ബഹുഭാഷാ റിലീസുകൾ, എക്സ്ക്ലൂസീവ് പ്രീമിയറുകൾ എന്നിവയാൽ വാച്ച്ലിസ്റ്റ് ഗംഭീരമാക്കാൻ ആമസോൺ പ്രൈം വീഡിയോ. ആവേശകരമായ ത്രില്ലറുകൾ, ഹൃദയസ്പർശിയായ ജീവിതകഥകൾ, മികച്ച ഡോക്യുമെന്ററികൾ, കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറുകൾ എന്നിവ ഉൾക്കൊള്ളുന്ന നിരവധി ചിത്രങ്ങൾ പ്രൈമിൽ കാണാം. സ്റ്റോളണിലെ സസ്പെൻസും ഭൂൽ ചൂക്ക് മാഫിന്റെ പ്രണയവും മുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിടുതലൈ 2 (എക്സ്റ്റെൻഡഡ് കട്ട്) വരെയുണ്ട് പട്ടികയിൽ.
സ്റ്റോളൻ
കരൺ തേജ്പാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആക്ഷൻ-സസ്പെൻസ് ത്രില്ലർ 'സ്റ്റോളൻ' ആണ് പ്രൈമിലെ പ്രധാന ആകർഷണം. അഭിഷേക് ബാനർജി, ശുഭം വർധൻ, മിയ മെൽസർ, ഹരീഷ് ഖന്ന, സാഹിദൂർ റഹ്മാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സ്റ്റോളൻ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ്.
ഒരു വിവാഹാവശ്യത്തിനു തന്റെ സഹോദരൻ രാമനെ കൂട്ടിക്കൊണ്ടുപോകാൻ ഗൗതം ഒരു ഗ്രാമത്തിലെത്തുന്നു. റെയിൽവേ സ്റ്റേഷനിൽവച്ച് ഇരുവരും ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനു സാക്ഷിയാകുന്നു. തുടർന്ന്, കുഞ്ഞിനെ അന്വേഷിക്കുന്ന അമ്മ, ജുംപയെ കണ്ടുമുട്ടുന്നു.
തുടർന്ന് മൂവരും കുട്ടിയെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളും അപകടകരമായ യാത്രകളും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സമൂഹത്തിൽ നടക്കുന്ന വേർതിരിവുകളും ആൾക്കൂട്ടത്തിന്റെ മനോഭാവവും ചിത്രത്തിൽ എടുത്തുകാണിക്കുന്നു. അസമിൽ നടന്ന ഒരു സംഭവകഥയെ അടിസ്ഥാനമാക്കിയാണ് സ്റ്റോളന്റെ കഥ.ജംഗിൾ ബുക്ക് സ്റ്റുഡിയോ- ബാനറിൽ ഗൗരവ് ദിംഗ്രയാണ് ചിത്രത്തിന്റെ നിർമാണം.
അക്കൗണ്ടന്റ് 2
'അക്കൗണ്ടന്റ് 2' ആക്ഷൻ-ക്രൈം-ഡ്രാമയാണ്. ഒരു ട്രഷറി മേധാവിയുടെ കൊലപാതകത്തിനു പിന്നിലെ നിഗൂഢത അനാവരണം ചെയ്യാൻ ക്രിസ്റ്റ്യൻ വുൾഫ് തന്റെ പ്രതിഭയും അസാധാരണമായ തന്ത്രങ്ങളും ഉപയോഗിക്കുന്നു. പ്രതീക്ഷിക്കാൻ കഴിയാത്തവിധത്തിലുള്ള ട്വിസ്റ്റുകൾ കേസ് അന്വേഷണത്തിനിടയിൽ സംഭവിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ അക്കൗണ്ടന്റ് 2 കാണാം. ഗാവിൻ ഒ'കോണർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ബിൽ ഡുബ്യൂക്കിന്റേതാണു രചന. ബെൻ അഫ്ലെക്ക്, ജോൺ ബെർന്താൽ, സിന്തിയ അദ്ദായി-റോബിൻസൺ എന്നിവർ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഭൂൽ ചുക് മാഫ്
പുരാതന നഗരമായ വാരണാസിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് 'ഭൂൽ ചുക് മാഫ്'. വിവാഹദിനത്തിൽ ഒരു കുടുക്കിലകപ്പെട്ട രഞ്ജനെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. പ്രണയത്തിന്റെയും വിധിയുടെയും മോചനത്തിന്റെയും രസകരമായ കഥ വികസിക്കുമ്പോൾ, അഭിലാഷത്തേക്കാൾ അനുകമ്പയും, സ്വാർഥസമൂഹത്തിൽ ദയയുടെ ശക്തിയും ചിത്രം എടുത്തുകാണിക്കുന്നു.
