പ്രകൃതി ദയാപൂർവ്വം അടച്ചിട്ട ഓർമ്മയുടെ ഒരറ അപ്പോൾ തുറന്നിരിക്കണം. സത്യത്തിന്റെ വികൃതമായ ഒരു മുഖം. മനസിന്റെ താളം തെറ്റിയ ആ നിമിഷത്തിൽ...അവളത് ചെയ്തു..
ഇത് കൊണ്ട് പോയി വിറ്റാൽ എന്ത് കിട്ടും ?
എന്താ നിന്റെ പേര് ?
നിന്റെ പേരെന്താ..
(കരയുന്നു)
പേരു പറയെടാ...
കക്കരുത്, വല്ലതും വേണെങ്കിൽ ചോദിച്ചൂടേ..ഉം ?
എന്താ നിന്റെ പേര് ?
നിന്റെ പേരെന്താ ?
പേരു പറയെടാ...( രൂക്ഷമായി )
(വീണ്ടും ഏങ്ങലടിച്ച് കരയുന്നു)
മലയാളം അറിയില്ലേ ? ( സൗമ്യമായി )
ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ ഏങ്ങലടിച്ച് കരഞ്ഞിരുന്ന ആ പയ്യൻസ് ചിതറിപ്പോയിരുന്ന സാധങ്ങളൊക്കെ പെറുക്കിക്കൂട്ടി വീണ്ടും ചാക്കിലാക്കിയിട്ട് കരച്ചിലോടെ പറഞ്ഞു..
ഇമ്മാനുവൽ..
ഇമ്മാനുവൽ ആന്റണി !
കാഴ്ചയിലും സ്വഭാവത്തിലുമൊക്കെ പക്വത തോന്നിപ്പിക്കുന്ന സെലീന ജോസഫെന്ന സുന്ദരിയായ ലീന ഏറ്റവും ദുർബ്ബലമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. സംവിധായകൻ പവിത്രൻ ഈ സീനിനെ കൈകാര്യം ചെയ്തിരിക്കുന്ന രീതി ദുർബലയായ ഒരു സ്ത്രീ മനസിനെ സാധാരണയായി സിനിമ ട്രീറ്റ് ചെയ്യുന്ന ട്രഡീഷണൽ മെലോഡ്രാമയായല്ല. സംഘർഷഭരിതയെങ്കിലും വളരെ ശാന്തമായി നടന്നു വരുന്ന സെലീന, രണ്ടാം നിലയിലെ മുറിയിലേക്ക് കയറി വന്ന് ശാന്തതയോടെ തന്നെ ചുവരിൽ ഇരിക്കുന്ന ഇരട്ടക്കുഴൽ തോക്കെടുത്ത് നിറച്ച് മാറിന്റെ നടുവിലേക്ക് ചാരിവെച്ച് കാലു കൊണ്ട് കാഞ്ചിയിൽ വിരലമർത്തുകയാണ്. ഒരു പക്ഷേ ആ രംഗത്തിന്റെ എല്ലാവിധ പിരിമുറുക്കവും കാണികളിലെത്തിക്കേണ്ടത് തന്റെ മാത്രം ഉത്തരവാദിത്തമായി ഏറ്റെടുത്തെന്ന പോലെ ജോൺസൻ മാഷിന്റെ പശ്ചാത്തല സംഗീതമാണവിടെ. പതിനാറു പീസ് വയലിനോ മറ്റ് സംഗീതോപകരണങ്ങളുമൊക്കെയോ ചേരുന്ന ഗംഭീരമായൊരു മൂഡ്.
പ്രകൃതി ദയാപൂർവ്വം അടച്ചിട്ട ഓർമ്മയുടെ ഒരറ അപ്പോൾ തുറന്നിരിക്കണം. സത്യത്തിന്റെ വികൃതമായ ഒരു മുഖം എന്ന എംടിയുടെ ഡയലോഗ് മമ്മൂട്ടിയുടെ അതിഗാംഭീര്യമാർന്ന പാഥോസ് മോഡുലേഷനിൽ കൂടിച്ചേരുമ്പോൾ കാണികൾക്ക് നെഞ്ചിലൊരു വെടി കൊള്ളുന്ന അവസ്ഥയാണ്.
