ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തിയ "കറക്കം' ഒടിടി റിലീസിന് ഒരുങ്ങുന്നു. സോണി ലിവിന്റെ ജൂലായ് മലയാളം മൂവി ഫെസ്റ്റിന്റെ ഭാഗമായാണ് ചിത്രം ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നത്. ജൂലായ് മൂന്നിന് ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.
മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം എന്ന വിശേഷണത്തോടെയാണ് കറക്കം എത്തുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മെയ് 28നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പുതുവത്സര രാവിൽ രണ്ട് യുവാക്കൾ ഒപ്പിക്കുന്ന ഒരു തമാശയെത്തുടർന്ന് കുറച്ചു പ്രേതങ്ങൾ പുറത്തുവരുന്നതും, അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന കോലാഹലങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഹൊററും കോമഡിയും സംഗീതവും ചേർത്തൊരുക്കിയ ഈ ഫാമിലി എന്റർടെയ്നർ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. ഫെമിന ജോർജ്, ഷൗൺ റോമി, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, അഭിരാം രാധാകൃഷ്ണൻ, മണികണ്ഠൻ ആചാരി, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ക്രൗൺസ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിംബർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ധനുഷ് വർഗീസിന്റെ കഥയെ ആസ്പദമാക്കി നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സാം സി. എസ്. ആണ്. ബബ്ലു അജു ഛായാഗ്രഹണവും നിതിൻ രാജ് അറോൾ എഡിറ്റിങ്ങും നിർവഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ, മുഹ്സിൻ പരാരി, ഹരീഷ് മോഹനൻ, സു എന്നിവർ ഗാനരചനയും രാജേഷ് പി. വേലായുധൻ കലാസംവിധാനവും അരവിന്ദ് മേനോൻ സൗണ്ട് മിക്സിങ്ങും സിങ്ക് സിനിമ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.