പ്രശസ്ത നോവലിസ്റ്റായ ജെയ്ൻ ഓസ്റ്റന്റെ ക്ലാസിക് പ്രണയകഥയെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന പുതിയ പരമ്പര 'പ്രൈഡ് ആൻഡ് പ്രെജുഡീസി'ന്റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ സിനിമാപ്രേമികൾക്കിടയിൽ വലിയ തരംഗമായി.
ചിത്രത്തിൽ എലിസബത്ത് ബെന്നറ്റ് എന്ന കഥാപാത്രത്തെ എമ്മ കോറിൻ അവതരിപ്പിക്കുമ്പോൾ മിസ്റ്റർ ഡാർസിയായി ജാക്ക് ലോഡൻ വേഷമിടുന്നു. ഒപ്പം ഓസ്കർ ജേതാവായ പ്രമുഖ നടി ഒലിവിയ കോൾമാൻ മക്കൾക്ക് മികച്ച വിവാഹാലോചനകൾ കണ്ടെത്താൻ തത്രപ്പെടുന്ന മിസിസ് ബെന്നറ്റ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ട്രെയിലറുടെ പ്രധാന ആകർഷണമാണ്.
ജെയ്ൻ ഓസ്റ്റന്റെ നോവലിലെ കഥാപാത്രങ്ങളുടെ ബന്ധങ്ങളെയും അക്കാലത്തെ സാമൂഹിക പശ്ചാത്തലങ്ങളെയും കൂടുതൽ ആഴത്തിൽ പര്യവേക്ഷണം ചെയ്യുന്ന രീതിയിലാണ് ഈ ലിമിറ്റഡ് സീരീസ് ഒരുക്കിയിരിക്കുന്നത്. ആറ് ഭാഗങ്ങളായാണ് ഈ പരമ്പര പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഡിസംബർ മൂന്നിന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിക്കും.