പല പ്രാവശ്യം കണ്ടാലും മടുപ്പിക്കാത്ത എന്തൊക്കെയോ 'ഉത്തര'മെന്ന ആ സിനിമക്കുണ്ട്. പാർവ്വതിക്ക് പോലും തന്റെ ഏറ്റവുമടുത്ത കൂട്ടുകാരി എന്തിന് ആത്മഹത്യ ചെയ്തു എന്ന് അറിയാൻ കഴിയുന്നില്ല എങ്കിലും അവർ കൊടുക്കുന്ന വിവരങ്ങളും മറ്റുള്ളവരിൽ നിന്നുമൊക്കെ കൃത്യമായി ഇൻഫെർ ചെയ്തെടുക്കുന്ന വിവരങ്ങളുമൊക്കെ വെച്ച് സെലീനയുടെ മരണത്തിലെ അതിനിഗൂഡമായ രഹസ്യം മമ്മൂട്ടി കണ്ടെത്തുന്ന രീതി തന്നെയാണ് ഇതിന്റെ സവിശേഷത എന്ന് തോന്നുന്നു.
സിബിഐ സീരിസിൽ എസ്.എൻ.സ്വാമി സൃഷ്ടിച്ച മമ്മൂട്ടിയുടെ സേതുരാമയ്യർക്കൊപ്പമോ അതിനു മുകളിലോ ആണ് മമ്മൂട്ടിയുടെ ബാലുവെന്ന പത്രപ്രവർത്തകൻ ഇതിൽ വിവരങ്ങൾ കിട്ടാൻ അവലംബിക്കുന്ന ഇൻവെസ്റ്റിഗേഷൻ രീതികളെന്ന് തോന്നിയിട്ടുണ്ട്. പാർവ്വതിയുടെ ശ്യാമളയും മമ്മൂട്ടിയുടെ ബാലുവും തമ്മിലുണ്ടാവുന്ന വളരെ മെച്വറും സട്ടിലുമായ ഒരു റിലേഷനും ഈ ഇൻവെസ്റ്റിഗേഷൻ ട്രാക്കിനു മേമ്പൊടിയായി സിനിമയെ മനോഹരമാക്കുന്നുണ്ട്.
അതൊരു അപകടമരണമല്ല, ആത്മഹത്യയാണെന്ന് പറയുമ്പോൾ ഞെട്ടിത്തരിച്ച് പോയ ബാലുവിനോട് പോലീസും ഡോക്ടറുമൊക്കെ അറിഞ്ഞു കൊണ്ടത് അപകടമരണമാക്കിയതിനു കാരണമുണ്ടെന്ന് സുകുമാരന്റെ ജോസഫ് മാത്യു വിശദീകരിക്കുന്നു. എങ്കിലും എന്തിനവളത് ചെയ്തു? Why? എന്ന് ചോദിക്കുമ്പോൾ, Why? അതാണെനിക്കും അറിയേണ്ടതെന്ന് ആത്മസുഹൃത്തും മെന്ററുമായ സുകുമാരന്റെ മാത്യുവിൽ നിന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും സംശയമുണരുന്ന ഒരു പോലീസുകാരനേപ്പോലെ മമ്മൂട്ടിയുടെ ബാലുവിന്റെ മുഖഭാവം എത്തിച്ചേരുന്ന പ്രകടനമൊക്കെ സൂക്ഷ്മമാണ്, ഗംഭീരവും. ടൈംസിലെ ന്യൂസ് എഡിറ്ററിൽ നിന്ന് എസ്റ്റേറ്റ് മുതലാളിയുടെ ബോറൻ ദിനചര്യകളിലേക്കും സെലീനയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ നിൽക്കുന്ന ഭർത്താവിലേക്കുമുള്ള സുകുമാരന്റെയും പെർഫോമൻസ് ഗംഭീരമാണ്. പ്രത്യേകിച്ചും സുകുമാരനും മമ്മൂട്ടിയും ഒരു അതിമനോഹര കോമ്പിനേഷനുമാണ്. ചരിത്രം പറഞ്ഞാൽ സുകുമാരൻ അഭിനേതാവായി കത്തി നിന്ന സമയത്ത് മമ്മൂട്ടിയുടെ നാട്ടിലെ ഒരു ക്ലബ്ബിൽ പരിപാടി ഉദ്ഘാടനം ചെയ്യാൻ വന്ന സുകുമാരനെ കണ്ട് കൊതിച്ചു നിന്നെന്ന് മമ്മൂട്ടിയൂടെ 'ചമയങ്ങളില്ലാതെ'യിലുണ്ട്. 'മലയാള ചലച്ചിത്രനഭോമണ്ഡലത്തിൽ വെട്ടിത്തിളങ്ങുന്ന വെള്ളിനക്ഷത്രം സുകുമാരൻ' എന്നായിരുന്നു മമ്മൂട്ടി മൈക്കിലൂടെ ഇടതടവില്ലാതെ അനൗൺസ് ചെയ്തിരുന്നത്.
