'തുടരും' എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ സി.ഐ ജോർജ് ആയി പ്രകാശ് വർമ ഫോട്ടോ കടപ്പാട് -രജപുത്ര വിഷ്വൽ മീഡിയ
Padam Feed

എന്താണ് ഒരു വില്ലന്റെ യോ​ഗ്യത?

രവിമേനോൻ

കണ്ടാൽ ഒന്നു പൊട്ടിക്കാൻ തോന്നണം. അതാണ് ഒരു ഉത്തമ വില്ലന്റെ യോഗ്യത

അങ്ങനെയെങ്കിൽ 'സ്ഫടിക'ത്തിലെ എസ് ഐ കുറ്റിക്കാടനാണ് ഏറ്റവും പ്രിയപ്പെട്ട വില്ലന്മാരിലൊരാൾ. ഇത്രയും വെറുപ്പും വിദ്വേഷവും ഉളവാക്കിയ പ്രതിനായക കഥാപാത്രങ്ങൾ അധികമില്ല. ഡിജിറ്റൽ തികവോടെ പുനരവതരിച്ച 'സ്ഫടികം' വീണ്ടും തിയേറ്ററിൽ ചെന്ന് കണ്ടപ്പോഴും അത്ഭുതത്തോടെ ആ സത്യം തിരിച്ചറിഞ്ഞു: കുറ്റിക്കാടനോടുള്ള വെറുപ്പ് പഴയപടി തന്നെ. അങ്ങനെയങ്ങ് ഒഴിഞ്ഞുപോവില്ല അത്.

അവിടെയാണ് സ്ഫടികം ജോർജ്ജ് എന്ന ജോർജ്ജ് ആന്റണിയുടെ വിജയം. ജോർജ്ജിന്റെ കണ്ണിൽച്ചോരയില്ലാത്ത സബ് ഇൻസ്‌പെക്ടർ ഇപ്പുറത്ത് നിന്ന് വിളയാടിയപ്പോഴാണല്ലോ മോഹൻലാലിന്റെ ആടുതോമ മുണ്ടൂരി അടിച്ചതും കയ്യടി നേടിയതും.

കിടിലനൊരു വില്ലൻ വേണം ആക്ഷൻ സിനിമകളിൽ നായകന് തിളക്കമേറ്റാൻ. വകയ്ക്ക് കൊള്ളാത്തവനാണ് വില്ലനെങ്കിൽ നായകന് കിട്ടുന്ന കയ്യടിയേയും അത് ബാധിക്കും.

'കിരീട'ത്തിലെ സേതുമാധവനെ നമ്മൾ ഇഷ്ടപ്പെട്ടതിൽ കീരിക്കാടൻ ജോസിന്റെ ഗുണ്ടായിസത്തിനുമില്ലേ നല്ലൊരു പങ്ക്? മുണ്ടക്കൽ ശേഖരനെ ഒഴിച്ചുനിർത്തി ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ കുറിച്ച് സങ്കല്പിക്കാനാകുമോ? കുളപ്പുള്ളി അപ്പൻ ഇപ്പുറത്ത് നിന്ന് ജ്വലിച്ചപ്പോഴല്ലേ കണിമംഗലം ജഗന്നാഥനെക്കൊണ്ട് അവന്റെ ഹുങ്ക് അടക്കിയേ പറ്റൂ എന്ന് നമുക്ക് തോന്നിപ്പോയത് ?

'യവനിക'യെ യവനികയാക്കി മാറ്റിയതിൽ തബലിസ്റ്റ് അയ്യപ്പന്റെ പങ്ക് അദ്വിതീയം. നോക്കിൽ, വാക്കിൽ വിടനായി മാറി വെള്ളിത്തിരയിൽ നിറഞ്ഞാടിയ അയ്യപ്പനെ കാണാൻ വീണ്ടും വീണ്ടും കണ്ടിട്ടുണ്ട് ആ പടം. ക്രൂരനായ വാസുമേനോന്റെ വിളയാട്ടം കാണാൻ 'പാളങ്ങ'ളും. രണ്ടും ഗോപിക്ക് മാത്രം ഉയിരേകാൻ കഴിയുന്ന കഥാപാത്രങ്ങൾ.

