കലാപത്തിന്റെയും വൈരാഗ്യത്തിന്റെയും നീതിയുടെയും കഥ 'ഹരി ഹര വീര മല്ലു' ഇനി ഒടിടിയില്‍ കാണാം. പവന്‍ കല്യാണ്‍ കേന്ദ്രകഥാപാത്രമാകുന്ന 'ഹരി ഹര വീര മല്ലു' സംവിധാനം ചെയ്തത് ക്രിഷ് ജഗലര്‍മുഡിയും ജ്യോതികൃഷ്ണയും ചേര്‍ന്നാണ്. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായതിനു ശേഷമുള്ള പവന്റെ ആദ്യ ചിത്രമായതിനാല്‍ തിയേറ്ററുകളില്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍, ധാരാളം വിമര്‍ശനങ്ങളും ചിത്രം ക്ഷണിച്ചുവരുത്തി.
ബോബി ഡിയോള്‍, നിധി അഗര്‍വാള്‍, സത്യരാജ്, നാസര്‍, മകരന്ദ് ദേശ്പാണ്ഡെ, അനുപം ഖേര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ജൂലായ് 24ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.
തെലുങ്ക് സിനിമയിലെ പതിവുപോലെ, തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങി. പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്. തെലുങ്കിനുപുറമേ തമിഴ്,മലയാളം ഭാഷകളിലും കാണാം.
സാക്‌നില്‍ക്കിന്റെ കണക്കുകളനുസരിച്ച്, ഇന്ത്യയില്‍നിന്ന് 84.3 കോടിയും ലോകമെമ്പാടുമായി 113.85 കോടിയും ചിത്രം നേടിയിരുന്നു. ബിഗ് ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച ചലനങ്ങള്‍ സൃഷ്ടിച്ചില്ല. ഔറംഗസേബില്‍നിന്ന് (ബോബി ഡിയോൾ) കോഹിനൂര്‍ വീണ്ടെടുക്കാനുള്ള അന്വേഷണത്തില്‍ മുന്നേറുന്ന വീര മല്ലു (പവന്‍ കല്യാൺ) എന്ന പോരാളിയായ കുറ്റവാളിയുടെ കഥയാണ് 'ഹരി ഹര വീര മല്ലു'വിന്റെ ഇതിവൃത്തം.