'മഹാവതാർ നരസിംഹ'പോസ്റ്റർ അറേഞ്ച്ഡ്
OTT News

'മഹാവതാർ നരസിംഹ' നെറ്റ്ഫ്‌ളിക്‌സിൽ കാണാം

പപ്പപ്പ ഡസ്‌ക്‌

ബ്ലോക്ക്ബസ്റ്റർ ആനിമേറ്റഡ് പുരാണ സിനിമ 'മഹാവതാർ നരസിംഹ' നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് ആരംഭിച്ചു. ഭാരതീയ പുരാണങ്ങളെ അടിസ്ഥാനമാക്കിയ ചിത്രം മഹാവിഷ്ണുവിന്റെ നരസിംഹ അവതാരത്തിന്റെയും ഭക്തനായ പ്രഹ്‌ളാദന്റെയും കഥ പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആനിമേറ്റഡ് ചിത്രങ്ങളിൽ ഒന്നാണ് അശ്വിൻ കുമാർ സംവിധാനം നിർവഹിച്ച 'മഹാവതാർ നരസിംഹ'. 'ഇത് വെറുമൊരു സിനിമ മാത്രമല്ല, നമ്മുടെ പൂർവികരുടെയും നാടിന്റെയും ചരിത്രത്തിന്റെയും പ്രതിധ്വനിയാണ്'- ചിത്രത്തെക്കുറിച്ച് അശ്വിൻ കുമാർ പറഞ്ഞു.

ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നതിനിടെയാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ എത്തിയത്. വൻ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. 15 കോടി രൂപ ബജറ്റിൽ നിർമിച്ച സിനിമ കോടികളാണു വാരിക്കൂട്ടിയത്.

വിഷ്ണുപുരാണം, നരസിംഹപുരാണം, ശ്രീമദ് ഭാഗവതപുരാണം എന്നിവയെ ആസ്പദമാക്കിയുള്ള ആനിമേറ്റഡ് ചിത്രം ജൂലായിലാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. വൻ പ്രേക്ഷകസ്വീകാര്യത നേടിയ 'മഹാവതാർ നരസിംഹ' ഈവർഷം ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. ബോക്‌സ് ഓഫീസിൽ 'മഹാവതാർ നരസിംഹ' നിരവധി റെക്കോഡുകൾ തകർത്തു. സാക്‌നിൽക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽനിന്ന് 249 കോടി രൂപയും ആഗോള ബോക്‌സ് ഓഫീസിൽ 324.5 കോടി രൂപയും ചിത്രം നേടി.

മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യഭാഗമാണ് ഈ ചിത്രം. നിർമാതാക്കൾ അഞ്ചു തുടർഭാഗങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ 'മഹാവതാർ പരശുരാം' (2027), 'മഹാവതാർ രഘുനന്ദൻ' (2029), 'മഹാവതാർ ധാവകദേശ്' (2031), 'മഹാവതാർ ഗോകുലാനന്ദ' (2033), 'മഹാവതാർ കൽക്കി' (2035-2037) എന്നിവ ഉൾപ്പെടുന്നു.