷിന്റെ കഥയിലൂടെ ചിലരുടെ വാക്കുകളും പ്രവൃത്തികളും ഒരാളുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

ജയേഷിന്റെ ബാല്യകാല സുഹൃത്തായ പോലീസുകാരനാണ് ജയേഷിന്റെ വ്യക്തിത്വ രൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തി. അത്തരമൊരു സ്വാധീനത്തിൽ രൂപപ്പെട്ട ജയേഷിന്റെ സ്വഭാവത്തിലെ പ്രത്യേകതകൾ, പ്രത്യേകിച്ചും സ്ത്രീകളോടുള്ള അകലവും, കുലസ്ത്രീ സങ്കൽപ്പവുമെല്ലാം പിന്നീട് അയാൾക്കുതന്നെ വിനയായി തീരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ 'മഴവില്ലെ'ന്ന് ലേബൽ ചെയ്യപ്പെടാൻ ഈ ബാക്ക്​ഗ്രൗണ്ട് ഒരു പരിധി വരെ കാരണമായി. മനുഷ്യമനസിന്റെ സങ്കീർണതകളിലൂടെയും നിഗൂഢതകളിലൂടെയും സഞ്ചരിക്കുന്നതോടൊപ്പം മനുഷ്യന്റെ ഉള്ളിലെ നിഷ്കളങ്കതയും ഈ ചിത്രത്തിൽ ഉടനീളം കാണാം. ഹാസ്യത്തിന്റെ അകമ്പടിയോടെ ചിത്രം മുന്നേറുമ്പോഴും ചിത്രത്തിലെ ഓരോ സംഭവവും മനസ്സിന്റെ മായാജാല ത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. (70 വയസ്സു കഴിഞ്ഞാൽ തറവാട്ടിലെ പുരുഷന്മാർ ആരും ജീവിക്കില്ല എന്ന് പടത്തിൽ പലവട്ടം ആവർത്തിച്ചാവർത്തിച്ച് പറയുന്നുണ്ട്) അതോടൊപ്പം എത്ര പെട്ടെന്നാണ് ചിലരുടെ വാക്കുകളും പ്രവൃത്തികളും ഒരു വ്യക്തിയുടെ മനോനിലയെയും മനോഭാവത്തെയും സ്വാധീനിക്കുന്നതെന്നും ഈ ചലച്ചിത്രം വളരെ വിശദമായി തന്നെ വ്യക്തമാക്കുന്നുണ്ട്.

ക്ലൈമാക്സിലേക്ക് വരുമ്പോൾ ജയേഷിന് ഉണ്ടാകുന്ന തിരിച്ചറിവുകളും ആത്മവിശ്വാസവും മാറ്റം വരുത്താൻ ആവാത്ത ഒന്നും നമ്മുടെ ജീവിതത്തിൽ ഇല്ല എന്ന് തുറന്നുകാട്ടുന്നു. യാഥാർത്ഥ്യബോധത്തിലേക്ക് ജയേഷ് മടങ്ങി വരുന്നു. സുഹൃത്തിനെ വഴിയിൽ ഇറക്കിവിടുന്ന രംഗം ഒരുപാട് അർത്ഥങ്ങൾ ഉള്ളതാണ്. ഉള്ളിലെ ശത്രുവിനെ തിരിച്ചറിയുകയും പുറത്താക്കുകയും ചെയ്യണമെന്ന് നിഖിലയുടെ കഥാപാത്രം ജയേഷിനോട് പറയുന്നുണ്ട്. ഇതിനും ഒരുപാട് പ്രസക്തിയുണ്ട്. ഒരു വ്യക്തി എന്ന നിലയിൽ നമ്മുടെ ശത്രു നമ്മുടെ ഉള്ളിൽ തന്നെയാണ്. ചില അകാരണ ഭയങ്ങൾ, ചില അന്ധവിശ്വാസങ്ങൾ, ചില സൗഹൃദങ്ങൾ, ചിലരുടെ വാക്കുകൾ, പ്രവൃത്തികൾ. ചില കോംപ്ലക്സുകൾ. ഇങ്ങനെ പല ശത്രുക്കൾ നമ്മുടെ ഉള്ളിലുണ്ടാകാം. ഇതിനെ തിരിച്ചറിയുകയും പുറത്താക്കുകയും ചെയ്യുമ്പോഴാണ് ഓരോ വ്യക്തിയും വിജയത്തിലേക്ക് മുന്നേറുക. 'ഒരു ജാതി ജാതകം' എന്ന പടം വിജയത്തിലേക്ക് മുന്നേറുന്നതും കാലികപ്രസക്തിയുള്ള ഈ വിഷയത്തെ കൈകാര്യം ചെയ്യുമ്പോഴാണ്. ഒരുപാട് പേരുടെ ജാതകം അല്ല ജീവിതം തിരുത്തി എഴുതാൻ ഈ ചലച്ചിത്രത്തിലൂടെ സാധിക്കട്ടെ. മോഹൻ സാറിനും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ!

(സുജമോൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്)