'ട്രെയ്റ്റേഴ്സി'ലെ മത്സരാർഥികൾ അവതാരകൻ കരൺജോഹറിനൊപ്പം  ഫോട്ടോ-പ്രൈം വീഡിയോ
OTT News

വിശ്വാസത്തിന്റെയും വഞ്ചനയുടെയും കളി 'ദ് ട്രെയ്റ്റേഴ്സ്' പ്രൈമിൽ

രാജ് കുന്ദ്ര,ലക്ഷ്മി മഞ്ചു,ആശിഷ് വിദ്യാർഥി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 20 സെലിബ്രിറ്റികളാണ് ഷോയിലെ മത്സരാർഥികൾ

പപ്പപ്പ ഡസ്‌ക്‌

എമ്മി അവാർ‍ഡും ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്സ് പുരസ്കാരവും നേടിയ 'ദ് ട്രെയ്റ്റേഴ്സ്' എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പ് ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങി. സംവിധായകനും ഇന്ത്യൻ റിയാലിറ്റി ഷോ രം​ഗത്തെ അതികായനുമായ കരൺ ജോഹറാണ് അവതാരകൻ. രാജ് കുന്ദ്ര,ലക്ഷ്മി മഞ്ചു,ആശിഷ് വിദ്യാർഥി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 20 സെലിബ്രിറ്റികളാണ് ഷോയിലെ മത്സരാർഥികൾ. 'വിശ്വാസത്തിന്റെയും വഞ്ചനയുടെയും പരമമായ പരീക്ഷണം' എന്നാണ് ആമസോൺ പ്രൈം ഷോയെ വിശേഷിപ്പിക്കുന്നത്. ജൂൺ 12 മുതൽ എല്ലാ വ്യാഴാഴ്ചകളിലും പ്രൈമിൽ ദ് ട്രെയ്റ്റേഴ്സ് കാണാം.

30രാജ്യങ്ങളിലായി ഇതിനകം 35 അഡാപ്റ്റേഷനുകൾ ഇതിനകം 'ദ് ട്രെയ്റ്റേഴ്സി'നുണ്ടായിട്ടുണ്ട്. ബി.ബി.സി സ്റ്റുഡിയോസ് ഓൾ ത്രീ മീഡിയ ഇന്റർനാഷണലിന്റെ സഹകരണത്തോടെയാണ് ഇന്ത്യൻ പതിപ്പ് പ്രേക്ഷകരിലെത്തിക്കുന്നത്. ഷോയിലെ സെലിബ്രിറ്റികൾ ആരെല്ലാമെന്നതിന്റെ സൂചനകൾ കരൺജോഹർ അവതരിപ്പിക്കുന്ന ടീസറിലൂടെ നേരത്തെ പ്രൈം വീഡിയോ പുറത്തുവിട്ടിരുന്നു. പാതാൾലോക്,ഫർസി,മിർസാപൂർ തുടങ്ങിയ പ്രൈം സീരീസുകളുടെ പരാമർശങ്ങളാണ് ഇതിലുണ്ടായിരുന്നത്.

'ഇന്ത്യയിലെ ഏറ്റവും വലിയ സ്ക്രിപ്റ്റ് ഷോകൾ ഇപ്പോൾ പ്രൈംവീഡിയോയിലാണുള്ളത്. ഏറ്റവും വലിയ റിയാലിറ്റിഷോ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന 'ട്രെയ്റ്റേഴ്സ്' വരുന്നതോടെ അൺസ്ക്രിപ്റ്റഡ് കോൺടന്റിലേക്കുകൂടി ഞങ്ങൾ സുധീരമായ ചുവടുവയ്പ് നടത്തുകയാണ്. നാടകീയത,തന്ത്രങ്ങൾ,ത്രസിപ്പിക്കുന്ന കളികൾ,അപ്രതീക്ഷിത ട്വിസ്റ്റുകൾ ഇവയൊക്കെ ഈ ബി​ഗ്ബജറ്റ് ഷോയിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം.'- പ്രൈം വീഡിയോ ഇന്ത്യ ഒറിജനൽസ് വിഭാ​ഗം തലവൻ നിഖിൽ മാധോക് പറയുന്നു.

'റിയാലിറ്റി ഷോകൾ ആസ്വദിക്കുന്ന വലിയൊരു വിഭാ​ഗം ഇന്ത്യയിലുണ്ടെന്നും ത്രില്ലറിനെ ഓർമ്മിപ്പിക്കുന്ന ഗെയിംപ്ലേയും വലിയ സെലിബ്രിറ്റികളും നിറഞ്ഞ 'ദ് ട്രെയ്റ്റേഴ്സി'ന്റെ ഇന്ത്യൻ പതിപ്പ് മികച്ച അനുഭവം നൽകുമെന്നും ആൾ ത്രീ മീഡിയ ഇന്റർനാഷണലിന്റെ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് സബ്രീന ഡ്യൂ​ഗെ പറയുന്നു. ഈ ഷോ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന, മികച്ച പ്രതികരണം ലഭിച്ച റിയാലിറ്റി ഫോർമാറ്റുകളിൽ ഒന്നാണെന്നും അവർ പറഞ്ഞു.

ലോകമെമ്പാടും വിവിധ പ്രായത്തിലുള്ളവരെ പിടിച്ചിരുത്തിയ ഈ ഷോ നാടകീയതയും സൈക്കോളജിക്കൽ ​ഗയിം പ്ലാനും കൊണ്ടാണ് ശ്രദ്ധനേടിയതെന്ന് ബി.ബി.സി സ്റ്റുഡിയോസ് ഇന്ത്യ പ്രൊഡക്ഷൻസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നേഹ ഖുരാന പറയുന്നു.