ടൊവിനോ തോമസിന്റെ 'നരിവേട്ട' ഒടിടിയിലേക്ക്. ജൂലായ് 11ന് സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്തുതുടങ്ങുക. അനുരഞ്ജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട'യുടെ തിരക്കഥ അബിൻ ജോസഫിന്റേതാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ സിനിമ കാണാം.
മെയ് 23 ന് ആണ് 'നരിവേട്ട' തീയറ്ററിലെത്തിയത്. മുത്തങ്ങയിലെ പോലീസ് വെടിവയ്പാണ് സിനിമയുടെ കഥയ്ക്ക് ആധാരം. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുന്നു. ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദായി എത്തുന്നത് സുരാജ് വെഞ്ഞാറമ്മൂട് ആണ്. ഈ കഥാപാത്രത്തിന് ആസ്പദമാക്കിയത് തന്റെ പോലീസ് ജീവിതമാണെന്നും അത് അപമാനിക്കാനാണെന്നും കാട്ടി ഒരു മുൻപോലീസ് ഉദ്യേഗസ്ഥൻ കഴിഞ്ഞദിവസം ഡി.ജി.പി രവത ചന്ദ്രശേഖറിന്റെ പത്രസമ്മേളനത്തിൽ ബഹളമുണ്ടാക്കിയിരുന്നു.
തമിഴ് സംവിധായകൻ ചേരൻ ഡിഐജി രഘുറാം കേശവദാസ് എന്ന കഥാപാത്രമാകുന്നു. സി.കെ.ജാനുവിന്റെ ഛായയുള്ള സി.കെ.ശാന്തിയെ അവതരിപ്പിച്ചത് ആര്യ സലിം ആണ്. പ്രിയംവദ കൃഷ്ണനാണ് നായിക.
കൈതപ്രം എഴുതിയ നരിവേട്ടയിലെ 'മിന്നൽവള' എന്ന ഗാനം ഇപ്പോഴും ഹിറ്റ്ചാർട്ടുകളിൽ ഒന്നാമതാണ്. ടിപ്പുഷാനും ഷിയാസ് ഹസനും ചേർന്നാണ് നിർമാണം.