'ചൈന ടൗൺ' സിനിമയുടെ പ്രീ പ്രൊഡക്ഷൻ കാലം. ലാലേട്ടനും ജയറാമേട്ടനും ദിലീപും ഒരുമിച്ച് അഭിനയിച്ച സിനിമ. കാസ്റ്റിങ് എല്ലാം കഴിഞ്ഞതിനുശേഷം ഒരു പ്രത്യേക ക്യാരക്ടർ അവതരിപ്പിക്കാൻ പുറത്തുനിന്ന് ഒരാളെ കൊണ്ടുവരാൻ തീരുമാനിച്ചു. പലതരത്തിലുള്ള ചർച്ചകൾക്ക് ശേഷം സുമോ ഗുസ്തിക്കാരൻ ആയ ഒരാളെ അഭിനയിപ്പിക്കാൻ ആണ് തീരുമാനമായത്. ഇന്റർനെറ്റിലൊക്കെ പലതരത്തിലുള്ള തിരച്ചിലുകൾക്ക് ശേഷം മേക്കപ്പ് മാൻ റോഷനെയും എന്നെയും സുമോ ഗുസ്തിക്കാരനെ കണ്ടു പിടിക്കാനുള്ള ചുമതല റാഫി ചേട്ടനും മെക്കാർട്ടിൻ ചേട്ടനും ഏൽപ്പിച്ചു.
രാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിങ് തുടങ്ങിയ സമയത്ത് മേക്കപ്പ് കഴിഞ്ഞാൽ റോഷനും ഞാനും അതിനുള്ളിലുള്ള ഒരു കമ്പ്യൂട്ടർ സെന്ററിൽ പോയി ഇരിക്കും. കമ്പ്യൂട്ടറിൽ എനിക്ക് അത്ര പരിജ്ഞാനം ഇല്ലാത്തതുകൊണ്ട് റോഷൻ ആണ് ആ ചുമതല ഏറ്റെടുത്തത്. ആദ്യം ഞങ്ങൾ തിരഞ്ഞത് ജപ്പാനിലാണ്. ജപ്പാനിലെ പല ഏജൻസികൾ മുഖേന ശ്രമിച്ചു നോക്കിയിട്ടും പറ്റിയ ഒരാളെ കിട്ടിയില്ല. കാണിക്കുന്ന ഫോട്ടോകൾ ഒന്നും റാഫി ചേട്ടന് ഇഷ്ടമായില്ല. തിരച്ചിൽ ദിവസങ്ങളോളം തുടർന്നു. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഷൂട്ടിങ് ഡേറ്റും അടുത്തുകൊണ്ടിരിക്കുന്നു.
ഒടുവിൽ റോഷന് ഒരു ബുദ്ധി തോന്നി. കൊറിയയിൽ ഒന്ന് അന്വേഷിച്ചാലോ? റോഷൻ വീണ്ടും നെറ്റിൽ സെർച്ച് ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒരു ഏജൻസിയെ ഞങ്ങൾക്ക് കിട്ടി. അവരുമായി മെയിൽ വഴി സംസാരിച്ചു. അവർ കുറെ അധികം ഫോട്ടോകൾ അയച്ചുതന്നു. അതിൽ ഒരാളെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. പിന്നെ അദ്ദേഹത്തിന്റെ പൈസ സംസാരിച്ച് ഉറപ്പിക്കാനുള്ള ശ്രമമായി. അതും ഒരുവിധം ഭംഗിയായി കഴിഞ്ഞു. മുഴുവൻ പൈസയും അവർക്ക് അഡ്വാൻസ് ആയി കൊടുക്കണം. മാത്രമല്ല ഇന്ത്യയിലേക്ക് വരണമെങ്കിൽ നമ്മൾ അവർക്ക് ഇൻവിറ്റേഷൻ അയക്കണം. കുറെ പേപ്പർ വർക്കുകൾ ഉണ്ട്. നമ്മൾ ടിക്കറ്റ് അയച്ചു കൊടുക്കണം. അവിടുത്തെയും ഇവിടത്തെയും നിയമപരമായ എല്ലാ പേപ്പറുകളും അപ്പ് ആൻഡ് ഡൗൺ ടിക്കറ്റും കൊടുത്താലേ ഇന്ത്യൻ എംബസിയിൽ നിന്ന് ഇന്ത്യയിലേക്ക് വരാനുള്ള പെർമിഷൻ കിട്ടുകയുള്ളൂ.
