OTT News

​ഗോവമേളയിലെ ഒടിടി മത്സരവിഭാ​ഗത്തിലേക്ക് അഞ്ച് വെബ് സീരീസുകൾ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യയുടെ ഡിജിറ്റൽ വിനോദ വ്യവസായത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന ഭൂമികയുടെ സൂചകമാകും നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള(ഐഎഫ്എഫ്ഐ). മേളയിൽ ഒടിടി വിഭാഗത്തിലെ മികച്ച വെബ് സീരീസ് പുരസ്കാരത്തിനായി അഞ്ച് സീരീസുകളാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. സാമൂഹിക യാഥാർഥ്യങ്ങൾ, സാംസ്കാരിക പാരമ്പര്യങ്ങൾ, ചരിത്രത്തിലെ നിർണായക ഘട്ടങ്ങൾ, മനുഷ്യബന്ധങ്ങൾ എന്നിവയിൽ വേരൂന്നിയ കഥകളെ മുന്നിലെത്തിക്കുന്ന ഇവ, ഇന്ത്യയുടെ വളർന്നുവരുന്ന ഒടിടിരം​ഗത്തെ വൈവിധ്യവും സർഗാത്മകശേഷിയും പ്രതിഫലിപ്പിക്കുന്നു.

ആദർശ് ബാൽ വിദ്യാലയ

ഹിമാങ്ക് ഗൗർ സംവിധാനം ചെയ്ത ആദർശ് ബാൽ വിദ്യാലയ, ഇന്ത്യയിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിൻ്റെ യാഥാർഥ്യങ്ങളിലേക്ക് ഹാസ്യത്തിൻ്റെ അകമ്പടിയോടെയുള്ള സാമൂഹിക നിരീക്ഷണമാണ്. ഡൽഹിയിലെ ഒരു സർക്കാർ സ്കൂളിനെ പശ്ചാത്തലമാക്കിയുള്ള ഈ സീരീസ്, തൻ്റെ വിദ്യാർത്ഥികൾ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രം കേംബ്രിഡ്ജ് സന്ദർശിക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുന്ന പ്രധാനാധ്യാപകൻ ജ്ഞാനേശ്വർ ത്രിപാഠിയുടെ കഥയാണ് പറയുന്നത്. പഠനത്തിൽ താല്പര്യമില്ലാത്ത വിദ്യാർത്ഥികൾ, സ്ഥാപനപരമായ പോരായ്മകൾ, വെല്ലുവിളികൾ നിറഞ്ഞ അക്കാദമിക അന്തരീക്ഷം എന്നിവ അദ്ദേഹത്തിൻ്റെ മുന്നിലുള്ള തടസങ്ങളാണ്. ഇതിനിടെ ആദർശവാനായ ഒരു അധ്യാപകൻ്റെ വരവ് സ്കൂളിനെ നവീകരിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുന്നു.

'ആദർശ് ബാൽ വിദ്യാലയ'യിൽ നിന്ന്

വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം ഹാസ്യവും സമന്വയിപ്പിക്കുന്ന ഈ സീരീസ്, അർപ്പണബോധമുള്ള അധ്യാപകരുടെ പങ്കിനെയും പൊതുസ്ഥാപനങ്ങളിൽ മാറ്റം കൊണ്ടുവരാനുള്ള സാധ്യതകളെയും ഉയർത്തിക്കാട്ടുന്നു.

