കേരള ക്രൈംഫയൽസ് പോസ്റ്റർ ജിയോ ഹോട്സ്റ്റാർ
OTT Reviews

അമ്പിളിരാജു എവിടെപ്പോയി?അതിമനോഹരം ഈ അന്വേഷണയാത്ര

ഒന്നാംസീസണിനേക്കാൾ മുന്നിൽനില്കുന്ന കഥപറച്ചിൽരീതിയും ക്ലൈമാക്സുമായി കേരള ക്രൈം ഫയൽസ്

ആൽഫ്രെഡോ

പ്രേക്ഷകന്റെ ഇമോഷന് വില നൽകി, കഥപറച്ചിലിന്റെ സൗന്ദര്യത്തിൽ കുരുക്കിയിടുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസ്. കഥ പറയുന്നു എന്നതിലുപരി കാഴ്ചക്കാരനെ ചിന്തിപ്പിക്കുന്ന മികവാണ് കേരള ക്രൈം ഫയൽസ് സീസൺ 2. തിരുവനന്തപുരത്തെ ഒരു പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ അമ്പിളി രാജുവിന്റെ തിരോധാനവും തുടർന്നുള്ള അന്വേഷണവുമാണ് സീരീസ്. നോൺ ലീനിയറായി കഥപറയുമ്പോള്‍ തന്നെ എല്ലാ എപ്പിസോഡിലും ടൈറ്റിൽ കാർഡിന് മുൻപ് വരുന്ന സീനുകള്‍ ആകാംക്ഷയുളവാക്കുന്നതാണ്.

ആരാണ് അമ്പിളി രാജു, എന്താണ് അയാളുടെ ഭൂതകാലം എന്നിവ ഏതാനും സംഭാഷണങ്ങളിലൂടെ തന്നെ വ്യക്തമാകും. തിരുവനന്തപുരത്ത് അയാൾക്കുള്ള ‘ഹോൾഡ്’ ആദ്യ എപ്പിസോഡിലെ രസമുള്ള ഒരു സീനിലൂടെ മനസിലാകും. പുതിയ എസ്.എച്ച്.ഒ ആയി ചാർജെടുക്കുന്ന കുര്യൻ(ലാൽ), പ്രിൻസിപ്പൽ എസ്.ഐ നോബിള്‍(അർജുൻരാധാകൃഷ്ണൻ) എന്നിവരുടെ അന്വേഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അവരുടെ കണ്ടെത്തലുകൾ, അന്വേഷണങ്ങൾ ഒക്കെ ചിലയിടങ്ങളിൽ അനാവശ്യസീനുകൾ പോലെ തോന്നുമെങ്കിലും കഥാന്ത്യത്തിലെ ചിരിയിൽ അത് കലങ്ങിത്തെളിയും. സ്ക്രീനിൽ കണ്ടെതെല്ലാം പ്രേക്ഷകർ തന്നെ കൂട്ടിവായിക്കുന്ന (അങ്ങനെ മനസിലാക്കാൻ പ്രേരിപ്പിക്കുന്ന) മാജിക് കേരള ക്രൈം ഫയൽസ് രണ്ടാം സീസണിലുണ്ട്. ഒന്നാം ഭാഗത്തേക്കാൾ മുന്നിൽനിൽക്കുന്ന രണ്ടാം ഭാഗം.

കേരള ക്രൈംഫയൽസ് പോസ്റ്റർ

കഥപറച്ചിലിലെ അതിസൂക്ഷ്മതയും റിയലിസ്റ്റിക് സമീപനവും സീരിസിന്റെ നിലവാരമുയർത്തുന്നു. ബാഹുൽ രമേഷ് എന്ന തിരക്കഥാകൃത്ത്, ‘കിഷ്കിന്ധകാണ്ഡ’ത്തിൽ സ്വീകരിച്ച പല പാറ്റേണുകളും ഇവിടെയും പിന്തുടർന്നിട്ടുണ്ട്. മൃഗങ്ങളുടെ സ്വാധീനം, സ്പൂൺഫീഡിങ് ഇല്ലാത്ത കഥപറച്ചിൽ, പ്രേഷകന് അത്ര പരിചിതമല്ലാത്ത നിയമസംവിധാനങ്ങളുടെ വിശദീകരണം തുടങ്ങിയവ. വളരെ നീറ്റായി, ത്രില്ലിങ്ങായി കഥപറയുന്നതിൽ സംവിധായകൻ അഹമ്മദ് കബീറിന്റെ മികവും പ്രശംസനീയം. ഇന്ദ്രൻസ്-ഹരിശ്രീ അശോകൻ കോംബിനേഷൻ സീനുകൾ, പുതുമുഖങ്ങളുടെ കടന്നുവരവ്, പ്രേക്ഷകമനസിനെ ആഴത്തിൽ തൊടുന്ന ഫൈനൽ എപ്പിസോഡ്, ആകർഷകമായ കളർടോൺ, പശ്ചാത്തലസംഗീതം എന്നീ ശക്തികേന്ദ്രങ്ങളും സീരീസിനെ സേഫ് സോണിലാക്കുന്നു. ഒന്നാം ഭാഗത്തിലെ പ്രധാനതാരങ്ങളായ അജു വർ​ഗീസും ലാലും രണ്ടാം ഭാഗത്തിലുമുണ്ട്. അർജുൻ രാധാകൃഷ്ണന്റെ കടന്നുവരവ് രണ്ടാം ഭാഗത്തിന്റെ പ്ലസ് പോയിന്റാണ്. ഇതുവരെ കണ്ടുശീലിച്ച പോലീസ് നായകകഥാപാത്രങ്ങളുടെ മേലങ്കിയണിയാത്ത പച്ചയായ കഥാപാത്രം. അമ്പിളിയുടെയും അയ്യപ്പന്റെയും നോബിളിന്റെയും ക്ലൈമാക്സ് കഥാപാത്രത്തിന്റെയും ക്യാരക്ടർ ആർക് അതിമനോഹരം.

‘ചാച്ചു’ എവിടെയെന്ന് 'കിഷ്കിന്ധകാണ്ഡം' പ്രേക്ഷകനോട് പറയുന്നില്ല, അതിന്റെ കാരണവും സിനിമയിലുണ്ട്. അതേപോലെ കഥാന്ത്യത്തിൽ നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന, കാണാനാഗ്രഹിക്കുന്ന പലതും ഈ സീരിസ് നൽകില്ല. എന്നാൽ അതിലുമുപരിയായി കഥാപാത്രങ്ങളെ അടുത്തറിഞ്ഞ് കഥയൊഴുകുന്ന വഴിയിൽ കുറ്റാനേഷ്വണത്തിന്റെ ഭാഗമായി നിങ്ങൾ മാറുമെന്ന് തീർച്ച.

പ്ലാറ്റ്ഫോം-ജിയോ ഹോട്സ്റ്റാർ

ദൈർഘ്യം-ആറ് എപ്പിസോഡുകൾ(30മിനിട്ട് വീതം)

ഭാഷ-മലയാളം