അവിടുത്തെയും ഇവിടുത്തെയും സമയം തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇവിടെ റോഷൻ മേക്കപ്പ് കഴിഞ്ഞു വരുമ്പോഴേക്കും പത്തുമണി 11 മണിയാവും. പിന്നീട് മൂന്നോ നാലോ മണിക്കൂർ മാത്രമേ നമ്മൾക്ക് അവിടുത്തെ ഓഫീസ് സമയം കിട്ടുകയുള്ളൂ. എല്ലാ വർക്കും കഴിഞ്ഞതിനുശേഷവും ഇന്ത്യൻ എംബസിയിൽ നിന്ന് പെർമിഷൻ കിട്ടുന്നില്ല. മാത്രമല്ല എനിക്കും റോഷനും വേറെ ഒരു അങ്കലാപ്പ് കൂടി ഉണ്ട്. നെറ്റ് വഴി കണക്ട് ചെയ്ത് കിട്ടിയതാണ്. ഇത് ശരിയായ ഏജൻസി തന്നെയാണോ അതോ പൈസ തട്ടിക്കാനുള്ള എന്തെങ്കിലും ഏർപ്പാടാണോ ഒന്നും ഞങ്ങൾക്ക് അറിയില്ല. അന്നു പക്ഷേ നെറ്റ് വഴിയുള്ള തട്ടിപ്പ് ഇത്ര വ്യാപകമായി തുടങ്ങിയിട്ടില്ല.
ഷൂട്ടിങ്ങിന് തലേദിവസം എങ്കിലും ആള് ഇവിടെ എത്തണം. രണ്ടു ഫ്ലൈറ്റുകൾ കയറി വേണം അദ്ദേഹത്തിന് ഇവിടേക്ക് എത്താൻ. 250 കിലോയോളം തൂക്കമുള്ള ആളാണ്. സംഗതി പന്തികേടവും എന്ന് തോന്നിയ സമയത്ത് അവിടുത്തെ ഏജൻസി, ഇന്ത്യൻ എംബസിയിലെ ഫോൺ നമ്പർ കളക്ട് ചെയ്ത് ഞങ്ങൾക്ക് തന്നു. പേപ്പറുകൾ എല്ലാം എംബസിയിൽ എത്തിയിട്ട്- ടിക്കറ്റ് അടക്കം- കുറച്ചു ദിവസമായി പക്ഷേ ഒന്നും നടക്കുന്നില്ല. ചിലപ്പോൾ സിനിമയേക്കാൾ വലിയ കാര്യങ്ങൾ അവർക്ക് ചെയ്തുതീർക്കാൻ ഉണ്ടാവും. രണ്ടുദിവസത്തെ ശ്രമഫലമായി എംബസിയിലെ ഉദ്യോഗസ്ഥനുമായി ഞങ്ങൾക്ക് സംസാരിക്കാൻ സാധിച്ചു.
അദ്ദേഹം പറഞ്ഞു: 'എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ, അതായത് ഇതെല്ലാം അനുവദിക്കേണ്ട ആൾ ഒരു മലയാളിയാണ്'. അതു കേട്ടപ്പോൾ മനസ്സിൽ മഞ്ഞു കോരിയിട്ട ഒരു തണുപ്പാണ് അനുഭവപ്പെട്ടത്. അദ്ദേഹത്തെ നേരിട്ട് കിട്ടുന്ന നമ്പർ തരാം. നാളെ ഒരു സമയം പറഞ്ഞിട്ട്, ആ സമയത്ത് വിളിക്കാൻ പറഞ്ഞു. റോഷനാണ് അതുവരെ ആ ഉദ്യോഗസ്ഥനോട് സംസാരിച്ചുകൊണ്ടിരുന്നത്.
