വര്‍ഷങ്ങള്‍ക്കുശേഷം മേനക സുരേഷ് അഭിനയരംഗത്തേക്കു തിരികെയെത്തുന്നു. മേനക അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ഒരു കൊറിയന്‍ കണ്‍ഫ്യൂഷന്‍'. സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മേനകയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2021-ല്‍ പുറത്തിറങ്ങിയ 'ഭ്രമം' എന്ന സിനിമയ്ക്ക് ശേഷം മേനക വേഷമിടുന്ന ചിത്രം കൂടിയാണിത്.
വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ മനസില്‍ ചെറിയൊരു ഭയം ഉണ്ടായിരുന്നെങ്കിലും ആദ്യ ദിവസം തന്നെ അത് മാറിയെന്ന് മേനക പറഞ്ഞു. ഒരു കുടുംബ അന്തരീക്ഷത്തിലാണ് സിനിമയുടെ സെറ്റ് അനുഭവപ്പെട്ടതെന്നും വളരെ മനോഹരവും തൃപ്തികരവുമായ അനുഭവമായിരുന്നു ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വർഷങ്ങൾക്ക് ശേഷം ഇത്രയും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്-മേനക സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സഞ്ജീവ് ശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൗത്ത് കൊറിയന്‍ നടി ആമി ജങ് ഇന്ത്യന്‍ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആല്‍ഫോണ്‍സ് പുത്രന്‍, ബിനു പപ്പു, പ്രിയങ്ക നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എപ്പിക് സ്റ്റുഡിയോസ്, ബീക്കണ്‍ മീഡിയ എന്നിവര്‍ ട്രൈപോഡ് മോഷന്‍ പിക്‌ചേഴ്സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മേനകയുടെ കുറിപ്പിന്റെ പൂർണരൂപം
‘ഒരു കൊറിയൻ കൺഫ്യൂഷൻ’ എന്ന സിനിമയിൽ മനോഹരവും പ്രാധാന്യമുള്ളതുമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി എന്നിൽ വിശ്വാസമർപ്പിച്ച സംവിധായകൻ സഞ്ജീവ് ശിവനും ഭാര്യ ദീപ്തിക്കും ഹൃദയം നിറഞ്ഞ നന്ദി. വളരെ സന്തോഷവും അതിലേറെ നന്ദിയുമുണ്ട്.
വർഷങ്ങൾക്ക് ശേഷം ഷൂട്ടിങ്ങിനായി ഇവിടെ എത്തിയപ്പോൾ മനസ്സിൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ സത്യത്തിൽ, അധികം വൈകാതെ തന്നെ ആ ആശങ്കകളെല്ലാം മാറി. ആദ്യ ദിവസം മുതൽ തന്നെ ഇവിടെ ഒരു കുടുംബത്തോടൊപ്പമുള്ളതുപോലെയുള്ള സ്നേഹവും അടുപ്പവും അനുഭവപ്പെട്ടു.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ഓരോരുത്തരും എനിക്ക് സമ്മാനിച്ചത് മനോഹരമായ നിമിഷങ്ങളും ഒരുപാട് നല്ല ഓർമകളുമാണ്. ഈ യാത്ര ഇത്രയും മനോഹരവും ഓർമയിൽ തങ്ങിനിൽക്കുന്നതുമാക്കിയ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി.
വർഷങ്ങൾക്ക് ശേഷം ഇത്രയും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതും പൂർണത നൽകുന്നതുമായ ഒരു അനുഭവമായിരുന്നു ഇത്. തീർച്ചയായും എന്നും ഓർത്തുവെക്കാവുന്ന ഒരു യാത്ര.
‘ഒരു കൊറിയൻ കൺഫ്യൂഷൻ’ എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ചിത്രം വലിയ വിജയമായി മാറട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
എല്ലാവരെയും ഉടൻ കാണാം!