'ജനനായകൻ' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

ചീഫ് മിനിസ്റ്റർ വിജയ് ഇനി വിരുന്നുമുറിയിൽ;'ജനനായകൻ' ഒടിടിയിലേക്ക്

പപ്പപ്പ ഡസ്‌ക്‌

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ദളപതി വിജയ് ചിത്രം 'ജനനായകന്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 21 ന് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ സീ 5-ലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയോടെയാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

വിവിധ കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം ജൂലായ് 23-നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 227 കോടിയിലധികം രൂപ നേടി. ആഗോളതലത്തില്‍ 320 കോടിയിലധികം രൂപയുടെ കളക്ഷന്‍ സ്വന്തമാക്കിയാണ് വിജയ് ചിത്രം ഒടിടി റിലീസിലേക്ക് കടക്കുന്നത്. സജീവ രാഷ്ട്രീയം പ്രഖ്യാപിക്കുകയും തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തതോടെ വിജയ്‌യുടെ അവസാന സിനിമാവിശേഷം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

'ജനനായകന്‍'റിലീസ് അനൗൺസ്മെന്റ് പോസ്റ്ററിൽനിന്ന്

കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ നിര്‍മിച്ച ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, നിഴലുകള്‍ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം ചിത്രത്തിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നു.