'ആകാശദൂതി'ലെ പാൽക്കാരൻ കേശവനോടും തോന്നിയിട്ടുണ്ട് അതേ വെറുപ്പ്. സിനിമയിൽ ഉടനീളമുള്ള കഥാപാത്രമല്ല. വന്നു പോകുന്നതേയുള്ളൂ. എങ്കിലെന്ത്. ഒരു പാട് വിദ്വേഷം വിതരണം ചെയ്തുകൊണ്ടാണ് കേശവന്റെ വരവും പോക്കും. എൻ എഫ് വർഗീസിന്റെ വിജയം.

താഴ്‌വാരത്തിലെ രാഘവൻ (സലിം ഗൗസ്), അനന്തഭദ്രത്തിലെ ദിഗംബരൻ (മനോജ് കെ ജയൻ), ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവൻ (കലാഭവൻ ഷാജോൺ), കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി (ഫഹദ് ഫാസിൽ), ഇയ്യോബിന്റെ പുസ്തകത്തിലെ റാവുത്തർ (ജയസൂര്യ).... വെറുപ്പിച്ചുകൊണ്ട് മനം കവർന്നവരാണ് ഇവരെല്ലാം.

വില്ലനും നായകനും ഒരാളാകുമ്പോഴോ? വിധേയനിലെ ഭാസ്കര പട്ടേലരേയും പാലേരിമാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയേയും ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും അനശ്വരരാക്കിയത് മമ്മൂട്ടി ആ കഥാപാത്രങ്ങളിൽ നിറച്ച നിന്ദയാണ്. മറ്റാരേയും സങ്കല്പിക്കാനാവില്ല ആ വേഷങ്ങളിൽ.

ആദ്യ കാഴ്ച്ചയിൽ ആവോളം വെറുപ്പിച്ച ചില വില്ലന്മാരെ പതിയെപ്പതിയെ നമ്മൾ സ്നേഹിച്ചു തുടങ്ങിയെന്നും വരാം. 'ഷോലേ'യിലെ ഗബ്ബർ സിങ് ഉദാഹരണം. അര നൂറ്റാണ്ടിനിപ്പുറം ഇന്നാ പടം കാണുമ്പോൾ നായികാനായകന്മാരെക്കാൾ ഹൃദയം കവരുക അംജദ് ഖാന്റെ ഗബ്ബറാണ്. ചുമ്മാ കണ്ടിരിക്കാൻ തോന്നും ഗബ്ബറിനെ. 'മിസ്റ്റർ ഇന്ത്യ'യിലെ മൊഗാംബോയോടും (അമരീഷ് പുരി) 'ഉയരങ്ങളി'ലെ പി കെ ജയരാജനോടും (മോഹൻലാൽ) 'നാടോടിക്കാറ്റി'ലെ പവനായിയോടും (ക്യാപ്റ്റൻ രാജു) തോന്നിയിട്ടുണ്ട് അതേ സ്നേഹം.

'തുടരും' എന്ന ചിത്രത്തിലെ ചിരിക്കുന്ന വില്ലൻ ജോർജ്ജ് മാത്തനെയും പെടുത്താമെന്ന് തോന്നുന്നു ആ ഗണത്തിൽ. ക്വിന്റൽ കണക്കിന് അടി വാങ്ങി കാറ്റു പോയെങ്കിലും പോലീസേമാനോട് എന്തോ ഒരു സോഫ്റ്റ് കോർണർ പോലെ. നമ്മുടെ കുഴപ്പമാകുമോ?

(രവിമേനോൻ ഫേസ്ബുക്കിൽ പങ്കുവച്ചത്)