പണ്ട് ആലപ്പുഴ എസ്.ഡി. കോളേജിൽ വെച്ച് ചില അടുത്ത കൂട്ടുകാരുടെ അടുത്ത കൂട്ടുകാരൻ എന്ന നിലയിൽ ഒരാളെ പരിചയപ്പെട്ടു. വശ്യമായ ഒരു കുസൃതി ചിരി ആ മുഖത്തുണ്ടായിരുന്നു. അയാൾ പേര് പറഞ്ഞു:'കുഞ്ചാക്കോ ബോബൻ'. 'ഇതെന്തു പേര്!'- ഞാൻ അദ്ഭുതപ്പെട്ടു. പിന്നീടാണ് ആളാരാണെന്നും കുടുംബം ഏതാണെന്നും മനസ്സിലായത്.
പ്രീഡിഗ്രിക്ക് തോറ്റ് വീണ്ടാമത് എഴുതാൻ തയ്യാറെടുക്കുന്ന കാലം. എസ്.ഡി. കോളേജിൽ സമരമുള്ള ദിവസങ്ങളിൽ കൂട്ടുകാർ എന്റെ വീട്ടിലേക്ക് വരും. അച്ഛനും അമ്മയും ഓഫീസിൽ പോയിരിക്കും എന്നതാണ് എന്റെ വീട്ടിലെ ലക്ഷ്വറി. ക്യാരംസ്, ചെസ്സ്, ക്രിക്കറ്റ്, ചീട്ടു കളി ഒക്കെയായി ഒരു കോലാഹലമേടാണ് പിന്നെ. ഒരു സമരത്തിന്റെ ദിവസം എൻ്റെ ചില കൂട്ടുകാരുടെ കൂടെ കുഞ്ചാക്കോബോബനും വീട്ടിൽ വന്നു.
വൈകിട്ട് അച്ഛനോട് ഞാൻ മൊഴിഞ്ഞു:
'അച്ഛൻ പണ്ട് പറഞ്ഞില്ലേ ഉദയ സ്റ്റുഡിയോയിലൂടെ മലയാള സിനിമയെ മദിരാശിയിൽ നിന്ന് കേരളത്തിലേക്ക് പറിച്ചു നട്ട ക്രാന്തദർശിയായ കുഞ്ചാക്കോയെ കുറിച്ച്... അതേ ആളുടെ അതേ പേരുള്ള കൊച്ചുമോൻ ഇന്നിവിടെ വന്നിരുന്നു (നോം ചില്ലറക്കാരൻ അല്ല)
'അനിയത്തിപ്രാവ് റിലീസായപ്പോൾ അയാളുടെ ശരിക്കുള്ള കൂട്ടുകാർ തീയറ്ററിൽ ബോർഡ് വെച്ചു വലിയ ആഘോഷമാക്കി; അവരുടെ കൂടെ ഞാനും കൂടി... പടം സെൻസേഷണൽ ഹിറ്റ്...
If you go to Ranchi, every other guy you meet will say that he has played cricket with Dhoni...'അതുപോലെ ആലപ്പുഴയിൽ ചാക്കോച്ചനോട് ഒന്ന് മിണ്ടിയിട്ടുള്ള എല്ലാവരും പുള്ളിയുടെ ഫ്രണ്ട് എന്ന് അവകാശപ്പെടുമായിരുന്നു. ഞാനും ഒട്ടും പിറകോട്ടായിരുന്നില്ല. സുഹൃത്തുക്കളുടെ സുഹൃത്ത്, പരിചയക്കാരൻ- അതായിരുന്നു റിയലിസ്റ്റിക്.
ആ സമയത്ത് എൻ്റെ ഒരു സുഹൃത്തിൻ്റെ കൂടെ പുള്ളിയുടെ വീട്ടിൽ പോയപ്പോൾ ചോര കൊണ്ട് എഴുതിയ കത്തുകൾ കണ്ടു. ഒരു വമ്പൻ സംവിധായകൻ കഥ പറയാൻ കാത്തുനിൽക്കുന്നു. ശരിക്കും overnight stardom. ഞാൻ ശ്രദ്ധിച്ച കാര്യം ഇദ്ദേഹം സംസാരത്തിലും പെരുമാറ്റത്തിലും പഴയതിൽ നിന്ന് യാതൊരു വ്യത്യാസവുമില്ല. ലെവൽ മാറിയപ്പോഴും പ്രശസ്‌തി തലയ്ക്ക് പിടിയ്ക്കാതെ level-headed ആയി നിലത്ത് തന്നെ നിൽക്കുന്നു.
ഞങ്ങളെയൊക്കെ പോലെ ഒരു ക്രിക്കറ്റ് പ്രാന്തനായിരുന്നു കുഞ്ചാക്കോ ബോബനും. എല്ലാ ദിവസവും വൈകിട്ട് ഞങ്ങൾ (ബ്രദേഴ്സ് ക്ലബ്) എസ്.ഡി.വി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ പുള്ളിയുടെ അടുത്ത കൂട്ടുകാരൻ്റെ കൂടെ സിനിമ നടനും കളിക്കാൻ വരും. ഗ്രൗണ്ടിന് പുറത്ത് കാർ ഇടുന്നത് സേഫ് അല്ലായിരുന്നത് കൊണ്ട് പുള്ളിയെ ക്രിക്കറ്റ് കളിക്കാനായി ബൈക്കിൽ പിക് ചെയ്തിരുന്നത് അടുത്ത ഒരു സുഹൃത്താണ്. ഇദ്ദേഹം പഠനത്തിനായി കേരളത്തിന് പുറത്തുപോയി.
