ദുൽഖർസൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായ താരം ശോഭിത ധൂലിപാല വീണ്ടും ഒരു സസ്പെൻസ് ത്രില്ലറുമായി എത്തുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ 'ചീക്കറ്റിലോ' എന്ന തെലുങ്ക് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ജനുവരി 23 ന് സ്ട്രീമിങ് ആരംഭിക്കും.
ഒരു ക്രൈം പോഡ്കാസ്റ്ററുടെ ജീവിതത്തെയും അവർ നേരിടേണ്ടി വരുന്ന ഭീതിദമായ സാഹചര്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സന്ധ്യ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ശോഭിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളെക്കുറിച്ച് പോഡ്കാസ്റ്റുകൾ ചെയ്യുന്ന സന്ധ്യയുടെ ജീവിതം പെട്ടെന്നൊരു ദിവസം കീഴ്മേൽ മറിയുന്നു. തന്റെ കീഴിൽ ജോലി ചെയ്തിരുന്ന ഇന്റേൺ കൊല്ലപ്പെട്ടു എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് അവളെ തേടിയെത്തുന്നത്. ഈ കൊലയ്ക്കു പിന്നിലെ സത്യം തേടി സന്ധ്യ ഇറങ്ങിത്തിരിക്കുകയാണ്.
പ്രമുഖ നിർമാണ കമ്പനിയായ സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശരൺ കോപിഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശ്വദേവ് രചകൊണ്ടയും പ്രധാന വേഷത്തിൽ എത്തുന്നു. പോഡ്കാസ്റ്റർ എന്ന ആധുനിക പശ്ചാത്തലത്തിലുള്ള നായികാ കഥാപാത്രമാണ് ചിത്രത്തിലുള്ളത്. 'രാത്രി പടരുന്നതിനു മുന്പു സന്ധ്യ എത്തുന്നു' എന്ന ക്യാപ്ഷനോടെ പ്രൈം വീഡിയോ പങ്കുവച്ച ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി. സസ്പെൻസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് 2026-ലെ ഒരു മികച്ച സിനിമാനുഭവമായിരിക്കും ശോഭിത ചിത്രം.