ക്രിസ്റ്റഫർ നോളന്റെ ഒഡീസി തിയേറ്ററുകൾ കീഴടക്കുമ്പോൾ അതിന്റെ ചിത്രീകരണകഥ വീട്ടിലിരുന്നുകാണാം. ഈ ഡോക്യുമെന്ററിക്കുപുറമേ സിനിമാ പ്രേമികൾക്കായി ഒടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി ശ്രദ്ധേയമായ ഹോളിവുഡ് ചിത്രങ്ങളും വെബ് സീരീസുകളും റിലീസിനെത്തി. ഹൊറർ-ത്രില്ലർ മുതൽ റൊമാന്റിക് ഡ്രാമകൾ വരെ ഇക്കൂട്ടത്തിലുണ്ട്.
ദ് ഒഡീസി: ദി മേക്കിങ് ഓഫ് ആൻ എപിക് - ജിയോഹോട്ട്സ്റ്റാർ
പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ 'ദ് ഒഡീസി' എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിന്റെ നിർമാണവഴികൾ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററിയാണിത്. ആറ് രാജ്യങ്ങളിലായി 91 ദിവസം നീണ്ടുനിന്ന ചിത്രീകരണവും, പുത്തൻ ഐമാക്സ് സാങ്കേതികവിദ്യയുടെ ഉപയോഗവും, ഹോമറിന്റെ ഇതിഹാസ കഥയെ ബിഗ് സ്ക്രീനിലേക്ക് എത്തിക്കാൻ അണിയറപ്രവർത്തകർ നടത്തിയ കഠിനാധ്വാനവും ഇതിൽ കാണാം. മാറ്റ് ഡാമൻ, ആനി ഹാതവേ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
മൈൽ എൻഡ് കിക്സ് - നെറ്റ്ഫ്ലിക്സ്
ഗ്രേസ് പൈൻ എന്ന 24 കാരിയായ ഒരു മ്യൂസിക് ക്രിട്ടിക്കിന്റെ കഥയാണിത്. അലാനിസ് മോറിസെറ്റിനെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നതിനായി അവൾ 2011-ൽ മോൺട്രിയലിലേക്ക് മാറുന്നു. എന്നാൽ 'ബോൺ പട്രോൾ' എന്ന ഇൻഡി ബാൻഡിൽ ചേരുന്നതോടെ അവളുടെ പദ്ധതികൾ മാറിമറിയുകയും, ഒരു പ്രണയക്കുരുക്കിൽ അകപ്പെടുകയും ചെയ്യുന്നതാണ് പ്രമേയം.
ലക്കി - ആപ്പിൾ ടിവി പ്ലസ്
ദശലക്ഷക്കണക്കിന് ഡോളറിന്റെ വൻ കൊള്ളയ്ക്ക് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്ന ലക്കി എന്ന തട്ടിപ്പുകാരിയുടെ കഥ പറയുന്ന ചിത്രമാണിത്. എഫ്ബിഐയും അതോടൊപ്പം ക്രൂരനായ അധോലോക നായകനും അവളെ പിന്തുടരുമ്പോൾ, ജീവൻ രക്ഷിക്കാനായി അവൾ നടത്തുന്ന പോരാട്ടമാണ് ത്രില്ലർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. അന്യ ടെയ്ലർ-ജോയ്, ആനെറ്റ് ബെനിങ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
ദ് ഹോക്ക്: സീസൺ1 - നെറ്റ്ഫ്ലിക്സ്
പ്രൊഫഷണൽ ഗോൾഫ് കളിക്കാരുടെ ലോകവും പിജിഎ ടൂറിനോട് മത്സരിക്കുന്ന ഒരു പുതിയ ലീഗിന്റെ പശ്ചാത്തലവും പറയുന്ന സീരീസാണിത്. വിൽ ഫെറൽ, മോളി ഷാനൻ, ജിമ്മി ടാട്രോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റെഡി ഓർ നോട്ട് 2: ഹിയർ ഐ കം - ജിയോഹോട്ട്സ്റ്റാർ
പ്രേക്ഷകർ ഏറെ കാത്തിരുന്ന ഹൊറർ ത്രില്ലർ ചിത്രമാണിത്. ലെ ഡോമാസ് കുടുംബത്തിന്റെ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ഗ്രേസിന്, ഇത്തവണ അഞ്ച് ശക്തരായ സാത്താനിക് കുടുംബങ്ങളെയാണ് നേരിടേണ്ടി വരുന്നത്. ലോകം കീഴടക്കുക എന്ന ലക്ഷ്യത്തോടെ പുലർച്ചയ്ക്ക് മുമ്പ് ഗ്രേസിനെയും അവളുടെ സഹോദരി ഫെയ്ത്തിനെയും വേട്ടയാടാൻ ഇറങ്ങുന്ന ഈ കുടുംബങ്ങളിൽ നിന്നുള്ള രക്ഷപ്പെടലാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമര വീവിംഗ്, കാതറിൻ ന്യൂട്ടൺ എന്നിവരാണ് പ്രധാന താരങ്ങൾ. മാറ്റ് ബെറ്റിനെല്ലി-ഓൽപിൻ, ടൈലർ ഗില്ലറ്റ് എന്നിവർ ചേർന്നാണ് സംവിധാനം.
ഹാർട്ട്സ്റ്റോപ്പർ ഫോറെവർ- നെറ്റ്ഫ്ലിക്സ്
ട്രൂഹാം-ഹിഗ്സ് സംഘത്തിന്റെ പുതിയ സ്കൂൾ വർഷത്തെ വിശേഷങ്ങളുമായി ജനപ്രിയ സീരീസിന്റെ പുതിയ പതിപ്പ് എത്തുന്നു. സ്കൂൾ ബെൽ മുഴങ്ങുന്നതോടെ നിക്കിന്റെയും ചാർലിയുടെയും മനസിലെ ചിന്തകളും അവരുടെ ആഴമേറിയ ബന്ധവും ദൃശ്യവത്കരിക്കുന്ന റൊമാന്റിക് ഡ്രാമയാണിത്. കിറ്റ് കോണർ, ജോ ലോക്ക് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് വാഷ് വെസ്റ്റ്മോർലാൻഡ് ആണ്.