കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഒടിടിയിലേക്ക്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെ മേയ് 13 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം സേതു എന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളെയാണ് ദൃശ്യവത്കരിക്കുന്നത്. ഒരു അപരിചിതന്റെ വരവോടെ സേതുവിന്റെ ജീവിതം മാറിമറിയുന്നതും തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും മാവോയിസ്റ്റ് സാന്നിധ്യവുമെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.
'ന്നാ താന്‍ കേസ് കൊട്' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, രാജേഷ് മാധവന്‍, ജാഫര്‍ ഇടുക്കി, സുധീഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഏപ്രില്‍ 15-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അര്‍ജുന്‍ സേതു ഛായാഗ്രഹണവും ഡോണ്‍ വിന്‍സെന്റ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മനോജ് കണ്ണോത്താണ് എഡിറ്റര്‍.