ലോകമെമ്പാടുമുള്ള ഫാന്റസി പ്രേമികളുടെ പ്രിയപ്പെട്ട വെബ് സീരീസായ 'ദ് ലോര്‍ഡ് ഓഫ് ദി റിങ്സ്: ദ് റിങ്സ് ഓഫ് പവര്‍' നാലാം സീസണിലേക്ക് കടക്കുന്നു. സീരീസിന്റെ മൂന്നാം ഭാഗത്തിലെ അവസാന എപ്പിസോഡുകള്‍ പ്രേക്ഷകരിലേക്ക് എത്തുന്ന വേളയിലാണ് പുതിയ സീസണ്‍ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ടത്.
നാലാം സീസണിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. യുകെയിലെ പ്രശസ്തമായ ഷെപ്പര്‍ട്ടണ്‍ സ്റ്റുഡിയോയിലാകും പുതിയ ഭാഗത്തിന്റെ ചിത്രീകരണം. നിലവിലെ ക്രിയേറ്റീവ് സംഘത്തോടൊപ്പം ഷോ റണ്ണര്‍മാരായ ജെ.ഡി. പെയ്നും പാട്രിക് മക്കേയും അടുത്ത സീസണിലും അമരത്തുണ്ടാകും.
പ്രൈം വീഡിയോയുടെ മുഖമുദ്രയായി മാറിയ ഏറ്റവും പ്രധാനപ്പെട്ട സീരീസ് ആണ് 'ദ് റിങ്സ് ഓഫ് പവര്‍' എന്ന് ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് ഗ്ലോബല്‍ ടെലിവിഷന്‍ മേധാവി പീറ്റര്‍ ഫ്രീഡ്ലാന്‍ഡര്‍ അഭിപ്രായപ്പെട്ടു.
നവംബര്‍ 11-ന് പ്രദര്‍ശനം ആരംഭിച്ച മൂന്നാം സീസണിന് ആഗോളതലത്തില്‍ വന്‍ വരവേല്പാണ് ലഭിക്കുന്നത്. സ്ട്രീമിങ് തുടങ്ങി ആദ്യ 12 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 3.3 കോടി പ്രേക്ഷകരാണ് സീസണ്‍ കണ്ടത്. ജെ.ആര്‍.ആര്‍. ടോള്‍കീന്റെ വിഖ്യാത കൃതികളെ ആധാരമാക്കി ഒരുക്കുന്ന ദൃശ്യവിസ്മയത്തില്‍ മോര്‍ഫിഡ് ക്ലാര്‍ക്ക്, ചാര്‍ളി വിക്കേഴ്‌സ്, റോബര്‍ട്ട് അരമായോ, മാര്‍ക്കല്ല കവനാഗ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.