ബോക്സ് ഓഫീസിലെ സകല റെക്കോഡുകളും തകർത്തെറിഞ്ഞ് ഇന്ത്യൻ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറിയ 'ധുരന്ധർ: ദ് റിവഞ്ച്' ഒടിടി ലോകത്തും വിജയക്കുതിപ്പ് തുടരുകയാണ്. തിയേറ്റർ വിലക്കുകൾക്കിടയിലും അതിർത്തിക്കപ്പുറം പാകിസ്ഥാനിൽ പുതിയ ചരിത്രം കുറിക്കുകയാണ് രൺവീർ സിങ് ചിത്രം.
മെയ് 14-ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചെയ്ത ചിത്രം മിനിറ്റുകൾക്കകം, പാകിസ്ഥാനിൽ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം പ്രേക്ഷകരുടെ വൻ തിരക്കുമൂലം നെറ്റ്ഫ്ലിക്സിന്റെ സെർവർ വരെ തകരാറിലായെന്നാണ് പാകിസ്ഥാനിൽ നിന്നുള്ള സോഷ്യൽ മീഡിയ വീഡിയോകൾ വ്യക്തമാക്കുന്നത്.
രാത്രി 12 മണിക്ക് ചിത്രം ഡിജിറ്റൽ പ്രീമിയർ ചെയ്യുന്നതും കാത്ത് വലിയൊരു ജനക്കൂട്ടം ഒന്നടങ്കം കാത്തിരുന്നതിന്റെ തെളിവാണ് ഈ സെർവർ ക്രാഷെന്ന് പ്രമുഖ പാകിസ്ഥാനി കണ്ടന്റ് ക്രിയേറ്ററായ മാവിയ ഉമർ ഫാറൂഖി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സിനിമയിലെ പ്രമേയത്തെക്കുറിച്ചും ലിയാരിയിലെ പശ്ചാത്തലത്തെക്കുറിച്ചും പാകിസ്ഥാനിൽ പലവിധ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ചിത്രം എങ്ങനെയാണ് ഒരുക്കിയിരിക്കുന്നത് എന്ന് കാണാനുള്ള വലിയ ആകാംക്ഷയിലാണ് അവിടുത്തെ പ്രേക്ഷകർ.
രൺവീർ സിങ്ങിന്റെ തകർപ്പൻ പ്രകടനവും ആദിത്യ ധറിന്റെ സംവിധായക മികവും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരടങ്ങുന്ന വൻ താരനിരയാണ് സ്പൈ ത്രില്ലറിലുള്ളത്.