മലയാള സിനിമാപ്രേമികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ മഹാസംഗമം ഇനി ലിവിങ് റൂമുകളിലേക്ക്! മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ ഒന്നിച്ചെത്തിയ 'പേട്രിയറ്റ്' എന്ന മെഗാ സ്‌പൈ ത്രില്ലര്‍ ഒടിടി റിലീസിന് തയാറെടുക്കുകയാണ്.
ജൂണ്‍ അഞ്ചു മുതല്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ ഫൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യവിരുന്നില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
തിയേറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ മുതല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ചിത്രം വഴിവച്ചത്. സൂപ്പര്‍താരങ്ങളുടെ വെള്ളിത്തിരയിലെ പുനസംഗമം നല്‍കിയ ആവേശം ബോക്‌സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റെ വേഗതയെയും കഥാഗതിയെയും കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും, അഭിനേതാക്കളുടെ പ്രകടനവും സാങ്കേതിക തികവും സിനിമാലോകത്ത് വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു.
ആധുനിക സ്‌പൈവെയര്‍ പ്രോഗ്രാം ദുരുപയോഗം ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന രാഷ്ട്രീയ-കോര്‍പ്പറേറ്റ് ഗൂഢാലോചനകളുടെ ചുരുളഴിക്കുന്ന സീനിയര്‍ സയന്റിഫിക് അഡ്വൈസർ ഡാനിയല്‍ ജെയിംസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ പകരംവയ്ക്കാനില്ലാത്ത പ്രകടനം കാഴ്ചവച്ചത്.
ദുരൂഹ നിരീക്ഷണ ശൃംഖലയ്ക്കെതിരെയുള്ള ഡാനിയലിന്റെ പോരാട്ടത്തില്‍ തുണയാകുന്ന മുന്‍ സൈനികന്‍ റഹീം നായ്ക് എന്ന കരുത്തുറ്റ കഥാപാത്രമായി മോഹന്‍ലാലും കൈയടി നേടി. നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, സറിന്‍ ഷിഹാബ്, ഗ്രേസ് ആന്റണി എന്നിവരടങ്ങുന്ന തെന്നിന്ത്യയിലെ വന്‍ താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.