'ഉത്തര'ത്തിലേക്ക് തിരികെ വരുമ്പോൾ, ഒരേ സമയം സുഹൃത്തിന്റെ മോഡിൽ നിന്നുകൊണ്ട് കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റൊന്നുമില്ലാതെ സ്വതന്ത്രമായി ഇൻവെസ്റ്റിഗേഷൻ നടത്തുന്ന ആ പെർഫോമൻസ് കാണികളിലെത്തിക്കുന്നതിന് മമ്മൂട്ടിക്കൊപ്പം പവിത്രനും എംടിയുമൊക്കെ കയ്യടികളുണ്ട്.
ആ 'ദയാരഹിതമായ'ഒഴിവാക്കലിന് പിന്നിലുള്ളത്...
ഇതൊക്കെ ആണെങ്കിലും 'ദയാരഹിത'മായി ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട 'മഞ്ഞിൻ വിലോലമാം' എന്ന പാട്ടിനേപ്പറ്റി പറയാതെ വയ്യ. അരുന്ധതിയുടെയും ജി.വേണുഗോപാലിന്റെയും വേർഷനുകൾ 'ഉത്തര'ത്തിന്റെ കാസറ്റിലുണ്ട്. സ്വതവേ വേണുഗോപാൽ ഗാനങ്ങളോട് തോന്നുന്ന വ്യക്തിപരമായ ആകർഷണം കൊണ്ട് പണ്ടുതന്നെ ഈ പാട്ട് ശ്രദ്ധിച്ചിട്ടുണ്ട്. ജി.വേണുഗോപാലിന്റെ പാട്ടുകളിൽ അണ്ടർറേറ്റഡായിപ്പോയ ഒരു പാട്ടാണിതെന്ന് തോന്നിയിട്ടുമുണ്ട്. പക്ഷേ ഈ പാട്ടിലൊരു ബ്രില്യൻസുള്ളത് ഇപ്പോൾ 'ഉത്തരം' ഒന്ന് കൂടി കണ്ടപ്പോഴാണ് മനസിലായത്, അല്ല ശരിക്കും ശ്രദ്ധിച്ചത്. അത് കൊണ്ട് തന്നെ ഇത് ദയാരഹിതമായി ഒഴിവാക്കപ്പെട്ടു എന്ന് പറയാനുള്ള കാരണവുമുണ്ട്.
ഇമ്മാനുവൽ ആന്റണി എന്ന സ്വന്തം മകനെക്കാണുന്ന ആത്മസംഘർഷത്തിൽ ആത്മഹത്യ ചെയ്യുന്നു എന്ന് കാണികൾ അനുമാനിക്കപ്പെടുന്നതിൽ നിന്ന്, അത് മാത്രമാണോ അൽപ്പം കൂടി സ്പെസിഫിക്കായ കാരണമില്ലേ എന്നുള്ള സൂചനകൾ ഒഎൻവിയുടെ വരികളിലുണ്ട്. എംടിയുടെ പാത്രരചനയെ ആശ്ലേഷിക്കുന്ന പോലെയാണത്. കൃത്യമായി ഒരു കവിതയായി അത് രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ടൈറ്റിലിൽ ഗാനരചന ഒഎൻവി എന്നല്ല, പകരം കവിത ഒഎൻവി എന്നാണ് കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളത്.
മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു
മഞ്ഞക്കിളിത്തൂവൽ പോലെ
ഓർമ്മയിലോടിയെത്തും ഏതോ സുസ്മിതം പോലെ
ഓമനത്തിങ്കൾക്കല മയങ്ങി നിൽക്കേ
മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു
മഞ്ഞക്കിളിത്തൂവൽ പോലെ
ഞെട്ടറ്റു വീഴും ദിനാന്തപുഷ്പങ്ങൾതൻ
തപ്താശ്രു പോലെ നിലാവുദിയ്ക്കേ
കണ്ടു മറഞ്ഞ കിനാവുകളോ
നിശാഗന്ധികളായി വിടർന്നു നിൽക്കേ
(മഞ്ഞിൻ...)
