മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണിയും പ്രധാന വേഷങ്ങളിലെത്തിയ 'തുടക്കം' എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തി വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ ചിത്രം സെപ്റ്റംബർ 18 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ജൂഡ് ആന്തണി, അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്നു തിരക്കഥയെഴുതിയ ചിത്രത്തിൽ ആയോധനകല അഭ്യസിച്ച മീനു എന്ന പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്. മീനുവായി വിസ്മയ എത്തിയപ്പോൾ ക്രൂരനായ വില്ലൻ കഥാപാത്രത്തെയാണ് ആഷിഷ് അവതരിപ്പിച്ചത്. ചിത്രത്തിലെ ഇരുവർക്കുമൊപ്പമുള്ള ആക്ഷൻ രംഗങ്ങളും പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ. ജയൻ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മോഹൻലാലിന്റെ മാസ് സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ട്. തിയേറ്ററുകളിൽ മികച്ച കളക്ഷനും നിരൂപക പ്രശംസയും നേടിയ ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.