മലയാളിയായതുകൊണ്ട് പിറ്റേദിവസം ഞാൻ വിളിച്ചു. അദ്ദേഹത്തെ കിട്ടി. അഭിനയിക്കുന്ന ആൾ ലാലേട്ടൻ ആണെന്നും ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം എന്നും റാഫി മെക്കാർട്ടിൻ ആണ് സംവിധാനം എന്നും പറഞ്ഞതിനുശേഷം ഞങ്ങളുടെ പ്രശ്നം അവതരിപ്പിച്ചു. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് കേട്ടത്. ഞാൻ ലാലേട്ടന്റെ വലിയ ഫാൻ ആണെന്നും ചെറുപ്പത്തിൽ പഠിക്കുന്ന കാലത്തും വിദേശത്തേക്ക് പോകുന്നവരെയും ലാലേട്ടന്റെ എല്ലാ സിനിമകളും കാണുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ലാലേട്ടന്റെ ഒരു ആവശ്യമല്ലേ നിങ്ങൾ ഒന്നും പേടിക്കണ്ട ആ കാര്യം ഞാൻ ഏറ്റു'. അപ്പോഴേക്കും അദ്ദേഹത്തിന്റെ മുന്നിൽ ആ പേപ്പറുകൾ എത്തിയിരുന്നു. അപ്പോഴാണ് എനിക്കും റോഷനും സമാധാനമായത്. വ്യാജ ഏജൻസി അല്ല യഥാർത്ഥ ഏജൻസി തന്നെയാണ് ഞങ്ങൾക്ക് ഗുസ്തിക്കാരനെ തരാം എന്ന് ഏറ്റിരിക്കുന്നത്.
ഒരുപക്ഷേ ലാലേട്ടൻ അല്ല ഹീറോ എങ്കിൽ, സംഗതി നടക്കുമെങ്കിലും കറക്ട് സമയത്ത് നടക്കുമോ എന്ന് എനിക്ക് ഇന്നും സംശയമുണ്ട്. കപ്ലീറ്റ് ആക്ടറുടെ ആരാധകർ ലോകമെമ്പാടും ഉണ്ട്. പലരും നമ്മളെ തക്കസമയത്ത് സഹായിക്കാനും കാത്തിരിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി.
എയർപോർട്ടിൽ സുമോ ഗുസ്തിക്കാരനെ സ്വീകരിക്കാൻ ഞാനും റോഷനും പോയിരുന്നു ലിബോർ ഡി സൊ എന്നാണ് അദ്ദേഹത്തിന്റെ പേര്. രാമോജി ഫിലിം സിറ്റിയിലെ ഹോട്ടലിൽ പ്രത്യേക റൂമും പ്രത്യേക ബാത്റൂം സംഘടിപ്പിച്ചാണ് അദ്ദേഹത്തെ താമസിപ്പിച്ചത്. വളരെ പാവമായ ഒരു മനുഷ്യൻ. എരിവും പുളിയും ഒന്നും അധികം ഇല്ലാത്ത ചിക്കൻ ആണ് പ്രധാന ഭക്ഷണം. ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോഴേക്കും ഞങ്ങൾ എല്ലാവരുമായി വളരെ അടുത്തിരുന്നു അദ്ദേഹം. ഷൂട്ടിങ് കഴിഞ്ഞ് എയർപോർട്ടിൽ അദ്ദേഹത്തെ കൊണ്ടുവിട്ട ഞാനും റോഷനും അദ്ദേഹം കണ്ണിൽനിന്ന് മറയുന്നത് വരെ നോക്കി നിന്നു. തിരിഞ്ഞുനോക്കി തിരിഞ്ഞു നോക്കിയാണ് അദ്ദേഹം പോയത്. ഇനി ഒരിക്കലും അദ്ദേഹത്തെ കാണാൻ യോഗം ഉണ്ടാവില്ല എന്നറിയാവുന്നതു കൊണ്ടാവാം, അദ്ദേഹം എയർപോർട്ടിൽ മറയുന്നത് നോക്കി നിന്നപ്പോൾ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു.
(സിദ്ധു പനയ്ക്കൽ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ്)