ബി ടൗണ്‍ താരം ഹുമ ഖുറേഷി പ്രധാന കഥാപാത്രമായി നചികേത് സാമന്തിന്റെ സംവിധാനത്തിലൊരുങ്ങിയ ക്രൈം ത്രില്ലര്‍ 'ബേബി ഡു ഡൈ ഡു' ഡിജിറ്റല്‍ സ്ട്രീമിങ്ങിനൊരുങ്ങുന്നു. തിയേറ്റര്‍ റിലീസിന് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ലെങ്കിലും വരുന്ന ആഴ്ച സ്ട്രീമിങ് ആരംഭിക്കുമെന്നാണു റിപ്പോര്‍ട്ട്.
ഹുമ ഖുറേഷിയുടെ സഹോദരന്‍ സാഖിബ് സലീമിന്റെ ഉടമസ്ഥതയിലുള്ള സലീം സിബ്ലിങ്സ്, പുനെ-04 പിക്ചര്‍ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നചികേത് സാമന്തും ഗൗരവ് ശര്‍മയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രത്തിന്റെ കഥ ഒരുക്കിയത് പര്‍വീസ് ഷെയ്ഖ്, ജസ്മീത് കെ റീന്‍ എന്നിവരാണ്. 'ബേബി' എന്ന കഥാപാത്രത്തെയാണ് ഹുമ ഖുറേഷി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 'ഇന്ത്യാസ് ഫസ്റ്റ് ദേശി ഹിറ്റ് വുമൺ' എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിലെ വാചകം.
പോലീസിനെയും ശത്രുക്കളെയും വെട്ടിച്ച് ബേബി നടത്തുന്ന കൊലപാതകങ്ങളും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഹുമ ഖുറേഷിയെ കൂടാതെ സിക്കന്ദര്‍ ഖേര്‍, ചങ്കി പാണ്ഡെ, സീമ പഹ്വ, രചിത് സിംഗ്, വിദ്യാ മാളവഡെ, ഹിമാന്‍ഷു മാലിക്, അരുണ്‍ കുശ്വാഹ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അര്‍ജുന്‍ അയ്യര്‍ സംഗീതവും തോജോ സേവ്യര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.