'കോഫി വിത്ത് കരൺ' അവസാന സീസണിന്റെ പോസ്റ്റർ കടപ്പാട്-ജിയോ ഹോട്സ്റ്റാർ
OTT News

കാപ്പിക്കോപ്പയിൽ നിന്ന് ഇനി കൊടുങ്കാറ്റുകളില്ല; ‘കോഫി വിത്ത് കരൺ’ അവസാനിക്കുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സെലിബ്രിറ്റി ചാറ്റ് ഷോകളിലൊന്നായ ‘കോഫി വിത്ത് കരൺ’ അവസാനിക്കുന്നു. ഏറെ ജനപ്രിയവും അതേസമയം വിവാദങ്ങൾക്കും വഴിവെച്ചിട്ടുള്ളതുമായ ഷോ ഒമ്പതാം സീസണോടെ അവസാനിപ്പിക്കുമെന്ന് അവതാരകനും ബോളിവുഡ് സംവിധായകനുമായ കരൺ ജോഹർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2004ലാണ് ‘കോഫി വിത്ത് കരൺ’ ആരംഭിച്ചത്. അവസാന സീസൺ ഒക്ടോബർ 14 ന് ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. വൈകാരികമായ കുറിപ്പിലൂടെയാണ് ഷോ അവസാനിപ്പിക്കാനുള്ള തീരുമാനം കരൺ ജോഹർ അറിയിച്ചത്. തീരുമാനം വ്യക്തിപരമായ ഒന്നാണെന്നും, ഷോയുടെ അവതാരകനാകുന്നതിനെക്കുറിച്ച് പറഞ്ഞ കരൺ അന്തരിച്ച തന്റെ പിതാവ് യഷ് ജോഹറുമായി സംസാരിച്ചിരുന്ന കാര്യങ്ങളും ഓർത്തെടുത്തു.

'കോഫി വിത്ത് കരൺ' പോസ്റ്റർ

കഴിഞ്ഞ 22 വർഷത്തിനിടെ താരങ്ങളുടെ തുറന്നുപറച്ചിലുകൾ, റാപ്പിഡ് ഫയർ റൗണ്ടുകൾ, കോഫി ഹാംപറുകൾ, താരങ്ങളുടെ പരാമർശങ്ങളെ തുടർന്നുണ്ടായ വിവാദങ്ങൾ എന്നിവയിലൂടെ ‘കോഫി വിത്ത് കരൺ’ വലിയ ശ്രദ്ധ നേടി. ആരംഭിച്ചതിന് ശേഷം എട്ട് സീസണുകളിലായി 161 എപ്പിസോഡുകൾ ഷോ പൂർത്തിയാക്കിയിട്ടുണ്ട്.

അതേസമയം, ഷോ പലപ്പോഴും വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. നെപ്പോട്ടിസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മുൻനിര താരങ്ങളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമാണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും ആരോപിച്ച് കരൺ ജോഹർ നിരന്തരം ട്രോളുകൾക്ക് ഇരയായിട്ടുണ്ട്. ഇത്തവണ രശ്മിക, വിജയ് ദേവരകൊണ്ട, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ ഷോയിൽ അതിഥികളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'കോഫി വിത്ത് കരൺ' പോസ്റ്റർ

ഒരു സീസൺ കൂടി മാത്രം ബാക്കിയിരിക്കെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകരെ വർഷങ്ങളായി രസിപ്പിച്ച ഷോയോട് വിടപറയാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. അവസാന സീസണും വിവാദങ്ങൾക്ക് വഴിവെക്കുമോ, അതോ വൈകാരികമായൊരു വിടപറച്ചിലായി മാറുമോ എന്നതാണ് ഇനി അറിയാനുള്ളത്.