ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ രചന നിർവഹിച്ച് ഗിരികൃഷ്ണ കമൽ സംവിധാനം ചെയ്ത 'സാരി' ഒടിടിയിലെത്തി. ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മലയാളിതാരം ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) ആദ്യമായി നായികയാകുന്ന ചിത്രമാണിതെന്ന പ്രത്യേകകയും സാരിക്കുണ്ട്. ലയൺസ്ഗേറ്റ് പ്ലേ(Lionsgate Play) ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ച വാർത്ത ആരാധ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ഒടിടി പ്ലേ പ്രീമിയത്തിലും സിനിമ ലഭ്യമാകും.
രവി വർമ നിർമിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. സാരി ചുറ്റിയ യുവതിയോട് യുവാവിനു തോന്നുന്ന അഭിനിവേശവും പിന്നീട് ഇത് അപകടമാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'അമിതമായ സ്നേഹം ഭയാനകമാകും' എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് രാംഗോപാൽ വർമ ശ്രീലക്ഷ്മിയെ കണ്ടെത്തിയത്. ഫെബ്രുവരി 28നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.