ഒരു ദിവസം ഉച്ചയ്ക്ക് എൻ്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ:
'കൂട്ടുകാരാ വൈകിട്ട് കളിക്കാൻ പോകുമ്പോൾ എന്നെ വന്നു വിളിക്കുമോ?'- അങ്ങേത്തലയ്ക്കൽ കുഞ്ചാക്കോ...
മനസ്സിൽ ലഡ്ഡു പൊട്ടി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ക്രിക്കറ്റ് കഴിഞ്ഞ് രാത്രി യുണൈറ്റഡ് ക്ലബ്ബിൽ ഷട്ടിൽ കളിക്കാനും പാവപ്പെട്ട ഈ എന്നെ കൂട്ടി. ഒരു മാസം കഴിഞ്ഞ് 'നിറം' സിനിമയുടെ ലൊക്കേഷനിലേക്ക് പുള്ളി പോയി. അപ്പോഴേക്കും അക്ഷരം തെറ്റാതെ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരൻ എന്ന് പറയാമെന്നായി.
ക്രിക്കറ്റിലൂടെ, വാശിയും വെല്ലുവിളിയും നിറഞ്ഞ യുണൈറ്റഡ് ക്ലബ്ബിലെ ഷട്ടില് കളിയിലൂടെ, ഒരുമിച്ചുള്ള യാത്രകളിലൂടെ ഒരു പരിചയക്കാരൻ എന്ന നിലയിൽ നിന്ന് ചാക്കോച്ചന്റെ ഏറ്റവും അടുപ്പമുള്ള കൂട്ടുകാരിലൊരാളായി മാറി. അവന്റെ കൂടെ ചെലവിടുന്ന സമയത്ത് കിട്ടുന്ന പോസിറ്റിവിറ്റി അതിരറ്റതായിരുന്നു. അത്രയ്ക്ക് ഹൃദയശുദ്ധിയുള്ള പച്ചയായ മനുഷ്യൻ. സിനിമയും പ്രശസ്തിയും ഇന്ന് വരാം നാളെ പോകാം- അതു കൊണ്ടു തന്നെ ജീവിതത്തിൽ താൻ കാത്തു സൂക്ഷിച്ച മൂല്യങ്ങൾ വിട്ടൊരു കളിക്കും നിൽക്കാത്ത ഉറച്ച പ്രകൃതം.
കുഞ്ചാക്കോ എന്റെ വീട്ടിലെ നിത്യസന്ദർശകനായി. എന്റെ അമ്മ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണവും, എന്റെ വീട്ടിലെ നറുനീണ്ടി സർബത്തും ഒക്കെ അവന് പ്രിയപ്പെട്ടതാണ്. കുഞ്ചാക്കോബോബന് അനിയത്തിപ്രാവിലെ റീൽ ലൈഫിലെപ്പോലെ റിയൽലൈഫിലും ഒരു പ്രിയ ഉണ്ടെന്ന് കേട്ടത് സത്യമായിരുന്നു. കോതമംഗലത്തുള്ള എം.എ കോളേജിലാണ് പ്രിയ ബിടെക് പഠിച്ചിരുന്നത്. ഇടയ്ക്ക് ഞങ്ങൾ പ്രിയയെ കാണാൻ കോതമംഗലത്ത് പോകും. ഒരു ചാക്ക് ചോക്ലേറ്റുമായാണ് ചാക്കോച്ചൻ പോകുന്നത്. ആ ചോക്ലേറ്റിലെ മാധുര്യം പോലെ തന്നെയാണ് അവരുടെ ജീവിതവും മുന്നോട്ടുപോകുന്നത്. ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റായി ഇസാക്ക് കുഞ്ചാക്കോ ബോബനും എത്തി.
ടീനേജിന്റെ പടിവാതിലിൽ നിൽക്കുന്ന സ്കൂൾ കുട്ടികൾ മുതൽ എത്രയെത്ര പ്രേമാഭ്യർത്ഥനകളുമാണ് ദിവസവും വന്നിരുന്നത്. പ്രലോഭനങ്ങളും അവസരങ്ങളും ഒരുപോലെ ഉണ്ടായിട്ടും അവന് 'പ്രിയം' ഒരേയൊരാളോട് മാത്രമായിരുന്നു.
ഞാൻ ഒരിക്കൽ ചോദിച്ചു:'ഒരു കാസനോവയാകാൻ വേണ്ട എല്ലാ സാഹചര്യമുണ്ടായിട്ടും പ്രണയവും അതിന്റെ വൈകാരികതയുമെല്ലാം ഒരാളിലേക്ക് ഇതെങ്ങനെ ചുരുക്കാൻ സാധിക്കുന്നു?'
ഉടൻ വന്നു മറുപടി...
'അത് ഞാൻ സിനിമയിലേ അഭിനയിക്കാറുള്ളൂ, ജീവിതത്തിൽ അഭിനയിക്കാനറിയില്ല..'
(സജിത് ശിവാനന്ദൻ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവച്ചത്)
പിൻകുറിപ്പ്: സജിത് പറയുന്നതൊക്കെ നേരാണോ എന്ന് 'പപ്പപ്പ ഡോട് കോം' കുഞ്ചാക്കോ ബോബനോട് തന്നെ ചോദിച്ചു. 'Ha ha...Yeah..Very much'എന്നായിരുന്നു കുഞ്ചാക്കോയുടെ മറുപടി! കുറിപ്പ് പ്രസിദ്ധീകരിക്കാനുള്ള അനുവാദം തേടി സജിതിനെ വിളിക്കുന്നതിന് ഫോൺനമ്പർ ചോദിച്ചപ്പോൾ തന്നതും കുഞ്ചാക്കോ തന്നെ.