'നിശാചരി' എന്ന ഒരു കവിത സമാഹാരം ബാലുവിന് അയച്ച് കൊടുക്കുന്ന സെലീനയുടെ ഓർമ്മ മമ്മൂട്ടി പ്രിയങ്കരമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതിലുള്ള കവിത തന്നെയാവാം ഇതെന്ന് അനുമാനിക്കുന്നു. പ്രകൃതി ദയാപൂർവ്വം അടച്ചിട്ട ഒരോർമ്മയെന്ന് എംടി ക്ലൈമാക്സിലെഴുതിയത് കൊണ്ടാവാം ഈ ഗാനമൊഴിവാക്കപ്പെട്ടതെന്ന് കരുതാതിരിക്കാൻ നിർവ്വാഹമില്ല, കാരണം ഈ പാട്ടിൽ സെലീനയുടെ മകനേപ്പറ്റിയുള്ള ഓർമ്മകളാണ് ഒഎൻവി എഴുതിയിരിക്കുന്നതെന്ന് സൂചനകളുണ്ട്. അത് എംടിയുടെ ഡയലോഗിനൽപ്പം കോൺട്രാസ്റ്റിങ്ങാണ്. ഞെട്ടറ്റ് വീഴുന്ന പുഷ്പം പോലെ കഴിഞ്ഞ് പോവുന്ന ഒരോ സുന്ദരമായ ദിനങ്ങളിലും (ജോസഫ് മാത്യുവിനൊപ്പമുള്ള നിമിഷങ്ങളൊന്നും പ്രശ്നനിർഭരമല്ല, മറിച്ച് സന്തോഷം തന്നെയെന്ന് വ്യംഗ്യാർത്ഥമുണ്ട്, പ്രത്യേകിച്ചും സുകുമാരന്റെ അടുത്ത് നിന്ന് സെലീനയുടെ മരണം ആത്മഹത്യയാണെന്ന് മമ്മൂട്ടി അറിഞ്ഞ് സംശയകരമായ ഒരു അവസ്ഥയിൽ ആദ്യം നോക്കുന്നത് സെലീന തനിക്കെഴുതിയ എഴുത്താണ്, ബ്രില്യന്റ്! )
മഞ്ഞിൻ വിലോലമാം യവനികക്കുള്ളിലുള്ള (ആ ഫ്ലാഷ്ബാക്ക് രഹസ്യത്തിനെ, ആ പ്രകൃതി പരിസരത്തെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു) ഓർമയിൽ എപ്പോഴുമൊരു സുന്ദര-സ്വപ്നമായി ഒരു തിങ്കൾക്കല പോലെ ഓടിയെത്തുന്ന തന്റെ മകന്റെ ഓർമകൾ സെലീന തന്റെ മനസിന്റെ അജ്ഞാതമായ ഒരു അറയിൽ സൂക്ഷിച്ച് വച്ചിരുന്നു എന്നുതന്നെ അനുമാനിക്കണം. എവിടെയോ ജീവിച്ചുപോവുന്ന ആ മകന്റെ സുന്ദരമായ ഓർമകളെയാണ് കാലമൊരു ദയാദാക്ഷിണ്യവുമില്ലാതെ ഒരു സുപ്രഭാതത്തിൽ സെലീനയുടെ മുൻപിൽ കൊണ്ട് നിർത്തുന്നത്. ഒരമ്മ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കോലത്തിൽ അവനെ കാണുന്നതാവാം അതികഠിനമായ ആത്മസംഘർഷത്തിലേക്കവർ വീണ് പോവുന്നതെന്നുള്ളത് ബാലുവിനെപ്പോലെ ഞാനും ഇൻഫെർ ചെയ്തെടുക്കുന്നു. തെറ്റുണ്ടെങ്കിൽ വായനക്കാർ ക്ഷമിക്കുക.
ഇത്തിരിപ്പൂവും കുരുന്നു കരങ്ങളിൽ
തൃത്താലമേന്തി പടിയ്ക്കൽ നിൽക്കേ
ജന്മാന്തര സ്നേഹബന്ധങ്ങളെക്കുറിച്ചെന്തിനോ
ഞാനുമിന്നോർത്തു പോയി
നാം എന്നിനി കാണുമെന്നോർത്തു പോയി
ബാലുവിന് അയച്ച് കൊടുക്കുന്ന 'നിശാചരി' എന്ന കവിതാസമാഹാരത്തിൽ, തൃത്താലമേന്തി പടിക്കലെത്തുന്ന കുരുന്നിനേ സ്വപ്നം കണ്ടിരുന്ന സെലീനയെ കാലത്തിനു മുമ്പേ പ്രവചിച്ചിരുന്നതായും ഒഎൻവിയുടെ വരികളിലുണ്ട് എന്നതും, ഗാനം ചിത്രീകരിക്കുവാനോ ചിത്രത്തിൽ ചേർക്കുവാനോ തടസ്സമായി എന്നും കരുതുന്നു..
( കിരൺസ് എംത്രീഡിബി ഫേസ്ബുക്ക് ഗ്രൂപ്പിൽ എഴുതിയത്)