എവിടെ കാണാം?- പ്രൈം വീഡിയോ

'ദേവ്ഖലി'ൽ നിന്ന്

ദേവ്ഖേൽ

നാടോടിക്കഥകളിൽ നിന്നും പരമ്പരാഗത വിശ്വാസങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചന്ദ്രകാന്ത് ലത ഗെയ്ക്വാദ് സംവിധാനം ചെയ്ത ദേവ്ഖേൽ, ദേവ്താലി ഗ്രാമത്തിൻ്റെ നിഗൂഢ ലോകത്തേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഇവിടെ എല്ലാ വർഷവും ഹോളി രാത്രിയിൽ ഒരാൾ മരിക്കുന്നു. പ്രാദേശിക കഥകളുമായി ബന്ധപ്പെട്ട പൈശാചികനായ ശങ്കാസുരാണ് ആവർത്തിച്ച് നടക്കുന്ന ഈ സംഭവങ്ങൾക്ക് കാരണമെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു. മറ്റൊരു ദുരൂഹ മരണം കൂടി സംഭവിക്കുമ്പോൾ, ഈ അസ്വസ്ഥമാക്കുന്ന സംഭവപരമ്പരയുടെ സത്യം കണ്ടെത്താൻ ഇൻസ്പെക്ടർ വിശ്വാസ് അന്വേഷണം ആരംഭിക്കുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ ഗ്രാമത്തിലെ രഹസ്യങ്ങളും മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പുറത്തുവരുന്നു.

കുറ്റാന്വേഷണം, ഉദ്വേഗം, നാടോടിക്കഥകൾ എന്നിവ സമന്വയിപ്പിക്കുന്ന ഈ സീരീസ്, അന്ധവിശ്വാസം, പാരമ്പര്യം, യാഥാർഥ്യം എന്നിവ തമ്മിലുള്ള സൂക്ഷ്മമായ ബന്ധം പരിശോധിക്കുന്നു.

എവിടെ കാണാം?- സീ5

'മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി' പോസ്റ്റർ

മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി

റോബി ഗ്രെവാൾ സംവിധാനം ചെയ്ത മെയ്ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി, ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സ്വദേശീയ ബ്രാൻഡുകളിലൊന്നിൻ്റെ രൂപവത്കരണത്തിന് പിന്നിലെ സംരംഭകത്വ ദർശനമാണ് അവതരിപ്പിക്കുന്നത്. ഉദാരീകരണത്തിന് മുമ്പുള്ള കാലഘട്ടം പശ്ചാത്തലമാക്കിയിരിക്കുന്ന ഈ സീരീസ്, വിദേശ ഉല്പന്നങ്ങളും കള്ളക്കടത്തു വഴിയുള്ള വാച്ചുകളും വിപണി കീഴടക്കിയിരുന്ന സമയത്ത് ഒരു ലോകോത്തര ഇന്ത്യൻ വാച്ച് ബ്രാൻഡ് സ്ഥാപിക്കാനുള്ള സെർക്സസ് ദേശായിയുടെ അതിശയകരമായ ശ്രമത്തെ പിന്തുടരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ മാർഗനിർദേശത്തിന്റെയും പ്രതിജ്ഞാബദ്ധരായ ഒരു സംഘത്തിൻ്റെയും പിന്തുണയോടെ ദേശായി ഉദ്യോഗസ്ഥതലത്തിലെ തടസ്സങ്ങൾ, സാമ്പത്തിക പരിമിതികൾ, സാങ്കേതിക വെല്ലുവിളികൾ എന്നിവയെ അതിജീവിക്കുന്നു.

ദൃഢനിശ്ചയം, നൂതനാശയം, നേതൃത്വ മനോഭാവം എന്നിവയിലൂടെ ഒരു വ്യാവസായിക ദർശനത്തെ ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ നിർണായക അധ്യായമാക്കി മാറ്റിയ ആഖ്യാനം.

എവിടെ കാണാം?- പ്രൈം വീഡിയോ

'മായാസഭ: ദ് റൈസ് ഓഫ് ദ ടൈറ്റൻസ്'പോസ്റ്റർ

മായാസഭ: ദ് റൈസ് ഓഫ് ദ ടൈറ്റൻസ്

1970-കളിലെ, രാഷ്ട്രീയമായി പ്രക്ഷുബ്ധമായ ആന്ധ്രാപ്രദേശിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ മായാസഭ: ദ് റൈസ് ഓഫ് ദ ടൈറ്റൻസ്, ദേവ കട്ട സംവിധാനം ചെയ്ത സീരീസാണ്. ആദർശവാനായ വിദ്യാർത്ഥി നേതാവ് കാകർള കൃഷ്ണമ നായിഡു (കെകെഎൻ), ശക്തമായ ഒരു കുടുംബത്തിൽ നിന്നുള്ള യുവാവായ എം.എസ്. രാമി റെഡ്ഡി എന്നിവരുടെ യാത്രയാണ് സീരീസ്.

വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നിട്ടും സാമൂഹികവും രാഷ്ട്രീയവുമായ മാറ്റം കൊണ്ടുവരണമെന്ന സമാന ആഗ്രഹത്താൽ അടുത്ത സുഹൃത്തുക്കളായി മാറുന്ന ഇവരുടെ ബന്ധം, രാഷ്ട്രീയ ജീവിതത്തിൻ്റെ കഠിനമായ യാഥാർഥ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ക്രമേണ സമ്മർദ്ദത്തിലാകുന്നു. ജാതി വിഭജനം, പണം, അഴിമതി, അധികാര പോരാട്ടം, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ എന്നിവ അവരുടെ ബന്ധത്തെ സ്വാധീനിക്കുന്നു. സുഹൃത്തുക്കളിൽ നിന്ന് രാഷ്ട്രീയ എതിരാളികളിലേക്കുള്ള അവരുടെ പരിവർത്തനമാണ് ആഖ്യാനത്തിൻ്റെ കാതൽ. അധികാര ഇടനാഴികളിലെ രാഷ്ട്രീയ തന്ത്രങ്ങൾ, മാറുന്ന വിശ്വസ്തർ , സങ്കീർണമായ മനുഷ്യബന്ധങ്ങൾ എന്നിവയുടെ ആകർഷകമായ ആവിഷ്കാരമാണിത്.

എവിടെ കാണാം?- സോണി ലിവ്

'മുസാഫിർ കഫേ'പോസ്റ്റർ

മുസാഫിർ കഫേ

ആത്മബന്ധമുള്ള സമീപനത്തിലൂടെ കഥ പറയുന്ന മുസാഫിർ കഫേ, റുചിർ അരുൺ സംവിധാനം ചെയ്ത സീരീസാണ്. പ്രണയം, സൗഹൃദം , ആത്മാന്വേഷണം എന്നിവയുടെ വിവിധ തലങ്ങളാണ് ഇത് പരിശോധിക്കുന്നത്. ചന്ദർ മോഹൻ ശർമയും സുധയും പ്രീതിയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധങ്ങളും കേന്ദ്രീകരിക്കുന്ന ഈ സീരീസ്, മാറിവരുന്ന സാഹചര്യങ്ങൾ,വ്യക്തിപരമായ തീരുമാനങ്ങൾ,മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ എന്നിവയിലൂടെ അദ്ദേഹത്തിൻ്റെ വൈകാരിക യാത്രയെ പിന്തുടരുന്നു. ഭോപ്പാലിൻ്റെയും മസൂറിയുടെയും മനോഹരമായ ഭൂപ്രകൃതിപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ആഖ്യാനം പ്രണയം, നഷ്ടപ്പെട്ട അവസരങ്ങൾ, അംഗീകാരം, ഒരാളുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന അപ്രതീക്ഷിത വഴിത്തിരിവുകൾ എന്നിവയെക്കുറിച്ചുള്ള ആലോചന കൂടിയാണ്. ഓരോ കൂടിക്കാഴ്ചയും ജീവിതനുഭവത്തിൽ ഒരു അടയാളം അവശേഷിപ്പിക്കുന്ന, വളർച്ചയുടെയും കണ്ടെത്തലിൻ്റെയും യാത്രകളായാണ് ബന്ധങ്ങളെ ഇത് അവതരിപ്പിക്കുന്നത്.

എവിടെ കാണാം?- നെറ്റ്ഫ്ലിക്സ്