കരൺ ശർമയും ഹൈദർ റിസ്വിയും ചേർന്ന് രചിച്ച് കരൺ ശർമ സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവു, വാമിക ഗബ്ബി, സഞ്ജയ് മിശ്ര എന്നിവർ അഭിനയിക്കുന്നു.
സിംഗിൾ
കാർത്തിക് രാജു സംവിധാനം ചെയ്ത തെലുങ്ക് പ്രണയ ചിത്രമാണ് 'സിംഗിൾ'. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വിജയ് എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റി കഥ നീങ്ങുന്നു. പൂർവ എന്ന പെൺകുട്ടിയുമായി അയാൾ പ്രണയത്തിലാകുന്നു, എന്നാൽ ഹരിണി രഹസ്യമായി അയാളെ സ്നേഹിക്കുന്നു. പൂർവ അയാളെ പ്രണയിക്കാൻ തുടങ്ങുമ്പോൾ ഹരിണിയുടെ വികാരങ്ങൾ കണ്ടെത്തുന്ന വിജയ് ഒരു ത്രികോണ പ്രണയത്തിൽ അകപ്പെടുന്നു. വിടിവി ഗണേഷ്, ഇവാന, കൽപ്പലത എന്നിവർ അഭിനയിക്കുന്ന സിംഗിൾ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രൈം വീഡിയോയിൽ കാണാം.
വിടുതലൈ- 2 എക്സ്റ്റെൻഡഡ് കട്ട്
മഞ്ജുവാര്യർ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കിയ വിടുതലൈ -2 ഡിസംബർ തിയേറ്ററുകളിൽ എത്തുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. ഇപ്പോൾ സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. പെരുമാൾ വാത്തിയാർ ആയി വിജയ് സേതുപതിയും കുമരേശനായി സൂരിയും അഭിനയിക്കുന്നു.
ഭവാനി ശ്രീ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, അനുരാഗ് കശ്യപ്, തുടങ്ങിയവരും അഭിനയിക്കുന്നു.
ഡീപ് കവർ
ആക്ഷൻ-കോമഡി ചിത്രമാണ് 'ഡീപ് കവർ'. മൂന്നു നടന്മാരോട് അപകടകാരികളായ കുറ്റവാളികളെ അനുകരിക്കാനും ലണ്ടനിലെ ക്രിമിനൽ അധോലോകത്തിൽ ഒളിവിൽ കഴിയാനും പോലീസ് ആവശ്യപ്പെടുന്നു. തുടർന്നു നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇംഗ്ലീഷിലും ഹിന്ദിയിലും സ്ട്രീമിങ് ഉണ്ട്. ഡെറക് കോണോളി, കോളിൻ ട്രെവോറോ, ബെൻ ആഷെൻഡൻ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ടോം കിംഗ്സ്ലിയാണ് സംവിധാനം. ബ്രൈസ് ഡാളസ് ഹോവാർഡ്, ഒർലാൻഡോ ബ്ലൂം, തുടങ്ങിയവർ അഭിനയിക്കുന്നു.