'ദ് ടാറ്റാസ്: ഹൗ എ ഫാമിലി ബില്‍റ്റ് എ ബിസിനസ് ആന്‍ഡ് എ നേഷന്‍' എന്ന പുസ്തകത്തിന്റെ കവർ,രത്തൻ ടാറ്റ ഫോട്ടോകടപ്പാട്-ആമസോൺ,വിക്കിപ്പീഡിയ
OTT News

'ടൈറ്റന്‍ സ്റ്റോറി'ക്കുപിന്നാലെ 'ടാറ്റ സ്റ്റോറി',നാലുതലമുറകളുടെ കഥയുമായി വെബ്സീരീസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചയും ടാറ്റ കുടുംബത്തിലെ വിവിധ തലമുറകളുടെ ജീവിതവും പറയുന്ന പുതിയ വെബ് സീരീസ് അണിയറയില്‍ ഒരുങ്ങുന്നു. അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മേഡ് ഇന്‍ ഇന്ത്യ: എ ടൈറ്റന്‍ സ്റ്റോറി' എന്ന സീരീസിന്റെ അണിയറപ്രവര്‍ത്തകരാണ് പുതിയ പ്രോജക്ടുമായി രംഗത്തെത്തുന്നത്. 'ദ് ടാറ്റാസ്' എന്നു പേരിട്ടിരിക്കുന്ന സീരീസ്, ഗിരീഷ് കുബേറിന്റെ പ്രശസ്തമായ 'ദ് ടാറ്റാസ്: ഹൗ എ ഫാമിലി ബില്‍റ്റ് എ ബിസിനസ് ആന്‍ഡ് എ നേഷന്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.

'മേഡ് ഇന്‍ ഇന്ത്യ: എ ടൈറ്റന്‍ സ്റ്റോറി'യുടെ തിരക്കഥാകൃത്തായ കരണ്‍ വ്യാസ് തന്നെയാണ് ഈ പുസ്തകം സീരീസിനായി ദൃശ്യവല്‍ക്കരിക്കുന്നത്. ഇത് കേവലം ഒരു കോര്‍പ്പറേറ്റ് ചരിത്രമല്ലെന്നും ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ മനുഷ്യരുടെ കഥയാണെന്നും കരണ്‍ വ്യാസ് വ്യക്തമാക്കി. ഓള്‍മൈറ്റി മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് സീരീസ് വികസിപ്പിക്കുന്നത്.

'മേഡ് ഇന്‍ ഇന്ത്യ: എ ടൈറ്റന്‍ സ്റ്റോറി'പോസ്റ്റർ

മള്‍ട്ടി-സീസണ്‍ ഡ്രാമയായി ഒരുങ്ങുന്ന സീരീസ് ടാറ്റാ കുടുംബത്തിലെ നാല് തലമുറകളുടെ കഥയാണ് പറയുന്നത്. ജംഷഡ്ജി നുസര്‍വാന്‍ജി ടാറ്റ, സര്‍ ദൊറാബ്ജി ടാറ്റ, ജെആര്‍ഡി ടാറ്റ, രത്തന്‍ നവല്‍ ടാറ്റ എന്നിവരുടെ ജീവിതവും ഒപ്പം ഇന്ത്യയിലുണ്ടായ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളും സീരീസിന്റെ ഭാഗമാകും.

കരൺ വ്യാസ്

ടാറ്റാ കുടുംബം വെറും ബിസിനസ് മാത്രമല്ല, ആധുനിക ഇന്ത്യയെന്ന ആശയത്തെയാണ് കെട്ടിപ്പടുത്തതെന്ന് ടി-സീരീസ് മേധാവി ഭൂഷണ്‍ കുമാര്‍ പറഞ്ഞു. 'മേഡ് ഇന്‍ ഇന്ത്യ: എ ടൈറ്റന്‍ സ്റ്റോറി'ക്ക് പ്രേക്ഷകര്‍ നല്‍കിയ വലിയ പിന്തുണയാണ് പുതിയ പ്രോജക്റ്റിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.