'വലതുവശത്തെ കള്ളന്‍' ഒടിടി റിലീസ് പോസ്റ്റർ അറേഞ്ച്ഡ്
OTT News

'നീതി മരിച്ചവര്‍ക്കും വേണ്ടേ..?' 'വലതുവശത്തെ കള്ളന്‍' ഒടിടിയിലേക്ക്

പപ്പപ്പ ഡസ്‌ക്‌

മലയാളസിനിമയിലെ എണ്ണംപറഞ്ഞ ക്രൈം ത്രില്ലറുകളുടെ സ്രഷ്ടാവ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബിജു മേനോനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലെത്തിയ 'വലതുവശത്തെ കള്ളന്‍' ഒടിടിയിലേക്ക്. മാര്‍ച്ച് 27 മുതല്‍ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും.

ശാന്തനായ എന്നാല്‍ ഉള്ളില്‍ നിഗൂഢതകള്‍ ഒളിപ്പിച്ച സാമുവല്‍ ജോസഫ് എന്ന കഥാപാത്രമായി ജോജു എത്തുമ്പോള്‍, സിനിമയുടെ തുടക്കം മുതല്‍ നെഗറ്റീവ് ഷെയ്ഡുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആന്റണി സേവ്യറായി ബിജു മേനോന്‍ വേഷമിടുന്നു. 'മരിച്ചവര്‍ക്കും നീതി വേണ്ടേ, അത് വാങ്ങിക്കൊടുക്കേണ്ടത് നമ്മള്‍ ജീവിച്ചിരിക്കുന്നവരല്ലേ...'എന്ന ശക്തമായ ചോദ്യമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. ഒരു വ്യക്തി ക്രിമിനലായി മാറുന്നതിനു പിന്നിലെ സാഹചര്യങ്ങളെ ചിത്രം ആഴത്തില്‍ പരിശോധിക്കുന്നു.

'വലതുവശത്തെ കള്ളന്‍' ട്രെയിലറിൽ നിന്ന്

ജീത്തു ജോസഫ് തന്റെ പതിവ് ശൈലിയില്‍നിന്ന് വ്യത്യസ്തമായ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിനു തോമസ് ഈലന്റേതാണ് തിരക്കഥ. ഒരു സാധാരണ കേസ് അന്വേഷണമായി തുടങ്ങി, പിന്നീട് ഒരു സുഡോക്കു ഗെയിം പോലെ സങ്കീര്‍ണമാകുന്ന അപ്രതീക്ഷിത ട്വിസ്റ്റുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ക്രൈം ത്രില്ലര്‍ പ്രേമികള്‍ക്ക് മികച്ച ദൃശ്യാനുഭവമായിരിക്കും വലതുവശത്തെ കള്ളന്‍.