ഫഹദ് ഫാസില്‍, വടിവേലു കൂട്ടുകെട്ടില്‍ പിറന്ന മാരീസന്‍, വിജയ് സേതുപതിയും നിത്യാമേനോനും ജോഡികളാകുന്ന തലൈവന്‍ തലൈവി എന്നീ ചിത്രങ്ങൾ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. നെറ്റ്ഫ്‌ളിക്‌സിലാണ് മാരീസന്റെ സ്ട്രീമിങ്. 'തലൈവന്‍ തലൈവി' ആമസോൺ പ്രൈമിൽ കാണാം.
'മാമന്നനു'ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത 'മാരീസനു'ണ്ട്. വി. കൃഷ്ണമൂര്‍ത്തി എഴുതി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത 'മാരീസനി'ല്‍ ഭൂതകാലം ഏറെക്കുറെ മറന്നുപോയ അല്‍ഷിമേഴ്സ് രോഗിയായ വേലായുധന്റെ വേഷത്തിലാണ് വടിവേലു പ്രേക്ഷകരെ കീഴടക്കിയത്. ദയാലന്‍ എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. കോവൈ സരള, വിവേക് പ്രസന്ന എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.
പാണ്ഡിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ, വിജയ് സേതുപതി നായകനായ 'തലൈവന്‍ തലൈവി' ഒരു ഫാമിലി ഡ്രാമയാണ്. ജൂലൈ 25ന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. കേരളത്തിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ബോക്‌സ് ഓഫീസില്‍ വിജയം കണ്ട ചിത്രമായിരുന്നു തലൈവന്‍ തലൈവി. കുടുംബസമ്മര്‍ദങ്ങള്‍ മൂലമുണ്ടാകുന്ന വൈവാഹിക സംഘര്‍ഷങ്ങളാണ് ചിത്രം പറയുന്നത്. 'അഗസവീരനുമായും പേരരസിയുമായും ഇഷ്ടത്തിലാകാന്‍ തയാറാകുക...' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം.