മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത സ്‌ക്രീൻ അനുഭവമായിരുന്നു ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത കളങ്കാവൽ. 2025ലെ മികച്ച ഹിറ്റുകളിലൊന്നായി ചിത്രം മാറുകയും ചെയ്തു. ബോക്‌സ് ഓഫീസിൽ ചിത്രം നാല് ആഴ്ച പിന്നിടാൻ ഒരുങ്ങുമ്പോൾ, ഒടിടി സ്ട്രീമിങ് വാർത്തയാണ് അണിയറക്കാർ പുറത്തുവിടുന്നത്. സോണി ലിവിൽ കളങ്കാവൽ സ്ട്രീമിങ് ആരംഭിക്കും. ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 ജനുവരിയിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അണിയറക്കാർ പുറത്തുവിടുന്ന വിവരം.
സോണി ലിവ് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് സംബന്ധിച്ച വാർത്ത പുറത്തുവിട്ടു: 'ഇതിഹാസം തിരിച്ചുവരുന്നു...നിങ്ങളെ ശ്വാസം മുട്ടിക്കുന്ന പ്രകടനവുമായി മമ്മൂട്ടി... 2025ലെ ബ്ലോക്ക്ബസ്റ്റർ... ജനുവരിയിൽ സോണി ലിവിൽ സ്ട്രീം ചെയ്യുന്നു.'
കേരള-തമിഴ്നാട് അതിർത്തി ഗ്രാമത്തിൽ കാണാതായ ഒരാളുടെ കേസ് അന്വേഷിക്കാൻ വിനായകൻ എത്തുന്നതും തുടർന്ന് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയിലേക്ക് എത്തുന്നതുമാണ് കഥയുടെ ഇതിവൃത്തം. മമ്മൂട്ടി-വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, അസീസ് നെടുമങ്ങാട്, കുഞ്ചൻ, ബിജു പപ്പൻ, മാളവിക മേനോൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയാണ്.